ഗോങ്ങ്‌ഹിൽ ഇറക്കം ഇറങ്ങി ഉഹുറു ഹൈവേയിൽ എത്തുന്നതിനു മുൻപാണ് എന്റെ ബെൻസ് പെട്ടെന്നു നിന്നത്.എൻജിനിൽ നിന്നും ഇരുവശത്തേക്കും പുക വരുന്നു. ഞാൻ ബോണറ്റ് തുറന്നശേഷം പുറത്തിറങ്ങി. ഷോട്ട് സർക്യൂട്ട് ആകണം. ഒരു എത്തും പിടിയും കിട്ടുന്നില്ല.
റോഡ് ഏതാണ്ട് വിജനമാണ് കുറച്ചകലെ മുന്നിൽ കുറെ കടകളുണ്ട്. ഗോങ്ങ്‌ഹിൽ േഎരിയ അത്ര സുരക്ഷിതമല്ലന്നറിയാം. റോബറിയ്‌ക്ക് കുപ്രസിദ്ധിയാർജ്ജിച്ച സ്‌ഥലമാണ്.
വർക്ക്‌ഷോപ്പ് എവിടെയുണ്ടെന്നറിയില്ല. ഹൈവേയിൽ എവിടെയെങ്കിലും ഉണ്ടാവും. ഒന്നൊന്നര കിലോമീറ്ററെങ്കിലും നടന്നാലേ ഹൈവേയിലെത്തു. ഈ സന്ധ്യയ്‌ക്ക് ഒറ്റയ്‌ക്ക് നടക്കുന്നതും അത്ര പന്തിയല്ല. ചീറിപ്പാഞ്ഞു വന്ന കുറെവണ്ടികൾക്ക് കൈകാണിച്ചു. നിർത്തില്ലെന്നറിഞ്ഞുകൊണ്ടു തന്നെ. ഇരുട്ടിന്റെ മറവിൽ നിന്നു കൈകാണിയ്‌ക്കുന്നവന്റെ കയ്യിൽ തോക്കുണ്ടാവും തീർച്ച. അതെല്ലാവർക്കും അറിയാം. നടക്കുവാൻ തന്നെ തീരുമാനിച്ചു. ‘പേടിയുണ്ടേ’? ഞാൻ സ്വയം ചോദിച്ചു.“ഹോയ്! പേടിയോ?…… എനിയ്‌ക്കോ ?…….
ചോദ്യം ഞാൻ തന്നെ സ്വയം പുച്‌ഛിച്ചു തള്ളി. എങ്കിലും ഉള്ളിൽ ഒരു അങ്കലാപ്പ്!
പെട്ടെന്നാണ് ഒരു കാർ സിഗ്നൽ ലൈറ്റിട്ട് മുമ്പിൽ വന്ന് വശം ചേർന്ന് നിന്നത്.
”ഹായ്! കയാൻ ഹെ ഹെൽപ്‌യു?“
വിൻഡോ ഗ്ലാസ് താഴ്‌ത്തി ഉള്ളിൽ നിന്നും കനത്ത ചോദ്യം. പിന്നാലെ സ്യൂട്ടണിഞ്ഞ ഒരു അജാനുബാഹു കാറിൽ നിന്നിറങ്ങി ഷേക്‌ഹാൻഡ് തന്നു. ‘ഐ ആം റോബർട്ട്. റോബർട്ട് കിന്യൂത്തിയ’….. ഹാവു! ആശ്രിതവത്സലനായ ഭഗവാൻ ഇതാ കിന്യൂത്തിയയുടെ രൂപത്തിൽ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു!
!അയാം നായർ. എന്റെ കാർ പെട്ടെന്നു നിന്നു. ദാ കണ്ടില്ലെ, എൻജിനിൽ നിന്നും പുക……‘
’ഓ ബെൻസ് ആണല്ലേ! എനിവേ, യു ആർ ലക്കി. കാറിനുള്ളിലുള്ള എന്റെ ഫ്രണ്ട് ഒരു മെക്കാനിക്കൽ എൻജിനീയറാണ്…. മൈക്കേൽ…..”
അയാൾ മുന്നിൽ കിടന്ന കാറിനുള്ളിലേക്കു നോക്കി നീട്ടി വിളിച്ചു.
കാറിനുള്ളിലെ റോക്ക് മ്യൂസിക്ക് നിലച്ചു. മൈക്കോൽ ഇറങ്ങി വന്നു.
