ഹൗസ്‌ മെയ്‌ഡ്‌

ഓഫീസിൽ ഉച്ച ഒഴിവ്‌ ഒരു മണിക്കൂറാണ്‌. അതിനിടെ യൂണിവേഴ്‌സിറ്റി സ്‌ക്വയറിലുളള ഇന്ത്യൻ റസ്‌റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചുവരാൻ വൈകും. അതുകൊണ്ടാണ്‌ ബിനോയ്‌ പറഞ്ഞത്‌ “സാറിന്റെ മിസ്സിസ്‌ വരാൻ ഇനി ഒരു മാസമെങ്കിലും ആകുമല്ലോ. അതുവരെ ഭക്ഷണമുണ്ടാക്കിത്തരാൻ ഒരു മെയ്‌ഡിനെ വെയ്‌ക്കുന്നതാണ്‌ നല്ലത്‌. ക്വാർട്ടേഴ്‌സ്‌ അടുത്തല്ലേ? അരമണിക്കൂറുകൊണ്ട്‌ പോയി ഊണു കഴിച്ചുവരാം. പഴയ ജി.എം. മിസ്‌റ്റർ മോറിസണ്‌ കുക്കുചെയ്‌തിരുന്ന മെയ്‌ഡിനെത്തന്നെ ഏർപ്പാടു ചെയ്യാം. ഒന്നാംതരം കുക്കാണ്‌. മിസ്സിസ്‌ വന്നുകഴിഞ്ഞാലും ഒരു കുക്ക്‌ വേണമല്ലോ!”

അങ്ങനെയാണ്‌ ഒരു വൈകുന്നേരം ബിനോയ്‌ മെയ്‌ഡിനെ കൂട്ടിക്കൊണ്ടുവന്നത്‌.

“അയാം ഫെമിനിസ്‌ ഒയൂഗി! ഹൗഡുയുഡു​‍ു മി. നായർ?” കനത്ത കൈപ്പടത്തിൽ എന്റെ കൈത്തലം ഒതുക്കി ദീർഘനേരം ശക്തമായിട്ട്‌ കുലുക്കി, കാലിൻമേൽകാൽ കയറ്റിവെച്ച്‌ അവർ എനിക്കെതിരെയുളള സെറ്റിയിൽ നിറഞ്ഞിരുന്നു. എണ്ണ മിനുങ്ങുന്ന കറുകറുത്ത മുഖം കറുത്ത മുഖം ചായം തേച്ചു ചുവപ്പിച്ച തടിച്ച ചുണ്ടുകൾ. കറുത്ത ലോഹത്തിൽ തീർത്ത വലിയ വളയങ്ങൾ തൂങ്ങുന്ന കാത്‌, ചുരുണ്ടുകുറുകിയ മുടിപ്പുറ്റ്‌, മാംസളമായ ശരീരഭാഗങ്ങളെ ഒതുക്കിനിർത്താൻ തത്രപ്പെടുന്ന വർണ്ണാഭമായ, ഇറുകിയ ഉടുപ്പ്‌…

ഞാൻ ദയനീയമായി ബിനോയിയെ നോക്കി.

“ഫെമിനിസ്‌ ഒന്നാംതരം കുക്കാണ്‌, സർ! പ്രത്യേകിച്ച്‌ നോൺവെജ്‌ ഐറ്റംസ്‌! കോൺടിനെന്റലും, ചൈനീസും ഒരുപോലെ ഇവൾക്ക്‌ വഴങ്ങും…‘

ബിനോയ്‌ എന്നെ ആശ്വസിപ്പിക്കാനെന്നോണം മലയാളത്തിൽ പറഞ്ഞു.

”മിസ്സിസ്‌ മോറിസൺ ഇംഗ്ലണ്ടിലേക്ക്‌ മടങ്ങിയപ്പോൾ എന്നെക്കൂടെ കൂട്ടാമെന്നു പറഞ്ഞതാണ്‌. പക്ഷേ, ആഫ്രിക്ക വിട്ടുപോകാൻ എനിക്കിഷ്‌ടമല്ല…“ ഫെമിനിസ്‌ വെളുക്കെ ചിരിച്ചു.

ഇതിനിടെ ഷോകേയ്‌സിനു മുകളിലിരുന്ന എന്റെ കുടുംബചിത്രം അവരുടെ കണ്ണിൽപെട്ടു. അതെടുത്തു പരിശോധിച്ചു കൊണ്ട്‌ ഫെമിനിസ്‌ ചോദിച്ചുഃ

”സോ, ദിസീസ്‌ യുവർ ഫാമിലി? മിസ്സിസ്‌ ആന്റ്‌ സൺസ്‌? യുവർ മിസ്സിസ്‌ ഈസ്‌ സോ ക്യൂട്ട്‌! മിസ്സിസ്‌ മോറിസണും ക്യൂട്ടായിരുന്നു, കേട്ടോ! ഇത്‌ മി. നായരുടെ എത്രാമത്തെ ഭാര്യയാണ്‌?“

ഞാൻ ബിനോയിയെ നോക്കി.

