ആറര അടിയിൽ കുറയാത്ത ഉയരം തൊണ്ണൂറ് – തൊണ്ണൂറ്റിയഞ്ച് കിലോ ഭാരം ഗജവീരന്റെ തലയെടുപ്പ്. കടുംപച്ച യൂണിഫോം. കയ്യിൽ ഇരട്ടക്കുഴൽ തോക്ക്.
“ഇതുസൈമൺ ഗികുണ്ഡ.” റിസപ്‌ഷനിലെ മിസ്. കരോലിന പരിചയപ്പെടുത്തി.“ സൈമൺ നേരത്തെ കെനിയൻ പോലീസിൽ ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്നു. ഇപ്പോൾ റാഞ്ചിലെ ഓണററിവനപാലകനും സെക്യൂരിറ്റി ചീഫും ആണ്. ഇദ്ദേഹം റാഞ്ച് ചുറ്റിക്കാണിച്ചു തരും.”
പ്രസിദ്ധമായ‘ഗാൾമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ ആസ്‌ഥാനമായ ’ഒൽനൈറോ‘ റാഞ്ച് (ഫാം) സന്ദർശിക്കാൻ വന്നതാണ് ഞങ്ങൾ. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കാണ്ടാമൃഗങ്ങളുടേയും ആനകളുടേയും സംരക്ഷണമാണ് ഫൗണ്ടേഷന്റെ മുഖ്യലക്ഷ്യം. അമ്പതിനായിരത്തിലധികം ഏക്കർ വിസ്‌തൃതിയുള്ള റാഞ്ച് മൗണ്ട് കെനിയയുടെ താഴ്‌ത്തട്ടിലാണ്. മഴമരങ്ങളുടെ നിഴലിൽ ഉറങ്ങുന്ന രണ്ട് ശവകുടീരങ്ങൾക്കു നടുവിൽ സൈമൺ സ്‌റ്റേഷൻ വാഗൺ നിർത്തി. ഞങ്ങൾ ഇറങ്ങി.
’ഇത് ഇമ്മാനുവൽ! ഇത് പവ്‌ലോ! കുക്കിയുടെ മകനും ഭർത്താവും. ഇമ്മാനുവൽ പാമ്പുകടിയേറ്റാണ് മരിച്ചത്. പാവ്‌ലോ ആക്‌സിഡന്റിലും. കഴിഞ്ഞ പത്തു വർഷമായി, എല്ലാ അസ്‌തമനങ്ങളിലും കുക്കിഗാൾമാൻ ഇവിടെ വരും, ഇവരോട് സംവദിക്കാൻ! ദാ, അവിടെ, ആ തടാകത്തിൽ വെച്ചാണ് ഇമ്മാനുവലിന് പാമ്പു കടിയേറ്റത്. അവനു പതിനാറു വയസ്സായിരുന്നു. സൈമൺ ദൂരേയ്‌ക്ക് ചൂണ്ടിക്കാട്ടിക്കൊണ്ടു പറഞ്ഞു. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുൽമേടിനു നടുവിൽ ഉടഞ്ഞ കണ്ണാടിക്കഷ്‌ണം പോലെ കിടക്കുന്ന നീലത്തടാകം.
വെനീസിൽ ജനിച്ച കുക്കിഗാൾമാൻ 1972-ൽ കെനിയ സന്ദർശിക്കാൻ വന്നതാണ്. കെനിയയുടെ വന്യഭംഗി അവരെ തിരിച്ചയച്ചില്ല. മൗണ്ട് കെനിയയുടെ മടിത്തട്ടിൽ വന്യമൃഗസംരക്ഷണത്തിനായി അവർ ഒരു ഫൗണ്ടേഷൻ ആരംഭിച്ചു. ‘ഗാൾമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ’. ദുരന്തങ്ങൾ വേട്ടയാടിയിട്ടും അവർ തിരിച്ചു പോയില്ല. ആദ്യം മകൻ ഇമ്മാനുവലിന്റെ മരണം. പിന്നീട് ഭർത്താവ് പാവ്‌ലോവിന്റെ മരണം. മൃഗങ്ങളോടുള്ള സ്‌നേഹം, മനുഷ്യരോടുള്ള സ്‌നേഹം, അവരെ കെനിയൻ അതിർത്തിക്കുള്ളിൽ തളച്ചിട്ടു.
