മാറുന്ന കേരളവും വികസനത്തിന്റെ കേരള മാതൃകയും

മലയാളികളുടെ കേരളം രൂപീകൃതമായിട്ട്‌ അമ്പതാണ്ടുകൾ പൂർത്തിയാവുകയാണ്‌. ഭാഷാടിസ്ഥാനത്തിലുളള കേരള രൂപീകരണം തന്നെ വിവാദത്തോടെയായിരുന്നു, അന്നേ തുടങ്ങിയ വിവാദങ്ങൾ ഇന്നും കേരളത്തോടൊപ്പമുണ്ട്‌. എങ്കിലും, ഇൻഡ്യയുടെ തെക്കേ അറ്റത്തുളള കൊച്ചു കേരളം ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. ഇതിന്‌ കാരണമായത്‌ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടവും – വികസനത്തിന്റെ കേരള മാതൃക എന്ന്‌ പേരിട്ടതോടെ ഈ നേട്ടം കേരളത്തിന്റെ അഭിമാനമായി. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുളളവർ വികസനത്തിന്റെ കേരള മാതൃക പഠിക്കാൻ മലയാളദേശത്ത്‌ എത്തി. എന്നാൽ, കേരളം പിറവിയെടുത്ത്‌ അമ്പതാണ്ടുകൾ പൂർത്തിയാകുമ്പോൾ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളും കേരള മാതൃകയും എവിടെയെത്തി?

ആരോഗ്യ വിദ്യാഭ്യാസ രംഗത്ത്‌ കേരളം കൈവരിച്ച നേട്ടങ്ങളെ അൽഭുതത്തോടെയാണ്‌ മൂന്നാം ലോകരാജ്യങ്ങൾപോലും കണ്ടിരുന്നത്‌. തികച്ചും ജനപങ്കാളിത്തത്തോടെ കൈവരിച്ച നേട്ടം, ആരോഗ്യരംഗത്ത്‌ മരണ നിരക്ക്‌ കുറക്കാനും ആയുസ്‌ വർദ്ധിപ്പിക്കാനും കഴിഞ്ഞു. കുടുംബക്ഷേമ പ്രവർത്തനങ്ങൾക്കും കേരളം മാതൃകയായി. പ്രസവം ആശുപത്രികളിലായപ്പോൾ നവജാത ശിശുക്കളുടെ മരണം റിപ്പോർട്ട്‌ ചെയ്യപ്പെടാതായി. ‘ബേബി ഫ്രണ്ട്‌ലി’ ആശുപത്രികളായി മാറി കേരളത്തിലെ ആതുരാലയങ്ങൾ. ആയിരം പുരുഷൻമാർക്ക്‌ 1052 സ്‌ത്രീകൾ എന്നത്‌ കേരളത്തിലെ കണക്ക്‌.

ഉയർന്ന സാക്ഷരതയാണ്‌ വിദ്യാഭ്യാസ രംഗത്ത്‌ കേരളത്തെ മുന്നിലെത്തിച്ചത്‌. ഹൈസ്‌കൂളുകൾ ഇല്ലാത്ത പഞ്ചായത്തുകൾ കേരളത്തിലില്ല. വീടുകൾക്ക്‌ മുന്നിൽ അങ്കണവാടികൾ, നടന്നു എത്താവുന്ന ദൂരത്തിൽ ലോവർ പ്രൈമറി സ്‌കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയൊക്കെ വിദ്യാഭ്യാസ മേഖലക്ക്‌ ശക്തി പകർന്നു. 90.86 ശതമാനമാണ്‌ കേരളത്തിന്റെ സാക്ഷരത. പുരുഷൻമാരിൽ 94.24 ശതമാനവും സ്‌ത്രീകളിൽ 87.72 ശതമാനവും സാക്ഷരരാണ്‌. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയാണ്‌ മലയാളികളെ വിദേശങ്ങളിലടക്കം എത്തിച്ചത്‌. കേരള വരുമാനത്തിന്റെ 13 ശതമാനവും വിദേശ മലയാളികളുടേതാണെന്ന്‌ കണക്കാക്കുന്നു.

