“……..ച്ചാൽ ഇറച്ചി ചുട്ടെടുത്തത്. അതും വെടിയിറച്ചി! ഏതു തരം വേണമെന്നു പറഞ്ഞാൽ മതി. മാൻവേണോ? സീബ്ര വേണോ? കാട്ടുപന്നി? ജിറാഫ്? കാട്ടുപോത്ത്? മുതല?”
“മുതലയോ? ഞാൻ അത്‌ഭുതത്തോടെ ചോദിച്ചു.
” അതേന്നേയ് ! നല്ല ഒറിജിനൽ ക്രോക്കൊഡൈൽ! ആഴ്‌ചതോറും മാരയിൽ നിന്നും ഡസൻ കണക്കിനാണ് എ.സി. ട്രക്കിൽ കൊണ്ടുവരുന്നത്. പുഴ മുറിച്ചു കടക്കുന്ന വിൽഡീബിസ്‌റ്റിനേയും മറ്റും വെട്ടിവിഴുങ്ങി തിന്നു മദിച്ച് നെയ്‌മുറ്റിയ വമ്പന്മാർ!. ‘ഗൗർമെറ്റ് റെസ്‌റ്റോറന്റി’ലെ മുതലയിറച്ചി ചുട്ടതും വോഡ്‌ക്കയും കഴിക്കാൻ മിനിസ്‌റ്റേഴ്‌സ് വരെ എത്താറുണ്ട്. ഞായറാഴ്‌ച രാവിലെ ഞാനിങ്ങെത്തിക്കോളാം. ചേട്ടൻ റെഡിയായിരുന്നാൽ മതി.“ ആവേശത്തോടെ മേനോൻ പറഞ്ഞു.
‘നക്കുറു’വിലെ പതിനായിരം ഏക്കർ വിസ്‌തൃതിയുള്ള പൈനാപ്പിൾ പ്ലാന്റേഷന്റെ മാനേജരാണ് ‘വിജി’ എന്ന വിജയൻ മേനോൻ. ആഴ്‌ചയിലൊരിക്കൽ ലാൻസ്‌റോവിന്റെ പിന്നിൽ കൈതച്ചക്കയും നിറച്ച് ശാരദയും കുട്ടികളുമായി വിജി നെയ്‌റോബിയിലെത്തും. ശാരദയേയും കുട്ടികളേയും ഏതെങ്കിലും സുഹൃത്തുക്കളുടെ വീട്ടിലാക്കി, സുഹൃത്തുമായി ലഞ്ചിനായി നേരെ ‘ഗൗർമെറ്റിലേക്ക്. സുഹൃത്തുക്കളുടെ വീടുകളിലെല്ലാം പൈനാപ്പിൾ വിതരണം ചെയ്‌ത് വൈകുന്നേരം നക്കുറുവിലേക്കു മടങ്ങും.
നെയ്‌റോബി നാഷണൽ പാർക്കിന്റെ മദ്ധ്യത്തിലാണ് ഗൗർമെറ്റ് റെസ്‌റ്റോറന്റ്. നെയ്‌റോബിയിൽ നിന്ന് പതിനാറു കിലോമീറ്റർ അകലെ. കൂറ്റൻ മരത്തൂണുകളിലുയർത്തിയ റെസ്‌റ്റോറന്റ് ഫ്ലോറിലിരുന്നാൽ, തൊട്ടുതാഴെ വിശാലമായ പാർക്കിൽ സ്വൈര്യ വിഹാരം നടത്തുന്ന കാട്ടുമൃഗങ്ങളെ കാണാം. മാൻ കൂട്ടങ്ങളും, ജിറാഫ്‌പറ്റങ്ങളും, കാട്ടുപോത്തുകളും, സീബ്രകളും! ചൂണ്ടിക്കാണിച്ചാൽ മതി വെടിവച്ചിട്ട്, ചുട്ടെടുത്ത് പ്ലേറ്റിൽ മുന്നിൽ കൊണ്ടുവരുമെന്നാണ് ഗൗർമെറ്റ് പരസ്യം!