“ഷി ഈസ് ഗ്രേറ്റ്! കുക്കി ഈസ് ഗ്രേറ്റ്!”
സൈമൺ പതുക്കെ പറഞ്ഞു.
“കെനിയൻ പോലീസിലെ വമ്പൻ ജോലി വിട്ട് സൈമൺ എങ്ങനെ ഇവിടെ എത്തി?” ഞാൻ ചോദിച്ചു.
‘ഞാൻ ജോലി വിട്ടതല്ല, അവർ എന്നെ പിരിച്ചു വിട്ടതാ. പോലീസിൽ തുടർന്നിരുന്നെങ്കിൽ ഇപ്പോൾ ഞാൻ തലപ്പത്തെത്തിയേനെ. പക്ഷേ എനിക്കു ദുഃഖമില്ല. ഐ ആം ഹാപ്പി. ആബ്‌സോല്യൂട്ട്‌ലി ഹാപ്പി ഹിയർ!“
സൈമൺ തോക്കിൻ പാത്തിയിലൂടെ വിരലോടിച്ചു.
”ചോദിക്കാൻ പാടില്ലെന്നറിയാം, എന്നാലും…… എന്തു കാരണത്തിനാ താങ്കളെ സർവ്വീസിൽ നിന്നും പിരിച്ചയച്ചത്?“
ഹനീഫ ചോദിച്ചു
”വെറും നിസ്സാരകാരണത്തിനാണെന്നേയ്! ഞാൻ കസിനോ ബാറിൽ വെച്ച് ഒരുത്തനെ തല്ലി. ന്യേരിയിൽ നിന്നും നെയ്‌റോബിയിൽ ഡെപ്യൂട്ടി കമ്മീഷണറായി ചാർജെടുക്കാൻ വന്നതിന്റെ തലേന്നാണ്. ബാറിൽ ഒമ്പതാമത്തെ കുപ്പി ബിയർ തീർത്തു കൊണ്ടിരിയ്‌ക്കുമ്പോഴാണ് തൊട്ടപ്പുറത്തെ ടേബിളിൽ കുടിച്ചു ലക്കുകെട്ട ഒരു തടിയൻ, സുന്ദരിയായ ബാർമെയ്‌ഡിനെ ബലമായി പിടിച്ചു ചുംബിച്ചത്. അതെനിക്കിഷ്‌ടപ്പെട്ടില്ല. കൊടുത്തു ചെകിട്ടത്ത് ഒരെണ്ണം! അവനും വിട്ടില്ല. പിന്നെ പൊരിഞ്ഞ തല്ലായിരുന്നു. പുലർച്ചെ മൂന്നുമണിയ്‌ക്ക് ബാറുടമ ഹോട്ടലിൽ കൊണ്ടാക്കുകയായരുന്നു. പിറ്റേന്നു പത്തുമണിക്ക് പോലിസ് കമ്മീഷണറുടെ മുന്നിൽ റിപ്പോർട്ടു ചെയ്‌തു. സല്യൂട്ടടിച്ചു നില്‌ക്കുമ്പോഴാണ് കമ്മീഷണറുടെ നെറ്റിയിലെ മുറിവു ശ്രദ്ധിച്ചത്. തലേന്നു ബാറിൽ വെച്ച് ബിയർ കുപ്പികൊണ്ട് എന്റെ അടി ഏറ്റതാണ്. അയാളും എന്നെ ശ്രദ്ധിച്ചു. കൂടുതൽ പറയേണ്ടല്ലോ! കയ്യോടെ സസ്‌പെൻഷൻ, എൻക്വയറി.
