മുതലകളുണ്ട്‌ സൂക്ഷിക്കുക

ഞങ്ങൾ നെയ്‌വാഷയ്‌ക്കു പുറപ്പെട്ടു. ഞാനും മണിയും, റോയിയും ജെസ്സിയും. റോയിയുടെ ലാൻഡ്‌റോവറിലാണ്‌ മാരിനേറ്റു ചെയ്‌ത കോഴിക്കാല്‌, ജീക്കോ അടുപ്പ്‌, ചാർക്കോൾചാക്ക്‌, ചൂണ്ട മുതലായ പിക്‌നിക്ക്‌ സന്നാഹങ്ങൾ. ഹെന്റിയും ജെറിയും ഞങ്ങളെയും കാത്ത്‌ നെയ്‌,വാഷ തടാകക്കരയിലെ ‘ഫിഷർ മെൻകോവ്‌ ഹോട്ടലിൽ രണ്ടുദിവസം മുൻപുതന്നെ ചേക്കേറിയിട്ടുണ്ട്‌. കഴിഞ്ഞ വേനലിലായിരുന്നു അവരുടെ വിവാഹം. മസായി മാരയ്‌ക്കു മുകളിലൂടെ ’ടൈഗർ മോത്ത്‌“ വിമാനത്തിൽ പറന്നുകൊണ്ട്‌, ആകാശത്തുവെച്ചാണ്‌ ഹെന്റി ജെറിയെ വധുവാക്കിയത്‌.

നെയ്‌റോബിക്ക്‌ വടക്കുപടിഞ്ഞാറാണ്‌ നെയ്‌വാഷ തടാകം. 139 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ പരന്നുകിടക്കുന്ന ഈ ശുദ്‌ധജലതടാകം ‘റിഫ്‌ട്‌വാലി’യുടെ മുകളറ്റത്ത്‌ ഏകദേശം 1885 മീറ്റർ ഉയരത്തിലാണ്‌. നീർകുതിരകളുടെയും നാനൂറിലേറെ ഇനം പക്ഷികളുടേയും സ്വൈര്യസങ്കേതമാണ്‌ തടാകവും പരിസരവും.

ചെന്നിറങ്ങിയപ്പോൾ തന്നെ തോളത്തെ മുളങ്കമ്പിൽ തൂക്കിയിട്ട പക്ഷിക്കൂടുമായി ഒരു കൊച്ചുപയ്യൻ റോയിയെ സമീപിച്ചു.

”സർ, ലവ്‌ ബേർഡ്‌സ്‌. നൂറെണ്ണമുണ്ട.​‍്‌ സർ, നൂറുഷില്ലിംഗ്‌ തന്നാൽ മതിഃ

അവൻ സ്വാഹിലിയിൽ പറഞ്ഞു. “നൂറെണ്ണമോ? ഈ ചെറിയ കൂട്ടിലോ?”

“ഉവ്വ്‌ സർ, ഇതാ എണ്ണിനോക്കിക്കോളൂ!” അവൻ കൂട്‌ ഉയർത്തിക്കാണിച്ചു.

ശരിയാണ്‌ ആകൂട്ടിൽ പക്ഷികളെ കുത്തിനിറച്ചിരിയ്‌ക്കുകയാണ്‌. അവയ്‌ക്ക്‌ പറക്കാനോ സ്വതന്ത്രമായി ചലിയ്‌ക്കാനോ ഇടമില്ലാത്ത വിധം.

“ പക്ഷികളെ പിടിക്കുന്നതും ഇങ്ങനെ കൂട്ടിലിടുന്നതും കുറ്റകരമാണെന്ന്‌ നിനക്കറിയില്ലേ? നിനക്ക്‌ അതിന്‌ സർക്കാർ ലൈസൻസുണ്ടോ?”

റോയി ശബ്‌ദമുയർത്തി അവനോടു ചോദിച്ചു.

അവൻ തല താഴ്‌ത്തി. ആ വലിയ കണ്ണുകളിലെ ദൈന്യതകണ്ട്‌ ഞാൻ പറഞ്ഞു.

“സാരമില്ല റോയ്‌! അവന്‌ നൂറുഷില്ലിംഗ്‌ കൊടുക്കു. പട്ടിണി കൊണ്ടല്ലേ?”

നൂറുഷില്ലിംഗ്‌ കൊടുത്ത്‌ റോയി കൂടുവാങ്ങി പക്ഷികളെ ഒന്നൊന്നായി തുറന്നുവിട്ടു. എവിടെ നിന്നെന്നറിഞ്ഞില്ല; അഞ്ചാറു കുട്ടികൾ കൂടുകളുമായി പാഞ്ഞെത്തി. പറന്നു നിലത്തിറങ്ങിയ പക്ഷികളെ മുഴുവൻ പിടിച്ച്‌ വീണ്ടും കൂടുകളിലാക്കി അവർ തടാകരയിലേക്കോടി.