ഞായറാഴ്‌ച രാവിലെ തന്നെ വാക്കു പാലിച്ചുകൊണ്ട് വിജയൻ മേനോനും കുടുംബവുമെത്തി. ശാരദയും കുട്ടികളും ബഹളം വെച്ച് അകത്തേക്കുപോയപ്പോൾ വിജി അവർക്കുകേൾക്കാൻ വേണ്ടിയെന്നോണം ഉറക്കെ പറഞ്ഞു. ”പിന്നേയ്! ചേട്ടനും ഞാനും കൂടി ബ്രേക്ക്‌ഫാസ്‌റ്റ് കഴിഞ്ഞാലുടൻ കൺട്രിക്ലബ്ബിൽ ബില്ല്യാർഡ്‌സ് കളിക്കാൻ പോകുന്നു. മണിചേച്ചിയേയും ശാരദയേയും കുട്ടികളേയും കൊണ്ടുപോകുന്നില്ല“. തികച്ചും ഒരു ’സ്‌റ്റാഗ്‌പാർട്ടി‘. പുരുഷന്മാർ മാത്രം!.
”ബില്ല്യാർഡ്സോ? അതിന്, എനിക്കു ബില്ല്യാർഡ്‌സ് കളിക്കാനറിയില്ല വിജീ ! നമ്മൾ ഗൗർമെറ്റിൽ ലഞ്ചിനല്ലേ, പോകുന്നത്? അവരുകൂടി വന്നോട്ടേന്നേ!“ ഞാൻ പറഞ്ഞു.
”ശ്‌ശ്……“ ചുണ്ടത്തു വിരൽചേർത്ത് വിജി എന്നെ പുറത്തേക്കു പിടിച്ചു വലിച്ചു.
”എന്റെ പൊന്നുചേട്ടാ! എനിയ്‌ക്കും ബില്ല്യാർഡ്‌സ് കളിക്കാനറിയില്ല. ഗൗർമെറ്റ് ഇവരെ കൊണ്ടുപോകാൻ പറ്റിയ സ്ഥലമല്ല. അതുകൊണ്ടാ. ലഞ്ച് നടക്കുമ്പോൾ അവിടെ ആഫ്രിക്കൻ പെണ്ണുങ്ങളുടെ ഒരു തരം ഡാൻസുമുണ്ട്. ’ഖസ്-ഖസ്‘ എന്നോ മറ്റോ ആണ് പേര്. തനി വൾഗർ! അതുപോകട്ടെ. അതുങ്ങള് ഡാൻസിനിടയിൽ ടേബിളിൽ വന്ന് നമ്മളെ തൊടുകയും തലോടുകയുമൊക്കെ ചെയ്യുമെന്നേയ്! അതൊക്കെ നമ്മുടെ ശ്രീമതിമാർ സഹിക്കുമോ? അതുകൊണ്ടല്ലേ, ഞാൻ ഗൗർമെറ്റിലെ ലഞ്ച്, കൺട്രിക്ലബ്ബിലെ ബില്ല്യാർഡ്‌സ് ആക്കിയത്! ഏതായാലും മുതല ഇറച്ചിയും വോഡ്‌ക്കയുമൊന്നും ഇവർ കഴിക്കില്ല. ക്രോക്ക് നാമച്ചോമ നമുക്കു മിസ്സുചെയ്യേണ്ട!“ വിജി ഉറക്കെചിരിച്ചു.
