അനൂപ് മരിച്ചതിന്റെ മൂന്നാം നാൾ എന്തോ പറഞ്ഞ് സുവർണ്ണ പൊട്ടിച്ചിരിച്ചു. കണ്ടുനിന്നവർക്കൊന്നും അതത്ര പിടിച്ചില്ല. പൂമുഖത്ത് ശ്രാദ്ധത്തിന്റെ കൂടിയാലോചനകൾക്കിടയിൽ ആരോ പറഞ്ഞ അത്ര തമാശയൊന്നുമല്ലാത്ത കാര്യത്തോട് പ്രതികരിച്ചാണ് അവൾ ചിരിച്ചത്. അല്ലെങ്കിൽ ഒരു മരണം നടന്ന വീട്ടിൽ ആരാണ് അങ്ങിനെ ചിരിക്കാൻ മാത്രം വലിയ തമാശ പറയുക. മരിച്ച ആളിനോട് വലിയ അടുപ്പമൊന്നുമില്ലാത്ത ആരെങ്കിലും ചിലപ്പോൾ എന്തെങ്കിലും പറഞ്ഞെന്നിരിക്കും-അടുത്ത ബന്ധുക്കളിലാരെങ്കിലും അതിനോട് പ്രതികരിക്കാറുണ്ടോ അതും ഇങ്ങനെ- അത്ര വലിയ തമാശയാണ് പറഞ്ഞതെങ്കിൽ ആരെങ്കിലും ചിറികോട്ടി ഒന്നു ചിരിച്ചെന്നു വന്നേക്കാം. അതിന് അനൂപിന്റെ ആരെങ്കിലും ആണോ സുവർണ്ണ. അവൻ മിന്നു കെട്ടിയ പെണ്ണാണവൾ. അവന്റെ കുട്ടിയുടെ അമ്മയാണ്.
ചിരി നിർത്തിയപ്പോൾ പൂമുഖത്തെ സംസാരം പെട്ടെന്ന് നിലച്ചതുകണ്ട് സുവർണ്ണ അത്ഭുതപ്പെട്ടു. എന്താണ് കാര്യമെന്നു അവൾക്ക് മനസ്സിലായില്ല. അനൂപ് മരിച്ച സമയത്തുപോലും ആരും ഇങ്ങനെ സ്‌തബ്‌ധരായി ഇരുന്നില്ല. ഓരോരുത്തതും പരസ്‌പരം കൂടിയാലോചിക്കുകയും ഓരോരോ ജോലികൾ ഏറ്റെടുത്ത് നടത്തുകയും ചെയ്യുകയായിരുന്നു. സുവർണ്ണ മാത്രം വല്ലാത്തൊരു മരവിപ്പിൽ അനൂപിന്റെ മൃതശരീരത്തിനരുകിൽ ഇരുന്നതേയുളളൂ. അവൾക്കപ്പോൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കരയാനോ ചിരിക്കാനോ ഒന്നും. വല്ലാത്തൊരു ശൂന്യത അവിടാകെ നിറഞ്ഞു നില്‌ക്കുന്നതുപോലെ അവൾക്കു തോന്നി.