‘ഒന്നു നോക്കു മൈക്കേൽ! മിസ്‌റ്റർ ഷായുടെ ബെൻസിന്റെ എൻജിനിൽ നിന്നും പുക വരുന്നു…..’ റോബർട്ട് പറഞ്ഞു.
“ഷാ അല്ല, നായർ! ഞാൻ തിരുത്തി. ”അതു സാരമില്ല ! ഞങ്ങൾ ആഫ്രിക്കക്കാർക്ക് നിങ്ങൾ ഇന്ത്യക്കാരുരെല്ലാം ഒന്നുകിൽ ഷാ, അല്ലെങ്കിൽ പട്ടേൽ! അതെന്തായാലും നിങ്ങളുടെ കാർ ബെൻസ് തന്നെയാണല്ലൊ. പേടിക്കേണ്ട. മൈക്കേൽ നേരെയാക്കിക്കൊള്ളും.“
അയാൾ ചുരുട്ടിനു തീ കൊളുത്തി.
”താങ്കൾ ഗോസാമിയുടെ ബന്ധുവാണോ? ഫുട്‌ബോളർ ഗോസാമി?“
”അല്ല! ഗോസാമി അങ്ങ് കൽക്കത്തയിലാ ഞാൻ തെക്കേയറ്റം കേരളത്തിൽ നിന്നാ“
ഞാൻ പറഞ്ഞു
”സോറി ഞാനൊരു ഫുട്ട്‌ബോളറാ. ‘85-ൽ കെനിയൻ ടീമിലുണ്ടായിരുന്നു…..
“സോറി പാൽസ് ! ഡിസ്‌ട്രീബ്യൂട്ടറിലേക്ക് കറന്റ് വരുന്നില്ല. ശരിയാക്കാം. പക്ഷേ സമയമെടുക്കും. കുറഞ്ഞത് രണ്ടുമണികൂർ!”
കർച്ചീഫിൽ കൈ തുടച്ചുകൊണ്ട് മൈക്കേൽ അടുത്തേക്കു വന്നു.
“രണ്ടു മണിക്കൂറോ? അത്രയും സമയം മി. ഷായെ, അല്ല, നായരെ ഈ നാടുറോട്ടിൽ നിർത്താനോ? അതും ഈ അസമയത്ത്? ദാറ്റീസ് അൺഫെയർ!”
“മറ്റെന്താ മാർഗ്ഗം?” മൈക്കേൽ കൈ മലർത്തി.
“മി. നായർ എവിടെയാ താമസം?” ഒരു നിമിഷം ആലോചിച്ചുകൊണ്ട് റോബർട്ട് ചോദിച്ചു.
’അപ്പർഹിൽ ജാംബോ അപ്പാർട്ട്‌മെന്റിൽ“” അതായത് ന്യായോ സ്‌റ്റേഡിയത്തിനു പിന്നിൽ റൈറ്റ്?“ നക്കുമത് റൗണ്ട് എബൗട്ടിൽ നിന്നും ലെഫ്‌റ്റിലേക്കു തിരിയണം അല്ലേ?”
“അതു തന്നെ. നക്കുമറ്റ് മാളിന് എതിൽവശം…..” ഞാൻ പറഞ്ഞു.
“അറിയാം. എന്റെ ഒരു ഡോക്‌ടർ ഫ്രണ്ട് അവിടെ താമസിച്ചിരുന്നു. ഞാൻ പലകുറിവന്നിട്ടുണ്ട് ജാംബോയിൽ. മിസ്‌റ്റർ നായരെ ഞാൻ ജാബോയിൽ ഡ്രോപ് ചെയ്യാം. എന്നിട്ട് നമുക്ക് വെയിറ്റ് ചെയ്യാം. മൈക്കേൽ ബെൻസ് ശരിയാക്കി അങ്ങോട്ടു കൊണ്ടു വരട്ടെ എന്താ?”
“വളരെ ഉപകാരം, മി. റോബർട്ട്! വെരി കൈൻഡ് ഓഫ് യു! ” റോബർട്ടിന്റെ കൈകൾ ഗ്രഹിച്ചുകൊണ്ട് ഞാൻ ഹൃദയപൂർവ്വം നന്ദി പറഞ്ഞു.
“മൈ പ്ലഷർ‘ ബട്ട് മൈൻഡ് യു. യു വിൽ ഹാവ് റ്റു ഓഫർ മി എ ഡ്രിങ്ക് റോബർട്ട് ചിരിച്ചു.
