ഇരുളിന്‍ കബന്ധങ്ങള്‍ കടലില്‍ പതിക്കയായ്
പകലിന്റെ പ്രഥമ സ്പന്ദനം കേള്‍ക്കയായ്
സുഭഗയായ്, ഗന്ധയായ് പ്രത്യൂഷ മാനിനി
വരികയായ് നമ്ര ശിരസ്കയായ് ശാലിനി
ആര്‍ത്തലച്ചീടുവതെന്തെന്‍ കര്‍ണ്ണങ്ങളില്‍
വേര്‍പെടും നിശ തന്‍ ആതുര ധ്വനികളോ
പകൃതി തന്‍ ഓരോ അണുവിലും നിറയും പുതു,
ജീവന്റെ ഹൃദയ തുടിപ്പിന്‍ താളങ്ങളോ
അറിഞ്ഞതുണ്ട് ഞാന്‍ ക്ഷണിത പ്രഭാതമേ നിന്നെ ,
ചഞ്ചല ചിത്തയായ്, ബഹു ഭാവ രൂപിയായ്
ഒരുവേള, വേര്‍പാടിന്‍ കരള്‍ വെന്ത വേദന
കൊത്തിപ്പറിക്കുകയാണ് നിന്‍ ജീവനെ
വ്രണിത ഹൃദയനായ് വിലയ ചിത്തനായ്
നിന്നെ പിരിഞ്ഞ കരിവര്‍ണ്ണ രൂപനെ
ഓര്‍ത്തു നീയിപ്പോഴും ആര്‍ദ്രയാകുന്നിതോ
ശോണ വിഹീനം, നിന്‍ മുഖ മണ്ഡലം.
മറുവേള കാണ്മു നിന്‍ ഗൂഹന മിഴികളില്‍
ആ പ്രേമ ഭാവം, നിന്‍ ശ്വേത കുമാരനെ
പ്രാപിയ്ക്കുവാനായ് വെമ്പും ഇന്ദ്രജാലം.
പകലിന്റെ മാറില്‍ നീ തല ചേര്‍ത്ത് വയ്ക്കുന്നു
രതി ഭാവ നിര്‍ഭരം, പുളകിതയാവുന്നു
അനുരക്തനവനുടെ കര കിരണങ്ങള്‍ നിന്‍
മഞ്ഞുടയാടകള്‍ മെല്ലെയഴിക്കുന്നു
എന്റെ കരാള സങ്കല്പ പഥങ്ങളില്‍
നിന്നെ ഞാന്‍ അറിയുന്നു …….സദയം ക്ഷമിക്കുക
ഇരവിനും പകലിനും ഇടയില്‍ ശയിക്കുന്ന
ഇണയായി രതി വേഗ താളങ്ങള്‍ തീര്‍ക്കുന്ന
ബോധതലങ്ങളില്‍ എങ്ങുമേ പ്രണയത്തിന്‍
ബഹുവര്‍ണ്ണ രാജികള്‍ ഒരുനാളും തീര്‍ക്കാത്ത
കേവലാനന്ദ മൂര്‍ഛയാല്‍ ഉദ്ദീപിതം
നീ അഭിരാമത, അല്ല അഭിസാരിക
ഇരവിന്റെ ഭോഗ പക്ഷങ്ങളില്‍ കാമിനി
പകലിന്റെ പാപ ഫല പീയൂഷ മോഹിനി
ഇരവന്‍ ചാര്‍ത്തിയ ചാന്ദ്ര കുറിയുമായ്
ചണ്ടാല കേളി തന്‍ അഴകറ്റൊരോര്‍മ്മയായ്
ലാസ്യഭോഗാനന്തരം അലസമായ് ഉഴറുന്ന
വേശ്യ തന്‍ പങ്കില ഭാവങ്ങള്‍ കാണ്മു ഞാന്‍
ഇമ വെട്ടി മായും മുന്‍പണിയത്ത് നീയെത്തി
കതിരവന്‍ ചാര്‍ത്തിയ സീമന്ത കുറിയുമായ്
മാറിലെ നഖക്ഷതം മേല്ലെയൊളിപ്പിച്ചു
മേഖങ്ങളേകിയ കൂന്തല്‍ പരപ്പിനാല്‍
ആരു നീ, ഇല്ലെനിക്കൊരു പുനര്‍ ചിന്തനം
അറിയുന്നു നിന്നെ ഞാന്‍ പങ്കില പ്രാണയായ്
നിന്നെ അറിഞ്ഞു ഞാന്‍,
നിന്നെ വെറുത്തു ഞാന്‍
നിന്നെ നിന്ദിപ്പൂ ഞാന്‍,
നിന്നില്‍ കുടികൊള്ളും ഇരവിനെ, പകലിനെ
അനുതാപ രൂപിയാം സന്ധ്യയെ, കാറ്റിനെ,
പൂവിനെ, വേരിനെ,പുഴുവിനെ, പറവയെ,
ജീവനെ, ജ്വാലയെ, മൃത്യുവെ, സാരത്തെ,
സ്ഥലികളെ, ചിതകളെ, സര്‍വ്വമാം സര്‍വ്വത്തെ
പിന്നെ,
പര നിന്ദ മാത്രം ശീലിച്ചൊരെന്‍ നാവിനെ
മലിനമാം, നിന്ദ്യമാം ഈ ജന്‍മ വികൃതത്തെ
Generated from archived content: poem2_sep17_12.html Author: babu_manapally