അതേ, മരണം ശൂന്യതയാണ് അയാളുടേതായ ഇടം അവിടെ ശൂന്യമായിക്കിടന്നു. ഇന്നലെവരെ അയാൾക്ക് നിലനില്‌ക്കുവാൻ ഒരു സ്ഥലം ആവശ്യമുണ്ടായിരുന്നു. ഇനിമേൽ അതില്ല. ‘ഞാൻ മരിച്ചാൽ നീ എന്താണ് ചെയ്യാൻ പോകുക’ എന്ന് ഒരിക്കൽ അനൂപ് സുവർണ്ണയോട് ചോദിച്ചിരുന്നു. ‘എന്തുചെയ്യാൻ’ സുവർണ്ണയ്‌ക്ക് അതറിവുണ്ടായിരുന്നില്ല. അങ്ങിനെയൊരു കാര്യത്തെക്കുറിച്ച് അവൾ ഒരിക്കലും ആലോചിച്ചില്ല. അനൂപ് ചോദിക്കുന്നതിന് മുമ്പും പിമ്പും. ആലോചിച്ചുറപ്പിക്കാൻ മാത്രം വലിയ കാര്യമൊന്നുമല്ല അത്. ആരെങ്കിലുമൊക്കെ എപ്പോഴും മരിച്ചുകൊണ്ടിരിക്കും. ചിലപ്പോൾ അനൂപ് ചിലപ്പോൾ സുവർണ്ണ. ഇനി ചിലപ്പോൾ വേറെയാരെങ്കിലും. ഒരു പക്ഷേ അതവരുടെ കുട്ടിതന്നെ ആയിക്കൂടെന്നില്ല. നമ്മൾ ആലോചിച്ചുറപ്പിക്കുന്നതുപോലെയൊന്നുമല്ല മരണം വരുക. ഇപ്പോൾ തന്നെ നോക്കൂ. അനൂപ് വളരെപ്പെട്ടന്നാണ് മരിച്ചത്. പതിവുപോലെ അയാൾ രാവിലെ കാറോടിച്ചു പോയതാണ്. പൂമുഖംവരെ നടന്നുചെന്നു സുവർണ്ണ യാത്രയാക്കുകയും ചെയ്‌തു. യാത്ര പുറപ്പെടുംമുമ്പു അസാധാരണമായി ഒന്നും സംഭവിച്ചില്ല. പതിവില്ലാതെ അന്നയാൾ പോകുമ്പോൾ പടിവാതിൽക്കൽ ചെന്ന് തിരിഞ്ഞുനോക്കി. അല്ലെങ്കിൽ രണ്ടുവട്ടം യാത്ര പറഞ്ഞു. അല്ലെങ്കിൽ ഒരു പക്ഷി വല്ലാതെ ചിലച്ചുകൊണ്ട് തലയ്‌ക്കു മുകളിലൂടെ തെക്കോട്ട് പറന്നുപോയി എന്നൊക്കെ എന്തെങ്കിലും അസാധാരണ സംഭവങ്ങൾ ആരെങ്കിലും മരിച്ചു കഴിയുമ്പോൾ ആളുകൾ എടുത്തു പറയാറുണ്ട്.
അനൂപിന്റെ കാര്യത്തിൽ അങ്ങിനെ എന്തെങ്കിലും സംഭവിച്ചിരുന്നോ എന്ന് സുവർണ്ണ പലവട്ടം ആലോചിച്ചു നോക്കി. ഒന്നും അസാധാരണമായി സംഭവിച്ചിട്ടില്ലായിരുന്നു. കവിളിൽ ചുണ്ടുവിരൽ കൊണ്ട് പതിയെ തോണ്ടിയതും വണ്ടി സ്‌റ്റാർട്ടു ചെയ്‌തു കഴിഞ്ഞ് മുഖം തിരിച്ചു പതിയെ ചിരിച്ചതും ഒക്കെ പതിവുളള കാര്യങ്ങൾ തന്നെ. എന്നാൽ പതിവിനു വിരുദ്ധമായി ചില ദിവസങ്ങളിൽ അനൂപ് ഇതൊക്കെ മറന്നു പോകാറുണ്ട്. ഓഫീസിൽ വല്ലാത്ത തിരക്കോ സംഘർഷങ്ങളോ ഉളള ദിവസങ്ങളാണവ. ചിലപ്പോഴാകട്ടെ പതിവില്ലാതെ പടിയിറങ്ങും മുമ്പ് അനൂപ് സുവർണ്ണയെ ചേർത്തു പിടിച്ചുമ്മവയ്‌ക്കും. മെൻസസിന്റെ നാലു ദിവസങ്ങൾ കഴിഞ്ഞ് പുലർച്ചെ തന്നെ കുളിച്ച് കുങ്കുമം തൊട്ട് നില്‌ക്കുന്ന ദിവസങ്ങളിലായിരിക്കും ചിലപ്പോഴത്. അത്തരം ദിവസങ്ങളിൽ അനൂപ് മടങ്ങി വരാനും രാത്രിയാകാനും അവൾക്ക് വല്ലാത്ത തിടുക്കം തോന്നിയിരുന്നു.