”ഷുവർ ഷുവർ’ എന്റെ ആശ്വാസത്തിന് അതിരില്ലായിരുന്നു.
ബോണറ്റിലേക്ക് തല പൂഴ്‌ത്തി എൻജിനിൽ പരിശോധിച്ചുകൊണ്ടു നില്‌ക്കുന്ന മൈക്കേലിനോട് എന്തോ സംസാരിച്ചിട്ട് റോബർട്ട് തിരികെ എത്തി.
“കമോൺ ലെറ്റസ് ഗോ!
”കെനിയൻ മഹാമനസ്‌ക്കതയ്‌ക്ക് മനസ്സിൽ ഒരായിരം നന്ദി പറഞ്ഞു കൊണ്ട് ഞാൻ റോബാർട്ടിനൊപ്പം കാറിൽ കയറി. ഉഹുറുഹൈവേയുടെ ഓരത്തെ നിയോൺ വിളക്കുകൾ കണ്ണുതുറന്നു കഴിഞ്ഞു. റോബൽട്ട് മ്യൂസിക് ഓൺ ചെയ്‌തു. പഴയ ഒരു ബീറ്റിൽ ഹിറ്റ് കാറിനുള്ളിൽ മുഴങ്ങി.
നക്കുമറ്റ് മാൾ കഴിഞ്ഞ് റൗണ്ട് എബൗട്ട് എത്തിയപ്പോൾ ഞാൻ വഴി പറഞ്ഞു.
“ദാ അവിടെ നിന്നും ലെഫ്‌റ്റിലേക്ക്
റോബർട്ട് കേട്ടില്ലെന്നു തോന്നുന്നു. മി. റോബർട്ട് കേട്ടില്ലെന്നു തോന്നുന്നു. മി. റോബർട്ട്, ഇവിടെ ലെഫ്‌റ്റിലേക്ക് ‘ അതാ അതാണ് ജാംബോ അപ്പാർട്ട്‌മെന്റ്‌സ്’”
ഞാൻ ശബ്ദമുയർത്തിപ്പറഞ്ഞു. പക്ഷേ അപ്പോഴേക്കും കാർ റൗണ്ട് എബൗട്ട് കഴിഞ്ഞ് ഹൈവേയുടെ നേരെ ചീറിപ്പാഞ്ഞ് റെയിൽവേ മേൽപ്പാലത്തിൽ കയറിക്കഴിഞ്ഞിരുന്നു.
“മി. റോബർട്ട്, താങ്കൾക്ക് വഴി തെറ്റി. നമുക്കു തിരിയേണ്ട സ്ഥലം കഴിഞ്ഞു.
”ഷട്ട് അപ്പ് ആന്റ് ബി ക്വയറ്റ്‘! വലതു പോക്കറ്റിൽ നിന്നും മിന്നൽ വേഗത്തിൽ റിവോൾവർ എടുത്ത് എനിക്കു നേരെ ചൂണ്ടിക്കൊണ്ട് അയാൾ അലറി. കാർ ഹൈവേയിലൂടെ ചീറിപ്പായുകയണ്. ഹെയ്‌ലിസെലാസി അവന്യൂവും കഴിഞ്ഞ് മുന്നോട്ട്. അയാൾ മ്യൂസിക്കിന്റെ ശബ്‌ദം ഉച്ചസ്ഥായിയിലാക്കി. വഴിവിളക്കുകൾ അതിവേഗം പിന്നോട്ടോടി. മ്യൂസിയം ഹില്ലു കഴിഞ്ഞതും ഹൈവേ വിട്ട് കിയാബു റോബിലേക്ക് കാർ തിരിഞ്ഞു. തിരക്കു കുറഞ്ഞ വഴി. സ്‌ട്രീറ്റ് ലൈറ്റുകളും ഇല്ല. കട്ടപിടിച്ച ഇരുട്ട് തുളച്ചുകൊണ്ട് ചീറിപ്പാഞ്ഞ കാറിന്റെ സ്‌പീഡ് മെല്ലെ കുറഞ്ഞു.
ഞാനൊന്തോ പറയാനാഞ്ഞു. റിവോൾവർ എന്റെ നെറ്റിയിലേക്ക് ചേർത്തുവെച്ചുകൊണ്ട് അയാൾ എൻജിൻ ഓഫ് ചെയ്‌തു. എന്നിട്ട് കൈ നീട്ടിക്കൊണ്ട് ഗർജ്ജിച്ചു.“ എടുക്ക്, പേഴ്‌സ്, വാച്ച്, ബ്രേസ്‌ലെറ്റ്, പെൻ…എല്ലാം! വേഗം…..!
