ജേക്കബ് അച്ചിയംഗ് കമ്പനിയുടെ സീനിയർ മാർക്കറ്റിംഗ് മാനേജരാണ്. വയസ്സ് അറുപതു കഴിഞ്ഞെങ്കിലും നല്ല ആരോഗ്യവും ചുറുചുറുക്കും. എൺപതുകളിൽ കെനിയൻ ഫുട്‌ഫോൾ ടീമിൽ കളിക്കാൻ കൊച്ചിയിൽ വന്നിട്ടുണ്ട്. ചീനവലകളും കായലിലൂടെയുളള ബോട്ടുയാത്രയും മറ്റും നിറംമങ്ങാതെ ഓർമ്മയിൽ സൂക്ഷിച്ചിട്ടുണ്ട്.
തന്റെ മൂന്നാമത്തെ മകളുടെ വിവാഹനിശ്ചയത്തിനു ക്ഷണിക്കാൻ ജേക്കബ് ഭാര്യയുമായി എന്റെ ഫ്ലാറ്റിലെത്തി. മകൾ ജെമിയാമാ നെയ്‌റോബി യൂണിവേഴ്‌സിറ്റിയിൽ മെഡിക്കൽ ഡിഗ്രി കംപ്ലീറ്റു ചെയ്‌തു. വരൻ ഒഹായോ യൂണിവേഴ്‌സിറ്റി മെഡിക്കൽ സ്‌കൂൾ ഹോസ്‌പിറ്റലിൽ മാക്സിലോ-ഫേഷ്യൽ സർജൻ. നക്കുറുവിന്റെ പ്രാന്തത്തിലുളള ഒരു ഗ്രാമത്തലവന്റെ മൂന്നാം ഭാര്യയിലുളള എട്ടാമത്തെ മകനാണു വരൻ.
ലുവോ ട്രൈബൽ പാരമ്പര്യരീതിയിൽത്തന്നെ കല്യാണം ആഘോഷിക്കണമെന്ന് ഗ്രാമത്തലവനു നിർബന്ധം. വധുവിന്റെ ഗ്രാമത്തിൽ വെച്ചാണു കല്യാണനിശ്ചയം. അച്ചിയംഗിന്റെ ന്യയേരിയിലുളള ഫാംഹൗസിൽ വെച്ചാണു ചടങ്ങ്.
“മി. നായരും മിസ്സിസും തീർച്ചയായും വരണം. ഹനീഫയേയും ക്ഷണിക്കുന്നുണ്ട്. എന്റെ ഡാഡിയ്‌ക്കു മിസ്‌റ്റർ നായരെ പരിചയപ്പെടാൻ പ്രത്യേക താല്പര്യമുണ്ട്. ഡാഡി, ഡൽഹി ജെ.എൻ.യു.വിൽ വിസിറ്റിംഗ് പ്രൊഫസ്സറായി ജോലി ചെയ്‌തിട്ടുണ്ട്. ഇന്ത്യൻ സാഹിത്യവും സംസ്‌കാരവുമൊക്കെ ഡാഡി ഏറെ ഇഷ്‌ടപ്പെടുന്നു. തലേന്നു തന്നെ എത്തണം. ഫാം ഹൗസിൽ താമസിക്കാൻ സൗകര്യമുണ്ട്. ഡാഡിയുടെ ലൈബ്രറിയും ഫാംഹൗസിലാണ്. ഡാഡി കാത്തിരിക്കും.” ജേക്കബ് നിർബന്ധിച്ചു.
പകൽ മുഴുവൻ യാത്ര ചെയ്‌തു ഞങ്ങൾ ന്യയേരിയിലുളള ഫാം ഹൗസിൽ എത്തുമ്പോൾ നേരം സന്ധ്യയോടടുത്തിരുന്നു. ഹനീഫും ആയിഷയും ഒപ്പമുണ്ട്.
