ഓപ്പറേഷൻ തീയറ്ററിലേക്ക് നീളുന്ന ഇടനാഴിയിൽ ഇരുട്ടു വീഴാൻ തുടങ്ങിയിരുന്നു. റേഷൻ കടയിലെ ഗോഡൗണിൽ വണ്ടിയിൽ നിന്നും അരിച്ചാക്കിറക്കുമ്പോഴാണ് ഭാര്യയ്‌ക്കു വേദന തുടങ്ങിയെന്ന വാർത്തയുമായി ഒരു ചെക്കൻ വന്നത്.
‘നിങ്ങൾ പൊയ്‌ക്കോളിൻ, ബാക്കിയുള്ളത് ഞാൻ നോക്കിക്കൊള്ളാം’ സുഹൃത്ത് പറഞ്ഞു. അയാൾ ഒരോട്ടോയും പിടിച്ച് വീട്ടിലേക്കു കുതിച്ചു.
‘ഒരു പതിച്ചിയെ വിളിച്ചാൽ പോരെ!’ അമ്മ ആശുപത്രിയിലെ ചിലവുകൾ മുന്നിൽ കണ്ടുകൊണ്ട് ചോദിച്ചു.
ഈ പ്രസവം ആശുപത്രിയിൽതന്നെ വേണമെന്ന് അയാൾക്കു നിർബന്ധമായിരുന്നു. ഓട്ടോയിൽ ഭാര്യയെ താങ്ങിപ്പിടിച്ചു കയറ്റിയിരുത്തുമ്പോൾ, ഉമ്മറത്ത് കാലുകൾ നീട്ടിയിരുന്ന് അമ്മ മുറുക്കി നീട്ടിത്തുപ്പിപ്പറഞ്ഞു.
‘നിന്റെ ഭാര്യയോടു പറ ഇപ്രാവശ്യമെങ്കിലും ഒരാണിനെപ്പെറാൻ.’
ഇടനാഴിയിലെ മങ്ങിയ ഇരുട്ടിലേക്ക് നോക്കി അയാളിരുന്നു. ഇടയ്‌ക്ക് ഓപ്പറേഷൻ തീയറ്ററിന്റെ അടഞ്ഞുകിടന്ന കതകുകളിലേക്ക് അയാളുടെ കണ്ണുകൾ ഇഴഞ്ഞു ചെന്നു. ഭാര്യയുടെ ഓരോ പ്രസവവും അയാളെ മാനസികമായി തളർത്തിയിരുന്നു. ഇത് അയാളുടെ അവസാനത്തെ ശ്രമമാണ്. പക്ഷെ അവനുറപ്പുണ്ട് ഇത് ആണുതന്നെയാണ്. തെങ്കാശിയിൽ നിന്നും വരാറുള്ള കൈ നോട്ടക്കാരിത്തള്ളയുടെ പ്രവചനം തെറ്റാറില്ല. അഞ്ചും പെണ്ണാണെന്നുള്ള അവരുടെ പ്രവചനം ഫലിച്ചു. അവസാനം അവർ വന്നത് രണ്ടു മാസങ്ങൾക്ക് മുൻപായിരുന്നു. ഭാര്യയുടെ വയറും കാലും തൊട്ടു വന്ദിച്ച് രഹസ്യമായിപ്പറഞ്ഞു.
“ഇന്തകൊളന്തൈ ഒരാൺകൊളന്തൈ”!
സന്തോഷം കൊണ്ട് മതിമറന്ന അയാൾ ഒരു നേരത്തെ ആഹാരവും ഇരുപത് രൂപയും കൊടുത്താണ് അവരെ യാത്രയാക്കിയത്.
ഇടനാഴിയിൽ പ്രകാശം പരന്നു. പെട്ടെന്ന് അയാളുടെ സുഹൃത്ത് അയാൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. അവൻ അങ്ങനെയാണ്, എപ്പോഴും അയാൾക്കൊരു താങ്ങായിരുന്നു. എന്തു ജോലിയും അവർ ഒന്നിച്ചേ ചെയ്യൂ. ആ ബന്ധം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. എഴുത്തുപള്ളിക്കൂടം തുടങ്ങി…… കൂലിപ്പണിവരെ നീണ്ടുപോകുന്നു ആ ബന്ധത്തിന്റെ കരുത്ത്. പക്ഷെ സന്താന ഭാഗ്യമില്ലാതെ പോയി.
