ഓപ്പറേഷൻ ‘മേബിൾ’

കൃഷ്‌ണ കൃഷ്‌ണാ മുകുന്ദാ ജനാർദ്ദനാ…

കൃഷ്‌ണഗോവിന്ദ നാരായണാ നമോ……….

ഉച്ചത്തിലുള്ള നാമജപം കേട്ടുകൊണ്ടാണ്‌ ഞാനും മണിയും രാംകോകോർട്ടിലുള്ള അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിലേക്കുള്ള പടികൾ കയറിച്ചെന്നത്‌. അഞ്ചുതിരിയിട്ടു കത്തിച്ച നിലവിളക്കിനു മുന്നിൽ ഭസ്‌മക്കുറിയിട്ട്‌ ചമ്രം പടിഞ്ഞിരുന്ന്‌ കണ്ണടച്ചു കൈകൂപ്പി നാമം ചൊല്ലുന്ന മിനിയെക്കണ്ടാൽ നാട്ടിൻപുറത്തെ ഒരു പത്താം ക്ലാസുകാരിയൊണെന്നേ പറയൂ. കണ്ണൻ എന്ന കുമാറിന്റെ നവവധു! കല്ല്യാണം കഴിഞ്ഞിട്ട്‌ ഒരു മാസമേ ആയുള്ളു. കഴിഞ്ഞയാഴ്‌ചയാണ്‌ പുതുപ്പെണ്ണ്‌ നെയ്‌റോബിയിലെത്തിയത്‌.

“വാതിൽ തുറന്നിട്ടുകൊണ്ടാണോ നാമജപം? ഇതു ചേന്ദമംഗലമല്ല, നൈറോബിയാ. ഓർമ്മവേണം? ഞാൻ പറഞ്ഞു.

”നിയ്‌ക്ക്‌ പേടി ഒന്നൂല്ല്യ. സന്ധ്യത്തിരിവെയ്‌ക്കുമ്പോ മുൻവാതിൽ തുറന്നിടണംമന്നാ. ല്യാച്ചാൽ ലക്ഷ്‌മി കയറി വരില്ല്യ.“

മിനി ഞങ്ങളെക്കണ്ട്‌ തപ്പിപ്പിടഞ്ഞെഴുന്നേറ്റു.

”നെയ്‌റോബിയിൽ ലക്ഷ്‌മിക്കു പകരം നരകാസുരനായിരിക്കും കടന്നു വരിക“. കുട്ടിയ്‌ക്ക്‌ അറിയാഞ്ഞിട്ടാ”. ഞാനോർമ്മിപ്പിച്ചു.

“ഏയ്‌, അങ്ങനെയൊന്നും ഉണ്ടാവില്ല്യ. ഇവിടം വളരെ സേയ്‌ഫാണെന്നാ കണ്ണേട്ടൻ പറഞ്ഞത്‌.” മിനിതറപ്പിച്ചുപറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ കണ്ണൻ വന്നു. ഫോഡ്‌ മോട്ടോഴ്‌സിന്റെ നൈറോബി ഓഫീസിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവാണ്‌ കണ്ണൻ.

“പേടിപ്പിയ്‌ക്കേണ്ടെന്നു കരുതി ഇവിടുത്തെ യഥാർത്ഥസ്‌ഥിതി മിനിയോടു പറഞ്ഞിട്ടില്ല. വളരെ സേയ്‌ഫാണെന്നാ പറഞ്ഞിരിയ്‌ക്കുന്നത്‌.”.

മിനികേൾക്കാതെയാണ്‌ കണ്ണൻ പറഞ്ഞത്‌.

മടങ്ങിപ്പോരുമ്പോൾ മണി പറഞ്ഞു.