അന്നൊന്നും പക്ഷേ അനൂപ് മരിച്ചില്ല. തിരക്കുളള നഗരപാതകളിലൂടെ വണ്ടിയോടിച്ച് ആഫീസിന്റെ മൂന്നു നിലകൾ ഗോവണിയിലൂടെയോ ലിഫ്‌റ്റിലൂടെയോ കയറി ഫയലുകൾ നോക്കി ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് ഒന്നും സംഭവിക്കാതെ തന്നെ അയാൾ വൈകിട്ട് മടങ്ങിയെത്തി. മകൻ ട്യൂഷനോ കളിക്കാനോ പോയിരിക്കുകയാണെങ്കിൽ കുളിച്ച് വസ്‌ത്രം പോലും മാറാതെ സുവർണ്ണയെ കോരിയെടുത്ത് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. അത്തരം ദിവസങ്ങളിലെങ്ങാനുമാണ് അനൂപ് മരിച്ചതെങ്കിൽ അവൾക്ക് എന്തൊക്കെ ഓർക്കാനും പറയാനും ഉണ്ടാകുമായിരുന്നു. ഇപ്പോഴിതാ ഒന്നും വിശേഷിച്ച് ഓർക്കാനോ പറയാനോ ഇല്ലാത്ത ശൂന്യതയാണ്. മൂന്നു ദിവസം മുമ്പ് വളരെ സാധാരണയായ ഒരു ദിവസം അനൂപ് വൈകിട്ടു മടങ്ങി വന്നില്ല. ഓഫീസിൽ ഫോൺ ചെയ്‌തു ചോദിച്ചെങ്കിലും നേരത്തേ പോന്നുവെന്നാണ് പറഞ്ഞത്. രാത്രി വൈകിയപ്പോൾ അറിയാവുന്ന ഒന്നുരണ്ടു സുഹൃത്തുക്കളുടെ നമ്പരുകൾ വിളിച്ചു നോക്കി. എങ്ങും എത്തിയിട്ടില്ല.
സുവർണ്ണയ്‌ക്ക് ഇടയ്‌ക്ക് വല്ലാത്ത ശുണ്‌ഠി തോന്നി. എവിടെ പോയി കിടക്കുന്നു ഈ അനൂപ് എന്ന് -ഒന്ന് ഫോൺ പോലും ചെയ്യാതെ. അപൂർവ്വമായി വല്ലപ്പോഴും സമയത്ത് വീട്ടിലെത്താൻ കഴിയാതെ പോയാൽ വരുംമുമ്പ് മൂന്നു പ്രാവശ്യമെങ്കിലും വിളിക്കുന്ന ആളാണ്. ഞാൻ വൈകിയേ വരൂ എന്നാദ്യം വിളിച്ചു പറയും. പിന്നെ സന്ധ്യമയങ്ങുമ്പോൾ രണ്ടാമത് വിളിക്കും. വാതിലുകൾ കൊളുത്തിട്ട് ഇരുന്നോളൂ. പേടിക്കണ്ട-തിരികെവരും മുമ്പ് ഇതാ ഞാൻ പുറപ്പെടുകയായി എന്നു പറയും. ചിലപ്പോൾ സുവർണ്ണയ്‌ക്ക് ആവർത്തിച്ചുളള ഈ വിളികൾ ശല്യമായിപ്പോലും തോന്നാറുണ്ട്. മൊബൈൽ ചാർജ് കൂടുന്നതൊന്നും അനൂപിന് ഒരു നോട്ടവുമില്ല. പക്ഷേ അന്നുമാത്രം രാവേറെ വൈകിയിട്ടും അനൂപ് ഫോൺ ചെയ്‌തില്ല. അങ്ങോട്ട് വിളിക്കുമ്പോഴൊക്കെ ഈ ഫോണിൽ ഇപ്പോൾ സേവനം ലഭ്യമല്ല എന്ന മെസേജ് മാത്രം ആവർത്തിച്ചുകൊണ്ടിരുന്നു. മൊബൈൽ പോലും ഉപയോഗിക്കാൻ കൂട്ടാക്കാത്തവിധം അനൂപ് എവിടെ പോയിരിക്കാമെന്ന് സുവർണ്ണ സന്ദേഹിക്കാതിരുന്നില്ല. ഒരു പക്ഷേ പഴയ ഏതെങ്കിലും ചങ്ങാതികളെ യാദൃശ്ചികമായി കണ്ടുമുട്ടിയിരിക്കാം. അവരുമായി ബീച്ചിലോ കോഫിബാറിലോ പോയിരിക്കാം. എങ്കിലും തന്നെ എന്തുകൊണ്ട് വിളിച്ചു വിവരം പറഞ്ഞുകൂടാ. ഒരു പക്ഷേ അത് സുവർണ്ണ അറിയരുതാത്ത വല്ലവരുമായിരിക്കുമോ. അങ്ങിനെ ആരും അനൂപിനുണ്ടായിരുന്നില്ല. അയൽപക്കത്തുളള ഒരു കൗമാര പ്രണയം അകന്ന ബന്ധത്തിലുളള ഒരു ചിറ്റ. അവരേക്കുറിച്ചൊക്കെ അയാൾ തന്നെ സുവർണ്ണയോട് പറഞ്ഞിട്ടുണ്ട്. കൗമാര പ്രണയത്തിലെ നായിക ഇപ്പോൾ ഭർത്താവിന്റെ കൂടെ ഗൾഫിലെവിടയോ ആണത്രെ. ചിറ്റയ്‌ക്ക് മക്കളും പേരക്കുട്ടികളുമുണ്ട്. വേറെ ആരാണ് ഞാനറിയാതെ ഏതെങ്കിലും ബന്ധം അനൂപ് രഹസ്യമായി സൂക്ഷിക്കുന്നുണ്ടോ എന്ന് ഒരു സന്ദേഹം ഇടയ്‌ക്ക് സുവർണ്ണയുടെ വിചാരത്തിലൂടെ കടന്നുപോയി.
കാത്തുകാത്തിരുന്ന് കണ്ണ് അറിയാതൊന്ന് അടഞ്ഞുപോയി. ഒരു പാതി മയക്കത്തിലാണ് സ്വപ്‌നത്തിലെന്നപോലെ കുറേ ദൃശ്യങ്ങൾ അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞത്. പതിവുപോലെ ഓഫീസ് വിട്ടിറങ്ങാനൊരുങ്ങുമ്പോൾ അനൂപിന്റെ മൊബൈൽ റിങ്ങു ചെയ്യുന്നു. അയാൾ ഫോണെടുത്ത് ചെവിയോട് ചേർത്തു വയ്‌ക്കുന്നു.
‘ഞാനാണ്’ സ്‌ത്രീ ശബ്‌ദം
‘എവിടുന്ന്’ അനൂപ് ചോദിക്കുന്നു.
‘ബസ്‌സ്‌റ്റാന്റിനടുത്ത്’
‘എന്താണിവിടെ’
‘എനിക്കൊന്നു കാണണം’
‘അവിടെത്തന്നെ നില്‌ക്കൂ ഞാൻ വരാം’
ഫോൺ കീശയിലിട്ട് അനൂപ് തിടുക്കത്തിൽ ഓഫീസ് വിടുന്നു.
നഗരത്തിലെ തിരക്കിനിടയിലൂടെ വളരെ വേഗത്തിലാണ് കാറോടിക്കുന്നത്. പലപ്പോഴും വണ്ടി അയാളുടെ നിയന്ത്രണത്തിൽനിന്നും പാളിപ്പോകുന്നുണ്ടായിരുന്നു. സാധാരണ അനായാസവും ശ്രദ്ധാപൂർവ്വവുമായി ഡ്രൈവ് ചെയ്യുന്ന ആളാണ് അനൂപ്. ഇന്നയാൾക്ക് എന്തുപറ്റി. ബസ്‌സ്‌റ്റോപ്പിൽ എസ്.ടി.ഡി ബൂത്തിന്റെ മറവുപറ്റി നില്‌ക്കുകയായിരുന്ന സ്‌ത്രീരൂപത്തിനടുത്ത് കാർ വന്നു നില്‌ക്കുന്നു. കടുംപച്ച നിറത്തിലുളള സാരിയാണവൾ ചുറ്റിയിരുന്നത്. നീണ്ട മുടിയിഴകൾ ഒരു ദീർഘ യാത്ര കഴിഞ്ഞിട്ടെന്നപോലെ പാറിപ്പറന്നു കിടന്നു. കാറിന്റെ മുൻസീറ്റിൽതന്നെയാണവൾ കയറിയത്. കയറിയ പാടെ ഗിയർ ലിവറിൽ പിടിച്ചിരുന്ന അനൂപിന്റെ കൈപ്പത്തിന്മേൽ അമർത്തിപിടിച്ചു. അവൾ നിറുത്താതെ സംസാരിക്കുകയായിരുന്നു. പക്ഷേ സ്വപ്‌നത്തിൽ സുവർണ്ണയ്‌ക്ക് ഒന്നും കേൾക്കാൻ കഴിഞ്ഞില്ല. വണ്ടി നഗരാതിർത്തി വിട്ട് വിജനമായ പാതയിലൂടെ അതിവേഗം ഓടുന്നതു മാത്രം സുവർണ്ണ കണ്ടു. വല്ലാത്തൊരുൾക്കിടിലത്തോടെ അവൾ ഇത് സ്വപ്‌നം തന്നെയാകണമെന്നോ ഉറക്കത്തിൽ നിന്നും ഉടൻ ഉണരണമെന്നോ ആഗ്രഹിച്ചു. ഇടയ്‌ക്ക് ഫോൺ റിങ്ങ് ചെയ്യുന്ന ശബ്‌ദം സ്വപ്‌നത്തിന്റെ ഭാഗമാണെന്നു തന്നെയാണ് സുവർണ്ണയ്‌ക്ക് ആദ്യം തോന്നിയത് പിന്നീട് ഉറക്കച്ചടവോടെ ഫോണെടുത്ത് ഹലോ എന്നു വിളിച്ചെങ്കിലും ശബ്‌ദം പുറത്തു വന്നില്ല.
ഫോണിന്റെ അങ്ങേതലയ്‌ക്കൽ നിന്നും വന്ന വാർത്ത പക്ഷേ അവളിൽ യാതൊരു വികാരക്ഷോഭവും സൃഷ്‌ടിച്ചില്ല. പ്രതീക്ഷിച്ചിരുന്നത് എന്തോ സംഭവിച്ചാലത്ര ലാഘവത്തോടെയവൾ ചോദിച്ചു. എവിടെ വച്ചാണ്. അതിനുളള മറുപടിയും സുവർണ്ണ പ്രതീക്ഷിച്ചതു തന്നെയായിരുന്നു. ഫോൺ താഴെ വച്ച് തിടുക്കത്തിൽ നൈറ്റ് ഗൗൺ മാറി കൈയ്യിൽ കിട്ടിയ സാരിയുടുത്തു. ജോലിക്കാരിയോട് പറഞ്ഞ് ചെറിയൊരു ബാഗിൽ അത്യാവശ്യ സാധനങ്ങൾ കുത്തിനിറച്ച് ഒരുങ്ങും മുമ്പു തന്നെ പുറത്തു കോളിങ്ങ്‌ബെല്ലടിക്കുന്ന ശബ്‌ദം കേട്ടു. അനൂപിന്റെ ഓഫീസിലെ സുഹൃത്തു രമേശും സുവർണ്ണയ്‌ക്കറിയില്ലാത്ത വേറെ രണ്ടുപേരുമായിരുന്നു പുറത്ത്. വാതിൽ തുറന്നപാടെ രമേശ് പറഞ്ഞു. പുറപ്പെടാം. എന്താണ് സംഭവിച്ചതെന്നൊന്നും ചോദിക്കാൻ സുവർണ്ണയ്‌ക്കു തോന്നിയില്ല. അവർക്കു പിന്നാലെ നടന്നു. കാറിൽ ആരും ഒന്നും സംസാരിച്ചില്ല. സുവർണ്ണ എന്തെങ്കിലും ചോദിക്കുന്നതിന് മറുപടി പറയുവാൻ തയ്യാറായി ഇരിക്കുകയായിരുന്നു രമേശ്. അനൂപിന്റെ അഭാവത്തിലുളള രാത്രിയാത്രയെക്കുറിച്ചു ആലോചിക്കുകയായിരുന്നു സുവർണ്ണ. തിരക്കൊഴിഞ്ഞ നഗരവീഥിയിലൂടെ ആദ്യമായാണ് അവൾ രാത്രിയിലിങ്ങനെ യാത്രചെയ്യുക. പകൽപോലും അനൂപില്ലാതെ എവിടേയും പോകാൻ സുവർണ്ണക്കിഷ്‌ടമില്ലായിരുന്നു. ഡ്രൈവ് ചെയ്യാനൊക്കെ അറിയാമെങ്കിലും നിവൃത്തിയുണ്ടെങ്കിൽ അവൾ വണ്ടി ഓടിക്കാറില്ല. എവിടെയെങ്കിലും പോകണമെന്നു പറയുമ്പോൾ അനൂപ് ചോദിക്കും.