ഞാൻ ഒന്നൊന്നായി എല്ലാം എടുത്ത് അയാളുടെ നീട്ടിയ കൈവെള്ളയിൽ വെച്ചുകൊടുത്തു.
”മിസ്‌റ്റർ റോബർട്ട്, പേഴ്‌സിൽ എന്റെ ഡ്രൈവിംഗ് ലൈസൻസുണ്ട് അതെങ്കിലും ഇങ്ങുതന്നുകൂടെ? “ ഞാൻ കെഞ്ചി.
”എന്തിന്? അയാൾ ഉറക്കെച്ചിരിച്ചു. കാറുണ്ടെങ്കിലല്ലേ ഡ്രൈവിംഗ് ലൈസൻസിന്റെ ആവശയമുള്ളു? നിന്റെ ബെൻസ് ഞങ്ങളെടുത്തു. അതു ഞങ്ങൾക്ക് വേണം. 220 മോഡൽ ബെൻസ് അന്വേഷിച്ചു നടക്കുകയായിരുന്നു. ഞങ്ങൾ അതുമായി
മൈക്കേൽ ഇപ്പോൾ മൊംബാസയ്‌ക്കു പൊയ്‌ക്കൊണ്ടിരിക്കയാ……. നേരം വെളുക്കുന്നതിനു മുൻപ് കെനിയൻ അതിർത്തി കടന്നിരിയ്‌ക്കും…… നിനക്ക് ഇവിടെ ഇറങ്ങാം. നൗ ഗെറ്റൗട്ട് ആന്റ്് ഗെറ്റ് ലോസ്‌റ്റ്!“ അയാൾ എന്നെ പുറത്തേയ്‌ക്ക് അഞ്ഞുതള്ളി. ഞാൻ തെറിച്ച് റോഡിലേക്ക് വീണു. ഇരുട്ട് തുളച്ചു കീറി അയാളുടെ കാർ ചീറിപ്പാഞ്ഞു.
അരണ്ട വെളിച്ചമുണ്ട്. ഞാൻ എവിടെയാണ്? ചിവീടിന്റെ ശബ്‌ദം മാത്രം… റോഡിന്റെ ഒരു വശം കൊക്കയാണെന്നുതോന്നുന്നു. മറുവശം കാടും മങ്ങിയ വെളിച്ചത്തിൽ കണ്ട കലുങ്കിന്റെ മുകളിൽ കയറി ഞാനിരുന്നു. തിരിച്ചു നടന്നാലോ?
ഹൈവേയിൽ എത്തണമെങ്കിൽ രണ്ടുമൂന്നു മണിക്കൂറെങ്കിലും നടക്കേണ്ടിവരും.
പെട്ടെന്നാണ് പോക്കറ്റിൽ കിടന്ന മൊബൈലിന്റെ കാര്യം ഓർമ്മ വന്നത്! ഈശ്വരാ! രക്ഷപ്പെട്ടു. ആ ഘടോൽക്കചൻ എന്തുകൊണ്ടോ മൊബൈൽ ചോദിച്ചില്ല. ഞാൻ ഡോക്‌ടർ സണ്ണിയെ വിളിച്ചു. ഭാഗ്യം സണ്ണി വീട്ടിലുണ്ട്.
”പേടിയ്‌ക്കേണ്ട. അവിടെത്തന്നെ ഇരുന്നോളൂ. കിയാംബു റോഡിലേല്ലേ? ഇവിടെ നിന്നും അര മണിക്കൂർ മതി അവിടെ എത്താൻ. ഞാനിതാ ഇറങ്ങി……“
അരമണിക്കൂറിനുള്ളിൽ ഡാക്‌ടർ സണ്ണി എത്തി. കാറിൽ കയറുമ്പോൾ സണ്ണി പറഞ്ഞു. ”ഇതൊന്നും സാരമില്ലെന്നേ?കഴിഞ്ഞകൊല്ലം മൊബാസാ റോഡിൽ വെച്ച് എന്റെ പുതിയ നിസ്സാൻ കാർ അവന്മാർ തട്ടിക്കൊണ്ടുപോയതാ ഭാഗ്യം. അവർ
ഷൂട്ടു ചെയ്യാതെ വിട്ടല്ലോ! “
”വീട്ടിലെത്തു വിവരങ്ങൾ കേട്ടപ്പോൾ മണി വാവിട്ടു കരഞ്ഞാ. “പോകട്ടെ! ജീവൻ തിരിച്ചു കിട്ടിയല്ലോ! നമുക്കു വേറൊരു ബെൻസു വാങ്ങാം ” ഞാൻ സമാധാനിപ്പിച്ചു.
