“മുപ്പത്തിരണ്ടു വർഷമായി ഞാൻ കെനിയയിൽ വന്നിട്ട്. പല ബിസിനസ്സുകളും ചെയ്‌തു നോക്കി. ചില തെല്ലാം പൊളിഞ്ഞു. ചിലത് പച്ചപിടിച്ചു. പക്ഷേ ഇത്രയും ലാഭകരവും ടെൻഷനില്ലാത്തതുമായ ഒന്നുകണ്ടെത്താൻ കഴിഞ്ഞത് ഇതാദ്യമാണ്.
അകലെ മേഞ്ഞു നീങ്ങുന്ന ആട്ടിൻ പറ്റത്തേയും ഇടയന്മാരേയും ചൂണ്ടി പരമേശ്വരൻ നായർ പറഞ്ഞു.
നൈറോബിയിൽ നിന്നും അറുപത് കിലോമീറ്റർ അകലെ മച്ചാക്കോസിലെ ഫാംഹൗസിന്റെ പിന്നാമ്പുറത്തെ മഴമരങ്ങളുടെ നിഴലിൽ ഇരുന്ന് ജീക്കോ അടുപ്പിൽ ചുട്ടെടുത്ത കോഴിക്കാലും ചവച്ച് തണുത്ത ബിയറും നുണഞ്ഞുകൊണ്ട് പരമേശ്വരൻ നായർ എന്ന പ്രവാസി ബിസിനസ്സുകാരന്റെ കഥ കേൾക്കുകയായിരുന്നു ഞാൻ.
നായർ സ്വന്തമായി ഒരു ഹയർസെക്കന്ററി സ്‌ക്കൂൾ നടത്തുന്നു. ഫിലോസഫിയിൽ ബിരുദാനന്തര ബിരുദമുള്ള സുഭദ്രാവർമ്മയയാണ് പ്രിൻസിപ്പൽ. മേരുവിൽ അഞ്ഞൂറേക്കർ ചണത്തോട്ടമുണ്ട്. ‘ഭദ്രാമെറ്റേർണിറ്റി ഹോം’ ആണ് മറ്റൊരു സ്ഥാപനം. നൂറുകിടക്കകളുള്ള പ്രസവാശുപത്രി.
മച്ചാക്കോസ് ഗോൾഫ് ക്ലബ്ബിന്റെ പ്രസിഡന്റാണ് പരമേശ്വരൻ നായർ. എല്ലാ ഞായറാഴ്‌ചയും നൈറോബിയിൽ നിന്നും ഫൈനാൻസ് മിനിസ്‌റ്റർ മച്ചാക്കോസിൽ നായരുടെ അതിഥിയായെത്തും, ഗോൾഫ് കളിക്കാൻ!
നൈറോബിയിലെ ന്യായോ ഹൗസി (സെക്രട്ടറിയേറ്റ്) ൽ നല്ല സ്വാധീനമാണ് നായർക്ക്്. വിസ നീട്ടികിട്ടാത്തവരും ജോലി നഷ്ടപ്പെടുന്നവരുമായ മലയാളികൾക്ക് നല്ല അത്താണി.
ട്രേയിൽ ചുട്ടെടുത്ത കോഴിക്കാലും ബിയർ കുപ്പികളുമായി വെള്ള ഏപ്രണനണിഞ്ഞ നീണ്ടുമെലിഞ്ഞ ഒരു മസായി എത്തി.
‘ഔമ! ഇവനാണ് എന്റെ ആട്ടിൻ പറ്റം നോക്കിനടത്തുന്ന മസായി കുടുംബത്തിന്റെ തലവൻ. ഇവന്റെ ഭാര്യയും മക്കളുമാണ് ആട്ടിൻ പറ്റത്തെ മേയിച്ചു നടക്കുന്നത്് !’
ദൂരെ ചുവപ്പുപുതച്ച് കയ്യിൽ നീണ്ട ദണ്ഡുകളുമായി നടക്കുന്ന മസായികളെ ചൂണ്ടി നായർ പറഞ്ഞു.
”ഇത്രയും വിശ്വസ്തരായ ആളുകളെ ലോകത്ത് ഒരിടത്തും കാണില്ല. ആടുമാടുകളില്ലാത്ത ജീവിതത്തെക്കുറിച്ച് ഇവർക്ക് ആലോചിക്കാനാവില്ല. ലോകത്തുള്ള മുഴുവൻ ആടുമാടുകളുടേയും ഉടമസ്ഥർ ഇവരാണെന്നാണ് പാവങ്ങളുടെ വിശ്വാസം.“
‘നായർ സാബ് എങ്ങനെയാണ് ഈ ബിസിനസ്സിലേക്ക് നിരിഞ്ഞത്?
എന്റെ ജിജ്ഞാസ തല പൊക്കി.
’അതാണ് തമാശ! ഔമയ്‌ക്ക് ഒരു ജോലി ഉണ്ടാക്കിക്കൊടുക്കാൻ വേണ്ടി തുടങ്ങിയതാണ്. ഒരിക്കൽ ഞാൻ കുടുംബവുമായി മസായിമാര കണ്ടിട്ട് മടങ്ങും വഴി വണ്ടിയുടെ ടയർ പഞ്ചറായി. അതുമാറ്റിയിടുന്ന സമയത്ത് കുറ്റിക്കാട്ടിൽ നിന്നും ശേഖരിച്ച ഒട്ടകപ്പക്ഷിയുടെ മുട്ടകൾ വില്‌ക്കാൻ വന്നതാണിവനും കുടുംബവും. ദൈന്യം തോന്നി ചോദിച്ചപ്പോഴാണറിയുന്നത്. ആകെ സ്വത്തായി ഉണ്ടായിരുന്ന മൂന്ന് നാല് ആടുകളേയും മൂരികളേയും തലേന്ന് കഴുതപ്പുലികൾ ‘ബോമ’ (കൂട്) യിൽ കയറി കൊന്നുതിന്ന കഥ. കൂടെ പോരുന്നോ എന്ന് ഭദ്രയാണ് ചോദിച്ചത്. കേട്ടതും വണ്ടിയിൽ കയറി അവർ കൂടെ പോന്നു. ഔമയും ഭാര്യയും നാലു മക്കളും ! ഇവിടെ സെർവന്റ്സ്് ക്വാർട്ടറിൽ താമസമാക്കി. ഇവന് ആകെ അറിയാവുന്ന ജോലി ആടുമാടുമേയ്‌ക്കലാണ്. അങ്ങനെ അവന് ജോലി കൊടുക്കാൻ വേണ്ടിയാണ് പത്ത് ആടുകളെ വാങ്ങിയത്. മൂന്നുകൊല്ലം മുമ്പാണത്. അവറ്റ പെറ്റുപെരുകി ഇപ്പോൾ പത്തുനാന്നൂറെണ്ണം ആയി. പത്തറുപത് മാടുകളും ഉണ്ട്. ആഴ്‌ചയിൽ പത്തൻപത് ആടുകളെ അറവുകാർ വന്ന് വാങ്ങിക്കൊണ്ടു പോകും. വിറ്റുപോകുന്നതിലേറെ പെറ്റു പെരുകുന്നുമുണ്ട്. വീട്ടാവശ്യം കഴിഞ്ഞ് ധാരാളം പാൽ വില്‌ക്കാനുമുണ്ട്. നല്ല വരുമാനമാണ്. ആഴ്‌ചയിലൊരിക്കലോ മറ്റോ ഞാൻ ഫാമിലൊന്നു പോയാലായി. ഒരു ടെൻഷനുമില്ല. എല്ലാം ഇവൻ നോക്കിക്കൊള്ളും.
‘സുഖമാണോ ഔമ?’ ഞാൻ സ്വാഹിലിയിൽ ചോദിച്ചു. അവൻ തലയാട്ടി ട്രേയുമായി അകത്തേക്കു പോയി.
‘ഏപ്രൻ കെട്ടിയതിന്റെ അസ്വസ്ഥതയാണ് അവന്. അതിഥികൾ വരുമ്പോൾ മാത്രമേ അവൻ അത് അണിയാറുള്ളു. ഇതുകഴിഞ്ഞാലുടൻ ചുവന്ന പുതപ്പെടുത്തണിയും.’ നായർ ചിരിച്ചു.
ഭദ്രയും മണിയും കൂടെ അടുക്കളയിൽ നാടൻ ഊണ് ഒരുക്കുന്നുണ്ടായിരുന്നു. സഹായത്തിന് ഔമയുടെ മൂത്തമകളും ഉണ്ട്. ഭദ്രയുടെ ശിക്‌ഷണത്തിൽ നല്ല ഒന്നാം തരം തീയലും അവിയലും പുളിശ്ശേരിയും പാവയ്‌ക്കാ വറ്റലും ഒക്കെ ഉണ്ടാക്കാൻ അവൾ പഠിച്ചിട്ടുണ്ട്. ഏതൊരു മലയാളി വീട്ടമ്മയ്‌ക്കും അസൂയ ഉണ്ടാക്കുന്ന വിധം ഒന്നാം തരം നാടൻ ഭക്ഷണം അവൾ തയ്യാറാക്കിയിരുന്നു! കൂട്ടത്തിൽ തനിനാടൻ എന്നുവിശേഷിപ്പിക്കാവുന്ന തേങ്ങ ചുട്ടരച്ചെടുത്ത ചമ്മന്തിയും!