‘നിനക്കെന്താ വണ്ടിയെടുത്തു പൊയ്‌ക്കൂടെ’.
‘എനിക്കു വയ്യ അനൂപ്’ അവൾ പറയും.
‘എന്തൊരു പാടാ തിരക്കിനിടയിലൂടെ വണ്ടി ഓടിക്കാൻ’. അനൂപാകട്ടെ ഒരു ഗിത്താർ വായിക്കുന്നപോലെ താളാത്മകമായാണ് ഡ്രൈവ് ചെയ്യുന്നത്. തെരുവ് നിറഞ്ഞ് ഒഴുകുന്ന വാഹനങ്ങൾക്കും മനുഷ്യർക്കിടയിലൂടെ വെട്ടിച്ചും തിരിച്ചും വേഗം കൂട്ടിയും കുറച്ചും അവൻ വണ്ടിയോടിക്കുമ്പോൾ പണ്ട് ഹൈസ്‌ക്കൂൾ ക്ലാസ്സിലായിരുന്നപ്പോൾ പഠിച്ച ഗിത്താറിന്റെ നൊട്ടേഷൻസാണ് സുവർണ്ണയ്‌ക്ക് ഓർമ്മ വരാറ്. ആരോഹണവരോഹണങ്ങളിൽ ലയിച്ച് അനൂപിന്റെ അടുത്ത് അങ്ങിനെയിരുന്ന് ദിവസം മുഴുവൻ യാത്ര ചെയ്‌താലും മടുക്കില്ലെന്ന് അവൾക്കു തോന്നും. തിരക്കൊഴിഞ്ഞ റോഡിലെത്തുമ്പോൾ അനൂപ് ചിലപ്പോൾ ചോദിക്കും.
‘കുറച്ചോടിക്കുന്നോ?’
‘എനിക്കു വയ്യ.’
‘ഇടക്കോടിച്ചില്ലെങ്കിൽ മറന്നുപോകുംട്ടോ.’
‘മറന്നോട്ടെ’ അവൾ പറയും. ‘അനു നീ ഓടിക്കുന്നത് കണ്ടിങ്ങനെ ഇരുന്നാമതി എനിക്കെന്നും.’
‘പോടീ മടിച്ചിപ്പാറു’ അനൂപ് പറയും. ‘എന്നും ഞാനുണ്ടായീന്ന് വരില്ല.’
വല്ലാത്ത ബോറായിരിക്കും അതെന്ന് സുവർണ്ണ പറയുമായിരുന്നു. അതെത്ര ശരിയാണെന്ന് ഇപ്പോൾ അവൾക്കു തോന്നി. അനൂപിന്റെ അഭാവം അപ്പോഴാണ് സുവർണ്ണയ്‌ക്കു അനുഭവപ്പെട്ടു തുടങ്ങിയത്. ഇനിമേൽ അനൂപില്ലാതെയാണ് താൻ യാത്ര ചെയ്യേണ്ടതെന്ന് സുവർണ്ണയ്‌ക്ക് പെട്ടന്നു തോന്നി. ഇടയ്‌ക്ക് വണ്ടിയെടുത്തു ട്രയൽ ചെയ്യണം.
മുൻ സീറ്റിൽനിന്നും അടക്കിപ്പിടിച്ച സംസാരം ഒരു സ്വപ്‌നത്തിന്റെ പൂരകമായാണ് സുവർണ്ണ അറിഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. രമേശിന്റെ ശബ്‌ദമാണ്. കൂടെ ഒരു സ്‌ത്രീയുണ്ടായിരുന്നു. ആരാണവരെന്ന് തിരിച്ചറിഞ്ഞില്ല. ആ വഴിക്ക് അതിവേഗം വണ്ടി പോകുന്നതു കണ്ടപ്പോൾ ആളുകൾ വിളിച്ചു കൂവിയതാണത്രെ പോകരുത്, പോകരുത് എന്ന്. രമേശിന്റെ കൂടെയുളള ആൾ പറഞ്ഞു. പണി പൂർത്തിയാകുന്ന പാലം. ഗതാഗതം കർശനമായി നിരോധിച്ചിരിക്കുന്നു എന്ന ബോർഡ് റോഡിന്റെ രണ്ടരുകിലും വച്ചിട്ടുണ്ട് എന്നിട്ടും. പത്തു കൊല്ലത്തിലേറെയായി ഈ നഗരത്തിൽ തന്നെ താമസിക്കുന്നയാളുമായിരുന്നു അനൂപ്. പാലം കായലിന്റെ നടുവിൽ പൊടുന്നനെ അവസാനിക്കുമെന്നും അറിയാതിരിക്കാൻ വഴിയില്ല.
