പ്രവാസിയുടെ മകൻ

ഇരുട്ടിലൂടെ അയാൾ കുതിച്ചുപായുകയായിരുന്നു. ദിക്കുകളറിയാതെയുള്ള ആ യാത്രയിൽ അയാൾ തനിച്ചായിരുന്നു. തനിച്ചെന്നുവച്ചാൽ….. അയാൾ അങ്ങനെ ആയിരുന്നു. ഇരുട്ടിൽ കഴിഞ്ഞകാലങ്ങളിലെ ഓർമ്മകളുടെ കയങ്ങളിലേക്ക്‌ മുങ്ങിത്താണ്‌ എന്തെങ്കിലുമൊക്കെ എത്തിപ്പിടിക്കുവനുള്ള തത്രപ്പാടിലായിരുന്നു. ഒരു പക്ഷെ, ഒറ്റപ്പെട്ടുപ്പോയതിന്റെ വിരസതയിൽനിന്നും കരകയറുവാനുള്ള ഒരു ശ്രമം….. പെട്ടെന്ന്‌ ഓർമ്മകളുടെ പുകമറനീക്കി ഒരപ്പനും മകനും അയാൾക്കു മുന്നിലേക്ക്‌ വന്നു. നല്ല പരിചയമുള്ള മുഖം. പാടത്തിലും പറമ്പിലും കഠിനധ്വാനം ചെയ്‌ത്‌ ക്ഷീണിതരാണെന്ന്‌ അവരുടെ കുപ്പായത്തിൽ പറ്റിപ്പിടിച്ച ചെളിയും ദയനീയമായ നോട്ടവും ഭാവവും വെളിപ്പെടുത്തിയിരുന്നു. അപ്പന്റെ തോളിൽ ഒരു കലപ്പയും മകന്റെ കൈയ്യിൽ ഒരു ചോറ്റുപാത്രവും ഉണ്ടായിരുന്നു. ഇപ്പോൾ അവർ പാടവും കടന്ന്‌ കുന്നുകയറുവാൻ തുടങ്ങിയിരുന്നു. പെട്ടെന്ന്‌ കുന്നിൻ മുകളിൽ കറുത്ത മേഘങ്ങൾ തിങ്ങിക്കൂടുവാൻ തുടങ്ങി…. പിന്നെ കാറ്റിന്റെ വരവായി…. ചുഴലിക്കാറ്റ്‌ കുന്നിലെ മരങ്ങളെ പിടിച്ചുലയ്‌ക്കുവാൻ തുടങ്ങി… ഇടയ്‌ക്ക്‌ മിന്നലുകൾ ഒരു വാൾപോലെ കുന്നിൻ മുകളിലൂടെ പാഞ്ഞ്‌ കറുത്ത മേഘങ്ങളിലേക്ക്‌ ചെന്ന്‌ പതിയ്‌ക്കുന്നുണ്ടായിരുന്നു. അവർ അതൊന്നും വകവയ്‌ക്കാതെ ചെരിവിലൂടെ നടത്തം തുടർന്നുകൊണ്ടേയയിരുന്നു. മഴപെയ്യാൻ തുടങ്ങിയിരുന്നു… പിന്നെ കാറ്റും….. കൊള്ളിമിന്നലും ….. പിന്നെ ദിക്കുകളെ കിടിലം കൊള്ളിച്ച്‌ ഇടിമുഴങ്ങി. ആ ഇടിയുടെ ആഘാതത്തിൽ ആകാശത്തിന്റെ ഏതോ ഭാഗം ഭൂമിയിലേക്ക്‌ ഇളകി…. അപ്പോൾ മകൻ ഭയന്നതായിത്തോന്നി. അവൻ തിരിഞ്ഞു നിന്ന്‌ അപ്പനെ നോക്കി. അപ്പന്റെ ശുഷ്‌കിച്ച്‌ നീളമുള്ള കൈ അവന്റെ തോളിലേക്ക്‌ നീണ്ടു ചെന്ന്‌ അവനെ ചേർത്തുപിടിച്ചു. ഇടയ്‌ക്ക്‌ വിരലുകൾ തോളിൽ തലോടിക്കൊണ്ടിരുന്നു, എങ്കിലും അവർ കുന്നുകയറിക്കൊണ്ടേയിരുന്നു. ഇപ്പോൾ അവർ വളരെദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു…. ഒരു പൊട്ടുപോലെ…. പിന്നെ അവർ എവിടെയോ മറഞ്ഞുപോയി. ആ ഓർമ്മകൾ അയാളിൽ നിന്നും വഴിമാറിയപ്പോൾ ഒന്നു കരയണമെന്നയാൾക്കു തോന്നി. എന്നാൽ ഒന്നു ചലിക്കുവാൻ പോലും അയാൾക്കു കഴിഞ്ഞില്ല…… ആ ശരീരം വിയർപ്പിൽ കുളിച്ച്‌…. നിർജ്ജീവമായിക്കിടന്നു….. യെരിഹോവിന്റെ വിജനമായ വീഥിയിൽ…. ആ രാത്രിയുടെ മറവിൽ ആക്രമികൾ മുറിപ്പെടുത്തി എല്ലാം അപഹരിച്ചുപേക്ഷിക്കപ്പെട്ട ആ മനുഷ്യനെപ്പോലെ….. ഒരു നല്ല സമരിയക്കാരനെയും കാത്ത്‌……