കേരള ഭൂപരിഷ്‌കരണ നിയമവും പൊതുവിതരണ സമ്പ്രദായവും മാതൃകയായി. എന്നാൽ, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലടക്കം കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി, കൈവരിച്ച നേട്ടങ്ങളെ പിന്നോട്ടടിക്കുന്നതാണ്‌. സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വ്യവസായ മേഖലയായി ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാറി. തുടച്ച്‌ നീക്കപ്പെട്ടുവെന്ന്‌ മലയാളികൾ അഭിമാനം കൊണ്ട്‌ പകർച്ചവ്യാധികൾ മറ്റൊരു രൂപത്തിൽ തിരിച്ചുവന്നു. പകർച്ചവ്യാധികൾക്കുളള മരുന്നുകളുടെ പരീക്ഷണശാലയായി കേരളം മാറിയെന്ന്‌ പറഞ്ഞാലും അതിൽ അതിശയോക്തിയുണ്ടാകില്ല. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികൾ പരിശോധിച്ചാൽ തന്നെ ഇത്‌ വ്യക്തം. എന്തൊക്കെ പുതിയ രോഗങ്ങളാണു കേരളത്തിൽ. ഏറ്റവും ഒടുവിൽ ചികുൻ ഗുനിയായിൽ എത്തി നിൽക്കുന്നു.

പണ്ട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുകയെന്നത്‌ സേവനത്തിന്റെ ഭാഗമായിരുന്നു. പിന്നീട്‌, അധ്യാപക നിയമനങ്ങളിലൂടെ മാനേജർമാർ മുതലാളിമാരായി മാറി. പിന്നീട്‌ അൺ എയ്‌ഡഡ്‌ സ്ഥാപനങ്ങൾ വന്നതോടെ വിദ്യാഭ്യാസം വിലകൊടുത്ത്‌ വാങ്ങേണ്ട ഉൽപന്നമായി മാറി. വിദ്യാർത്ഥികൾ ഉപഭോക്താക്കളും. വർത്തമാനകാലത്ത്‌ വിദ്യാഭ്യാസമെന്നത്‌ പൂർണമായും സേവനമേഖലക്ക്‌ പുറത്തായി. ഇപ്പോൾ വിദ്യാഭ്യാസത്തെയും വ്യവസായങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ ലാഭ-നഷ്ടകണക്കുകളാണ്‌ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്‌.

പ്രൊഫണൽ വിദ്യാഭ്യാസ പ്രവേശനത്തിന്‌ പ്രവേശന പരീക്ഷ ഏർപ്പെടുത്തിയതോടെ, ഗ്രാമീണ മേഖലയും പാവപ്പെട്ടവരും പുറത്തായി. പണ്ട്‌, ഉയർന്നമാർക്ക്‌ തേടുന്നവർക്ക്‌ മെറിറ്റിൽ പ്രവേശനം ലഭിക്കുമായിരുന്നുവെങ്കിലും പ്രവേശന പരീക്ഷ വന്നതോടെ, പ്രത്യേക കോച്ചിംഗ്‌ സെന്ററിൽ പഠിക്കേണ്ടിവന്നു. പണച്ചെലവുളള ഒന്നായി മാറി നഗരങ്ങളിലെ കോച്ചിംഗ്‌ സെന്റർ പഠനം. ഇപ്പോൾ എൽ.കെ.ജി. തുടങ്ങി ഏതെങ്കിലും തരത്തിലുളള പ്രവേശന പരീക്ഷയെഴുതണം. തലവരിയും ഉയർന്ന വീതവും നൽകിയാലെ ഗുണനിലവാരമുളള വിദ്യാഭ്യാസം ലഭിക്കുകയുളളൂ. ഇതൊക്കെ മാനേജ്‌മെന്റുകളുടെ മാത്രം “നേട്ടമാണെന്നു” കരുതിയാൽ തെറ്റി. ഹോട്ടലുകൾക്ക്‌ എന്നപോലെ കോളജുകൾക്ക്‌ നക്ഷത്രപദവി ഏർപ്പെടുത്തിയതും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ ഐ.എസ്‌.ഒ ഗുണനിലവാര സർട്ടിഫിക്കറ്റ്‌ നൽകുന്നതും സർക്കാരാണ്‌. വിദ്യാഭ്യാസ വായ്‌പ നൽകാൻ ബാങ്കുകൾ മൽസരിക്കുകയും ചെയ്യുമ്പോൾ, ആലോചിക്കുക വിദ്യാഭ്യാസവും ഒരു പ്രൊഡക്ടായി മാറിയില്ലേ?