‘വേറെ എന്തെങ്കിലും കാരണം. ഫാമിലി പ്രോബ്ലംസ്….’ വണ്ടിയോടിക്കുന്നയാൾ വളരെ ശബ്‌ദം താഴ്‌ത്തിയാണ് ചോദിച്ചത്. ‘ഇല്ല’. സ്വപ്‌നത്തിലെന്നപോലെ ശബ്‌ദം തൊണ്ടയിൽ കുടുങ്ങി. വളരെ ആയാസപ്പെട്ടാണ് സവർണ്ണ പറഞ്ഞത്. രമേഷും കൂടെയുണ്ടായിരുന്ന ആളും ഞെട്ടിത്തിരിഞ്ഞു. പിന്നീട് ആരും ഒന്നും മിണ്ടിയില്ല. സുവർണ്ണയുടെ മനസ്സ് സ്വപ്‌നത്തിനും യാഥാർത്ഥ്യത്തിനും ഇടയിൽ വീർപ്പിച്ചു കെട്ടിയ ഒരു ബലൂൺ പോലെ ഞെരുങ്ങിനിന്നു. വീണ്ടും കുറേ നേരത്തെ ഓട്ടത്തിനു ശേഷമാണ് വണ്ടി ആശുപത്രിയുടെ പോർച്ചിലെത്തി നിന്നത്.
പോർച്ചിൽ സംശയത്തോടെ നോക്കി നിന്നവർ രമേശ് ഡോർ തുറന്നിറങ്ങിയപ്പോൾ അടുത്തേക്കു വന്നു. അവരുടെ സംസാരത്തിനിടയിൽ നിന്ന് നോർമ്മലാണ് എന്ന് രമേശ് പറയുന്നതുമാത്രമേ സുവർണ്ണക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞുളളൂ. തെല്ലിട മടിച്ചു നിന്നതിനുശേഷം വണ്ടിയുടെ ഡോർ തുറന്നത് അനൂപിന്റെ അടുത്ത സുഹൃത്ത് സുരേഷായിരുന്നു. സുരേഷിന്റെ ഭാര്യ രശ്‌മിയും ഒപ്പം വന്നു. സുവർണ്ണ പതിയെ ഇറങ്ങവേ അരുകിൽ വന്ന് കൈപിടിച്ച് രശ്‌മി പറഞ്ഞു. മോർച്ചറിയിലാണ്.
ഇടനാഴികളിലൂടെ നാലഞ്ചു മിനിറ്റ് നടന്നാണ് മോർച്ചറിയിലെത്തിയത്. തണുത്ത ഒരിടമായിരുന്നു അത്. ശരീരത്തിൽ നിന്നും വേർപ്പെട്ട ആത്മാവുകൾ ചുറ്റിപറ്റി നില്‌ക്കുന്നതു കൊണ്ടാകാം അവിടുത്തെ പ്രകാശത്തിനു വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. പരിചിതമായ ഒരു ഗന്ധം അവിടമാകെ നിറഞ്ഞു നില്‌ക്കുന്നതായി സുവർണ്ണയ്‌ക്കു അനുഭവപ്പെട്ടു. ഇതാണോ മരണത്തിന്റെ ശരിക്കുളള ഗന്ധം. സാധാരണ മരിച്ച വീടുകളിൽ കത്തിക്കാറുളള ചിലയിനം ചന്ദനത്തിരികൾക്ക് മരണത്തിന്റെ മണമാണുളളതെന്ന് അവൾക്ക് തോന്നാറുണ്ട്. അവയോടൊന്നും യാതൊരു സാമ്യവും മോർച്ചറിയിലെ മണത്തിനില്ലായിരുന്നു.