ഞങ്ങൾ ഗൗർമെറ്റിലേക്കു പുറപ്പെട്ടു. ഇറങ്ങുമ്പോൾ ശാരദ മണിയോടു പറയുന്നതുകേട്ടു; ”വിജിയേട്ടന് ബില്ല്യാർഡ്‌സെന്നു കേട്ടാൻ ഭ്രാന്താ. ഒരൊറ്റ ഞായറാഴ്‌ച മിസ്സുചെയ്യില്ല. ഈ കൺട്രിക്ലബ്ബിലൊക്കെ പോയിട്ട് നമ്മൾ എന്തുചെയ്യാനാ? അതുകൊണ്ടു ഞാൻ പോകാറില്ല. ചേച്ചി കേരള അസോസിയേഷന്റെ ഓണസദ്യയ്‌ക്കുണ്ടാക്കിയ ’കാളന്റെ‘ റെസിപ്പി ഒന്നു പഠിപ്പിച്ചു തരണം. അസ്സലായിരുന്നു, കേട്ടോ?“
ലാൻസ്‌റോവർ ഗോങ്ങ്‌ഹിൽ റോഡു കയറുമ്പോൾ വിജിചോദിച്ചു. ”നമുക്കു വിൽസനെകൂടി കൂട്ടിയാലോ? നല്ല കമ്പനിയാ വോഡ്‌ക്ക രണ്ടെണ്ണം അകത്തു ചെന്നു കഴിഞ്ഞാൽ അവനും തുടങ്ങും പാട്ടും ഡാൻസും. ഒറ്റ പ്രശ്‌നമേ ഉള്ളു. നാലു പെഗ്ഗു കഴിഞ്ഞാൽ ഫോർട്ട്‌കൊച്ചിയിലെ പഴയ കാമുകിയുടെ പേരു പറഞ്ഞു കരയാൻ തുടങ്ങും.“.
ചെന്നു കയറുമ്പോൾ വിൽസനും റോസ്‌ലിനും കൂടി നായ്‌ക്കളെ കുളിപ്പിക്കയാണ്. ആറേഴു നായ്‌ക്കളുണ്ട്. പറയാത്തതാമസം; വിൽസൻ ബെർമ്യൂഡമാറ്റി നരച്ച ജീൻസിട്ട് ലാൻസ്‌റോവിൽ ചാടിക്കയറി.
”ലഞ്ചിന് എന്നെ കൂട്ടുന്നില്ലേ?“ റോസ്‌ലിൻ പിന്നിൽ നിന്നു വിളിച്ചു ചോദിച്ചു.
”നിന്നെയൊരിക്കൽ ഞാൻ കൊണ്ടുപോകാം…. ഇന്നുവേണ്ടിന്നുവേണ്ടോമലാളേ!“ വിൽസൻ രമണൻ സ്‌റ്റൈലിൽ പാടിക്കൊണ്ട് കൈവീശി.
ഹണ്ടേഴ്‌സ് ലോഡ്‌ജ് കഴിഞ്ഞ് മൊം ബാസ റോഡിലേക്ക് കയറിയപ്പോഴാണ് വിൽസൻ പറഞ്ഞത്; ”കഴിഞ്ഞ ക്രിസ്‌തുമസിന്റെ തലേന്ന് ദാ, ഇവിടെ നിന്നാണ് അവന്മാർ എന്നെ പിടികൂടിയത്“.
”ആര്?“
”കൊള്ളക്കാർ! അല്ലാതാര്? പത്തുപന്ത്രണ്ടു വർഷത്തെ കെനിയൻ ജീവിതത്തിനിടയിലെ എന്റെ ആദ്യാനുഭവമായിരുന്നു അത്!“ വിൽസൻ പറഞ്ഞുതുടങ്ങി.