പിന്നെ, മുറപോലെ ഡിസ്‌മിസ്സൽ! ഒരു മിനിസ്സറുടെ അളിയനായിരുന്നു കമ്മീഷണർ. ഞാൻ നേരെ ചെന്ന് റിച്ചാർഡ് ലീക്കിയെക്കണ്ടു. വൈൽഡ് ലൈഫ് ഡയറക്‌ടറെ. ഞങ്ങൾ സ്‌കൂൾ മേറ്റ്‌സ് ആയിരുന്നു. അദ്ദേഹമാണ് എന്നെ കുക്കിയുടെ അടുത്തേക്ക് വിട്ടത്.“
സൈമൺ ചിരിച്ചു.
സ്‌റ്റേഷൻ വാഗൺ സ്‌റ്റാർട്ടു ചെയ്‌ത് കുന്നുകയറുമ്പോൾ ഇല്ലിക്കാടിനു പിന്നിൽ നിന്നും ഒരു ചിന്നം വിളി കേട്ടു. മുളംചില്ലികൾ ചീന്തിപ്പൊട്ടുന്ന ശബ്ദവും. സൈമൺ വണ്ടി നിർത്തി ചാടിയിറങ്ങി.
’അവനാണ്, ബ്രിട്ടോ! എന്റെ വളർത്തു മകൻ. ഞാൻ വന്നെന്ന് അവനു മനസ്സിലായി. ഒന്നു കണ്ടിട്ടു വരെട്ടെ!” സൈമൺ ഇല്ലിക്കാടിനു പിന്നിലേക്കോടി.
നോക്കെത്താ ദൂരം പരന്നുകിടക്കുന്ന, നരച്ചുണങ്ങിയ പുൽപ്പരപ്പ്. തടാകത്തിലെ ഓളപ്പരപ്പിൽ തട്ടി, തെന്നിത്തെറിക്കുന്ന ഉച്ചവെയിൽ സൈമൺ വരുന്നതും കാത്ത് ഞങ്ങൾ വണ്ടിയിലിരുന്നു.
“പോക്കിരി ! വിടണ്ടേ, അവൻ? എന്നെ തുമ്പിക്കൈയിൽ പൊക്കിയെടുത്ത് പൊന്തയ്‌ക്ക് വലംവെച്ച് ഓടുകയായിരുന്നു. ദിവസം ഒരിക്കലെങ്കിലും അവനെ കണ്ടില്ലെങ്കിൽ എനിറയ്‌ക്ക് ഉറക്കം വരില്ല……” വിയർത്തു കുളിച്ച് സൈമൺ ഓടിയെത്തി.
വണ്ടികുന്നിറങ്ങുമ്പോൾ സൈമൺ നിശ്ശബ്‌ദനായിരുന്നു. വളവുതിരിഞ്ഞ് മുളംകാടിനുള്ളിലേക്കു കയറുമ്പോൾ വണ്ടി ചവുട്ടിനിർത്തിക്കൊണ്ട് പറഞ്ഞു.
“ഇവിടെ വെച്ചാണ് എനിക്ക് ആ കൈപ്പിഴവു പറ്റിയത്…..‘ അയാളുടെ ശബ്‌ദത്തിൽ ദുഃഖത്തിന്റെ നനവ്. ”മുറിവുപറ്റിയ ഒരു കാണ്ടാമൃഗത്തിനെ അന്വേഷിച്ചിറങ്ങിയതായിരുന്നു ഞങ്ങൾ. മയക്കുവെടി വെച്ചു വീഴ്‌ത്തി മുറിവിൽ മരുന്നു വെച്ചുകെട്ടണം. മൂന്നുവാർഡൻമാരും ഞാനും. രാത്രി രണ്ടു മണിയായിക്കാണും. ഹെഡ്‌ലൈറ്റിട്ട്, മുറിവിൽ നിന്നും വീണ ചോരപ്പാടുനോക്കി ഞങ്ങൾദാ, അവിടെയെത്തി. പെട്ടെന്നാണ് ചിന്നംവിളിയുമായി പാറക്കൂട്ടത്തിനപ്പുറത്തുനിന്നും ആ കൊലകൊമ്പൻ ചീറിയടുത്തത്. അതിനു മുമ്പിലത്തെ ആഴ്‌ചയാണ് അവൻ ഒരു വാർഡനെ കൊമ്പിൽ കോർത്ത്, ചീന്തിയെറിഞ്ഞത്. ഞങ്ങൾ പാറക്കൂട്ടത്തിന് വലം വെച്ചോടി. പക്ഷേ ചെന്നുപെട്ടത് ആനയുടെ നേർമുമ്പിൽ. അരണ്ട വെളിച്ചത്തിൽ മലപോലെ ആ രൂപം കാണാം. മറ്റു മാർഗ്ഗമില്ലായിരുന്നു. തോക്കെടുത്ത് ഞാൻ കാഞ്ചി വലിച്ചു. ദീനമായ ഒരലർച്ചയോടെ ആന വീണു. ഞങ്ങൾ മടങ്ങിപ്പോന്നു…. രാവിലെ ചെന്നുനോക്കുമ്പോൾ…. അതെനിയ്‌ക്കു പറയാൻ വയ്യ.
