മാഞ്ചസ്‌റ്ററിൽ നടന്ന പ്രദർശന – വില്‌പനമേളയിൽ പങ്കെടുത്ത് പ്രവർത്തക്ഷമത ബോദ്ധ്യപ്പെട്ടതിനുശേഷമാണ് ഞങ്ങളുടെ കൺസൾട്ടന്റ് എഞ്ചിനീയർ ഹെന്റി ഹഡ്‌സൽ “ ഹൈഡൺ ബർഗ്” ഫൈവ് കളർ പ്രിന്റിംഗ് മെഷീൻ വാങ്ങാൻ ശുപാർശ ചെയ്‌ത്. ബാങ്ക് ചെക്കുകളിൽ വ്യാപകമായി നടത്തുന്ന കൃത്രിമങ്ങൾ കാരണം, അവയെ ചെറുക്കാൻ രൂപകല്‌പനയിലും അച്ചടിയിലും അങ്ങേയറ്റത്തെ സങ്കീർണ്ണമായ സുരക്ഷാഘടകങ്ങളാണ് (Security features) ചെക്കുകളുടെ അച്ചടിയിൽ ബാങ്കുകൾ നിഷ്‌കർഷിക്കുന്നത്. ബാങ്ക് ചെക്കുകളുടേയും മറ്റു ധനകാര്യ ഉപകരണങ്ങളുടേയും അച്ചടിയിൽ കെനിയയിൽ ഏറ്റവും മുമ്പന്തിയിൽ നില്‌ക്കുന്ന ഞങ്ങളുടെ കമ്പനിയ്‌ക്ക് ഇക്കാര്യത്തിൽ പരമമായ അവധാനത പുലർത്തേണ്ട ബാദ്ധ്യത ഉള്ളതുകൊണ്ടാണ് അഞ്ചുമില്യൺ ഡോളർ വിലവരുന്ന പ്രിന്റിംഗ് മെഷീൻ വാങ്ങാൻ തീരുമാനിച്ചത്. ഫാക്‌ടറി മാനേജർ കാന്തിലാലും ചീഫ്‌മെക്കാനിക്ക് മുസ്‌തഫാഖാനും മാഞ്ചസ്‌റ്ററിൽ ചെന്നുകണ്ട് മെഷീൻ പ്രവർത്തിപ്പിച്ച് ബോദ്ധ്യപ്പെട്ട ശേഷമാണ് ഷിപ്‌മെന്റിനുള്ള എർപ്പാടുകൾ പൂർത്തികരിച്ചത്.
മെഷീനറിയുടെ ഇറക്‌ഷൻ പൂർത്തിയായപ്പോഴാണ് ഒരു പ്രശ്‌നം പൊന്തിവന്നത്. അഞ്ചുവർണ്ണങ്ങളിലുള്ള സുരക്ഷാഘടകങ്ങൾ അതിസൂക്ഷമമായി സമഞ്ജസിപ്പിച്ച് രൂപകല്‌പന ചെയ്യുന്ന ചെക്കുകൾ അച്ചടിയ്‌ക്കുന്നതിനാവശ്യമായ വൈദഗ്‌ദ്ധ്യമുള്ള പ്രിന്റർമാരുടെ അഭാവം! നെയ്‌റോബിയിലും കിസുമുവിലുമുള്ള മുഴുവൻ സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സുകളിലും പരതിനോക്കി. നാലുകളറുകൾ വരെ പ്രിന്റുചെയ്യാൻ വൈദഗ്‌ദ്ധ്യമുള്ളവരെ കിട്ടാനുണ്ട്. എത്ര ശമ്പളം കൊടുക്കാനും മാനേജ്‌മെന്റ് തയ്യാറാണ്. പക്ഷേ ആളെ കിട്ടണ്ടേ? അവസാനം മൊംബാസപോർട്ടിലുള്ള ഞങ്ങളുടെ ഷിപ്പിംഗ് ഏജന്റ് ഡേവിഡ്‌സിന്റെ ഫോൺകാൾ വന്നു.
“ഒരാളുണ്ട്. അരുഷയിലെ ഒരു ബ്രിട്ടീഷ്‌കമ്പനിവക സെക്യൂരിറ്റി പ്രസ്സിൽ ജോലി ചെയ്യുന്ന ഒരു ഫിലിപ്പ് കിണൂത്തിയ. എക്‌സ്‌പർട്ട് പ്രിന്ററാണ്. പക്ഷേ, കനത്ത ശമ്പളം കൊടുക്കേണ്ടിവരും. മറ്റ് പെർക്‌സും.
”എത്ര ശമ്പളവും കൊടുക്കാം. അയാൾ എന്നെ വന്നു കാണാൻ പറയൂ“. ഞാൻ പറഞ്ഞു.
കിണൂത്തിയ വന്നു അയാളുടെ ഡിമാന്റുകൾ അപ്പാടെ അംഗീകരിക്കേണ്ടി വന്നു. ശമ്പളത്തിനു പുറമെ പ്രൊഡക്‌ഷൻ ബോണസ്, സൗജന്യ താമസസൗകര്യം, മാസനത്തിലൊരിക്കൽ അരുഷയിൽ പോയി വരാനുള്ള യാത്രപ്പടി…..
ജോലി തൃപ്‌തികരമല്ലെങ്കിൽ നോട്ടീസുകൂടാതെ പിരിച്ചുവിടാം. അയാൾക്കു സ്വയം പിരിഞ്ഞു പോകണമെങ്കിൽ ഒരു മാസത്തേ നോട്ടീസ് തരാനും തയ്യാർ. എഗ്രിമെന്റ് ഒപ്പിട്ട് കിണൂത്തിയ ജോലിയിൽ പ്രവേശിച്ചു.
ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ ചെയർമാന് റിപ്പോർട്ടു ചെയ്‌തു.
”ഫിലിപ്പ് കിണൂത്തിയ എന്ന പ്രിന്റർ നമ്മുടെ കമ്പനിയ്‌ക്ക് ഒരു മുതൽക്കൂട്ടാണ്. ചെക്ക് ഡിസൈനിംഗ്, പ്രിന്റിംഗിനു മുമ്പുള്ള ഫിലിം മേക്കിംഗ്, പ്രിന്റിംഗ്, എല്ലാം അയാൾ സ്വയം ഏറ്റെടുത്തു ചെയ്യുന്നു. കളർ മിക്‌സിംഗിൽ അയാളെ വെല്ലാൻ ആരുമില്ല. പ്രൊഡക്‌ഷൻ ടാർജറ്റ് ഇരുപത് ശതമാനത്തിലധികം കവിഞ്ഞിരിക്കുന്നു. ഇടപാട് ബാങ്കുകൾ സന്തുഷ്‌ടരാണ്. കിണൂത്തിയ പ്രോത്സാഹനം അർഹിക്കുന്നു.
ചെയർമാന്റെ പ്രതികരണം ഉടനടി വന്നു.
‘ഐ എഗ്രീ’, മി. കിണൂത്തിയക്ക് 100 ഡോളർ പ്രതിമാസ ശമ്പള വർദ്ധനവ് അനുവദിച്ചിരിക്കുന്നു.‘ അങ്ങനെ വന്ന ഉടൻ തന്നെ കിണൂത്തിയ ഞങ്ങളുടെ എല്ലാം സ്‌നേഹവും വിശ്വാസവും പിടിച്ചു പറ്റി.
അഞ്ചാറുമാസം കഴിഞ്ഞുകാണും, ഒരു ഞായറാഴ്‌ച രാവിലെ കിണൂത്തിയ എന്റെ ഫ്ലാറ്റിലെത്തി. കയ്യിൽ ഗിഫ്‌റ്റ് പേപ്പറിൽ പൊതിഞ്ഞ് ഒരു വലിയ ഫ്രെയിം.
’ഒരു ചെറിയ ഗിഫ്‌റ്റാണ്. മാഡത്തിനുള്ളത്. ഓയിൽ പെയിന്റിൽ ഞാൻ ചെയ്‌തതാണ്..
കിണൂത്തിയ വിനയാന്വതനായി പറഞ്ഞു. ഞാൻ മണിയെ വിളിച്ചു. “മി. കിണൂത്തിയ മണിയ്‌ക്ക് എന്തേ ഗിഫ്‌റ്റുകൊണ്ടു വന്നിരിയ്‌ക്കുന്നു.”.