അടുത്തുനിന്ന ഒരു ഗൈഡ്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

“ചതിച്ചല്ലോ സർ! ഇവന്മാരെല്ലാം ഒറ്റ ഗാങ്ങാ. ആ കിളികളെ മുഴുവൻ ഇനി ഒരൊറ്റകൂട്ടിൽ വീണ്ടും ഞെക്കിഞ്ഞെരുക്കി അവർ അടുത്ത ടൂറിസ്‌റ്റിനെ സമീപിക്കും, അവരുടെ സിംപതി പിടിച്ചുപറ്റാൻ. ഇതു സ്‌ഥിരം പരിപാടിയാ.”

ഞങ്ങൾ നേരെ ഫിഷർമെൻസ്‌ കോവിലേക്കു പോയി. റിസപ്‌ഷനിലെത്തും മുമ്പേ പുൽത്തകിടിയിൽ വെയിൽകാഞ്ഞുകിടന്ന ജെറി ചിരിച്ചുകൊണ്ട്‌ ഓടി എത്തി. അവൾ സ്വിം സ്യൂട്ടിലാണ്‌. ഞങ്ങളെ ഓരോരുത്തരേയും കെട്ടിപ്പിടിച്ചുകൊണ്ടുപറഞ്ഞു.

“ഹെന്റി തടാകക്കരയിലിരുന്നു ചൂണ്ടയിടുകയാണ്‌. നിങ്ങൾ വന്നാൽ അറിയിക്കാൻ പറഞ്ഞിട്ടുണ്ട്‌. ഞങ്ങൾ രണ്ടുപേരും രാവിലെ മുതൽ ലേക്കിൽ സ്വിമ്മിംഗിലായിരുന്നു. മാഡം സ്വിംസ്യൂട്ടുകൊണ്ടു വന്നിട്ടുണ്ടെങ്കിൽ നമുക്കു നേരെ ലേക്കിലേക്കു പോകാം.”

ആറുമീറ്റർ ബംഗാൾ സിൽക്ക്‌ സാരിചുറ്റിയ മണിയേ നോക്കി സ്വരം താഴ്‌ത്തി ഞാൻ ചോദിച്ചു. ‘ഉണ്ടോ? മാഡം സ്വിം സ്യൂട്ട്‌ എടുത്തിട്ടുണ്ടോ?’

“സോറി ജെറി, എടുക്കാൻ മറന്നു. വി വിൽ മേക്ക്‌ ഇറ്റ്‌ നെക്‌സ്‌റ്റ്‌ ടൈം.”

ഞാൻ ചോദിച്ചതു കേൾക്കാത്ത ഭാവത്തിൽ മണി പറഞ്ഞു. ജെസ്സി എന്നെ നോക്കി ചിരിച്ചു.

“ ഹൗസാഡ്‌! നല്ല ക്ലിയർ വാം വാട്ടറായിരുന്നു.”. ജെറിക്കു നിരാശ.

ഇതിനിടെ റോയ്‌ കുട്ടിനിക്കറുമിട്ട്‌ ചൂണ്ടയുമെടുത്ത്‌ ജെറിയോടു പറഞ്ഞു.

ഹായ്‌, ജെറി, സ്വിമ്മിംഗിനു ഞാനുണ്ട്‌. ലെറ്റസ്‌ ഗോ!“

എന്നിട്ട്‌ ജെസ്സിയേ നോക്കിപ്പറഞ്ഞു.

”എന്റെ ചൂണ്ടയിൽ ഞാൻ പിടിച്ച മീൻ ഞാൻ തന്നെ ഫ്രൈ ചെയ്‌തതും ബിയറും മാത്രമായിരിക്കും ഇന്നെന്റെ ലഞ്ച്‌. ഇതു സത്യം, സത്യം, സത്യം.! നിങ്ങൾകോഴിക്കാല്‌ ചുട്ടെടുക്കാൻ നോക്ക്‌ എന്നിട്ട്‌ ലേക്കിലേക്ക്‌ വാ!“

ജെറിയെ മുട്ടിയുരുമ്മി തടാകക്കരയിലേക്കു തിരക്കിട്ടു നടക്കുന്ന റോയിയെ നോക്കി ജെസ്സി വിളിച്ചു പറഞ്ഞു.