ഗ്രാൻഡ്‌പ്പാ…….! – ആ വിളി അയാൾകേട്ടു. ആ നല്ല സമരിയാക്കാരന്റെ വിളി. അയാളുടെ തണുത്തകരങ്ങളിലേക്ക്‌ സ്‌നേഹത്തിന്റെ ഊഷ്‌മളത തുടിക്കുന്ന ആ കരസ്‌പർശം…. സിരകളിൽ തണുത്തുറഞ്ഞു കിടന്ന രക്തം ഉരുകി ഞരമ്പുകളിലൂടെ ഒഴുകുവാൻ തുടങ്ങി. അയാളിൽ വീണ്ടും ജീവൻ തുടിയ്‌ക്കുകയായ്‌. അയാൾ മെല്ലെകണ്ണുകൾ തുറന്നു, ആ വളിക്കുവേണ്ടി കാത്തിരുന്നതുപോലെ… അവന്റെ കണ്ണുകൾ സജലമായിരുന്നെങ്കിലും ആ മുഖത്ത്‌ ഒരു ചിരി ഒളിഞ്ഞു കിടന്നിരുന്നു. അവനയാളെ മെല്ലെ ഉയർത്തി കിടക്കയിൽ ചാരിക്കിടത്തി.

‘എനിക്കറിയാമായിരുന്നു….. നിനക്ക്‌ വരാതിരിക്കാൻ കഴിയില്ലെന്ന്‌’ – അയാൾ

‘നിന്റപ്പാ വന്നില്ല അല്ലേ…..’ – അയാൾ നെടുവീർപ്പിട്ടു. പെട്ടെന്നൊരു നേഴ്‌സ്‌ കതകുതുറന്ന്‌ അകത്തേക്കുവന്നു, സ്‌റ്റാൻഡിൽ തൂങ്ങിക്കിടന്നിരുന്ന ബോട്ടിൽ ഊരിമാറ്റുമ്പോൾ പറഞ്ഞു. ‘ഇന്ന്‌ ഡിസ്‌ചാർജാകാം.’ നേഴ്‌സ്‌ പോയിക്കഴിഞ്ഞപ്പോൾ അയാളുടെ മക്കൾവന്നു അവനോടായി പറഞ്ഞു.

‘രണ്ടുമൂന്നാഴ്‌ചയായി ഹോസ്‌പിറ്റലിൽ കയറിനടന്ന്‌ ഞങ്ങൾ…. നീ ഒന്നു രണ്ടാഴ്‌ച കാണുമല്ലോ….. പോരാത്തതിന്‌ നീ എം.ബി.ബി.എസ്സിന്‌ പഠിക്കയുമല്ലെ…… ഒരു പ്രാക്‌റ്റിക്കൽ എക്‌സ്‌പീരിയൻസും ആയിക്കോട്ടെ വല്യപ്പനെ നോക്കി….. നിന്റപ്പൻ വരില്ല…. എങ്ങനെ വരാനാ…. നാടുവിട്ടുപോയതിനുശേഷം അവന്‌ അപ്പനെയും ഞങ്ങളെയുമൊന്നും വേണ്ടല്ലോ. അപ്പനസുഖമായിക്കിടന്നാൽ ചുമക്കാനും ഓടാനും ഞങ്ങളുണ്ടല്ലോ’

ഇപ്പോൾ അയാളും അവരും തനിച്ചായി…. ആശുപത്രിയിൽ നിന്നും പുറംലോകത്തേക്ക്‌ അയാളുടെ കൈപിടിച്ച്‌ അവൻ നടന്നു…. അയാളുടെ വീട്ടിലേക്ക്‌…… അയാൾ മാത്രമുള്ള കുന്നിൻചെരുവിലെ…..

