മതവിമുക്തമായ ആത്മീയതയ്‌ക്കായി ഒരു പരിശ്രമം

പ്രകൃതിദത്തമായ സഹജാവസ്ഥയ്‌ക്കുമേൽ സാമൂഹിക കൽപിതമായ സംസ്‌കാരം സ്ഥാപിക്കുന്ന ആധിപത്യം വ്യക്തിയുടെ അന്തർസംഘർഷങ്ങൾക്ക്‌ കാരണമാകുന്നു. ശാസ്‌ത്രത്തിന്റെയോ സംസ്‌കാരങ്ങളുടെയോ വികാസത്തിന്‌ മനുഷ്യനെ സംഘർഷരഹിതനും ശാന്തചിത്തനുമാക്കി തീർക്കാൻ കഴിഞ്ഞില്ല. ഭൗതീക നേട്ടങ്ങളും സുഖാനുഭവങ്ങളും എത്ര വേണമെങ്കിലും നല്‌കാൻ അവയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഒപ്പം തന്നെ ഒട്ടേറെ ദുരന്തങ്ങളും യുദ്ധങ്ങളും ഭീകരപ്രവർത്തനങ്ങളും ഇന്ന്‌ ദിനംപ്രതി വർദ്ധിച്ചു വരികയാണ്‌. ഏതെങ്കിലും ഭരണാധികാരികളുടെയോ ശാസ്‌ത്രജ്ഞരുടെയോ എന്തിന്‌ ഒരു ടെക്‌നീഷ്യന്റെ തന്നെയോ അസ്വസ്ഥമായ മനസ്സിന്റെ വിഭ്രാന്തിക്ക്‌ ലോകമാകെ നശിപ്പിക്കാൻ കഴിയുന്നിടത്തെത്തി നിൽക്കുന്നു നമ്മുടെ ശാസ്‌ത്രീയനേട്ടങ്ങൾ.

ഇവയ്‌ക്കിടയിൽ മനുഷ്യനെ ശാന്തിയിലേക്കും ദൈവീകതയിലേക്കും നയിക്കുന്ന ആത്മീയത ഇപ്പോൾ മുമ്പെന്നത്തേയുംകാൾ പ്രസക്തമായിത്തീരുന്നു. ദൈവീകതയെന്നാൽ പൂർണ്ണമായും സഹജാവസ്ഥയിലായിരിക്കലാണ്‌. അത്‌ ഓരോ മനുഷ്യനും ആഗ്രഹിക്കുന്നവിധം പരമമായ ശാന്തിയും ആനന്ദവും പ്രദാനം ചെയ്യുന്നു.

എന്നാൽ ആത്മീയത മതങ്ങളുടെ തടവിലാണ്‌. മതങ്ങൾ കാലങ്ങളായി ആത്മീയതയുടെ പേരിൽ മനുഷ്യസമൂഹത്തെയാകെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ ആത്മീയമായ താല്പര്യങ്ങൾ സംരക്ഷിക്കാനെന്ന ഭാവത്തിൽ മതങ്ങൾ സമൂഹത്തിന്റെമേൽ ആധിപത്യം സ്ഥാപിക്കുകയും അത്‌ രാഷ്‌ട്രീയ അധികാരത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. മതം ഒരിക്കലും യഥാർത്ഥ ദൈവീകത പ്രദാനം ചെയ്യാൻ ശ്രമിക്കുന്നില്ല. കാരണം ശാന്തിയും പരമമായ ആനന്ദവും അനുഭവിക്കുന്ന സ്വതന്ത്രരായ മനുഷ്യരെയല്ല കേവലം അനുയായികളെയാണ്‌ അവർക്കാവശ്യം.

എന്നിട്ടും മതമാണ്‌ ദൈവീകതയിലേക്കുളള മാർഗ്ഗമെന്ന ധാരണ പൊതുവിൽ നിലനിൽക്കണം. ഇത്‌ പകരമൊന്ന്‌ ലഭ്യമല്ലാത്തതുകൊണ്ട്‌ മാത്രമാണ്‌. അതുകൊണ്ടുതന്നെ മതത്തിൽ നിന്ന്‌ വേർപെട്ട്‌ സ്വതന്ത്രമായ ഒരു ആത്മീയപ്രസ്ഥാനവും പ്രവർത്തനവും ഇവിടെ പ്രസക്തമാകുന്നു. പ്രകൃത്യാനുസാരിയായ ജീവിതരീതിയുടെയും ശരിയായ ധ്യാനത്തിലൂടെയും ഓരോരുത്തർക്കും സ്വതന്ത്രമായ ദൈവികതയിലെത്തി ചേരാൻ കഴിയും. അതിന്‌ ഇന്നുളള മതങ്ങളുടെ സ്ഥാനത്ത്‌ പ്രകൃത്യാനുസാരിയായ ജീവിതവീക്ഷണം വ്യാപകമാക്കണം. ക്ഷേത്രങ്ങളുടെയും പളളികളുടെയും സ്ഥാനത്ത്‌ ധ്യാനകേന്ദ്രങ്ങളും.