”ഞാൻ മൊംബാസയിൽ പോയിട്ടുമടങ്ങുകയായിരുന്നു. രാത്രി പന്ത്രണ്ടു പന്ത്രണ്ടര ആയിക്കാണും. ഹരിഹരന്റെ ഗസലും ആസ്വദിച്ച് ഞാൻ ഉഹൂറു ഹൈവേയിലൂടെ ടോപ്പ് സ്‌പീഡിൽ വരികയാണ്. ദേ, ഇവിടെ എത്തിയപ്പോൾ ഒരു പഴയ ’വോൾവോകാർ‘, എന്റെ ബെൻസിനെ ഓവർടേക്കുചെയ്‌ത് മുന്നിൽ കുറുകെ നിന്നു. വോൾവോയിൽ നിന്ന് അത്യുച്ചത്തിൽ ആഫ്രിക്കൻ മ്യൂസിക് മുഴങ്ങുന്നു. സ്യൂട്ടണിഞ്ഞ ഒരു മാന്യൻ ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് ചിരിച്ചുകൊണ്ടു വന്നു ഷേക്ക്‌ഹാൻഡ് തന്നു. എനിക്ക് ഒരു സംശയവും തോന്നിയില്ല. പെട്ടെന്നാണ് പോക്കറ്റിൽ നിന്ന് റിവോൾവർ എടുത്ത് എനിക്കു നേരെ ചൂണ്ടി അയാൾ അലറിയത് “ഇറങ്ങുതാഴെ! ഈ കാറ് ഞങ്ങൾക്കു വേണം.”
അപ്പോഴേക്ക് വോൾവോയിൽ നിന്നു ചാടിയിറങ്ങിയ അഞ്ചാറു തടിമാടന്മാർ എന്നെ കാറിൽ നിന്നും പിടിച്ചിറക്കി വാച്ചും, ഷൂസും, സ്യൂട്ടും എല്ലാം ഊരി എടുത്തിട്ട് ഉന്തിത്തള്ളി അവരുടെ കാറിന്റെ ബൂട്ടുതുറന്ന് അതിനുള്ളിലാക്കി അടച്ചു. മിനിറ്റിനകം അവരോടിച്ച ബെൻസിനു പിന്നാലെ വോൾവോ ഇരച്ചുപാഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ എനിക്കു മനസ്സിലായി; ബൂട്ടിനുള്ളിൽ മറ്റാരൊകൂടി ഉണ്ട്. അയാൾക്കു മിണ്ടാൻ കഴിയുന്നില്ല. കൈ അനങ്ങുന്നുണ്ട്. ബൂട്ടിനുള്ളിലെ ഇരുട്ടിൽ തപ്പിയപ്പോൾ ഒരു ട്യൂൾബോക്‌സിൽ എന്റെ കൈ തടഞ്ഞു. അതിൽ നിന്നും ഒരു സ്‌പാനർ തപ്പിയെടുത്ത് ബൂട്ടിന്റെ ലോക്ക് തുറക്കാൻ ഞാൻ വൃഥാശ്രമം നടത്തിക്കൊണ്ടിരുന്നു. ഇതിനകം വോൾവോ ടാർറോഡു വിട്ട് കുണ്ടും കുഴിയും നിറഞ്ഞ ഏതോ മൺറോഡിലൂടെയായി ഓട്ടം. എത്രദൂരം ഓടിക്കാണുമെന്നറിയില്ല. പെട്ടെന്ന് കാർ ചവുട്ടി നിർത്തി നാലഞ്ചുപേർ ചാടിയിറങ്ങി. ആരൊക്കെയോ ബൂട്ടുതുറക്കാൻ ശ്രമിക്കുന്നുണ്ട്. പൂട്ടുതുറക്കാനുള്ള ശ്രമംകൊണ്ടായിരിക്കണം, ജാം ആയ പൂട്ട് അവർക്കു തുറക്കാനാവുന്നില്ല. കിക്കുയു ഭാഷയിൽ എന്തൊക്കെയോ ശപിച്ചുകൊണ്ട് അവർ ബെൻസുമായി ഇരച്ചുപോയി. അവർക്കു വേണ്ടത് എന്റെ കാറായിരുന്നു. ഞാൻ സ്‌പാനർകൊണ്ട് കയ്യിൽ തടഞ്ഞ ബോൾട്ടും നട്ടുമൊക്കെ അഴിക്കാൻ തുടങ്ങി. അവസാനം…… എന്റീശോയേ! ബൂട്ട് ’ടപ്പേന്നു തുറന്നു. മുട്ടത്തോടു പൊട്ടി പുറത്തേക്കു വരുന്ന ഏതോ ജീവികളെപ്പോലെ ഞങ്ങൾ രണ്ടു മനുഷ്യജീവികൾ ബൂട്ടിൽ നിന്നും പുറത്തേക്കിറങ്ങി. അരണ്ടവെളിച്ചത്തിൽ അണ്ടർവെയർ മാത്രം ധരിച്ച് നിൽക്കുന്ന ഞങ്ങൾ പരസ്‌പരം കണ്ടപ്പോൾ, കരയണോ ചിരിക്കണോ എന്നായിരുന്നു സംശയം! മറ്റേയാൾ ഒരു ആഫ്രിക്കനായിരുന്നു. “ ൻഡുഗു യാൻഗു!” “ (എന്റെ സഹോദരാ!) പൊട്ടിക്കരഞ്ഞുകൊണ്ട് അയാൾ എന്നെ കെട്ടിപ്പിടിച്ചു……………..