ചോരയിൽ കുളിച്ച് ചത്തുകിടക്കുന്ന അമ്മയ്‌ക്കുചുറ്റും തത്തിത്തത്തി, തുമ്പിനീട്ടി മണം പിടിച്ച്, കാലുറയ്‌ക്കാത്ത ഇവൻ – ബ്രിട്ടോ! വെടിയേറ്റത് പൂർണ്ണ ഗർഭിണിലയായ അവന്റെ അമ്മയ്‌ക്കായിരുന്നു. വെടിയേറ്റുവീണ വീഴ്‌ചയിലായിരുന്നു അവന്റെ പിറവി. കൊലകൊമ്പൻ രക്ഷപ്പെട്ടിരുന്നു.
സൈമൺ കണ്ണു തുടച്ചു.
“ഞാനും വാർഡർമാരും കുപ്പിപ്പാലും മുളംകൂമ്പും ചീരത്തണ്ടും കൊടുത്ത് ഇവനെ പോറ്റി വളർത്തി. സിംഹവും കഴുതപ്പുലിയും ആക്രമിക്കാതെ രാപ്പകൽ കാവൽ നിന്നു. ഇക്കഴിഞ്ഞ ഈസ്‌റ്ററിന് മൂന്നു വയസ്സു കഴിഞ്ഞു. പിന്നീട് ഇന്നുവരെ ഈ തോക്കിൽ ഞാൻ തിരനിറച്ചിട്ടില്ല. ഇപ്പോഴവൻ ഒന്നാംതരം പോക്കിരിയാ! ഗജപോക്കരി!” സൈമൺ ഗിക്കുണ്ഡ ചിരിച്ചു.
റാഞ്ചുമുഴുവൻ ചുറ്റിക്കണ്ടിട്ട് ഞങ്ങൾ ലഞ്ചിനായി കുക്കിയുടെ ബംഗ്‌ളാവിലെത്തി. നാലായിരം ചതുരശ്ര അടി തറ വിസ്‌താരമുള്ള പുല്ലുമേഞ്ഞ ’കുടി‘ (ബംഗ്ലാവ്) യിലരുന്നാൽ താഴെ, റിഫ്‌ട് വാലിയുടെ മൈലുകളോളം നീണ്ട സമതലം കാണാം.
