റേഡിയോവും ടീവിയും ട്യൂൺ ചെയ്യുമ്പോൾ മിക്കവാറും അപശബ്ദങ്ങളുടെ സംഗീതം കാത്തിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മൾ പിന്നിട്ടു പോന്ന മഹാഗായകർ സംഗീതത്തിനു നല്‌കിയ മഹത്തായ സംഭാവനകളിലേയ്‌ക്ക് ഒരു തിരിഞ്ഞുനോട്ടത്തിനുളള സമയം അതിക്രമിച്ചിരിക്കുന്നു.
ശബ്‌ദമലിനീകരണത്തിന്റെ കച്ചവട കമ്പോളത്തിൽ ശുദ്ധസംഗീതം വഴിമുട്ടി നിൽക്കുമ്പോൾ പുതിയ പുതിയ മഹാഗായകർ ജന്‌മം കൊളേളണ്ടതിന്റെ ആവശ്യകത നമ്മൾ തിരിച്ചറിയുന്നു. എന്നാൽ ഈ വെളിപാടിൽ നിന്നും ഉടലെടുക്കുന്ന ഹതാശയുടെ ആക്കം കുറയ്‌ക്കാൻ മൺമറഞ്ഞു പോയ ചില മഹാഗായകരുടെ സ്‌മരണകൾ ഈ വേളയിൽ അല്‌പമൊന്നയവിറക്കുന്നത് ഒരുപക്ഷെ ഉചിതമായിരിക്കും. ദൈവം മണ്ണിൽ ഇറങ്ങിവരുന്ന അസുലഭനിമിഷങ്ങൾ തീർക്കുന്ന ഈ മഹാഗായകരിലേയ്‌ക്കുളള ഒരെളിയ എത്തിനോട്ടം സ്‌മരണയിലെരിയുന്ന അവരുടെ സംഗീതത്തിന്റെ മധുരിമയുണർത്തുന്ന അനുഭൂതിയ്‌ക്കു മുൻപിൽ യാതൊന്നുമല്ല!
ഉസ്‌താദ് അബ്‌ദുൾ കരിം ഖാൻ
ഹരിയാനയിൽ കുരുക്ഷേത്ര ഭാഗത്തായി സ്ഥിതി ചെയ്യുന്ന കിരാന എന്ന ഗ്രാമത്തിൽ 1872 നവംബർ പതിനൊന്നാം തീയതി അബ്‌ദുൾ കരിം ഖാൻ ഭൂജാതനായി. അറിയപ്പെടുന്ന ഖയാൽ ഗായകനായിരുന്ന കാലെ ഖാനിന്റെ മൂത്ത പുത്രനായിരുന്നു അബ്‌ദുൾ കരിം ഖാൻ.
സ്വന്തം പിതാവായ കാലെ ഖാനിൽ നിന്നുതന്നെ കരിം ഖാൻ സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു. പിതാവിന്റെ മരണശേഷം മാതുലനായ അബ്‌ദുളള ഖാനോടൊപ്പം അദ്ദേഹം തന്റെ സംഗീത പഠനം തുടർന്നു.
അബ്‌ദുൾ കരിം ഖാന് വെറും ആറു വയസ്സുളളപ്പോൾ തന്നെ അദ്ദേഹം തന്റെ ആദ്യത്തെ ഗാനം ആലപിക്കുകയും പതിനഞ്ചാമത്തെ വയസ്സിൽ ബറോഡയിലെ കൊട്ടാരം ഗായകനായി നിയമിതനാകാൻ അവസരം ലഭിക്കുകയുമുണ്ടായി.
ബറോഡയിലെ താമസത്തിനുശേഷം സ്വന്തം സഹോദരൻ അബ്‌ദുൾ ഹക്കുമായി കരിം ഖാൻ ബോംബയിലേയ്‌ക്കും അവിടെ നിന്ന് മിരജ്ജിലേയ്‌ക്കും പോയി. ബോംബയിൽ വെച്ച് താരാഭായി മനെയെ അബ്‌ദുൾ കരിം ഖാൻ വിവാഹം ചെയ്‌തു. ഒടുവിൽ മിരജ്ജിൽ പണിതുയർത്തിയ സ്വന്തം വസതിയിൽ അദ്ദേഹം സ്ഥിരതാമസമാക്കി. 1913-ൽ പൂനയിൽ അദ്ദേഹം ആര്യ സംഗീത വിദ്യാലയം സ്ഥാപിച്ചു. ദരിദ്രരും അർഹതപ്പെട്ടവരുമായ അനവധി വിദ്യാർത്ഥികൾക്ക് സംഗീതത്തിൽ മാത്രമല്ല ജീവിതത്തിലും അബ്‌ദുൾ കരിം ഖാൻ താങ്ങും തണലുമായി വർത്തിച്ചു. ഒരു ആത്മീയ ഗുരുവിനെപ്പോലെ ജീവിതം നയിച്ചിരുന്ന അദ്ദേഹം ഗുരുകുല സമ്പ്രദായത്തിലാണു ശിക്ഷണം നടത്തിയിരുന്നത്.
