കയ്യിലിരിക്കുന്ന കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്നതു തുല്യമാണ് കയ്യിലിരിക്കുന്ന കാശു മുടക്കി സിനിമ കണ്ടതിനു ശേഷം നായകന്മാരെ അഥവാ നടീനടന്മാരെ ദൈവങ്ങളെ പോലെ വാഴ്ത്തുന്നതും വളര്‍ത്തുന്നതും. സിനിമാസ്വാദനത്തിനുപരിയായി, അത്തരം ആരാധനകള്‍ , മനുഷ്യന്‍റെ സാംസ്ക്കാരിക അധഃപതനത്തിലേയ്ക്കാണു വഴി തെളിക്കുന്നത്. ഇത്തരം പ്രവണതകളെ നാം മുളയിലേ നുള്ളികളയേണ്ടത് ആരോഗ്യകരമായ ഒരു സമൂഹത്തിന് അത്യന്താപേക്ഷിതാമാണ് . സിനിമ കാണുന്നതും ആസ്വദിക്കുന്നതും വളരെ നല്ലതാണ് . എന്നാല്‍ ഈ കാലഘട്ടത്തില്‍ പ്രേക്ഷകന് സിനിമാ നടീനടന്മാരോടുള്ള ആരാധനയെ വളരെ സൂക്ഷ്മമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്. കാരണം അത്തരം അന്ധമായ ആരാധനകള്‍ സിനിമാ ദൈവങ്ങളുടെ സൃഷ്ടിയിലാണു ചെന്നെത്തുന്നത്. മാത്രമല്ല, അദ്ധ്വാനിച്ചുണ്ടാക്കുന്ന വരുമാനത്തിന്‍റെ ഒരു വിഹിതം നേരിട്ടോ അല്ലാതെയോ ഈ ദൈവങ്ങളെയും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന പണിയാളുകളെയും തീറ്റിപ്പോറ്റുന്നതിനായി ഓരോ സാധാരണക്കാരന്‍ പോലും വിനയോഗിക്കുന്നുണ്ടെന്ന് അധികമാരും സ്വയം തിരിച്ചറിയുന്നില്ല. സിനിമകണ്ടു നന്നായ അല്ലെങ്കി ല്‍ സംസ്ക്കാര സമ്പന്നമായ ഒരു സമൂഹത്തെക്കുറിച്ച് ഇതുവരെ കേട്ടറിവുപോലുമില്ല. വളരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ മനുഷ്യ നന്മയേക്കാളുപരി , സിനിമ , അതില്‍ വ്യാപരിക്കുന്നവരുടെ സാമ്പത്തിക നേട്ടത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് കാണാം. എന്നിരുന്നിട്ടും ഏറ്റവും കൂടുതല്‍ ഭ്രാന്തന്മാരെ സൃഷ്ടിക്കുന്ന കാര്യത്തില്‍ സിനിമ മുന്പന്തിയിലാണെന്നത് തര്‍ക്കത്തിനവകാശമില്ലാത്ത ഒരു വിഷയമാണ്. സിനിമ, ബ്രഹത്തായ ഒരു കച്ചവടമായി വളര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ , അത് മനുഷ്യ പുരോഗതിക്കുവേണ്ടി ഫലവത്തായി എങ്ങനെ വിനിയോഗിക്കാം എന്നതിലുപരി, അതില്‍ വ്യവഹരിക്കുന്ന ഭൂരിഭാഗം പേരും പ്രേക്ഷകരെ എളുപ്പത്തില്‍ ചൂഷണം ചെയ്യാവുന്ന ഒരു മേഖലയായി അതിനെ കണക്കിലെടുത്തിരിക്കുന്നു എന്നത് ഗൗരവമേറിയ ഒരു പ്രശ്നം തന്നെയാണ്. സിനിമയെ സംബന്ധിച്ചിടത്തോളം ‘പ്രേഷകനില്ലാതെ സിനിമയില്ല’ എന്ന പരമപ്രധാനമായ കാര്യം, പ്രേക്ഷകന്‍റെ പണത്താല്‍ തടിച്ചു കൊഴുക്കുന്ന സിനിമാക്കച്ചവടക്കാരും, സിനിമാതൊഴിലാളികളും , നടീനടന്മാരും പലപ്പോഴും സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. ഈ വിസ്മൃതികളില്‍ ഊറ്റം കൊണ്ട് ഏതൊക്കെയോ സംഘടനകളുടെ പിന്‍ ബലത്തില്‍ അവര്‍ പരസ്പരം കുതികാല്‍ വെട്ടുകയും കടിപിടികൂടുകയും പൊതുവേദികളില്‍ വെച്ച് ആരേയും എന്തു തോന്ന്യാസവും വിളിച്ചു പറയാമെന്ന സ്ഥിതി വന്നിരിക്കുന്ന ഈ അവസരത്തില്‍ എല്ലാ പ്രേഷകരും ഇതിനൊക്കെ ഒരറുതി വരുത്താന്‍ പോന്ന ഒരു ‘പ്രേക്ഷക സംഘടന’യെക്കുറിച്ചു ചിന്തിക്കുവാന്‍ സമയമായിരിക്കുന്നു. …………… സിനിമയിലെ സ്റ്റാറുകളും സൂപ്പര്‍ സ്റ്റാറുകളും മറ്റുള്ളവരും പൊതുജനത്തിന്‍റെ സ്വസ്ഥ ജീവിതത്തില്‍ അഴിഞ്ഞാടതിരിക്കുവാന്‍ !
Generated from archived content: essay1_nov6_12.html Author: baburaj_tv