“എന്തു നല്ല കുട്ടിയാ മിനി. അച്‌ഛന്റെയും അമ്മയുടെയും ഒറ്റമോളാ. വാ തോരാതെ വർത്തമാനമായിരുന്നു. വീട്ടുവിശേഷങ്ങള്‌. അറിയാമോ, കലാതിലകമായിരുന്നത്രേ ആ കുട്ടി. സിനിമയിൽ അഭിനയിക്കാൻ ഓഫറൊക്കെ വന്നതാ. അച്‌ഛൻ വിട്ടില്ല. അടുത്ത ഞായറാഴ്‌ച ഞാൻ ലഞ്ചിന്‌ ക്ഷണിച്ചിട്ടുണ്ട്‌. കുട്ടിയ്‌ക്ക്‌ പാചകമൊന്നുമറിയില്ല. എല്ലാം പഠിപ്പിച്ചുകൊടുക്കാമെന്ന്‌ ഞാൻ ഏറ്റിരിക്ക്യാ..”

പിന്നീട്‌ ഞങ്ങൾ അടുത്തസുഹൃത്തുക്കളായി മാറി. എല്ലാ ഞായറാഴ്‌ചയും രാവിലെ കണ്ണനും മിനിയും എത്തും. ഞാനും കണ്ണനും റമ്മിയുമായി ഡ്രായിംഗ്‌റൂമിൽ കൂടുമ്പോൾ മണിയും മിനിയും അടുക്കളയിൽ പാചകപരീക്ഷണങ്ങളുമായി തിരക്കിലായിരിക്കും. വെജിറ്റബിൾ പുലാവ്‌, മട്ടൺ ബിരിയാണി, ഫിഷ്‌മോളി, ബ്ലാക്ക്‌ പുഡ്‌ഡിംഗ്‌, മത്തങ്ങാപായസം;…. എന്നുവേണ്ട, നാടനും വിദേശിയുമായ എല്ലാ ഐറ്റംസും പരീക്ഷിയ്‌ക്കപ്പെട്ടു. ചാനലുകളിലെ കുക്കറിഷോകളാണ്‌ മുഖ്യചർച്ചാവിഷയം.

അങ്ങനെയിരിക്കെ ഒരു ഞായറാഴ്‌ച കണ്ണനും മിനിയും വന്നില്ല. മണി മിനിയെ ഫോണിൽ വിളിച്ചു. റിംഗ്‌ ചെയ്യുന്നുണ്ട്‌, പക്ഷേ എടുക്കുന്നില്ല.

മണിയ്‌ക്ക്‌ പരിഭ്രാന്തിയായി. “ എന്തോ കുഴപ്പമുണ്ട്‌. തക്കകാരണമെന്തെങ്കിലും ഇല്ലതെ അവർ വരാതിരിയ്‌ക്കില്ല. കണ്ണനെ മൊബൈലിൽ ഒന്നു വളിച്ചേ…..”

മണി തിരക്കുകൂട്ടി.

ഞാൻ കണ്ണനെ വിളിച്ചു.

“ഒരു ചെറിയ പ്രശ്‌നമുണ്ടായി. മിനി അതിന്റെ ഷോക്കിലാ. അതാ ഫോൺ എടുക്കാത്തത്‌. ഞാനിപ്പോ മുത്തൈഗാ പോലീസ്‌ സ്‌റ്റേഷനിൽ നില്‌ക്കുകയാ. ഒരു കംപ്ലെയിന്റ്‌ ഫയൽ ചെയ്യാൻ. സാറും ചേച്ചിയും കൂടെ രാംകോ കോർട്ടിലക്കു വരൂ. വൈകുന്നേരം എല്ലാം വിശദമായി പറയാം.”

ഞങ്ങൾ വൈകുന്നേരം രാംകോ കോർട്ടിലെത്തി. ഞങ്ങളെകണ്ടതും മിനി മണിയെകെട്ടിപ്പിടിച്ച്‌ ഏങ്ങിക്കരയാൻ തുടങ്ങി.

“ഞാൻ നാട്ടിലേക്കു പൂവ്വാചേച്ചി. നിക്കു പേടിയാ. കണ്ണേട്ടൻ പറഞ്ഞതു കളവാ. ഇവിടം ഒട്ടും സേയ്‌ഫല്ല. ഞാൻ പൂവ്വാ. ഇവിടത്തെ ജോലി മതിയാക്കി നാട്ടിലേക്കു പോരാൻ പറഞ്ഞിട്ട്‌ കണ്ണേട്ടൻ കൂട്ടാക്കുന്നില്ല…. സാറൊന്നു പറയ്യ്യോ? പ്ലീസ്‌…….”