‘ഒരു പെൺകുഞ്ഞിനെ എനിക്ക് താടോ…. ഞാൻ പൊന്നു പോലെ വളർത്തിക്കൊള്ളാം.’ ഒരിക്കൽ അവൻ അയാളോട് ചോദിച്ചു. ആ ചോദ്യം അയാൾക്കിഷ്‌ടപ്പെട്ടില്ലെന്ന് അയാളുടെ കടുത്ത മൗനത്തിൽ നിന്നും അവൻ ഊഹിച്ചെടുത്തു. അതിനു ശേഷം അത്തരമൊരു ചോദ്യം അവനിൽനിന്നും ഉണ്ടായില്ല
എന്തായി…….! സുഹൃത്ത് മറുപടിയെന്ന വണ്ണം, അടഞ്ഞു കിടന്ന ഡോറിലേക്ക് അയാളുടെ കണ്ണുകൾ നീണ്ടുപോയി.
‘ഇപ്രാവശ്യം ആണാടോ, നിങ്ങൾ വെഷമിക്കാതിരിക്ക്’, ഇത് നമുക്കൊന്നഘോഷിക്കണം‘ – സുഹൃത്ത്. അയാൾ തലകുലുക്കി അഭിമാനത്തോടെ ചിരിച്ചു.
’ദാ ഇതു കൊറച്ചു പൈസയാ, ഇത് വച്ചോളിൻ‘ – അവൻ അയാളുടെ ഒഴിഞ്ഞ പോക്കറ്റിലേക്ക് കുറേ നോട്ടുകൾ വച്ചുകൊടുത്തു ഡോർ ഒരു ഞരക്കത്തോടെ തുറന്നു. ഇരുവരും അവിടേക്ക്, കുതിച്ചു.
’ഈ മരുന്ന് പെട്ടെന്ന് വാങ്ങിക്കൊണ്ടു വരണം‘ നഴ്‌സ് പുറത്തു തലകാട്ടി ഒരു കുറിപ്പ് നീട്ടിപ്പറഞ്ഞു.
’നിങ്ങളിവിടിരിക്ക്, ഞാൻ പോയി വാങ്ങിക്കൊണ്ടുവരാം.‘ അവൻ അയാളെ ബെഞ്ചിൽ പിടിച്ചിരുത്തി. വെളിയിലേക്കോടി.
അവൻ മരുന്നുമായി വേഗം തിരിച്ചെത്തി. കുറെ നേരം ഒരു തണുത്ത നിശബ്‌ദതയായിരുന്നു.
ഡോർ വീണ്ടും ഒരൊച്ചയോടെ തുറന്നു.
’ദാ കുഞ്ഞിനെ കണ്ടോളിൻ….‘ – നഴ്‌സ് വിളിച്ചുപറഞ്ഞു.
ഇരുവരും ഒരിക്കൽക്കൂടി വാതിൽക്കലേക്ക് കുതിച്ചു. പെട്ടെന്നു കറന്റുപോയി. ആശുപത്രി അന്ധകാരത്തിലാണ്ടു. ഇരുട്ടിലൂടെ മുങ്ങിയും താണും അവർ ഡോറിന്റെ മുന്നിലെത്തി.
’നശിച്ചയൊരു കറന്റുപോക്ക്‘ – നഴ്‌സ് പിറുപിറുത്തു.
’കുഞ്ഞ് പെണ്ണാ……‘ – നഴ്‌സ് ശബ്‌ദം തെല്ലു താഴ്‌ത്തിപ്പറഞ്ഞു.
അയാൾ ഇരുട്ടിലേക്കു ഒരു നിലവിളിയോടെ കുഴഞ്ഞു വീണു. സുഹൃത്ത് അയാളെ താങ്ങിയെഴുനേൽപ്പിച്ചു, പിന്നെ തോളോടു ചേർത്തു പുറത്തു തലോടി ആശ്വസിപ്പിച്ചു.
’എടോ, കരയാതിരിക്ക് പെണ്ണ് പൊന്നാടോ….. പൊന്ന്‘ –
’ഒരു മെഴുകുതിരിയിങ്ങെടുക്ക്‘ – നഴ്‌സ് ഉറക്കെ വിളിച്ചുപറഞ്ഞു. ’അകത്ത് എന്തൊക്കെയോ തട്ടിമറിഞ്ഞുവീണു. കുഞ്ഞ് ഉറക്കെക്കരഞ്ഞു.
Generated from archived content: story1_mar4_11.html Author: babu_george_bhopal