അതല്ല, നല്ല ഐശ്വര്യമുള്ള കാറായിരുന്നു. അതു വാങ്ങിയ ദിവസമാ ദീപുവിന് അമേരിക്കയിലേക്കുള്ള വിസ കിട്ടിയത്. അതുപോലൊരു കാർ ഇനി കിട്ടില്ല.“? മണിനെടുവീർപ്പിട്ടു. തൽക്കാലത്തേ ഉപയോഗത്തിന് ആഫീസിൽ നിന്നും ഒരു കാർ എടുത്തു. 220 മോഡൽ ബെൻസിനുവേണ്ടി അന്വേഷണം തുടർന്നു. ഞായറാഴ്‌ചകളിൽ ഞാനും ഹനീഫയും കൂടി കാർമാർക്കറ്റുകൾ അരിച്ചുപെറുക്കി.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം ടാൻസാനിയയിലെ ആരുഷയിൽ നിന്നും എന്റെ സുഹൃത്ത് പി.ജി. മേനോൻ വിളിച്ചത്.
”ബാബു! നമ്മൾ മുമ്പ് വാങ്ങിയ പോലുള്ള ഒരു 220 മോഡൽ ബെൻസ് ഇവിടെ കാർ മാർക്കറ്റിൽ കണ്ടു വെച്ചിട്ടുണ്ട്. പക്ഷേ കളർ ബ്ലൂ ആണ്. പഴയതിനേക്കാൾ വില അല്പം കൂടും മറ്റു സെപ്‌സിഫിക്കേഷൻസ് എല്ലാം ഒത്തുവന്നിട്ടുണ്ട്. താല്‌പര്യമുണ്ടെങ്കിൽ അടുത്ത ഞായറാഴ്‌ച ഇങ്ങോട്ടു പോരു“
ആഫ്രിക്കയിലെ കാർ മാർക്കറ്റുകളിൽ ഏറ്റവും വലുതാണ് അരുഷയിലേത്. വിവരം അറിഞ്ഞപ്പേ.ൾ മണി പറഞ്ഞു. കളർ ബ്ലു ആയാലും കുഴപ്പമില്ല. ബാക്കിയെല്ലാം ഒത്തുവന്നിട്ടുണ്ടെങ്കിൽ നമുക്ക് അതിങ്ങെടുക്കാം”അടുത്ത ആഴ്‌ച ഞാൻ അരുഷയിലേക്കു പോയി. മേനോനും ഞാനും കൂടെ മാർക്കറ്റിൽ പോയി കാറു കണ്ടു. കൊള്ളാം. എല്ലാം ഒത്തു വന്നിട്ടുണ്ട്. ഇന്റീരിയർ ശരിക്കും പഴയ കാറിന്റേതുപോലെ തന്നെ. കളർ ബ്ലൂ ആണെന്നൊരു വ്യത്യാസമേ ഉള്ളൂ. 25000 ഷില്ലിംഗ് കൂടുതൽ ചോദിച്ചെങ്കിലും അതു പ്രശ്‌നമാക്കിയില്ല. മനസ്സിനിണങ്ങിയതുതന്നെ ലഭിച്ച സന്തോഷത്തിൽ ഞാൻ കാറുമായി നൈറോബിയ്‌ക്കു മടങ്ങി.
മണിക്കു സന്തോഷമായി ഒരു ആറുമാസം കഴിഞ്ഞ് ഈ കളർ മാറ്റി കറുത്ത പെയിന്റടിച്ചാൽ നഷ്‌ടപ്പെട്ട കാറുപോലെ തന്നെയിരിക്കും. ഇപ്പോഴത്തെ ബ്ലൂ നല്ല പുതിയതുപോലെയുണ്ട്.
ഹനീഫ ചോദിച്ചു. “സർ’ പുതിയ വണ്ടി എങ്ങനെയുണ്ട്?”
“ഫൈൻ‘ നല്ല ഡ്രൈവിംഗ് കംഫർട്ട് നല്ല മൈലേജ്. എല്ലാംകൊണ്ടും എന്റെ പഴയ ബെൻസിനേക്കാൾ മെച്ചം. ഇങ്ങനെയൊന്നു തരപ്പെട്ടതു ഭാഗ്യം.