മിനിയ്‌ക്ക്‌ കരച്ചിലടക്കാൻ കഴിയുന്നില്ല.

“അങ്ങനെ പേടിയ്‌ക്കാനൊന്നുമില്ല. പത്തറുപത്തഞ്ചുകൊല്ലമായി ഇവിടെ കഴിയുന്നവരൊക്കെ ഉണ്ടല്ലൊ. എല്ലാനാട്ടിലും ഇതൊക്കെ ഇപ്പോ പതിവുള്ളതല്ലേ. എന്താ ഉണ്ടായത്‌, വല്ല ഹൗസ്‌ ബ്രേക്കിംഗ്‌ അറ്റംപ്‌റ്റും……..?

”അറ്റംപ്‌റ്റൊന്നുമല്ല. ശരിയ്‌ക്കും പ്ലാൻഡ്‌ റോബറിയാ നടന്നത്‌. ഞങ്ങളെ അവൾ ചതിച്ചതാ… ആ യൂനിസ്‌…“ മിനി പറയാൻ തുടങ്ങി.

”അവൾ വളരെ വിശ്വസ്‌തയാണെന്നല്ലേ മിനി പറഞ്ഞത്‌?“

”എന്നാണ്‌ കണ്ണേട്ടൻ എന്നോട്‌ പറഞ്ഞിരുന്നത്‌. കല്ല്യാണത്തിന്‌ മുമ്പ്‌ കഴിഞ്ഞ മൂന്നുവർഷമായി ഈ ഫ്ലാറ്റിലെ മെയ്‌ഡായിരുന്നു യൂനിസ്‌. കണ്ണേട്ടൻ വീടിന്റെ താക്കോൽ വരെ അവളെ ഏല്‌പിച്ചിട്ടാ ഓഫീസിൽ പോയിരുന്നത്‌. വീട്‌ അടിച്ചു തുടച്ചു വെടിപ്പാക്കുക, വസ്‌ത്രങ്ങൾ ഇസ്‌തിരിയിട്ട്‌ വെയ്‌ക്കുക, ആഹാരം പാകം ചെയ്യുക തുടങ്ങി എല്ലാം അവൾ ഭംഗിയായി ചെയ്യുമായിരുന്നു. ഇവിടുത്തെ പണികൂടാതെ വേറെയും രണ്ട്‌ ഫ്ലാറ്റുകളിലെ മെയ്‌ഡായി അവൾ പണിചെയ്‌തിരുന്നു. എല്ലാവർക്കും അവളെക്കുറിച്ച്‌ നല്ലതേ പറയാനുണ്ടായിരുന്നുള്ളു…. എന്നിട്ടാണിപ്പോൾ…..“

മിനി വീണ്ടും കരയാൻ തുടങ്ങി.

മണി മിനിയെ തോളിൽതട്ടി സമാധാനിപ്പിച്ചു. ”നടന്നതെന്തായാലും നടന്നു. ഇനി കരഞ്ഞിട്ടെന്താകുട്ടി……? യൂനിസ്‌ എന്തു ചതിയാ ചെയ്‌തത്‌?“