ചെറിയ കുന്നുകളും താഴ്‌വാരങ്ങളും. എങ്ങും പച്ചപ്പ്. ലോകം മുഴുവൻ ചുറ്റിത്തിരിഞ്ഞശേഷം ‘ജിം കോർബറ്റ്’ എന്ന സാഹസികനായ പ്രശസ്ത വേട്ടക്കാരൻ സ്ഥിരതാമസമാക്കാൻ തെരഞ്ഞെടുത്തത് ‘ന്യയേരി’ ആണ്. ഇത്ര ചേതോഹരമായ ഒരു പ്രദേശം ഭൂമിയിലുണ്ടെന്നു കണ്ടാലേ ബോദ്ധ്യമാവൂ.
പച്ച പെയിന്റടിച്ച ഫാംഹൗസ് ഒരു ചെറിയ തടാകത്തിന്റെ ഓരത്ത് മഴ മരങ്ങളുടെ നിഴൽ പറ്റി വെളളത്തിൽ നിഴൽ വീഴ്‌ത്തി നിൽക്കുന്നു. മേഞ്ഞു നിറഞ്ഞ കാലിക്കൂട്ടത്തെ ചെമ്മൺ വഴിയിലൂടെ, ഫാംഹൗസിനു പിന്നിലുളള ആലയിലേക്ക് നീളൻ ദണ്ഡുകൾ ആട്ടി നയിക്കുന്ന ‘മസായികൾ’, കാലിക്കുളമ്പിൽ നിന്നുയരുന്ന പൊടിപടലത്തിനുളളിൽ നീങ്ങുന്ന നെടുങ്കൻ നിഴലുകളായി. കാലിച്ചാണകത്തിന്റെയും പൊടിയുടേയും ചൂര് മൂക്കിലേക്ക് അടിച്ചുകയറി. തടാകത്തിന്റെ മറുകരയിലൂടെ, ആകാശച്ചെരുവിലൂടെ പോലെ തലയുയർത്തി നീങ്ങുന്ന ജിറാഫിൻ കൂട്ടം.
അച്ചിയംഗിന്റെ കുടുംബം ഞങ്ങളെ കാത്ത് ഫാംഹൗസിൽത്തന്നെ ഉണ്ടായിരുന്നു. ജമിയാമായ്‌ക്ക് ചന്ദനത്തിൽ തീർത്ത ഒരു രാധാ-കൃഷ്‌ണശില്പം മണി വിവാഹസമ്മാനമായി നൽകി. “ഫൺടാസ്‌റ്റിക്!” ജെമിയുടെ കരിങ്കണ്ണുകൾ തിളങ്ങി.
ചില്ലു പൊതിഞ്ഞ നീളൻ കോലായിലെ മഹാഗണി കസേരകളിലിരുന്നാൽ തടാകവും അതിനപ്പുറം വിശാലമായ പുൽപ്പരപ്പും കാണാം. തടാകത്തിലേക്കു ചൂണ്ടി ജേക്കബ് പറഞ്ഞു. “നിലാവുളള രാത്രികളിൽ മാൻകൂട്ടങ്ങളും സീബ്രയും കാട്ടുതാറാവുകളും തടാകത്തിൽ വെളളം കുടിക്കാനെത്തുന്നത് ഇവിടെ ഇരുന്നാൽ കാണാം. ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ കടുവയും ചെറിയ സിംഹക്കൂട്ടങ്ങളും! ഏതായാലും രാത്രി വാതിൽ തുറന്നു പുറത്തിറങ്ങേണ്ട.” മണി എന്റെ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചു.
മസായികൾ അന്നു രാവിലെ കുന്തം എറിഞ്ഞു വീഴ്‌ത്തിയ ഇളംമാനിന്റെ ഇറച്ചിയും കെനിയൻ വൈനുമായിരുന്നു ഡിന്നറിനു പ്രധാന വിഭവങ്ങൾ. ഡിന്നർ തുടങ്ങുന്നതിനുമുമ്പ് ‘സ്‌റ്റാർട്ടറാ’യി കടലമാവിൽ മുക്കി പൊരിച്ചെടുത്ത ‘ഗ്രാസ്‌ഹോപ്പർ ഫ്രൈ’ ഉണ്ടായിരുന്നു. ആയിഷയ്‌ക്കും മണിക്കും സ്‌റ്റാർട്ടർ എന്താണെന്നു പിടികിട്ടിയില്ല. കൊക്കക്കോളയോടൊപ്പം ‘മൊരുമൊരെ’ കഴിക്കുന്നുണ്ടായിരുന്നു.