“തൊള്ളായിരത്തി എൺപതുകളുടെ അവസാന നാളുകളിലായിരുന്നു ഇടിത്തീപോലെ ആ വന്യനാശം കെനിയയുടെ വടക്കൻ പ്രോവിൻസുകളെ ഗ്രസിച്ചത്. സൊമാലിയിലെ കലാപങ്ങളെ തുടർന്ന് സൈന്യത്തിൽ നിന്ന് തുരത്തപ്പെട്ടവരും കൊള്ളക്കാരും കെനിയൻ അതിർത്തിക്കുള്ളിലേക്ക് ഇരച്ചുകയറി ആനകളേയും കാണ്ടാമൃഗങ്ങളേയും തലങ്ങു വിലങ്ങും വെടിവെച്ചു വീഴ്‌ത്തി കൊമ്പുകൾ മുറിച്ചെടുത്തു വിറ്റു. വേണ്ടത്ര പണമോ ആൾബലമോ ആസൂത്രണമോ ഇല്ലാത്ത കെനിയൻവനം വകുപ്പിന് പ്രതിരോധിക്കാനാവാതെ പകച്ചു നില്‌ക്കാതോ കഴിഞ്ഞുള്ളു. ആഫ്രിക്കൻ സാവന്നകളിലും വനപ്രാന്തങ്ങളിലും കൊമ്പുകൾ നഷ്‌ടപെട്ട ആനകളുടേയും കാണ്ടാമൃഗങ്ങളുടേയും ചിതറി വീണ ശവശരീരങ്ങൾ ചീഞ്ഞഴുകാൻ തുടങ്ങി. ഒൽനൈറോ റാഞ്ചിലെ ഞങ്ങളുടെ ആനിമൽ ഓർഫനേജ് മുറിവേറ്റ മൃഗങ്ങളെക്കൊണ്ട് നിറഞ്ഞു. സാവോ നാഷ്‌ണൽ പാർക്കിൽ എന്റെ സുഹൃത്ത് ഹാമിൽട്ടൺ കഴിഞ്ഞ വർഷം നടത്തിയ സെൻസസ് വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഈ സ്‌ഥിതി തുടർന്നാൽ ആഫ്രിക്കയിൽ ആനകൾക്കും കാണ്ടാമൃഗങ്ങൾക്കും വംശനാശം തന്നെ സംഭവിക്കും! അങ്ങിനെയാണ് 1989 ഏപ്രിലിൽ പ്രസിഡന്റ് ദാനിയൽ ആരപ്‌മോയി, റിച്ചാർഡ് ലിക്കിയെ പുതിയ വൈൽഡ് ലൈഫ് ഡയറക്‌ടറായി നാമനിർദ്ദേശം ചെയ്‌തത് ലീക്കീ എന്റെ സുഹൃത്താണ്.”
സ്വർണ്ണനിറമുള്ള മുടി മാടി ഒതുക്കിക്കൊണ്ട് വിശാലമായ സ്വീകരണമുറിയിലിരുന്നുകൊണ്ട് കുക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“ആനക്കൊമ്പു വാങ്ങാൻ ആളുള്ളിടത്തോളം കാലം, ആനകളെ വെടിവെച്ചു വീഴ്‌ത്താനും ആളുണ്ടാവും. അതുകൊണ്ട് ഒറ്റ മാർഗ്ഗമേ ഉള്ളു. ആനക്കൊമ്പു വിലപ്‌നയും വ്യവസായവും നിരോധിക്കുക” റിച്ചാർഡ് നയം പ്രഖ്യാപിച്ചു. അങ്ങനെയാണ് രണ്ടു വർഷമായി വനം വകുപ്പു ശേഖരിച്ച് ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചിരുന്ന 12 ടൺ ആനക്കൊമ്പു ശേഖരത്തിന്റെ ലേലം പ്രസിഡന്റ് റദ്ദാക്കിയത്. ഈ വരുന്ന ജൂലൈ 18 നാണ് ആതീരുമാനം നടപ്പാക്കുന്നത്. വെടിയേറ്റുകൊല്ലപ്പെട്ട ഏകദേശം രണ്ടായിരം ആനകളുടെ ദശലക്ഷം ഡോളർ വിലയുള്ള റ്റൺ കണക്കിന് ആനക്കൊമ്പ് അഗ്നിക്കിരയാകുന്നു. ആനവേട്ട തടയാൻ കെനിയ സ്വീകരിക്കുന്ന ധീരമായ ചുവടുവെയ്‌പ്. ആനക്കൊമ്പു വ്യവസായം പാടെ നിരോധിക്കുന്നു.! ഇനി ഒറ്റ ആനപോലും കൊമ്പിനുവേണ്ടി വെടിയേറ്റു വീഴാൻ പാടില്ല“ കുക്കിയുടെ നനുത്ത സ്വരത്തിലെ നിശ്ചയദാർഢ്യം ഞങ്ങളെ അത്‌ഭുതപ്പെടുത്തി. ” നിങ്ങൾ വരണം. ആ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ “ കുക്കിപ്രത്യേകം ക്ഷണിച്ചു.