‘നിന്റപ്പായും ഞാനും പാടത്തിലും പറമ്പിലുംമൊക്കെ കഷ്‌ടപ്പെട്ടാണ്‌ ഈകാണുന്നതൊക്കെയും ഉണ്ടാക്കിയത്‌. ഇവരെയൊക്കെ പഠിപ്പിക്കാൻ നിന്റപ്പാ ഒത്തിരി കഷ്‌ടപ്പെട്ടതാ. അവന്മാർ ഒരു നിലയിലെത്തിയപ്പോൾ, നിന്റപ്പായെക്കാണുന്നത്‌ അവർക്ക്‌ പുച്‌ഛമായി, പഠിപ്പില്ലാത്ത ജേഷ്‌ഠൻ…… നാലുപേർ കൂടുന്നിടത്ത്‌ കൂട്ടാൻ കൊള്ളാത്തവൻ….. അപമാനഭാരം പേറി ഒരു രാത്രിയിൽ എന്നോടുപോലും പറയാതെ അവൻ നാടുവിട്ടുപോയി….. അങ്ങനെയവൻ പ്രവാസിയായി. ഞാനും തെറ്റുകാരനാ…. ഞാനും അവനെ സ്‌നേഹിച്ചിട്ടില്ല….. നീണ്ട 28 വർഷങ്ങൾ..’ – അയാൾ മറന്നു പോയതൊക്കെയും ഓർത്തെടുക്കുവാൻ ശ്രമിക്കുകയായിരുന്നു, മനസ്‌ കടൽപോലെ അശാന്തമായിരുന്നു, തിരമാലകളെക്കീറിമുറിച്ച്‌ അതിലൊടുങ്ങിത്തീരുവാൻ എന്തിനുവേണ്ടിയോ അയാൾ ആശിച്ചുപോയി.

ജനാലകൾ മലർക്കെത്തുറന്നിട്ട്‌ കുന്നിൽ ചെരുവിലെ കൃഷിയിടങ്ങളിലേക്കയാൾ വെറുതെ നോക്കിയിരുന്നു. പിന്നെ ആ നോട്ടം വിശാലമായ താഴ്‌വരയിലെ നെൽപ്പാടങ്ങളിലേക്ക്‌ നീണ്ടുചെന്നു പിന്നെ കാറ്റാടിമരങ്ങളും തേക്കുകളും നിറഞ്ഞ കാടുകളിലൂടെ….. മലകളും കയറി മേഘങ്ങളിലൂടെ…..

കുന്നിൻ ചെരുവിലൂടെ അയാൾ അവനെയും കൂട്ടി നടന്നിറങ്ങുകയായിരുന്നു.

‘നിന്റെപ്പാ നിന്നെപ്പോലെ തന്നെയായിരുന്നു, നിന്നെ……..നിന്നെ പറിച്ചുവച്ചതു പോലെ…. ആ മഷിക്കമ്പനിയിൽത്തന്നെയല്ലെ ഇപ്പോഴും അവൻ….’ അയാൾ ഉത്തരത്തിനായികാത്തുനിൽക്കാതെ തുടർന്നു – ‘ സ്‌കോളർഷിപ്പു കിട്ടി പഠിക്കയെന്നു വച്ചാൽ ഭാഗ്യം തന്നെയാ….. മോൻ പഠിച്ച്‌ ജോലിയായിട്ടുവേണം അപ്പായുടെ പ്രയാസമൊക്കെ മാറ്റാൻ. ഞാൻ വിളിച്ചാൽ നിന്റപ്പാ വരില്ല, അവനുള്ളതല്ലെ ഇതൊക്കെ…. ദൈവം എന്റെ ജീവനെടുക്കുന്നതിന്‌ മുൻപ്‌ നിന്റെപ്പായുടെ കാൽപ്പാടുകളും വിയർപ്പും വീണ ഈ മണ്ണ്‌ അവനായി …..’ അയാളുടെ വാക്കുകൾ മുറിഞ്ഞു.