ഊണു കഴിഞ്ഞ് നൈറോബിയിലേക്കു മടങ്ങുമ്പോൾ കഴിഞ്ഞ വർഷം മലവെള്ളം പോലെ തള്ളിക്കയറി വന്ന ഒരു മസായി അധിനിവേശത്തെക്കുറിച്ച് ഓർക്കുകയായിരുന്നു ഞാൻ. ഒരു ഉച്ചനേരത്താണ്. എന്റെ ക്യാബിനിലേക്ക് ഓടിക്കിതച്ചു കയറി വന്ന പ്യൂൺ ജോസ്‌ഫട്ട് പറഞ്ഞു. ”സർ! ഫാക്‌ടറി വളപ്പിലേക്ക് കന്നുകാലികളും മസായികളും ഇരച്ചു കയറിയിരിക്കുന്നു. സെക്യൂരിറ്റിക്കാർ രണ്ടു മൂന്നു ഉരുക്കളെ വെടി വെച്ചിട്ടു. മസായികളുമായി പൊരിഞ്ഞ ഏറ്റുമുട്ടലിലാണ്.
ശരിയാണ്. രണ്ട് മൂരിക്കുട്ടൻമാർ വെടിയേറ്റു ചത്തുകിടക്കുന്നു. വെടിയൊച്ചകേട്ട് ഭയന്ന് മുക്രയിട്ടും ചുരമാന്തിയും തലങ്ങും വിലങ്ങും ഓടുന്ന കാളക്കൂറ്റന്മാർ. പൂന്തോട്ടം മുഴുവനും ഉഴുതുമറിച്ചതുപോലെ. ലാളിച്ചുവളർത്തിയ പൂച്ചെടികളും പുൽപ്പരപ്പുകളും നാനാവിധമായി. കാലിക്കൂട്ടത്തെ തടുത്തുകൂട്ടി സംരക്ഷിക്കാൻ തത്രപ്പെടുന്ന മസായികൾ. സെക്യൂരിറ്റി ഗാർഡുകളോട് അവർ സ്വാഹിലിയിൽ ആക്രോശിച്ചു. “ഞങ്ങൾ പിന്നെ കാലിക്കൂട്ടവുമായി ഈ വേനലിൽ എങ്ങോട്ടു പോകണം? ഞങ്ങളുടെ ഗ്രാമങ്ങളിൽ വെള്ളമില്ല. പച്ചപ്പുൽതലപ്പില്ല. ഞങ്ങളുടെ മസായി മാരയിൽ നിന്നും നിങ്ങൾ ഞങ്ങളെ ആട്ടിപ്പായിച്ചില്ലേ? പുല്ലു തേടി വന്നതാണ് ഞങ്ങൾ. വേണമെങ്കിൽ ഞങ്ങളെ കൊന്നേളു. എന്നാലും ഞങ്ങളുടെ കാലികൾക്കു പുല്ലും വെള്ളവും കിട്ടിയേ പറ്റു. അതുള്ളിടത്തേയ്‌ക്ക് ഞങ്ങളും കാലിക്കൂട്ടവും വരും. പ്രസിഡന്റിന്റെ കൊട്ടാരവളപ്പിലും ഞങ്ങൾ കയറും.”
കയറി. പ്രസിഡന്റ് ദാനിയൽ അറപ്‌മോയിയുടെ കൊട്ടാരവളപ്പിൽ വരെ അവർ കാലിക്കൂട്ടവുമായി കയറി. അതാണ് മസായി സംസ്‌ക്കാരം. അതീജീവനത്തിന്റെ മറ്റൊരു മുഖം!
പിന്നീട് ഫോൺ ചെയ്യുമ്പോഴെല്ലാം ഞാൻ പരമേശ്വരൻ നായരോട് ചോദിക്കും. “എങ്ങനെയുണ്ട് നായർസാബ് ആട് ബിസിനസ്സ്? ഔമയും കുടുംബവും സുഖമായിരിക്കുന്നോ?‘
”സുഖം. അവൻ വളരെ സന്തോഷത്തിലാണ്. ഇപ്പോൾ ആടുകളുടെ എണ്ണം എണ്ണൂറ് കവിഞ്ഞു. പശുക്കളും പെറ്റുപെരുകുന്നുണ്ട്. സ്‌ക്കൂളും ആശുപത്രിയുമൊക്കെ അടച്ചുപൂട്ടി ആടു ബിസിനസ്സ് വിപുലപ്പെടുത്തിയാലോ എന്നാ ഞാൻ ആലോചിക്കുന്നത്! എന്താ, പാർട്‌ണറായി കൂടുന്നോ?“
നായർ ചോദിച്ചു.