ഞങ്ങൾ നടന്നു. മണിക്കൂറുകളോളം. നേരം പരപരാവെളുത്തപ്പോൾ ‘ഒൽക്കലാവു’ പോലീസ് സ്‌റ്റേഷനിൽ ചെന്നു കയറി. പിറ്റേന്നു ക്രിസ്‌തുമസാണ്. പോലീസുകാർ തന്ന പഴയ നീല പാന്റ്‌സും ഷർട്ടുമണിഞ്ഞ് ദേഹമാസകലം മുറിവുകളുമായി പോലീസ് ജീപ്പിൽ വീട്ടിൽ ചെന്നു കയറിയപ്പോൾ റോസ്‌ലിൻ വാവിട്ടു നിലവിളിച്ചു. ആ ക്രിസ്‌തുമസായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള ക്രിസ്‌തുമസ്! വിൽസൺ നെടുവീർപ്പിട്ടു.
ഞങ്ങൾ ഗൗർമെറ്റ് കവാടത്തിലെത്തി. ഇറച്ചിചുടുന്ന മണം അന്തരീക്ഷത്തിലാകെ നിറഞ്ഞുനില്‌ക്കുന്നു. അകത്തുനിന്നും കാതടപ്പിക്കുന്ന ജാസ് സംഗീതകോലാഹലം. ഞങ്ങൾ അകത്തേക്കു കയറി. കാട്ടുകഴകൾപാകിയ കഴുക്കോലുകളും ഓലമേഞ്ഞ മേൽക്കൂരയും. കഴുക്കോലുകളിൽ ഊയലാടുന്ന വാനരന്മാർ. താഴെ ഊൺമേശകളിൽ നിരത്തിയ വിഭവങ്ങളിലാണ് അവറ്റകളുടെ നോട്ടം. തികച്ചും വന്യമായ അന്തരീക്ഷം.
വിശാലമായ ഡൈനിംഗ് ഹാളിന്റെ ഒരറ്റത്ത് ഡാൻസ്‌ഫ്ലോർ. പാട്ടും ഖസ് – ഖസ് ഡാൻസും തകർക്കുകയാണ്. ഒഴിഞ്ഞ ഒരു ടേബിൾ കണ്ടുപിടിച്ച് ഞങ്ങൾ ഇരുന്നു. പെട്ടെന്നു വിത്സൻ പറഞ്ഞു. ”അറിയാമോ? ഒരു മലയാളിയാണ് ഇവിടത്തെ മാസ്‌റ്റർ ഷെഫ്! തലശ്ശേരിക്കാരൻ. ആളു സ്‌ഥലത്തുണ്ടോ എന്നു നോക്കട്ടെ.“വിത്സൻ എണീറ്റ് കിച്ചണിലേക്കു പോയി.