”പറയാം. മുകളിലത്തെ ഫ്ലാറ്റിലെ മേബിൾ മുത്തശ്ശിയെപറ്റി ഞാൻ ചേച്ചിയോടു പറഞ്ഞിട്ടില്ലേ? ഗോവാക്കാരി. നെയ്‌റോബി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്നു. പത്തെൺപതു വയസ്സായിക്കാണും. നടക്കാനൊക്കെ വലിയ ബുദ്ധിമുട്ടാ. മകനും ഭാര്യയും രാവിലെ ജോലിയ്‌ക്കു പോകും. കുട്ടികൾ സ്‌കൂളിലും പിന്നെ പകലെല്ലാം മുത്തശ്ശി തനിച്ചാ. മുത്തശ്ശയ്‌ക്ക്‌ പുസ്‌തകം വായിച്ചുകൊടുക്കാനും ഭക്ഷണം എടുത്തുകൊടുക്കാനും മറ്റു ഫ്ലാറ്റുകളിലുള്ള എല്ലാവരും മുത്തശ്ശിയുടെ അടുത്തുപോയി സഹായിക്കും. മുത്തശ്ശിയ്‌ക്ക്‌ എല്ലാവരോടും വലിയ സ്‌നേഹമാ. ഞങ്ങൾക്കെല്ലാം അങ്ങോട്ടും അങ്ങനെതന്നെ. ഒരു ദിവസം യൂനിസ്‌ കരഞ്ഞുകൊണ്ട്‌ മേബിൾ മുത്തശ്ശിയുടെ ഫ്ലാറ്റിൽ നിന്നും ഫോണിൽ എന്നെ വിളിച്ചു. “മാം! സി- വണ്ണിലെ മേബിൾ മുത്തശ്ശി മരിച്ചുപോയി. ദാ, ഒരു മണിക്കൂറേ ആയിട്ടുള്ളു. ആശുപത്രിയിലേക്ക്‌ ബോഡി മാറ്റുവാൻ ആംബുലൻസ്‌ പുറത്തുകാത്തുകിടക്കുന്നു. ക്രിമേഷൻ നാളെയേ ഉള്ളു.”

ഓടിച്ചെന്ന്‌ താഴേയ്‌ക്കുനോക്കി. ശരിയാണ്‌. ആംബുലൻസ്‌ പോർച്ചിൽ കിടപ്പുണ്ട്‌. പിന്നൊന്നും ആലോചിച്ചില്ല. വാതിൽ പൂട്ടാൻ പോലും മെനക്കെടാതെ മിനി പുറത്തേക്ക്‌ ഓടി.

ഓടിക്കിതച്ച്‌ മേബിൾ മുത്തശ്ശിയുടെ ഫ്ലാറ്റിന്റെ വാതിൽ തള്ളിത്തുറന്ന്‌ മിനി അകത്തേക്ക്‌ കയറി. യൂനിസ്‌ മറ്റാരെയോ ഫോൺ ചെയ്‌തുകൊണ്ടുനില്‌ക്കുന്നു. പാവം! സങ്കടം അടക്കാനാവാതെ അവൾ കരയുന്നുണ്ട്‌.

“എവിടെ? എവിടെയാ ബോഡി കിടത്തിയിരിക്കുന്നത്‌?”

യൂനിസ്‌ ബെഡ്‌റൂമിലേക്ക്‌ ചൂണ്ടിക്കാണിച്ചു, മിനി അവിടേയ്‌ക്ക്‌ ഓടിച്ചെന്നു.

“മൈഗോഡ്‌!”

ആ കാഴ്‌ചകണ്ട്‌ മിനി ഞെട്ടി. ബെഡ്‌റൂമിന്റെ മൂലയ്‌ക്കലുള്ള റോക്കിംഗ്‌ ചെയറിൽ പ്ലാസ്‌റ്റിക്‌ കയറുകൊണ്ട്‌ തലങ്ങും വിലങ്ങും വരിഞ്ഞുകെട്ടിയ നിലയിൽ അനങ്ങാനാവാതെ ഇരിയ്‌ക്കുന്ന മുത്തശ്ശി. വീതിയുള്ള പ്ലാസ്‌റ്റർ സ്‌ട്രിപ്പുകൊണ്ട്‌ വായ ഒട്ടിച്ചിരിക്കുന്നു.

‘മുത്തശ്ശി’! മിനി അറിയാതെ വിളിച്ചുപോയി. മൃത്യുഭയം തളംകെട്ടിനിന്ന മുത്തശ്ശിയുടെ ചാരനിറം ബാധിച്ചതുടങ്ങിയ കണ്ണുകൾ ചലിച്ചു. ഒന്നും പറയാനാവാതെ…..