”ഇത്‌ സാറിന്റെ ഏക ഭാര്യയാണ്‌!“

ബിനോയ്‌ നീരസത്തോടെയാണ്‌ പറഞ്ഞത്‌.

”അതെയോ? മിസ്സിയുടെ എത്രാമത്തെ ഭർത്താവാണ്‌ മി.നായർ? കുട്ടികൾ രണ്ടും മി.നായരുടേതാണോ?… അതോ?..“

ഫെമിനിസ്‌ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു.

”ലുക്ക്‌, ഫെമിനിസ്‌! ഞങ്ങൾ ഇന്ത്യക്കാർ സാധാരണയായി ഒരിക്കൽ മാത്രമേ കല്ല്യാണം കഴിക്കാറുളളൂ. ഒരു ഭർത്താവിൽ മാത്രമേ കുട്ടികളും ഉണ്ടാകാറുളളൂ.“

ബിനോയിക്ക്‌ ദേഷ്യം വരുന്നത്‌ ഞാൻ ശ്രദ്ധിച്ചു.

”മിസ്‌റ്റർ നായരുടെ വിവാഹം കഴിഞ്ഞിട്ട്‌ എത്ര വർഷമായിക്കാണും?“

ഫെമിനിസിന്റെ ജിജ്ഞാസ അടങ്ങുന്നില്ല.

”പത്തിരുപത്തഞ്ചു വർഷമായിക്കാണും.“ ഞാനാണ്‌ ഉത്തരം പറഞ്ഞത്‌.

”മൈ ഗോഡ്‌! ഇരുപത്തഞ്ചുവർഷം ഒറ്റസ്‌ത്രീയോടൊപ്പം ജീവിക്കുക! എനിക്ക്‌ വിശ്വസിക്കാനാകുന്നില്ല. യു ഇൻഡ്യൻസ്‌ ആർ റിയലി ക്രേസി!“

ഫോട്ടോ തിരികെ വെച്ചുകൊണ്ട്‌ ഫെമിനിസ്‌ വീണ്ടും സെറ്റിയിൽ വന്നിരുന്നു.

”ഫെമിനിസ്‌, കാര്യത്തിലേക്കു കടക്കൂ. എന്തു ശമ്പളം പ്രതീക്ഷിക്കുന്നു? എന്തൊക്കെയാണ്‌ ടേംസ്‌?“

ബിനോയ്‌ ചോദിച്ചു.

”വെൽ! മിസ്സിസ്‌ മോറിസൺ തന്നിരുന്നത്‌ മാസം മൂവായിരം ഷില്ലിംഗായിരുന്നു. ഞാൻ അഞ്ഞൂറ്‌ ഷില്ലിംഗ്‌ കൂടുതൽ ചോദിക്കുന്നു. കുക്കിംഗ്‌ ഒൺലി! ക്ലീനിംഗിനും മറ്റും വേറെ ആളെ വെച്ചുകൊളളണം. പിന്നെ, നോൺവെജ്‌ ഐറ്റംസ്‌ മാത്രമേ ഞാൻ കുക്കു ചെയ്യൂ. ഗെറ്റ്‌ റ്റുഗദർ പാർട്ടിയോ മറ്റോ ഉണ്ടെങ്കിൽ പ്രത്യേകം ചാർജ്‌ ചെയ്യും. എട്ടുമുതൽ പന്ത്രണ്ട്‌ വരെയായിരിക്കും എന്റെ നോർമൽ ഡ്യൂട്ടി ടൈം. ആഫ്‌ടർ നൂൺ ഷിഫ്‌ടിൽ ഞാൻ കാർണിവോർ ബാറിൽ ജോലി ചെയ്യുന്നുണ്ട്‌. പോവാതെ പറ്റില്ല. കുക്ക്‌ഡ്‌ ഐറ്റംസ്‌ ഫ്രിഡ്‌ജിൽ വെച്ചിട്ട്‌ ലഞ്ചും കഴിഞ്ഞാൽ ഞാൻ സ്ഥലം വിടും. പിന്നെ, ക്രിസ്‌തുമസിനും ഈസ്‌റ്ററിനും എന്റെ ബെർത്ത്‌ ഡേയ്‌ക്കും മിസ്‌റ്റർ നായർ ഗിഫ്‌റ്റ്‌ തരേണ്ടിവരും. മറ്റൊരു കാര്യം. ആഴ്‌ചയിലൊരിക്കൽ, അതായത്‌ എവരി സാറ്റർഡേ ആഫ്‌ടർ നൂൺ, എന്റെ ബോയ്‌ഫ്രണ്ട്‌ ചാൾസ്‌ മൊംബാസയിൽ നിന്നു വരും. അന്ന്‌ ബാറിൽ എനിക്ക്‌ ഓഫ്‌ ഡേ ആണ്‌. അയാൾക്ക്‌ ലഞ്ച്‌ ഇവിടെ ആയിരിക്കും. കൂടാതെ അന്ന്‌ മി. നായരുടെ ഗസ്‌റ്റ്‌ റൂം ഞങ്ങൾ ഉപയോഗിക്കും. ദാറ്റീസ്‌ ആൾ!“

ഫെമിനിസ്‌ ഒറ്റശ്വാസത്തിൽ ടേംസ്‌ പറഞ്ഞുനിർത്തി.