ഒരു ദിവസം ഡയമണ്ട് പ്ലാസയിൽ ഷോപ്പിംഗ് കഴിഞ്ഞു മടങ്ങുമ്പോൾ ഡാഷിനുള്ളിൽ സൂക്ഷിച്ചിരുന്ന മണിയുടെ മൊബൈൽറിംഗ് ചെയ്‌തു. ധൃതിയിൽ മൊബൈൽ എടുക്കുമ്പോൾ അതിനുള്ളിൽ കിടന്ന പഴയ ബില്ലുകളെല്ലാം താഴെ വീണു. കലാസുകൾക്ക
ിടയിൽ നിന്നും ഒരു പായ്‌ക്കറ്റ് പൊക്കിയെടുത്തുകൊണ്ട് മണി ഉറക്കെപറഞ്ഞു.! ”അയ്യോ! എന്റെ കാണാതായ ബിന്ദി! ഇതെങ്ങനെ ഈ കാറിൽ വന്നു? പാർക്ക്‌ലാൻഡ്‌സിൽ ഉണ്ണിക്കൃഷ്‌ണന്റെ വീട്ടിൽ പോയപ്പോൾ രുഗ്‌മണി തന്നെ ബിന്ദിയുടെ
പായ്‌ക്കറ്റ് നമ്മുടെ നഷ്‌ടപ്പെട്ട കാറിന്റെ ഡാഷിൽ ഇട്ടിരുന്നതാണല്ലൊ! ഇതെങ്ങനെ ഇതിൽ വന്നു?
വിശ്വസിക്കാനാവാതെ ഞാൻ ബ്രേക്കു ചെയ്‌തു. ഡാഷിനുള്ളിൽ കിടന്ന കടലാസുകളും ബില്ലുകളും പുറത്തേക്കെടുത്തു. അതാകിടക്കുന്നു നഷ്‌ടപ്പെട്ടു എന്നു കരുതിയ എന്റെ ഐഡന്റിറ്റി കാർഡ്! പഴയ കാറിന്റെ ഡാഷിൽ സൂക്ഷിച്ചിരുന്നത്!
മോഷ്‌ടിച്ച കാർ അതിർത്തി കടത്തി പുതിയ പെയിന്റടിച്ച്, പുതിയ രജിസ്‌ട്രേഷൻ നമ്പരും പുതിയ ആർ.സി.ബുക്കും കൃത്രിമമായി ചമച്ച്, അരുഷയിലെ കാർമാർക്കറ്റിലെത്തിച്ചത് വില്‌പന നടത്തയിട്ടും അതിന്റെ ഡാഷിനുള്ളിൽ ഒന്നു നോക്കാൻ
കൂട്ടാക്കാതിരുന്ന ആഫ്രിക്കൻ സാഹസികതയ്‌ക്കു നന്ദി.
’ഹിപ്‌ഹിപ് ഹുറേ!‘ എനിക്കു വിളിച്ചുകൂവണമെന്നു തോന്നി. വിലകൂടുതൽ കൊടുത്താലെന്താ, എനിക്ക് എന്റെ പഴയ 220 മോഡൽ ബെൻസ് തന്നെ തിരിച്ചു കിട്ടിയല്ലോ?സ്‌റ്റിയറിംഗ് വീലിൽ അരുമയായി തലോടിക്കൊണ്ട് ഞാൻ പറഞ്ഞു.
“വില എത്രകൂടിയാലെന്താ, എന്റെ ബിന്ദി പായ്‌ക്കറ്റ് എനി്ക്കു തിരിച്ചു കിട്ടിയല്ലോ! കഴിഞ്ഞകുറി നാട്ടിൽ പോയപ്പോൾ ഗുരുവായൂരിൽ നിന്നും രുഗ്മണി വാങ്ങിക്കൊണ്ടു വന്ന ചന്ദനത്തിന്റെ ബിന്ദിയാണെന്നേ!”
നെറ്റിയിൽ തൊട്ടിരുന്ന പഴയ ബിന്ദി എടുത്തുമാറ്റി, പായ്‌ക്കറ്റിൽ നിന്നും പുതിയ ഒരെണ്ണമെടുത്തു നെറ്റിയിൽ പതിപ്പിച്ചുകൊണ്ട് മണി പറഞ്ഞു.
Generated from archived content: keniyan9.html Author: babu_g_nair