ഒരു നിമിഷം! കരുത്തുറ്റ രണ്ടുകൈകൾ പിന്നിൽ നിന്നും മിനിയുടെ വായപൊത്തിപ്പിടിച്ച്‌ പ്ലാസ്‌റ്റർ ഒട്ടിച്ചു. കൈകൾ പിന്നിൽ ചേർത്തുകെട്ടി. മറ്റൊരുതടിമാടൻ അവളുടെ നെറ്റിയിൽ റിവോൾവർ ചേർത്തുവെച്ചുകൊണ്ട്‌ അലറി.

“നടക്ക്‌!”

കർട്ടനെല്ലാം വലിച്ചിട്ട്‌ വെളിച്ചം മങ്ങിയ അകത്തെ മുറിയിലേക്ക്‌ അവളെ അയാൾ തള്ളിക്കയറ്റിയിട്ട്‌ വാതിൽ വലിച്ചടച്ചു. മുറിയിൽ മറ്റു നാലഞ്ച്‌ ആളുകൾ കൂടെയുണ്ടെന്ന്‌ ക്രമേണ അരണ്ട വെളിച്ചത്തിൽ മിനി തിരിച്ചറിയാൻ തുടങ്ങി…….. എല്ലാം മറ്റു ഫ്ലാറ്റുകളിലെ വീട്ടമ്മമാർ. സി-ടുവിലെ മിസ്സിസ്‌. ചൗധരി, ഡി-ത്രിയിലെ ജെസ്സി, സി-ഫോറിലെ നീലു അഗർവാൾ…… ഈ ഫോറിലെ മോറിൻ….

എല്ലാവരുടെയും വായ്‌ പ്ലാസ്‌റ്റർ ഒട്ടിച്ച്‌ സീൽ ചെയ്‌തിരിക്കുന്നു. കൈകൾ പിന്നിൽ ചേർത്ത്‌ കെട്ടിവെച്ചിരിക്കുന്നു….. പരസ്‌പരം നോക്കി കണ്ണുകൾകൊണ്ടു മാത്രമേ സംസാരിക്കാനാകുന്നുള്ളു.

എത്രതേരം അങ്ങനെ ഇരുന്നെന്നറിഞ്ഞുകൂടാ. രണ്ടുമണിക്കൂറോ അതോ മൂന്നുമണിക്കൂറോ? അവസാനം കതക്‌തള്ളിത്തുറന്ന്‌ അവനെത്തി. ഓരോരുത്തരുടേയും കൈകളിലെ കെട്ടഴിച്ച്‌ പ്ലാസ്‌റ്റർ നീക്കിക്കൊണ്ട്‌ അവൻ പറഞ്ഞു.

“ഓക്കേ! നൗ യു ആർഫ്രീ! നിങ്ങൾക്ക്‌ ഇനി സ്വന്തം ഫ്ലാറ്റുകളിലേക്ക്‌ പോകാം. അവിടെ നിന്നും ഞങ്ങൾക്ക്‌ വേണ്ടതെല്ലാം ഞങ്ങൾ എടുത്തിട്ടുണ്ട്‌. ടി.വി. ഫ്രിഡ്‌ജ്‌, ഓർണമെന്റ്‌സ്‌….. ആംബുലൻസിൽ കൊള്ളാവുന്നിടത്തോളം…..

ഓർത്തോളു! പോലീസിൽ പരാതിപ്പെടാനൊന്നും മെനക്കെടണ്ട. അതുകൊണ്ട്‌ പ്രയോജനമൊന്നുമില്ലെന്നു മാത്രമല്ല, പിന്നീട്‌ കൂടുതൽ പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യും. എനിവേ! താങ്ക്‌യു ഫോർ യുവർ കോ-ഓപ്പറേഷൻ…..ബായ്‌!”

പുറത്തു നിർത്തിയിട്ടിയിരുന്ന ആംബുലൻസിൽ അയാൾ ചാടിക്കയറിയതും സ്‌റ്റാർട്ടാക്കിയിട്ടിരുന്ന വണ്ടി ഇരച്ചു പാഞ്ഞു പോയി.

ഞങ്ങൾ പുറത്തിറങ്ങി. മേബിൾ മുത്തശ്ശി റോക്കിംഗ്‌ ചെയറിൽ തളർന്നിരിക്കുന്നു. അവർ വല്ലാതെ വിറയ്‌ക്കുന്നുണ്ട്‌. ഞങ്ങളെ കണ്ടതും തളർന്നു ദുർബ്ബലമായ സ്വരത്തിൽ പിറുപിറുത്തു.