അതിഥികളുടെ ബഹുമാനാർത്ഥം ഒരു സ്പെഷ്യൽ ‘കുറുമ’ കുശിനിക്കാരൻ സ്‌റ്റീഫൻ ഒരുക്കിയിരുന്നു. ഡിന്നർ കഴിച്ചുകൊണ്ടിരുന്നപ്പോൾ മണി എന്റെ ചെവിയിൽ പറഞ്ഞുഃ “കുറുമ അസ്സലായിട്ടുണ്ട്. പോകുന്നതിനുമുമ്പ് ഇതിന്റെ റെസിപ്പീ സ്‌റ്റീഫനോടു ചോദിച്ചു വാങ്ങണം.”
രാത്രി മുറിയിൽ വെളളവുമായി വന്ന സ്‌റ്റീഫനോടു മണി പറഞ്ഞുഃ “സ്‌റ്റീഫൻ! കുറുമ അസ്സലായിരുന്നു, കേട്ടോ! അതിന്റെ റെസിപ്പി ഒന്നു പറഞ്ഞു തരാമോ?”
വെളുക്കെ ചിരിച്ചുകൊണ്ടു സ്‌റ്റീഫൻ പറഞ്ഞുഃ “താങ്ക്‌യു മാം! അത് എന്റെ ഒരു സ്പെഷ്യൽ ഐറ്റമാണ്. ‘മുസുംഗു’മാർക്കൊക്കെ വലിയ പ്രിയമാ. മേംസാബിനു റസീപ്പി പറഞ്ഞു തരാം. എഴുതിക്കോളൂ….”
മണി പേനയും പാഡുമെടുത്തു. “പറയൂ..”
“വെൽ! ആടിന്റെ തലച്ചോറ് അര കിലോ! ആട്ടിൻ നാക്ക് ചെറുതായി അരിഞ്ഞത് 250 ഗ്രാം! ആടിന്റെ ചെറുകുടൽ…”
അടി വയറ്റിൽ നിന്നു തികട്ടിവന്ന ഛർദ്ദി ഒതുക്കി നിർത്താൻ വായ് പൊത്തിക്കൊണ്ട് മണി ടോയ്‌ലറ്റിലേക്കോടി.
പിറ്റേന്നു രാവിലെ തന്നെ അച്ചിയംഗ് കുടുംബം ചടങ്ങിനായി ഫാംഹൗസിലെത്തി. പത്തുമണിയോടുകൂടി വരന്റെ പാർട്ടി നക്കുറുവിൽ നിന്നെത്തും. ജേക്കബിന്റെ കൈപിടിച്ച് വെളുത്ത സ്യൂട്ടണിഞ്ഞ ഒരു വയോവൃദ്ധൻ മെല്ലെ ഫാംഹൗസിന്റെ കോലായിലേക്കു കയറി. ജേക്കബ് പരിചയപ്പെടുത്തി. “മിസ്‌റ്റർ ഡേവിഡ് അച്ചിയംഗ്. മൈ ഡാഡ്!”
എൺപത്തഞ്ചു വയസ്സിൽ കുറയില്ല. ആറടിക്കുമേൽ പൊക്കം. നരച്ചമുടി. കട്ടിക്കണ്ണട. വെണ്മയുളള നിരയൊത്ത പല്ലുകൾ. ആത്മവിശ്വാസം സ്‌ഫുരിക്കുന്ന മുഖഭാവം. ഞാൻ മനസ്സിൽ പറഞ്ഞു ‘എ പെർഫക്‌ട് ജന്റിൽമാൻ!’