“കിരാന ഘരാന” ശൈലിയിലെ മുഖ്യനായ അബ്‌ദുൾ കരിം ഖാൻ തന്റെ ജന്മനാടിന്റെ നാമം തന്നെയാണ് ഈ ഘരാനയ്‌ക്ക് നൽകിയിരിക്കുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിൽ ഒരു തലമുറയോളം നിറഞ്ഞു നിന്ന ഉസ്‌താദ് അബ്‌ദുൾ കരിം ഖാൻ സ്വന്തം പരിശ്രമത്താൽ പടുത്തുയർത്തിയ “കിരാന ഘരാന” അങ്ങേയറ്റം പ്രശസ്‌തമാക്കുന്നതിൽ വിജയിച്ചു.
കർണ്ണാടക സംഗീതത്തെ വളരെയധികം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്‌ത മറ്റൊരു ഹിന്ദുസ്ഥാനി സംഗീതഞ്ജൻ ഉണ്ടാകുമോ എന്നു സംശയമാണ്. ഹംസധ്വനി, സാവേരി, ഖരഹരപ്രിയ മുതലായ രാഗങ്ങൾ അദ്ദേഹം ആലപിക്കുന്നത് ഇതിനു മതിയായ തെളിവുകളാണ്. കുളിർമ്മയേകുന്നതും, മധുരതരവും, സ്വച്ഛവുമായ അദ്ദേഹത്തിന്റെ ആലാപനങ്ങൾ ശ്രവിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടുളള ഡോ. എസ്.എൻ. രത്തൻ ജങ്കർ ഒരിക്കൽ അഭിപ്രായപ്പെടുകയുണ്ടായി. “ഖാൻ സാഹിബ് ഒരിക്കലും ഒരു രാഗവും പാടുകയല്ല, അവയുമായി പരിശുദ്ധ ഹൃദയസംവാദത്തിൽ ഏർപ്പെടുകയാണു ചെയ്യുന്നത്.”
സംഗീത സാമ്രാജ്യത്തിൽ പ്രശസ്‌തരായ സവായി ഗന്ധർവ്വ, സുരേഷ് ബാബു മനെ, ഹീരാഭായി ബരോഡ്‌ക്കർ മുതലായവർ ഉസ്‌താദ് അബ്‌ദുൾ കരിം ഖാന്റെ ശിഷ്യഗണങ്ങളിൽ പ്രമുഖരായിരുന്നു.
അബ്‌ദുൾ കരിം ഖാൻ സാഹിബിന്റെ സ്വപ്‌നസദൃശമായ കണ്ണുകൾ കണ്ടിട്ട്, ‘ഉസ്‌താദ് എന്തെങ്കിലും ലഹരി സാധനത്തിന് അടിമയാണോയെന്ന്.’ ഒരിക്കൽ ആനി ബസന്ത് അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ ഒരാളോടു ചോദിച്ചു. ഉത്തരം ഉടനടിയുണ്ടായി. “തീർച്ചയായും. സംഗീതത്തിന്റെ ലഹരിയ്‌ക്ക് അദ്ദേഹം വളരെയധികം അടിപ്പെട്ടിരിക്കുന്നു.”
മാൽക്കാസ്, മാർവ്വ, മിശ്രകാപി, ഭൈരവി, ദർബാരി, ശുദ്ധ കല്യാൺ, ശുദ്ധ പീലു മുതലായ രാഗങ്ങളിലെ ആലാപനങ്ങൾ സാവധാനത്തിൽ ഉസ്‌താദ് കരിം ഖാനിലൂടെ വിളംബിദ് ലയത്തിൽ വികസിച്ച് ശ്രാവ്യ സുന്ദരമാകുന്ന നിമിഷങ്ങളിൽ അനുവാചകർ സംഗീത ലഹരിയിൽ ആറാടുമെന്നുളളതിൽ അതിശയോക്തിയില്ല.