ഞങ്ങൾ പോയിരുന്നു. ഞാനും മണിയും ഹനീഫും ആയിഷയും.
ജൂലൈയിലെ തെളിഞ്ഞ ആകാശത്തിനുകീഴിൽ, നെയ്‌റോബി നാഷണൽ പാർക്കിൽ ഒരുക്കിയ ചുവന്ന പരവതാനി വിരിച്ച ഉയർന്ന വേദിയിൽ ലോകനേതാക്കൾ ഒത്തുകൂടി. പിന്നിൽ മലയോളം പൊക്കത്തിൽ കൂട്ടിയിട്ട ആനക്കൊമ്പുകൾ. മുന്നിൽ കടലോളം പരന്ന പുരുഷാരം. നീല യൂണിഫോം അണിഞ്ഞ കെനിയൻ പോലീസ് ബാൻസ് ഉയർത്തിയ ദേശീയ ഗാനാലാപം അന്തരീക്ഷത്തിൽ തുളച്ചുയർന്നു. കറുത്തു തിളങ്ങുന്ന ഒരു ലിമോസിൻ വേദിക്കുമുന്നിൽ വന്നു നിന്നു. ചുവന്ന പനിനീർമൊട്ടു പിടിപ്പിച്ച കറുത്ത സ്യൂട്ടണിഞ്ഞ് പ്രൗഢഗംഭീരനായി പ്രസിഡന്റ് മോയി ഇറങ്ങി, ഉറച്ച ചുവടുകൾ വെച്ച് വേദിയുടെ പടവുകൾ വെച്ച് വേദിയുടെ പടവുകൾ കയറി. അദ്ദേഹത്തിന്റെ ശബ്ദം മുഴങ്ങി. ’ഇതു ഞങ്ങളുടെ ശപഥം! ഇനി ഒറ്റ ആനപോലും കെനിയയുടെ മണ്ണിൽ വെടിയേറ്റു വീഴില്ല. കെനിയ പ്രസംഗിക്കുന്നതേ, പ്രവർത്തിക്കൂ!‘
കൈകളിൽ നിന്ന് കൈകളിലേക്കു മാറി മാറി ഒരു തീപ്പന്തം മോയിയുടെ കൈകളിലെത്തി. സൈമൺ ഗിക്കുണ്ഡയിൽ നിന്ന്; റിച്ചാർഡ് ലീക്കിയിൽ നിന്ന് മോയിയിലേക്ക്! കാതടപ്പിക്കുന്ന കരഘോഷത്തിനിടയിൽ പ്രസിഡന്റ് മോയി ആനക്കൊമ്പിന്റെ കൂമ്പാരത്തിനു തീ കൊളുത്തി. തീ നാമ്പുകളുടെ അഗ്നിശോഭ ആകാശത്തിലേക്കുയർന്നു. നെയ്‌റോബിയുടെ ചക്രവാളച്ചെരുവിൽ ആനവേട്ടയുടെ ദുഷ്‌പ്പേരുയർത്തിയ കറുത്തപുക ഉയർന്നുപൊങ്ങി വെൺമേഘങ്ങളുടെ നൈർമ്മല്യത്തിൽ ലയിച്ച് മറഞ്ഞു. കത്തിയമരുന്ന കൊമ്പുകളുടെ കൂമ്പാരത്തിൽ കണ്ണുനട്ടു നില്‌ക്കുന്ന സൈമൺ ഗിക്കുണ്ഡയുടെ കറുത്തരൂപം ഞങ്ങൾക്ക് അകലെ നിന്നു കാണാമായിരുന്നു. അയാളുടെ കാതിൽ മുഴങ്ങുന്ന ബ്രിട്ടോ എന്ന കുസൃതിക്കുട്ടന്റെ ചിന്നംവിളി ഞങ്ങൾക്കു കേൾക്കാമായിരുന്നു.
Generated from archived content: keniyan8.html Author: babu_g_nair