“ജീസസ്‌! നിങ്ങൾ ഭാഗ്യവതികളാണ്‌ കുട്ടികളെ അവർ നിങ്ങളെ ഷൂട്ടുചെയ്‌തില്ലല്ലോ! യൂനിസിനു നന്ദി. അവൾ തടഞ്ഞില്ലായിരുന്നെങ്കിൽ അവളുടെ ഭർത്താവ്‌ എന്നെയും നിങ്ങളെയും ഷൂട്ടുചെയ്‌തേനെ കുറച്ച്‌ വെള്ളം തരു കുട്ടികളേ……”

മിനി ഓടി അകത്തുചെന്ന്‌ വെള്ളം കൊണ്ടു വന്ന്‌ ഗ്ലാസ്‌ മുത്തശ്ശിയുടെ ചുണ്ടോടടുപ്പിച്ചു. പക്ഷേ കുടിയ്‌ക്കും മുമ്പുതന്നെ മേബിൾ മുത്തശ്ശിയുടെ തല ചരിഞ്ഞു. കണ്ണുകളടഞ്ഞു. മുത്തശ്ശി മരിച്ചു.

ഫ്ലാറ്റിൽ എത്തിയപ്പോഴാണ്‌ മിനിക്കു മനസ്സിലായത്‌. എല്ലാം പോയിരിക്കുന്നു. ടിവി, ഫ്രിഡ്‌ജ്‌, ഡിവിഡി, കംപ്യൂട്ടർ….. അതൊന്നും സാരമില്ലായിരുന്നു. കല്ല​‍്യാണത്തിന്‌ മുത്തശ്ശി സമ്മാനിച്ച, തലമുറകളായി കൈമാറിവന്ന പത്തുപവന്റെ നാഗപടത്താലി, രാമായണം കൊത്തിയവള…. മറ്റ്‌ ആഭരണങ്ങൾ ഇവ വെച്ചിരുന്ന നെട്ടൂർ പെട്ടിയോടൊപ്പം കൊണ്ടുപോയിരിക്കുന്നു.! ഒക്കെ പോട്ടെന്നുവെയ്‌ക്കാം. പക്ഷേ മേബിൾ മുത്തശ്ശി ആ സംഭവത്തിന്റെ ഷോക്കുകൊണ്ടാമുത്തശ്ശിമരിച്ചത്‌. ഞാൻ നീട്ടിയ വെള്ളം പോലും ഇറക്കാനാവാതെ ….. മിനി പൊട്ടിക്കരഞ്ഞു.

Generated from archived content: keniyan16.html Author: babu_g_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രതിയെ കണ്ടാലറിയാമോ?
Next articleനാമച്ചോമ
പന്തളം തട്ടയിൽ പരേതനായ ജി.കൃഷ്‌ണപിളളയുടെയും ഭാർഗ്ഗവിയമ്മയുടെയും മകൻ. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നിന്നും കൃഷിശാസ്‌ത്രത്തിൽ ബിരുദവും കൊച്ചി യൂണിവേഴ്‌സിറ്റിയിൽനിന്നും എം.ബി.എ ബിരുദവും നേടി. ഗജകേസരിയോഗം, മലപ്പുറം ഹാജി മഹാനായ ജോജി, ദില്ലീവാലാ രാജകുമാരൻ എന്നീ ചലച്ചിത്രങ്ങൾക്കു കഥയും ഒളിമ്പ്യൻ അന്തോണി ആദം എന്ന ചലച്ചിത്രത്തിന്‌ കഥയും തിരക്കഥയും രചിച്ചു. നിരവധി ടെലിഫിലിമുകൾക്കും സീരിയലുകൾക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ പേയാട്‌ ‘രാധേയ’ത്തിൽ താമസിക്കുന്നു. Address: Phone: 9446435975 രാധേയം, പിറയിൽ, പേയാട്‌, തിരുവനന്തപുരം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here