’ആലോചിക്കാം‘. ഞാൻ ചിരിച്ചു
ഒന്നോ രണ്ടോ മാസം കഴിഞ്ഞുകാണും നായരെ ഇടക്കെങ്ങും ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഒരു വൈകുന്നേരം ഞാനും മണിയുംകൂടി ’ ഗോങ്ങ്‘ ഹില്ലിലുള്ള ’സമാക്കി‘ (മീനും ഇറച്ചിയും മറ്റും വില്‌ക്കുന്ന കട) യിൽ പോയി. ആട്ടിൻ കരളുകൊണ്ട് ഒരു പുതിയ റെസിപ്പി പരീക്ഷിക്കാൻ മണിതന്നെ ’ലാമ്പ് ലിവർ‘ സെലക്‌ട് ചെയ്യാനിറങ്ങിയതാണ്. ഞാൻ ഹരിമുരളീരവവും കേട്ടു കൊണ്ട് കാറിൽ തന്നെ ഇരുന്നു. പെട്ടെന്നാണ് മണി സമാക്കിയിൽ നിന്നും ഓടി ഇറങ്ങി വന്നത്.
നമ്മുടെ നായർ സാബിന്റെ ഫാമിലെ ഔമയില്ലേ, ആ മസായി? അവനതാ സമാക്കിയിൽ ഇറച്ചി വെട്ടുന്നു. അവന് എന്നെ മനസ്സുലായെന്നാ തോന്നുന്നത്. ഒന്നു വന്നു നോക്കിയേ? അവനെന്താ ഇവിടെ….?
”ഏയ്’! അവനായിരിക്കില്ല. അവനങ്ങ് മച്ചാക്കോസിലല്ലേ? പരമേശ്വരൻനായരുടെ ഫാമിൽ?‘
ഞാൻ പിന്നാലെ ഇറങ്ങിച്ചെന്നു. അഞ്ചാറ് ഇറച്ചിവെട്ടുകാർ നിന്ന് ജോലി ചെയ്യുന്നു. ഇല്ല, അക്കൂട്ടത്തിലെങ്ങും ഔമ ഇല്ല.
“എവിടെ ഔമ? നിനക്കു വെറുതെ തോന്നിയതാ!”
’അല്ലെന്നേയ്! ഞാൻ കണ്ടതാ! ഔമ തന്നെയാ!“ മണി തറപ്പിച്ചു പറഞ്ഞു.
ക്യാഷ് കൗണ്ടറിലിരുന്നയാളോടു ഞാൻ ചോദിച്ചു.
”അതേയ്, ഔമ എന്നൊരു ബുച്ചർ ഇവിടെ ജോലി ചെയ്‌തിരുന്നല്ലോ. അവനെവിടെ?
“ഉവ്വ്. ശരിയാ. ഔമ എവിടെ” അയാൾ മറ്റുള്ളവരോടു ചോദിച്ചു.
‘ഔമ പിൻവാതിലിലൂടെ പുറത്തേക്ക് ഓടിപ്പോകുന്നതു കണ്ടു. വല്ല ടോയിലറ്റിലോ മറ്റോ……….“
അവർ അവിടെയെല്ലാം ഔമയെ പരതി. ഇല്ല. അവൻ സ്ഥലം വിട്ടെന്ന് ഉറപ്പായി.
ഫ്ലാറ്റിലെത്തിയ ഉടൻ ഞാൻ നായർക്ക് ഫോൺ ചെയ്തു. നായർ പറഞ്ഞു.
’അവൻ ചതിച്ചു, കേട്ടോ! കഴിഞ്ഞയാഴ്‌ച ഞാൻ ഫാമിൽ പോയിരുന്നു. ഔമയും കുടുംബവും മൊത്തം ആടുമാടുകളുമായി സ്ഥലം വിട്ടു കളഞ്ഞു. പത്തായിരം ആടുകളും പത്തു നൂറു കാലികളും. സെരംഗെറ്റിയ്‌ക്കടുത്തെവിടെയോ ആണ് അവന്റെ ഗ്രാമം. ങാ! പോയിജീവിച്ചോട്ടെ എന്നു ഞാനും കരുതിയിരിയ്‌ക്കായായിരുന്നു. ഇതിപ്പോ ഇറച്ചി കച്ചവടക്കാരനു മൊത്തമായി വിറ്റലക്ഷണമാണല്ലൊ ഭഗവാനെ!”
“പോട്ടെ നായർ സാബ് ! ലോകത്തുള്ള മുഴുവൻ ആടുമാടുകളുടേയും ഉടമസ്ഥർ മസായികളാണെന്നല്ലേ അവരുടെ വിശ്വാസം. അവരുടെ ആടുമാടുകളെ അവർ കൊണ്ടുപോയി എന്നാശ്വസിക്കാം നമുക്ക്!”
Generated from archived content: keniyan6.html Author: babu_g_nair