നടുവിലുളള വലിയ കസേരയിൽ അദ്ദേഹം ഇരുന്നു. മെല്ലെമെല്ലെ, ഇന്ത്യൻ സാഹിത്യത്തിലേക്കും കലകളിലേക്കും… ഓക്‌സ്‌ഫോർഡ് ആക്‌സന്റിൽ ആ വാഗ്‌ദ്ധോരണി വഴിഞ്ഞൊഴുകി. ഗീതാഞ്ജലി, രബീന്ദ്രസംഗീതം, മുൽക്ക്‌രാജ് ആനന്ദ്, ബുദ്ധഗയ, മാനസസരോവർ…
പെട്ടെന്നു ജേക്കബ് കയറിവന്നു പറഞ്ഞുഃ “ഡാഡ്! വരന്റെ പാർട്ടി ദാ, എത്തി.”
ഞങ്ങൾ പോർച്ചിലേക്കിറങ്ങി. ചെമ്മൺപാതയിലൂടെ പൊടിപറത്തി എത്തുന്ന ഒരു വാഹനവ്യൂഹം! ഏറ്റവും മുന്നിലുളള ട്രക്കിനു പിന്നിലായി സ്‌റ്റേഷൻ വാഗനുകളും കാറുകളും.
ട്രക്കിൽ, കൊഴുത്തു മിനുത്ത മേനിയും, മുഴുത്തു ജ്രംഭിച്ച ഉപ്പൂടിയും നീളം കുറഞ്ഞ് ഉരുണ്ട കൊമ്പുകളുമായി ഒരു കാളക്കൂറ്റൻ. വിവിധ ജനുസ്സിൽപെട്ട പത്തോളം പശുക്കൾ. നാലഞ്ചു വലിയ കൂടകൾ നിറയെ ടർക്കി കോഴികൾ… !
ഓടിയെത്തിയ മസായികൾ ചാരിവെച്ച പലകയിലൂടെ ഉരുക്കളെ ഓരോന്നായി താഴെ ഇറക്കി. കാളക്കൂറ്റൻ ഒരു ജഴ്‌സിസുന്ദരിയെ നോട്ടമിട്ടു ചുരമാന്താൻ തുടങ്ങി.
“മകൾക്കുളള സ്‌ത്രീധനമാണ്.” ജേക്കബ് എന്റെ ചെവിയിൽ പറഞ്ഞു.
“പുരുഷൻ സ്‌ത്രീക്കാണോ സ്‌ത്രീധനം കൊടുക്കുന്നത്?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
“അതെ. അതാണു ഞങ്ങളുടെ കസ്‌റ്റം!” ജേക്കബ് ചിരിച്ചു.
ട്രക്കിനു പിന്നിലെ ബെൻസിൽ നിന്നും പാരമ്പര്യവേഷമണിഞ്ഞ ഒരു ആജാനുബാഹു പുറത്തേക്കിറങ്ങി. മുന്നോട്ടു വന്ന അദ്ദേഹത്തെ പ്രൊഫസർ അച്ചിയംഗ് എനിക്കു പരിചയപ്പെടുത്തി. “മിസ്‌റ്റർ ഫിലിപ്പ് ഒബൂറ! കല്യാണച്ചെറുക്കന്റെ മുത്തച്ഛനാണ്. കാന്യാൻജിയ വില്ലേജ് ചീഫ്! ജോമോ കെന്യാട്ടയോടൊപ്പം വനത്തിൽ താമസിച്ച് ബ്രീട്ടിഷുകാർക്കെതിരായി ഒളിപ്പോരു നടത്തിയ സ്വാതന്ത്ര്യസമരസേനാനി!”