വയൽവരമ്പിലൂടെയും ഇടവഴികളിലൂടെയും നടന്നെത്തി അതിരാവിലെ മുറ്റമടിക്കൽ തുടങ്ങി സന്ധ്യവരെ അടുക്കളയിലും പുറത്തുമുളള ജോലി മുഴുവൻ ചെയ്‌ത്‌, നാട്ടുവിശേഷം മുഴുവൻ പറഞ്ഞുതീർത്ത്‌ ഒരമ്മയുടെ സ്‌നേഹവാത്സല്യങ്ങളോടെ എന്റെ മക്കളുടെ ശാഠ്യം മുഴുവൻ സഹിച്ച്‌ കഴിഞ്ഞ കുറെ വർഷങ്ങളായി ഞങ്ങളോടൊപ്പം കഴിയുന്ന ജാനകിയമ്മ എന്ന ’ഹൗസ്‌ മെയ്‌ഡിനെ‘ ഞാനോർത്തുപോയി. അവരുടെ അച്‌ഛനില്ലാത്ത രണ്ടു പെൺമക്കളുടെ വിവാഹം ഞങ്ങൾ നടത്തിക്കൊടുത്തു. വികലാംഗനായ മകനു ജോലി വാങ്ങിക്കൊടുത്തു. കെനിയയിലേക്ക്‌ എന്നോടൊപ്പം വരാൻ തയ്യാറെടുക്കുന്ന എന്റെ ഭാര്യയുടെ ഏറ്റവും വലിയ ദുഃഖം സ്വന്തം അമ്മയെ പിരിയുന്നതിലല്ല, ജാനകിയമ്മയെ പിരിയുന്നതിലാണ്‌.

”സമ്മതിച്ചേക്കാം സാറെ! ഇവൾക്ക്‌ ബാറിൽ ജോലിയുളളതുകൊണ്ടാ റേറ്റ്‌ ഇത്രയും കുറഞ്ഞത്‌. അയ്യായിരം ഷില്ലിംഗിൽ കുറഞ്ഞ്‌ ആളെ കിട്ടാൻ പ്രയാസമാ!“ ബിനോയ്‌ പറഞ്ഞു.

ഞാൻ തലയാട്ടി.

”ഓക്കേ, ഫെമിനിസ്‌! വി എഗ്രീ! എനിതിംഗ്‌ എൽസ്‌?“ ബിനോയ്‌ ചോദിച്ചു.

”യെസ്‌. ഒരു കാര്യം പറയാൻ വിട്ടുപോയി. മറ്റൊന്നുമല്ല. മിസ്സി വരുന്നതുവരെ മി.നായർക്ക്‌ എന്റെ ’ബെഡ്‌റൂം സർവ്വീസ്‌‘ ആവശ്യമുണ്ടെങ്കിൽ മണിക്കൂറിന്‌ അഞ്ഞൂറ്‌ ഷില്ലിംഗ്‌ വെച്ചു തരേണ്ടിവരും. ഒരു നൈറ്റിനാണെങ്കിൽ ആയിരത്തി അഞ്ഞൂറ്‌ ഷില്ലിംഗ്‌! ഒരു ദിവസം നേരത്തെ അറിയിക്കയും വേണം. അറിയാമല്ലോ! എനിക്ക്‌ ബാറിൽ ആഫ്‌ടർനൂൺ ഷിഫ്‌റ്റുളളതാ!“

Generated from archived content: keniyan2.html Author: babu_g_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous article‘ജാംബോ!’
Next articleകേരളത്തിന്റെ തനതു ടൂറിസം
പന്തളം തട്ടയിൽ പരേതനായ ജി.കൃഷ്‌ണപിളളയുടെയും ഭാർഗ്ഗവിയമ്മയുടെയും മകൻ. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നിന്നും കൃഷിശാസ്‌ത്രത്തിൽ ബിരുദവും കൊച്ചി യൂണിവേഴ്‌സിറ്റിയിൽനിന്നും എം.ബി.എ ബിരുദവും നേടി. ഗജകേസരിയോഗം, മലപ്പുറം ഹാജി മഹാനായ ജോജി, ദില്ലീവാലാ രാജകുമാരൻ എന്നീ ചലച്ചിത്രങ്ങൾക്കു കഥയും ഒളിമ്പ്യൻ അന്തോണി ആദം എന്ന ചലച്ചിത്രത്തിന്‌ കഥയും തിരക്കഥയും രചിച്ചു. നിരവധി ടെലിഫിലിമുകൾക്കും സീരിയലുകൾക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ പേയാട്‌ ‘രാധേയ’ത്തിൽ താമസിക്കുന്നു. Address: Phone: 9446435975 രാധേയം, പിറയിൽ, പേയാട്‌, തിരുവനന്തപുരം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here