മണി ഗിഫ്‌റ്റ് പേപ്പർ തുറന്നു. മനോഹരമായ ഒരു പോർട്രെയ്‌റ്റ് ! ഫൈവ് കളർ മെഷീനിന്റെ ഉത്‌ഘാടനച്ചടങ്ങിൽ ആരോ ഞാനറിയാതെ ക്യാമറയിൽപകർത്തിയ, ഔപചാരികതയില്ലാത്ത എന്റെ മുഖഭാവം എണ്ണച്ചായത്തിൽ പകർത്തിയിരിക്കുന്നു.!
പ്രാതൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ കിണൂത്തിയ സ്വന്തം കുടുംബകഥ പറഞ്ഞു.
രണ്ടു ഭാര്യമാരുണ്ട്. ജാനസും റെബേക്കയും. ജാനസ് മൊംബാസയിൽ സ്‌കൂൾ ടീച്ചറാണ്. റബേക്ക അരുഷയിൽ ട്രക്ക് ഡ്രൈവറും. രണ്ടു ഭാര്യമാരിലും കൂടി ആറുമക്കൾ. നാലു പെണ്ണും രണ്ടാണും. മൂത്തമകൾ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. ബാക്കി കുട്ടികളെല്ലാം സ്‌കൂളിൽ പഠിക്കുന്നു.
“എനിക്ക് ഇന്ത്യക്കാരെ വലിയ സ്‌നേഹവും ബഹുമാനവുമാണ്. മിസ്‌റ്റർ ഗ്യാൻഡിയുടെ നാടല്ലേ, ഇൻഡിയാ? പാവം ഗ്യാൻഡി! അദ്ദേഹത്തെ ഗ്യാങ്ങ്‌സ്‌റ്റർ ഷൂട്ടു ചെയ്യുകയായിരുന്നു, അല്ലേ”?
കിണൂത്തിയ ചോദിച്ചു.
“ഗ്യാങ്ങ്‌സ്‌റ്ററല്ല, ഒരു പൊളിറ്റിക്കൽ ഒപ്പോണന്റാണ് ഗാന്ധിയെ വെടിവെച്ചത്.
”ഓ, അങ്ങനെയോ? ഹൗ സാഡ്.“
കിണൂത്തിയ പിന്നീട് പല അവധി ദിവസങ്ങളിലും ഞങ്ങളുടെ ഫ്ലാറ്റിലെ പതിവു സന്ദർശകനായി. മണി ഉണ്ടാക്കുന്ന സാമ്പാറും പുളിശ്ശേരിയും ചോറും ഒക്കെ അയാൾ സ്വാദോടെ കഴിക്കാൻ തുടങ്ങി. ഒരു ദിവസം മണി ചോദിച്ചു.
‘മി. കിണൂത്തിയാ! ജാനസും റെബേക്കയും നേരിൽ കാണുമ്പോൾ എങ്ങനെയാ? സ്‌നേഹത്തിലാണോ, അതോ?…..
”അറിയില്ല മാഡം അവർ തമ്മിൽ നേർക്കുനേർ ഇതുവരെ കണ്ടിട്ടില്ല. ഞാനൊരു പരീക്ഷണത്തിനു മുതിർന്നിട്ടുമില്ല. പക്ഷേ ഒരു ദിവസം അവർക്കു നേർക്കുനേർ കാണേണ്ടിവരും എന്റെ ഫ്യൂണറലിന്!….. പക്ഷേ, അന്ന് അതെനിക്കൊരു പ്രശ്‌നമല്ലല്ലൊ…..’
കിണൂത്തിയ ഉറക്കെ ചിരിച്ചു..
കിണൂത്തിയയുടെ ജോലിയിലുള്ള ആത്മാർത്ഥതയും കഠിനാദ്ധ്വാനവും പരിഗണിച്ച് ഇതിനകം തന്നെ കമ്പനി അയാളെ മാസ്‌റ്റർ പ്രിന്റർ പദവിയിലേക്ക് ഉദ്യോഗക്കയറ്റം നൽകിയിരുന്നു. പ്രിന്റിംഗ് പ്രശ്‌നങ്ങൾ മാത്രമല്ല. ഏതെങ്കിലും പ്രസ്സിന് യന്ത്രത്തകരാറുകൾ എന്തെങ്കിലും സംഭവിച്ചാൽ കിണൂത്തിയ അവിടെ ഓടി എത്തും. ചീഫ് മെക്കാനിക്കിനു പരിഹരിക്കാനാവാത്ത യന്ത്രത്തകരാറുകൾ പോലും കിണൂത്തിയയുടെ സൂക്ഷമബുദ്ധി കണ്ടുപിടിച്ചു പരിഹരിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം ചീഫ് സെക്യൂരിറ്റി ഓഫീസർ ലഞ്ച് ഇന്റർവെല്ലിന് എന്റെ ക്യാബിനിലേക്ക് ഓടിക്കിതച്ചു വന്നു പറഞ്ഞു.