കേരളത്തിലെ ആശുപത്രികളിലൊക്കെ ഇപ്പോൾ തിരക്കാണ്‌. അതനുസരിച്ച്‌ പഞ്ചനക്ഷത്ര സൗകര്യങ്ങളോട്‌ കൂടി ആശുപത്രികൾ മുളക്കുന്നു. ആശുപത്രികളിൽ പോകുകയെന്നതും വിവിധതരം പരിശോധനകൾ നടത്തുകയും ചെയ്യുകയെന്നതും മലയാളികളുടെ ദിനചര്യയുടെ ഭാഗമായി (അതോ ഫാഷനോ?) മാറിയിട്ടുണ്ട്‌. ഗർഭപാത്രത്തിലായിരിക്കെ, ആദ്യമാസം മുതൽ തുടങ്ങുന്നു പരിശോധന. പത്തുവർഷത്തെ കണക്കെടുത്താൽ കേരളത്തിൽ ഏറ്റവും കുടുതലായി സ്ഥാപിക്കപ്പെട്ടത്‌ ആശുപത്രികളായിരിക്കാം. (ഒന്നാം സ്ഥാനം ബാറിന്‌) ആശുപത്രികളുടെ പരസ്യങ്ങളുമായാണ്‌ വർത്തമാന പത്രങ്ങൾ പുറത്തിറങ്ങുന്നത്‌ തന്നെ.

ഇതേസമയം, സർക്കാർ ആശുപത്രികൾ അടച്ചുപൂട്ടൽ ഭീഷണിയിലും. സേവന-വേതന വ്യവസ്ഥകൾ ഒട്ടും ആകർഷകമല്ലെന്ന കാരണത്താൽ ഡോക്ടർമാരും പാരാ മെഡിക്കൽ ജീവനക്കാരും സർക്കാർ മേഖലയെ കയ്യൊഴിയുമ്പോൾ, പാവങ്ങൾക്കും സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരും. ചികിൽസാ ചെലവുകൾക്കായി ബാങ്കുകളൊന്നും ഇതേവരെ വായ്‌പാ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടില്ലെന്ന ആശ്വാസമുണ്ട്‌. എന്നാൽ, വിവിധതരം പദ്ധതികളുമായി ഇൻഷുറൻസ്‌ കമ്പനികൾ രംഗത്തുണ്ട്‌. മരുന്ന്‌ കമ്പനികളും ഡോക്ടർമാരും കൈകോർക്കുമ്പോൾ ആശ്വാസമേകുന്നത്‌ ഇൻഷുറൻസ്‌ കമ്പനികൾ.

എന്തുകൊണ്ടാണ്‌ കേരളം ആശുപത്രികളുടെ നാടായി മാറുന്നത്‌. ഒരുപക്ഷേ, ഭക്ഷണക്രമവും ഒരു കാരണമാകാം. ‘പിസയും പെപ്‌സി’യുമാണ്‌ പുതിയ തലമുറയുടെ ഇഷ്ടഭക്ഷണം. ഒരു സെൽഫോൺ കൂടിയായാൽ ജീവിതം അടിപൊളി. ഭക്ഷണ പദാർത്ഥങ്ങളിലെ വിഷപ്രയോഗം, മാലിന്യ പ്രശ്‌നം, പരിസര മലിനീകരണം തുടങ്ങി കാരണങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടാകില്ല.

ജാതിയേയും ജാതിവ്യവസ്ഥയേയും ചോദ്യം ചെയ്തതാണ്‌ കേരളത്തിന്റെ ചരിത്രം. അതുകൊണ്ട്‌ തന്നെ മതസൗഹാർദ്ദത്തിന്‌ ഉദാഹരണം ചൂണ്ടിക്കാട്ടാൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതും കേരളത്തെയാണ്‌. അയ്യങ്കാളിയും ശ്രീനാരായണഗുരുവും സഹോദരൻ അയ്യപ്പനും തുടങ്ങി മലയാളികൾക്ക്‌ അഭിമാനത്തോടെ ഓർക്കാൻ പേരുകൾ ഏറെ. എന്നാൽ ഇന്നാകട്ടെ എല്ലാം ജാതി അടിസ്ഥാനത്തിലാണ്‌. രാഷ്‌ട്രീയകക്ഷികൾ, സ്ഥാപനങ്ങൾ പങ്കുവെയ്‌ക്കുന്നത്‌, സ്‌കൂളുകളും കോളജുകളും അനുവദിക്കുന്നത്‌, വൈസ്‌ചാൻസലർമാരെ നിശ്ചയിക്കുന്നത്‌ തുടങ്ങി സർവ്വ മേഖലകളിലും ജാതിയും മതവും ഘടകങ്ങളായി മാറി. നിയമസഭയിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളിൽപോലും വർഗീയത കണ്ടെത്താൻ ശ്രമിക്കുന്നു. ഒരുപക്ഷേ, സ്വാമി വിവേകാനന്ദൻ ഇതൊക്കെ അന്നേ കണ്ടിരിക്കാം. അതുകൊണ്ടായിരിക്കാം കേരളത്തെ ഭ്രാന്താലയമെന്ന്‌ വിശേഷിപ്പിച്ചത്‌.

Generated from archived content: essay1_jan05_07.html Author: babu_munnar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English