പിന്നിലെ കാറുകളിൽ നിന്നും ആണും പെണ്ണുമായി പത്തുനാല്‌പത് ആളുകൾ ഇറങ്ങി. ജേക്കബിന്റെ അമ്മയും പെങ്ങന്മാരും അടക്കം എട്ടുപത്തു സ്‌ത്രീകൾ മുന്നോട്ടുവന്ന് കുരവയിട്ടും പാട്ടുപാടിയും നൃത്തം ചെയ്‌തും പരമ്പരാഗത രീതിയിൽ അവരെ സ്വീകരിച്ചു. കാളക്കൂറ്റന്റെ മൂക്കിലെ ചെമ്പുവളയത്തിൽ കെട്ടിയ ചുവന്ന കയർ. പ്രൊഫസർ അച്ചിയംഗിന് വരന്റെ മുത്തച്ഛൻ കൈമാറി. പശുക്കളെ മസായികൾ ആട്ടിത്തെളിച്ച് ആലയിലെ കാലിക്കൂട്ടത്തിലേക്കു കയറ്റി. വരന്റെ പാർട്ടിയിൽപെട്ട പുരുഷൻമാരുടെ “ഖസ് ഖസ്” നൃത്തമായിരുന്നു അടുത്ത പരിപാടി. അതോടെ കല്യാണനിശ്ചയത്തിന്റെ ചടങ്ങുകൾ കഴിഞ്ഞു.
പിന്നീടു നടന്നതു ഗംഭീരസദ്യയായിരുന്നു. ആയിഷയും മണിയും സ്‌റ്റീഫന്റെ കുറുമപ്പാത്രത്തിനടുത്തുപോലും പോവാതെ പ്രത്യേകം ശ്രദ്ധിച്ചു.
വൈകിട്ട് പ്രൊഫസർ അച്ചിയംഗ് അദ്ദേഹത്തിന്റെ പൂട്ടിയിട്ട ലൈബ്രറി എന്നെ തുറന്നു കാണിച്ചു. അത്ഭുതപ്പെടുത്തുന്ന ഗ്രന്ഥശേഖരം! മിക്ക ലോക ക്ലാസ്സിക്കുകളുടേയും ഇംഗ്ലീഷ് പരിഭാഷകൾ ഷെൽഫുകളിൽ ഉറങ്ങുന്നു-ഗീതയും, മഹാഭാരതവും, ഗീതാഞ്ജലിയും ഉൾപ്പെടെ!
“ഇപ്പോൾ മാസത്തിൽ ഒരിക്കൽ മാത്രമേ ഞാൻ ഇവിടെ വരാറുളളു – ഈ പുസ്‌തകങ്ങളെ തൊട്ടുതലോടി ആനന്ദിക്കാൻ….” പ്രൊഫസറുടെ കണ്‌ഠമിടറി.
“ഇപ്പോൾ ഡാഡിക്കു വായിക്കാനാവില്ല. റിട്ടയർ ചെയ്‌തശേഷം വായിച്ചു തീർക്കാൻ വേണ്ടി ലോകം മുഴുവൻ ചുറ്റിനടന്ന് ഡാഡി ഗ്രന്ഥങ്ങൾ ശേഖരിച്ചു. പക്ഷേ, റിട്ടയർ ചെയ്യാറായപ്പോഴേക്കും മെല്ലെ മെല്ലെ കാഴ്‌ച മങ്ങിത്തുടങ്ങി. ലക്ഷത്തിൽ ഒരാൾക്കുമാത്രം വരുന്ന ഒരു അപൂർവ്വരോഗം! ഇപ്പോൾ ആളുകളേയും വസ്‌തുക്കളേയും നിഴൽപോലെ മാത്രമേ കാണാനാവൂ. അക്ഷരങ്ങൾ ഒട്ടും കണ്ടുകൂടാ. കുറെക്കൂടി കഴിഞ്ഞാൽ കാഴ്‌ച നിശ്ശേഷം നശിക്കും….” ജേക്കബിനു തുടരാനായില്ല.
യാത്ര പറഞ്ഞു നെയ്‌റോബിയിലേക്കു മടങ്ങുമ്പോൾ ദൂരെ, മൗണ്ട് കെനിയയുടെ മഞ്ഞുശിഖരങ്ങളിൽ വെയിൽവെട്ടം മങ്ങിത്തുടങ്ങിയിരുന്നു. മുഴുവൻ ഇരുളാൻ ഇനി അധികസമയം വേണ്ടാ.
Generated from archived content: keniyan4.html Author: babu_g_nair
Click this button or press Ctrl+G to toggle between Malayalam and English