ദൂരെ മലമടക്കുകളിൽ അമരുന്ന അസ്‌തമനസൂര്യന്റെ പ്രകാശത്തിൽ അവർ പാടവരമ്പിലൂടെ നടന്നു പിന്നെ മീനുകൾ തത്തിക്കളിക്കുന്ന ചാലുകളും തോടുകളും…. പുഞ്ചകളും കടന്ന്‌…..‘ ഇവിടെ സ്വർണ്ണ നിറമുള്ള പരൽ മീനുകൾ ഉണ്ടായിരുന്നു. ഞാനും നിന്റെ അപ്പായും……’ അയാൾ ഒന്നു നിർത്തി പിന്നെ അവനെ വാത്സല്യത്തോട്‌ ചേർത്തു പിടിച്ച്‌ മുഖത്തൊരു ചിരി വിടർത്തിപ്പറഞ്ഞു.

‘നീ ചിന്തിക്കുന്നുണ്ടാവും ഈ ഗ്രാന്റപ്പായ്‌ക്ക്‌ ഇതല്ലാതെ മറ്റൊന്നും പറയുവാനില്ലെയെന്ന്‌…. എന്റോർമ്മകളിൽ നിന്റപ്പായെക്കുറിച്ച്‌ ഇതൊക്കെ മാത്രമെയുള്ളു തങ്ങി നിൽക്കുന്നത്‌, ഈ ഓർമ്മകൾക്കൂടി എന്റെ ഉള്ളിൽ നിന്നും മാഞ്ഞുപോയാൽ…. നിന്റപ്പാ…. അതുകൊണ്ടാണ്‌ നീ വരുമ്പോളൊക്കെയും……. അയാൾ അത്രയും പറഞ്ഞ്‌ കാറ്റാടി മരങ്ങളും തേക്കുകളും നിറഞ്ഞ കാടുകളിലേക്ക്‌ നോട്ടം എറിഞ്ഞു.

ഡെൽഹി എന്ന മഹാനഗരത്തിൽ ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു ലേബർ കോളനിയിലെ വാടക വീട്ടിൽ കൂനിക്കൂടിയിരിക്കുന്ന അപ്പായെ അവനോർത്തു. ഫാക്‌ടറികളിലെ കൂലിത്തൊഴിലാളികളും സൈക്കിൾ റിക്ഷാ പുള്ളേഴ്‌സും തിങ്ങിപ്പാർക്കുന്ന കോളനി.

ഈ ജീവിതത്തിൽ എനിക്കൊന്നു മായിത്തീരുവാൻ കഴിഞ്ഞില്ല’ – അതീവ ദുഃഖത്തോടെ അയാൾ പറയാറുണ്ട്‌. മനസ്‌ കൂടുതൽ അസ്വസ്‌ഥമാകുമ്പോൾ അയാൾ പറയും, ‘മോനൊന്ന്‌ അപ്പനെ കണ്ടിട്ടുവാ’- മടങ്ങിവരുമ്പോൾ കൊണ്ടു വരുന്ന വാർത്തകൾ അപ്പാ ശ്രദ്ധയോടെ കേട്ടിരിക്കും. പിന്നെ രണ്ടു മൂന്നു ദിവസം നിശ്ശബ്‌ദനായി നടക്കും.

ഇപ്പോൾ ഇരുവരും കന്നു കയറുവാൻ തുടങ്ങിയിരുന്നു…… കലപ്പയും ചോറ്റുപാത്രവുമൊന്നുമില്ലാതെ… എങ്കിലും മഴയും മിന്നലും ഇടിയുമെല്ലൊം അവരോടു ചേർന്ന്‌ തിമിർത്താടി.

ജനാലകൾ തുറന്നിട്ട്‌ അവൻ ചാരുകസേരയിൽ ചാരിക്കിടന്നു. അതവന്റെ അപ്പായുടെ കസേരയായിരുന്നു. ഇളം കാറ്റ്‌ ജനാലയിലൂടെ കടന്നു വന്നു. ആ കാറ്റിൽ അപ്പായുടെ വിയർപ്പിന്റെ ഗന്ധം….. അവൻ വെളിയിലേക്ക്‌ നോക്കി. കുന്നിൻ ചെരിവും താഴ്‌വരയും കാടുകളും നേരിയ മഞ്ഞിൽ നിലാവിൽക്കുളിച്ചുകിടന്നിരുന്നു. അവൻ എല്ലാം മറന്ന്‌ കണ്ണുകൾ അടച്ചു കിടന്നു. നിശ്ശബ്‌ദതയെ കീറിമുറിച്ച്‌ ഒച്ചയും ബഹളവും ഉയർന്നു അവൻ ഇടനാഴിയിലൂടെ ഒച്ചകേട്ട ദിക്കിലേക്കോടി….. ഗ്രാന്റപ്പായുടെ മുറിയെ ലക്ഷ്യമാക്കി….. തുറന്നു കിടന്ന ജാലകത്തിലൂടെ…..