അനൂപിന്റെ മൃതശരീരം മൂടിയിരുന്ന വെളുത്ത തുണി എടുത്തു മാറ്റിയപ്പോൾ സുവർണ്ണയുടെ നാസരന്ധ്രങ്ങളിലേക്ക് ആ മണം ഇരച്ചു കയറി. ആദ്യമായാണ് അവൾ മോർച്ചറിയിൽ അങ്ങിനെ ഒരു മൃതശരീരത്തിനു മുന്നിൽ നില്‌ക്കുന്നത്. എന്നിട്ടും ആ മണം ചിരപരിചിതമായി തോന്നിയതിൽ അവൾക്ക് അത്ഭുതം തോന്നി.
നനഞ്ഞ് തുവർത്താതെ ചിതറി കിടക്കുന്ന മുടിയാണ് ആദ്യം സുവർണ്ണയുടെ കണ്ണിൽ പെട്ടത്. പിന്നെ അല്‌പം തുറന്നു വച്ച ചുണ്ടുകളും. അനൂപിന്റെ രൂപവുമായി ആ രൂപത്തിന് യാതൊരു ഛായയും അവൾക്കു തോന്നിയില്ല. തടിച്ചു വിങ്ങിയ ഏതോ ഒരു മനുഷ്യൻ വായ് പിളർന്നു ഉറങ്ങുന്നതായാണ് അവൾക്കു തോന്നിയത്. ഒരു ഉറുമ്പ് അയാളുടെ കടവായിലൂടെ അരിച്ചു നടക്കുന്നുണ്ടായിരുന്നു. ഏറെ സമയം അവിടെ നില്‌ക്കാൻ സുവർണ്ണക്ക് കഴിഞ്ഞില്ല. പോകാം എന്ന അർത്ഥത്തിൽ അവൾ രശ്‌മിയുടെ മുഖത്തു നോക്കി. രശ്‌മി വലതു കൈയിലിരുന്ന കൈലേസു കൊണ്ടു നിറഞ്ഞു തുളുമ്പി നിന്ന കണ്ണു തുടക്കുന്നതു കണ്ടപ്പോൾ താനെന്താണ് കരയാത്തതെന്ന് സുവർണ്ണയ്്ക്ക് അത്ഭുതം തോന്നി.
തിടുക്കത്തിൽ വന്ന രണ്ടുമൂന്നു പേർ രമേശിനോട് എന്തോ അടക്കം പറഞ്ഞ് വന്ന വേഗത്തിൽ തന്നെ പുറത്തേക്കു പോയി. അവർക്കെതിരെ യൂണിഫോം ധരിച്ച ഒരു ആശുപത്രി ജീവനക്കാരന്റെ കൂടെ രണ്ടു പോലീസുകാർ മോർച്ചറിയിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു. ‘നമുക്ക് റൂമിലേക്കു പോകാം’ രമേശ് പറഞ്ഞു. രമേശിന്റെയും രശ്‌മിയുടെയും പിന്നിൽ തിരിഞ്ഞ നടക്കാനൊരുങ്ങുമ്പോഴാണ് അടുത്ത മേശപ്പുറത്ത് കിടക്കുന്ന ഒരു മൃതശരീരം സുവർണ്ണയുടെ ശ്രദ്ധയിൽപ്പെട്ടത്. അത് മൂടിയിരുന്ന മുഷിഞ്ഞ പുതപ്പിനടിയിലൂടെ ടേബിളിന്റെ താഴേക്ക് ഞാന്നു കിടന്ന സാരിത്തലപ്പിന്റെ നനഞ്ഞ പച്ചപ്പ് അവൾ കണ്ടു. ഒന്നു നടുങ്ങിയെങ്കിലും പോലീസുകാർക്കൊപ്പം വന്ന ആശുപത്രി ജീവനക്കാരൻ മൃതശരീരത്തിന്റെ മേലുളള തുണി എടുത്തു മാറ്റിയപ്പോൾ പൊടുന്നനെ ഒരു ശാന്തി സുവർണ്ണയിലേക്ക് പെയ്‌തിറങ്ങി- കാരണം അതവൾ തന്നെയായിരുന്നു. പിന്നെ സുവർണ്ണയെന്തിനു കരയണം.
Generated from archived content: story1_may13.html Author: babu_paul