മല്ലികാർജ്ജുൻ മൻസൂർ
1910- ൽ കർണ്ണാടകയിലെ ഗാർവാഡ് ജില്ലയിൽ മല്ലികാർജ്ജുൻ മൻസൂർ ജനിച്ചു.
ഗ്വാളിയാർ ഘരാനയിലെ മുഖ്യനായിരുന്ന പണ്ഡിറ്റ് നീലകന്ത ബുവയുടെ കീഴിൽ നിരജ്ജിൽ വെച്ച് ഗുരുകുല സമ്പ്രദായത്തിൽ ഏകദേശം പത്തുവർഷത്തോളം മല്ലികാർജ്ജുൻ മൻസൂർ സംഗീതാഭ്യസനം നടത്തി.
പിന്നീട് ജയ്‌പൂർ- അത്രോലി ഘരാനയുടെ നായകനായിരുന്ന അല്ലാദിയ ഖാനിന്റെ മേൽനോട്ടത്തിൽ നടന്ന സംഗീത പരിശീലനം മല്ലികാർജ്ജുൻ മൺസൂറിന്റെ അതുല്യ പ്രതിഭയ്‌ക്കു കൂടുതൽ പൊലിമ നൽകി.
മാതൃഭാഷയായ കന്നടയിൽ എഴുതിയ ആത്മകഥ “നന്ന രസയാത്ര” മല്ലികാർജ്ജുൻ മൻസൂറിന്റെ സംഗീതലോകത്തിലേയ്‌ക്ക് അല്പം വെളിച്ചം വീശുന്നു.
മക്കളായിട്ട് ഏഴു പുത്രിമാരും ഒരു പുത്രനുമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മകനുമായി സ്വരചേർച്ചയില്ലാതിരുന്ന കാലത്ത്, ‘ഏഴു പുത്രിമാരിൽ ഏഴു സ്വരങ്ങളും പുത്രനിൽ ഒരപശ്രുതിയും’ അനുഭവപ്പെടുന്നതായി ഇടക്കിടെ അദ്ദേഹം സ്വയം പറയാറുണ്ടായിരുന്നു.
ആദ്യ കാലങ്ങളിൽ സംഗീതത്തിൽ ഒരു താൽപര്യവും പ്രകടിപ്പിക്കാതിരുന്ന മകൻ പിതാവിനെ ധിക്കരിച്ച് വിവാഹം കഴിച്ചതിൽ ആ മകനെ അദ്ദേഹം വീട്ടിൽനിന്നു പുറത്താക്കുകയുണ്ടായി. വർഷങ്ങളോളം അച്‌ഛനും മകനും അകന്നു കഴിഞ്ഞു.
ഒരു ദിവസം റേഡിയോവിൽ അച്‌ഛന്റെ സംഗീതം ശ്രവിക്കാനിടയായ മകൻ പശ്ചാത്താപത്താൽ പൊട്ടിക്കരഞ്ഞു. പിന്നീട് അച്‌ഛനും മകനുമായുണ്ടായ കൂടിക്കാഴ്‌ചയ്‌ക്കുശേഷം മകൻ അച്‌ഛന്റെ പാത പിൻതുടർന്നു. കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപനം നിലനിർത്തിക്കൊണ്ടുതന്നെ മകനായ രാജശേഖർ മൻസൂർ അച്‌ഛന്റെ ശിഷ്യത്വം സ്വീകരിച്ച് എല്ലാ സംഗീത യാത്രകളിലും അദ്ദേഹത്തെ ഒരു നിഴലുപോലെ അനുഗമിച്ചു.
ഗ്വാളിയർ, ജയ്‌പൂർ-അത്രോലി എന്നീ പ്രമുഖ ഘരാനകളിലായി സംഗീതാഭ്യസനം നേടിയ മല്ലികാർജ്ജുൻ മൻസൂർ ഈ രണ്ടു ശൈലികളുടെയും സമന്വയത്തിൽ സ്വതസിദ്ധമായ ശൈലി നിലനിർത്തിക്കൊണ്ട് ഏകദേശം അറുപതു വർഷത്തോളം സംഗീതാലാപനം നടത്തി.
പാടുവാൻ വേണ്ടി മാത്രം ജനിച്ച, മല്ലികാർജ്ജുൻ മൻസൂർ അനവധി രാഗങ്ങളിൽ വിരിയിച്ച മാസ്‌മരസംഗീതം അനുവാചകരെ സമ്മോഹനാവസ്ഥയിൽ നിന്നു ധ്യാനനിമഗ്നതയിലേക്കു ഉയർത്താറുണ്ടായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല.
Generated from archived content: essay1_dec4_08.html Author: baburaj_tv