നീണ്ട വെള്ളകുഴൽ തൊപ്പിയണിഞ്ഞ സുമുഖനായ ഒരു ചെറുപ്പക്കാരനുമായി വിൽസൺ എത്തി. ”ഇതു ഭരതൻ. കഴിഞ്ഞ പത്തു വർഷമായി ഭരതനാണ് ഗൗർമെറ്റിന്റെ ‘ടെയ്‌സ്‌റ്റ് ബഡ്!. ഇവിടെ എത്തുന്നതിനുമുമ്പ് സ്വിറ്റ്‌സർലണ്ടിലായിരുന്നു. ഭരതന്റെ ക്രോക്കൊഡൈൽ നാമച്ചോമ പ്രസിദ്ധമാണ്. മിതഭാഷിയായ ഭരതൻ ചിരിച്ചതേയുള്ളു.
വിൽസണും വിജിയും പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നെന്ന് ലഞ്ചുകഴിഞ്ഞപ്പോൾ ബോദ്ധ്യപ്പെട്ടു. ക്രോക്കൊഡൈൽ നാമച്ചോമയും പൊട്ടറ്റോ ഫ്രഞ്ച് ഫ്രൈയും സ്‌മിർത്തോഫും കഴിച്ചിറങ്ങുമ്പോൾ വിജിചോദിച്ചൂ, “എന്താ ചേട്ടാ, അടുത്തയാഴ്‌ചയും ’ബില്ല്യാർഡ്‌സ് സെഷനുവരാൻ സമ്മതമാണല്ലോ?”
“നൂറുവട്ടം” ഞാൻ പറഞ്ഞു.
പക്ഷേ പിന്നീട് മൂന്നുനാലാഴ്‌ച കഴിഞ്ഞിട്ടും ഗൗർമെറ്റിൽ പോകാൻ കഴിഞ്ഞില്ല. അങ്ങനെ ഇരിക്കെയാണ് ഒരു ദിവസം ‘യാ – യാ ഷോപ്പിംഗ് സെന്ററിൽ വെച്ച് ഭരതനെ കണ്ടത്. കൂടെ ഭാര്യയും മകനുമുണ്ട്. ഞാൻ പറഞ്ഞു; “സോറി, ഭരതൻ! പിന്നീട് ഗൗർമെറ്റിലേക്കു വരാൻ കഴിഞ്ഞില്ല. എനിവേ, ഭരതന്റെ ക്രോക്കൊഡൈൽ നാമച്ചോമ ഫൻടാസ്‌റ്റിക് ആയിരുന്നു. അതിന്റെ സ്വാദ് ഇപ്പോഴും, നാവിലുണ്ട്. അടുത്തയാഴ്‌ച തീർച്ചയായും വരുന്നുണ്ട്.”
“അതു വേണ്ട സർ!” ഭരതൻ പറഞ്ഞു.
“അതെന്താ?”
ഭരതൻ ചുറ്റും നോക്കിയിട്ടു ശബ്‌ദം താഴ്‌ത്തി പറഞ്ഞു.’ “സാറിനോടു കള്ളം പറയാൻ മനസ്സാക്ഷി അനുവദിക്കാത്തതുകൊണ്ടു പറയുകയാ……….. സാറു കഴിച്ച ക്രോക്കൊഡൈൽ നാമച്ചോമ സത്യത്തിൽ മുതലയിറച്ചിയല്ല. അതു വെറും ബീഫ് ആണ്. ഒരു പ്രത്യേകതരം ഫ്രഞ്ച് സോസിൽ മുക്കി, മാരിനേറ്റ് ചെയ്‌തു ചുട്ടെടുത്ത മാട്ടിറച്ചിയാ! ഇത് ഒരു ടോപ് പ്രൊഫഷണൽ സീക്രട്ടാണ്. എന്നാലും സാറിനോടു സത്യം പറയാതിരിക്കാൻ വയ്യ. ഗൗർമെറ്റിന്റെ റെപ്യൂട്ടേഷൻ മുഴുവൻ ക്രോക്കൊഡൈൽ നാമച്ചോമയിലാണെന്നറിയാം. എന്നാലും………..”
ഭരതൻ ക്ഷമാപണമെന്നോണം ചിരിച്ചു. ഒരു തലശ്ശേരി ചിരി.
Generated from archived content: keniyan7.html Author: babu_g_nair
Click this button or press Ctrl+G to toggle between Malayalam and English