“സർ! മി. കിണൂത്തിയയെ ഡിക്‌റ്റകടീവ് പോലീസ് ഫാക്‌ടറി ഗേറ്റിനു പുറത്തുവെച്ച് അറസ്‌റ്റ് ചെയ്‌തിരിക്കുന്നു. അയാളെ കസ്‌റ്റഡിയിൽ കൊണ്ടുപോകാൻ അനുവാദത്തിനുവേണ്ടി അവർ കാത്തു നില്‌ക്കുന്നു.”
“എന്താ, എന്താണ് കാര്യം?”
വിശ്വസിക്കാനാവാതെ ഞാൻ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു.
“മോഷണം! ചെക്കു ഡിസൈൻ ചെയ്‌ത ഫിലിം, ഫാക്‌ടറി ഗേറ്റിനു പുറത്തുവെച്ച് ഒരു ഏജന്റിനു കൈമാറുമ്പോൾ തൊണ്ടിസഹിതം അറസ്‌റ്റ് ചെയ്യുകയായിരുന്നു. സാർ ഉടൻ വരണം. പോലീസ് ഓഫിസേഴ്‌സ് പ്രതിയുമായി ഫോയറിൽ കാത്തു നില്‌ക്കുന്നു….”
ഞാൻ ഫോയറിലേക്കു തിടുക്കപ്പെട്ടു നടന്നു. മൂന്നുനാല് ഓഫീസേഴ്‌സ് ഉണ്ട്. അവർക്കു നടുവിൽ മുഖത്തുനോക്കാനാവാതെ തലകുനിച്ച് കിണൂത്തിയയും
അവർ സംഭവം വിശദീകരിച്ചു. നെയ്‌റോബിയിലും അരുഷയിലിലുമായി വ്യാപകമായി കള്ളചെക്കുകൾ വഴി ബാങ്കുകളേയും വൻകിട ഇടപാടുകാരേയും കോടികൾ കൊള്ളയടിക്കുന്ന ഒരു വലിയ മോഷണസംഘത്തിന്റെ മുഖ്യ കണ്ണിയാണ് കിണൂത്തിയ. വ്യാജചെക്കുകൾ പ്രിന്റു ചെയ്യാനുള്ള ഒരു പ്രസ്സു തന്നെ അവർക്ക് നെയ്‌റോബിയിലെ മുത്തൈഗയിൽ ഉണ്ട്. പ്രമുഖ ബാങ്കുകളിലെല്ലാം ഏജന്റുമാരും.
കോടികൾ ഡെപ്പോസിറ്റുള്ള ഇടപാടുകാരുടേയും കമ്പനികളുടേയും അക്കൗണ്ട് വിവരങ്ങളെല്ലാം അവരുടെ പക്കലുണ്ട്. സുരക്ഷാഘടകങ്ങൾ സമ്പൂർണ്ണമായി ഉൾക്കൊള്ളുന്ന ഫിലിം പുറത്തുകടത്തി വ്യാജചെക്കുകൾ പ്രിന്റ് ചെയ്‌ത് വമ്പൻ അക്കൗണ്ടുകളിൽ നിന്നും വൻതുകകൾ ബാങ്കിലുള്ള അവരുടെ ഏജന്റുമാരുടെ ഒത്താശയോടെ പിൻവലിക്കുന്നു. വ്യാജഒപ്പുകൾ സമർത്ഥമായി ഇടാൻ കഴിവുള്ള ഒരു വിദഗ്‌ദ്ധസംഘം തന്നെ ഇവരുടെ റാക്കറ്റിന്റെ ഭാഗമാണ്. സ്വന്തം ഒപ്പാണോ, വ്യാജ ഒപ്പാണോ യഥാർത്ഥഒപ്പെന്ന് കോടതിയിൽ തിരിച്ചറിയാൻ പലപ്പോഴും ഇടപാടുകാർക്ക് കഴിയാറില്ലെന്ന് പോലീസ് ഓഫീസേഴ്‌സ് പറഞ്ഞു.