ഗ്രാന്റപ്പായുടെ മക്കൾ…. ഡോക്‌ടറെന്നു തോന്നിക്കുന്ന ഒരു മനുഷ്യൻ….. ഔദ്യോഗികവേഷത്തിൽ ഒരു അഡ്വക്കേറ്റ്‌…..

ഡോക്‌ടറുടെ കൈയ്യിൽ മരുന്നു നിറച്ച ഒരു സിറിഞ്ചുണ്ടായിരുന്നു. അഡ്വക്കേറ്റിന്റെ കൈയിൽ ചില മുദ്രപ്പത്രങ്ങളും ഗ്രാന്റപ്പാ സർവ്വശക്തിയുമുപയോഗിച്ച്‌ എഴുന്നേൽക്കാൻ ശ്രമിക്കയായിരുന്നു. അയാളുടെ മക്കൾ അയാളെ ബലമായി കട്ടിലിലേക്ക്‌ പിടിച്ചുകിടത്തി, ഒരാൾ രണ്ടു കാലുകളിലും ബലമായി പിടിച്ചിരുന്നു.

ഡോക്‌ടർ സമയം കളയാതെ ആ ഇൻജക്‌ഷനങ്ങു കൊടുത്തേക്ക്‌ – ഒരു മകൻ. ഡോക്‌ടർ ഏതോ മരുന്ന്‌ അയാളുടെ തുടയിലേക്ക്‌ കുത്തിയിറക്കി. അയാൾ ഉറക്കെ നിലവിളിച്ചു. മക്കൾ അപ്പന്റെ തള്ളവിരൽ അഡ്വക്കേറ്റിന്റെ കൈയ്യിലിരുന്ന മുദ്രപ്പത്രത്തിൽ മഷിമുക്കിപ്പതുപ്പിച്ചു. അയാൾ ചെറുതായൊന്നു പിടഞ്ഞു. പിന്നെ ആ ശരീരം നിശ്ചലമായി.

ജനാലയുടെ അഴികളിൽ പിടിമുറുക്കി അവൻ നിന്നു, ആ പിടിവിട്ടാൽ ആ നിമിഷം ഇരുട്ടിന്റെ കയങ്ങളിൽ എവിടെയെങ്കിലും ചെന്നു പതിയ്‌ക്കുമെന്നവൻ ഭയപ്പെട്ടിരുന്നു. എങ്കിലും ഇരുട്ടിലൂടെ നീന്തിത്തുടിച്ച്‌ വാതിൽക്കലേക്കവൻ നീങ്ങി. അവനെക്കണ്ടപ്പോൾ അവരൊന്നു ഞെട്ടി. ഡോക്‌ടറും അഡ്വക്കേറ്റും മുറിയിൽ നിന്നും വഴുതി പുറത്തെ ഇരുട്ടിലെവിടെയോ മറഞ്ഞു. ഇപ്പോൾ അയാളുടെ മക്കൾ മാത്രം. കുത്തിവച്ച മരുന്നിന്റെ ബോട്ടിൽ അവന്റെ കാലുകളുടെ അടുത്തേക്ക്‌ ഉരുണ്ടു വന്നു. അവനതെടുത്ത്‌ വായിച്ചു.

‘ഇത്‌ പോയിസൺ ആണല്ലോ! ’ – അവൻ

‘അപ്പോൾ നിങ്ങൾ എന്റെ ഗ്രാൻപായെ…..-

ഒരു നിലവിളിയുടെ ഊക്കോടെ അവൻ പറഞ്ഞു.