ധ്യാനമെന്നപേരിൽ മതസംഘടനകളും മതേതരമെന്ന ഭാവത്തിൽ ചില വ്യക്തികളും ഗ്രൂപ്പുകളും ഇന്ന്‌ നടത്തിവരുന്ന പ്രവർത്തനങ്ങൾ കേവലം മതപ്രചാരണത്തിനപ്പുറത്തേക്ക്‌ പോകുന്നില്ല. മറിച്ച്‌ ആധുനിക സമൂഹത്തിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്ന തികച്ചും മതാതീതമായ മെഡിറ്റേഷൻ ടെക്‌നിക്കുകൾ ഇന്ന്‌ ലഭ്യമാണ്‌. ധ്യാനമെന്നത്‌ യഥാർത്ഥത്തിൽ ശാസ്‌ത്രവും കലയും കർമ്മകൗശലവും ഒക്കെയാണ്‌. മനുഷ്യവർഗ്ഗത്തിന്റെ നന്മക്കായി ശാസ്‌ത്രവും കലയും കർമ്മശേഷിയും എപ്രകാരം ഉപയോഗിക്കപ്പെടുന്നുവോ അപ്രകാരം ധ്യാനത്തെയും ഉപയോഗപ്പെടുത്താൻ കഴിയും. എങ്കിൽ ശാന്തിയുടെയും സമാധാനത്തിന്റെയും പുതിയ ലോകത്തിന്റെ സൃഷ്‌ടിക്ക്‌ അത്‌ വഴിവയ്‌ക്കും.

ഈ ചിന്തയിൽ നിന്നാണ്‌, പ്രകൃത്യാനുസാരിയായ ജീവിതത്തിന്‌ ഒരു ധ്യാനകേന്ദ്രം എന്ന സങ്കല്പം രൂപപ്പെടുന്നത്‌. വ്യവസ്ഥാപിത മതങ്ങളിൽ നിന്നും ദൈവികതയെ വേർപ്പെടുത്തി കാണാനും തന്നത്താനെ അറിയാനുളള കഴിവിനെ ധ്യാനത്തിലൂടെ വികസിപ്പിച്ചെടുക്കാനും ആഗ്രഹിക്കുന്നവർക്ക്‌ ഒത്തുകൂടാൻ ഒരു കേന്ദ്രം. ഇതിനെ ശാന്തിയിടം എന്നുവിളിക്കാം. അവിടെ വിശാലമായ ധ്യാനമന്ദിരമുണ്ടാകണം. പാർപ്പിടങ്ങളും മറ്റ്‌ പ്രാഥമിക സൗകര്യങ്ങളുമുണ്ടാകണം. ആർക്കും അവിടെ സ്ഥിരമായി താമസിക്കുകയോ വന്നുപോവുകയോ ചെയ്യാം. ഓരോരുത്തരുടേയും നിലനില്പിന്റെ ആവശ്യത്തിനുമാത്രമായിരിക്കും അവിടെ ഉപഭോഗം. ഉപഭോഗത്തിനുമാത്രമായിരിക്കും ഉല്പാദനം. സാമൂഹ്യനിയമങ്ങളെക്കാളേറെ പ്രകൃതിനിയമങ്ങളായിരിക്കും അവിടെ നിലനിൽക്കുക. പ്രകൃതിയിലെ മറ്റെല്ലാ ജീവജാലങ്ങളെയും പോലെ സ്വതന്ത്രവും ശാന്തവും ആനന്ദഭരിതവുമായി ജീവിക്കുന്ന ഒരു സമൂഹം. ഈ മാതൃക ക്രമേണ ലോകത്തിന്‌ സ്വീകാര്യമായിത്തീരും.

ശാന്തിയിടമെന്ന സങ്കൽപ്പത്തിന്റെ പൂർണ്ണതയ്‌ക്കായി സമാന ചിന്താഗതിക്കാരുമായുളള സംവേദനവും സഹകരണവും അനിവാര്യമാണ്‌. കൂടുതൽ മെച്ചപ്പെട്ട നിർദ്ദേശങ്ങളിലൂടെയും സഹായങ്ങളിലൂടെയുമാണ്‌ ശാന്തിയിടം സാർത്ഥകവും സാക്ഷാത്‌കൃതവുമാവുക.

കേരളത്തിലോ അതിർത്തി സംസ്ഥാനങ്ങളിലോ സൗജന്യമായോ കുറഞ്ഞവിലയ്‌ക്കോ ലഭിക്കുന്ന കുറച്ച്‌ ഭൂമി, അത്യാവശ്യ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ വേണ്ടിവരുന്ന പണം, പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്താൻ താല്പര്യമുളള കുറച്ച്‌ മനുഷ്യർ ഇവയാണ്‌ പ്രാഥമികമായി വേണ്ടത്‌.

ശാന്തിയിടമെന്ന സങ്കല്പത്തോടും മതാതതമായ ആത്മീയതയെന്ന ആശയത്തോടും പ്രതികരിക്കാനാഗ്രഹിക്കുന്നവർ കൂടുതൽ ആശയവിനിമയത്തിനായി ബന്ധപ്പെടുമെന്ന്‌ പ്രതീക്ഷിക്കുന്നു.

സ്‌നേഹപൂർവ്വം

ബാബുപോൾ

പാരസ്പര്യ

മേവെളളൂർ പി.ഒ. 686 609

കോട്ടയം, കേരളം

ഇന്ത്യ.

ഫോൺ ഃ 91-04829-257363, 257289, 257606 ഫാക്‌സ്‌ ഃ 91-04829-256071

Generated from archived content: essay2_july28.html Author: babu_paul

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here