”അയ്യടാ! സ്വിമ്മിംഗും കഴിഞ്ഞ്‌ ഇങ്ങുവന്നേക്ക്‌! വെച്ചിട്ടുണ്ട്‌ ഞാൻ. കണ്ടില്ലേ, കൊഴുത്ത ഒരു പെണ്ണിനെ കണ്ടപ്പോൾ ചെക്കന്റെ ഒരു പൂതിയിളക്കം! രണ്ടു പിള്ളേരുടെ തന്തയാണെന്നൊന്നും ഓർമ്മയില്ല?“

ലാൻഡ്‌ റോവറിൽ നിന്നും ജീക്കോ അടുപ്പും ചാർക്കോളും എടുത്ത്‌ മരത്തണലിൽ ഞങ്ങൾ അടുപ്പുകൂട്ടി. മാരിനേറ്റു ചെയ്‌തു വെച്ചിരുന്ന കോഴിക്കാലുകൾ ഓരോന്നായി ചുട്ടെടുത്ത്‌ കാസറോളിൽ അടുക്കിവെയ്‌ക്കുമ്പോൾ ജെസ്സി പറഞ്ഞു. ”ഇതിൽ ഒരൊറ്റ പീസ്‌ ഇന്നു ഞാൻ റോയിക്കു കൊടുക്കില്ല. ആന്റി എന്നെ നിർബന്ധിച്ചേക്കരുത്‌….“

അലഹബാദ്‌ യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ ടീം ക്യാപ്‌റ്റനായിരുന്നു റോയി തോമസ്‌ എന്ന എഞ്ചിനീയർ. കളിക്കിടെ കാൽമുട്ടിനു ക്ഷതംപറ്റി, അലഹബാദ്‌ മെഡിക്കൽ കോളേജിൽ രണ്ടാഴ്‌ച ചികിത്സയിലായിരുന്ന റോയിയെ ചികിത്സിക്കാൻ ജെസ്സി ഫിലിപ്പ്‌ എന്ന സുന്ദരിയായ ഹൗസ്‌ സർജനുമുണ്ടായിരുന്നു. ആശുപത്രി വിട്ടിട്ടും ക്യാപ്‌റ്റൻ ഇടയ്‌ക്കിടെ ഹൗസ്‌ സർജനെ അന്വേഷിച്ച്‌ ഹോസ്‌റ്റലിൽ ചെന്നു തുടങ്ങി. ”ഇവന്റെ ശല്ല്യം സഹിക്കാൻ വയ്യാതായപ്പോഴാ ആന്റി, എന്നാലങ്ങു കെട്ടിയേക്കാമെന്ന്‌ ഞാനും തീരുമാനിച്ചത്‌. അല്ലാതെ പ്രേമവും മണ്ണാങ്കട്ടയുമൊന്നുമല്ലായിരുന്നു.“

ഒരിക്കൽ ജെസ്സി മണിയോടു പറഞ്ഞു. ഇതിനിടെ എന്റെ മൊബൈലിലേക്ക്‌ ഹെന്റിയുടെ വിളിവന്നു.

”ഹായ്‌ മി.നായർ, ഞാനിവിടെ തടാകക്കരയിലുണ്ട്‌. തെക്കുവശത്ത്‌ ഹിപ്പോ കോർണറിനടുത്തുള്ള പാറപ്പുറത്ത്‌. ചൂണ്ടയിടുകയാ ജെറിയും റോയിയും സ്വീം ചെയ്യുന്നു. ഇങ്ങോട്ടു പോരുന്നോ? ലഞ്ച്‌ ടൈം ആകുമ്പോഴേക്കും ഹോട്ടലിൽ മടങ്ങിയെത്താം.“

ഞങ്ങൾ തടാകത്തിലേക്കു നടന്നു. വെള്ളിത്തളികപോലെ വെയിലിൽ വെട്ടിത്തിളണ്ണുന്ന വിശാലമായ ജലപ്പരപ്പ്‌ അവിടവിടെ നുരപരത്തി ടൂറിസ്‌റ്റുകളുമായി ചീറിപ്പായുന്ന സ്‌പീഡ്‌ ബോട്ടുകൾ. ഓളപ്പരപ്പിൽ തെന്നിയൊഴുകുന്ന പെലിക്കൻ പക്ഷിക്കൂട്ടങ്ങൾ. അകലെ പാറപ്പുറത്ത്‌ നിഴൽ ചിത്രംപോലെ ചൂണ്ടയുമായി കുന്തിച്ചിരിക്കുന്ന ഹെന്റി.

”ഹായ്‌ ! ഹെന്റി, വല്ലതും കിട്ടിയോ?“ ഞാൻ ചോദിച്ചു.

”ഇല്ലെന്നേയ്‌. പാറയ്‌ക്കിടയിൽ വല്ലതും കാണേണ്ടതാ“.

കടിച്ചുപിടിച്ച ചുരുട്ട്‌ വായിൽ നിന്നെടുക്കാതെ ഹെന്റി പറഞ്ഞു.

”ജെറിയും റോയിയും എവിടെ? ജെസ്സി ചോദിച്ചു.