’നീ പ്രിസ്‌ക്രൈബ്‌ ചെയ്‌ത മരുന്നല്ലെ ഞങ്ങൾ കുത്തിവച്ചത്‌. ഇവിടെ നടന്നതാരെങ്കിലും അറിഞ്ഞാൽ ഞങ്ങളുടെ അപ്പനെക്കൊന്നതിനുള്ള സമാധാനം നി തന്നെ പറയേണ്ടതായി വരും. അത്രയും പറഞ്ഞവർ അവനെ മുറിയിൽ നിന്നും പുറത്തേ ഇരുട്ടിലേക്ക്‌ ഊക്കോടെ തള്ളി. ഉമ്മറത്തെ ഭിത്തിയിൽ തലയിടിച്ച അവൻ വെളിയിലേക്ക്‌ വീണു. അവർ ഇരുട്ടിൽ നിന്നും അവനെ പിടിച്ചുയർത്തി അലറി.

‘ഈ രാത്രിയിൽത്തന്നെ ഇവിടെന്നും പൊയ്‌ക്കൊള്ളണം, ഇനിയും ഡൽഹിയിൽ നിന്നും ബന്ധങ്ങളുടെ പേര്‌ പറഞ്ഞ്‌ ഈ ദിക്കിലേക്ക്‌ വരരുത്‌ വന്നാൽ നീ തിരികെപ്പോകില്ല’ – അവർ അവന്റെ നേരെ ചീറി. ആരോ അവന്റെ ബാഗ്‌ മുറിയിൽ നിന്നും പുറത്തേക്ക്‌ വലിച്ചെറിഞ്ഞു.

അവൻ കുന്നിറങ്ങുകയായി…..നെറ്റിയിൽ നിന്നും രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു….. ശരീരത്തൊക്കെയും മുറിവിന്റെ നീറ്റൽ…. മൂടൽ മഞ്ഞിന്റെ നേരിയ പർദ കുന്നിനെ മൂടിയിരുന്നു. അവന്റെ അപ്പയുടെ വിയർപ്പുവീണ കാൽപ്പാടുകൾ പതിഞ്ഞ ആ മണ്ണിലൂടെ ഒരു മടക്കയാത്ര… ഒരിക്കലും തിരികെവരാത്ത യാത്ര. ഒരു പിടിമണ്ണ്‌ – വാരി അവൻ നെഞ്ചോട്‌ ചേർത്തു വച്ചു. അപ്പയുടെ വിയർപ്പിന്റെ ഗന്ധം ആ മണ്ണിൽ നിറഞ്ഞു നിന്നിരുന്നു. അപ്പോൾ താഴ്‌വരയിൽ നിന്നും അവന്റെ അപ്പ കുന്നുകയറുകയായിരുന്നു. അയാൾ അങ്ങനെ ആയിരുന്നു എപ്പോഴും എവിടെയും അവനുവേണ്ടി….. അയാൾ ജീവിക്കുന്നതു പോലും…… അപ്പാ അവന്റെ മുന്നിലേക്ക്‌ കുന്നുകയറി വന്നു. അപ്പായെ കണ്ടപ്പോൾ അവൻ ആ നെഞ്ചിലേക്ക്‌ തളർന്നു വീണു.

‘എനിക്കറിയാമായിരുന്നു….. മുടികളിൽ തലോടി അയാൾ പറഞ്ഞു.

അവനെയും ചേർത്തു പിടിച്ച്‌ അയാൾ കുന്നിറങ്ങുകയായി. മഴതകർത്തു പെയ്‌തു…. ഭ്രാന്തൻ കാറ്റ്‌ ചുറ്റി വീശി……… മിന്നലുകൾ മലയിടുക്കുകളെ കീറിമുറിച്ചു…. ദിക്കുകൾ പൊട്ടുമാറ്‌ ഇടിമുഴങ്ങി….. അവൻ ഭയന്നതായി അയാളറിഞ്ഞു. അയാളുടെ ശുഷ്‌കിച്ചു നീണ്ട കരങ്ങൾ അവനെ തലോടിക്കൊണ്ടിരുന്നു. വീണ്ടും ഇടിമുഴങ്ങി. ആകാശത്തിന്റെ ഏതോ ഒരു കോണ്‌ ഭൂമിയിലേക്കടർന്നു വീണു. ആ ആഘാതത്തിൽ കുന്നിന്റെ അടിസ്‌ഥാനങ്ങളിളകി. തോടുകളും ചാലുകളും പുഞ്ചകളും കവിഞ്ഞൊഴുകി. അവർ കാടുകളും മലകളും താണ്ടി യാത്രതുടർന്നുകൊണ്ടേയിരുന്നു.

Generated from archived content: story_competition19.html Author: babu_george_bhopal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English