എന്നെ സാക്ഷ്യപ്പെടുത്തി കിണൂത്തിയയെ അറസ്‌റ്റ് ചെയ്‌ത് കേസ് ചാർജ് ചെയ്യാനായി അവർ പോലീസ് കസ്‌റ്റഡിയിൽ കൊണ്ടുപോയി. നെയ്‌റോബി ചീഫ് ജൂഡീഷ്യൽ കോടതിയിലായിരുന്നു കേസ്. ഫാക്‌ടറി മാനേജരും ചീഫ് സെക്യൂരിറ്റി ഓഫീസറും രണ്ട് അസിസ്‌റ്റന്റ് പ്രിന്റർമാരും, പിന്നെ കിണൂത്തിയയെ ഇന്റർവ്യൂ ചെയ്‌ത് ജോലിയ്‌ക്ക് നിയമിച്ച ആളെന്നനിലയിൽ ജനറൽ മാനേജരായ ഞാനും ആയിരുന്നു സാക്ഷികൾ. അഞ്ചാറുമാസം നീണ്ട വിസ്‌താരത്തിനൊടുവിൽ എന്റെ സാക്ഷി വിസ്‌താരത്തിന്റെ ദിവസമായി. കോടതിതുടങ്ങുന്നതിനു തൊട്ടുമുമ്പായി എന്റെ മൊബൈൽ റിംഗ് ചെയ്‌തു ചെയർമാനാണ്.
“മി. നായർ! എനിക്ക് ഇപ്പോൾ ഒരു അനോണിമസ് കാളുണ്ടായിരുന്നു. സംഗതി അല്‌പം ഗൗരവമുള്ളതാണ്. മി.നായരുടെ സാക്ഷിവിസ്‌താരത്തിനിടയിൽ പ്രതിഭാഗം വക്കീൽ പ്രതിയെ തിരിച്ചറിയാമോ എന്നു ചോദിക്കും. ഇല്ല എന്നുമാത്രമേ പറയാവൂ. മറിച്ചു പറഞ്ഞാൽ അപകടമാണ്. അവരുടെ ഗാങ്ങ് തോക്കുമായി കോടതിയ്‌ക്കു പുറത്തുണ്ട്. ”
“സർ, അത് കിണൂത്തിയയെ ഞാനല്ലെ റിക്രൂട്ടു ചെയ്‌തത്? അപ്പോൾപ്പിന്നെ…..”
‘നോ! പ്രതിയെ താങ്കൾക്കറിയില്ല. അങ്ങനെ പറഞ്ഞാൽ മതി. കേസു തോറ്റുകൊള്ളട്ടെ. നമ്മുടെ അഡ്വക്കേറ്റിനേയും ഞാൻ വിവരം അറിയിച്ചിട്ടുണ്ട്.“
ചെയർമാൻ ഫോൺ കട്ടുചെയ്‌താ. ഞങ്ങളുടെ അഡ്വക്കേറ്റ് മി. എഡ്വേർഡ് ഗുറെ ഓടിക്കിതച്ചു വരുന്നുണ്ടായിരുന്നു.
’ചെയർമാന്റെ മെസ്സേജ് കിട്ടിയോ?” അയാൾ വിയർക്കുന്നുണ്ടായിരുന്നു.
“കിട്ടി”
“അതെ. പ്രതിയെ താങ്കൾക്കറിയില്ല. അങ്ങനെ മാത്രമേ പറയാവൂ….”
കോടതി തുടങ്ങി. അരമണിക്കൂർ നേരത്തെ വിസ്‌താരത്തിനുശേഷം പ്രതിഭാഗം വക്കീൽ പ്രതിക്കൂട്ടിൽ നില്‌ക്കുന്ന കിണൂത്തിയയെ ചൂണ്ടിചോദിച്ചു.
‘വൺലാസ്‌റ്റ് ക്വസ്‌റ്റ്യൻ. പ്രതിയെ നിങ്ങൾക്ക് കണ്ടാലറിയാമോ?
നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പൊപ്പാൻ കോട്ടിന്റെ പോക്കറ്റിൽ കർച്ചീഫ് പരതിക്കൊണ്ട് ഞാൻ പറഞ്ഞു.
“ഇല്ല..’ അറിയില്ല ”!
Generated from archived content: keniyan15.html Author: babu_g_nair