ഹെന്റി ദൂരേക്കു ചൂണ്ടി കാണിച്ചു. തുഴ എറിയും പോലെ വെള്ളം തെറിപ്പിച്ചു കൊണ്ട്‌ ജെറിയും റോയിയും അടുത്തടുത്തുചേർന്ന്‌ നീന്തുന്നു. ജെസ്സി മണിയുടെ ചെവിയിൽ പറയുന്നതുകേട്ടു.

“നീന്തിക്കേറി ഇങ്ങുവരട്ടെ, കൊല്ലും ഇന്നു ഞാനവനെ”!

“അതാണ്‌ ഹിപ്പോ കോർണർ കണ്ടില്ലേ, നിറയെ ഹിപ്പോകളാണ്‌.”

ഹെന്റി തടാകത്തിന്റെ മൂലയിലേക്കു ചൂണ്ടി. ഇടയ്‌ക്കിടെ നാസാരന്ധ്രങ്ങളിൽ നിന്നും നീർക്കുറ്റികൾ പോലെ ശക്തമായി വെള്ളം ചീറ്റി വെള്ളത്തിനടിയിലേക്ക്‌ ഊളിയിടുകയും പൊന്തുകയും ചെയ്യുന്ന നൂറുകണക്കിന്‌ നീർക്കുതിരകൾ കണ്ടാമൃഗത്തോളം വലുപ്പമുള്ള ഉടലും മാൻകുഞ്ഞിന്റെ ചെറിയ ചെവികളും പരന്ന തലയുള്ള വിചിത്രജീവികൾ. ആഴം കുറഞ്ഞ്‌ കരയോടു ചേർന്നുള്ള ചതുപ്പിൽ കയറിനിന്ന്‌ പുൽനാമ്പുകടിക്കുന്ന കുഞ്ഞുങ്ങളുടെ ചെമ്പുനിറമുള്ള ഉടൽവെയിൽ തട്ടിത്തിളങ്ങുന്നു. തൊട്ടടുത്ത്‌ വെള്ളത്തിൽ നീന്തിത്തുടിയ്‌ക്കുന്ന ആഫ്രിക്കൻ കുട്ടികളെ നോക്കി മണി ചോദിച്ചു.

“ഹിപ്പോകൾ കുട്ടികളെ ഉപദ്രവിക്കില്ലേ?”

“മനപ്പൂർവ്വം ആക്രമിക്കില്ല. പക്ഷേ മുമ്പിലെങ്ങാനും ചെന്നുപെട്ടാൽ ചിലപ്പോൾ കയ്യോ കാലോ കടിച്ചു മുറിച്ചെടുത്തെന്നിരിക്കും”.

ചൂണ്ടയുടെ അറ്റത്തു നിന്നും കണ്ണുപറിക്കാതെ ഹെന്റി പറഞ്ഞു.

ഒരു ഒറ്റ എൻജിൻ വിമാനം തടാകത്തിന്റെ കിഴക്കേ മൂലയിലൂടെ ഇരമ്പി എത്തി. ഞങ്ങളുടെ തലയ്‌ക്കു മീതെ താണു പറന്ന്‌ ഓരത്തുള്ള മഴമരങ്ങളുടെ മുകളിലൂടെ ചീറിപ്പാഞ്ഞ്‌ അപ്രത്യക്ഷമായി. വെള്ളത്തിൽ വെയിൽ കാഞ്ഞുകിടന്ന നീർക്കുതിരകൾ ഇരമ്പം കേട്ട്‌ ഒന്നോടെ വെള്ളം ചീറ്റി ജലപ്പരപ്പിനടിയിലേക്ക്‌ ഊളിയിട്ടു.

“തൊട്ടപ്പുറത്ത്‌ എവിടെയോ ഒരു പ്രൈവറ്റ്‌ എയർസ്‌ട്രിപ്പുണ്ട്‌. അവിടെ ലാൻഡ്‌ ചെയ്യാൻ പോയതാ എയർക്രാഫ്‌റ്റ്‌. അറിയാമോ? പല പ്രശസ്‌തരായ യൂറോപ്യന്മാരും ഈ തടാകക്കരയിൽ വാസമുറപ്പിച്ചിട്ടുണ്ട്‌. ”ബോൺഫ്രീ“ എഴുതിയ ജോയ്‌ ആഡംസൺ അറുപതുകളിൽ ഇവിടെ വന്നു വാസമുറപ്പിച്ചിട്ടുള്ളയാളാണ്‌. അദ്ദേഹം താമസിച്ചിരുന്ന ക്യാസിൽ കാണാൻ ഞാനും ജെറിയും കൂടെ ഇന്നലെ പോയിരുന്നു…..”

ചൂണ്ടയുടെ ചരടുകറക്കിക്കയറ്റിക്കൊണ്ട്‌ ഹെന്റി എഴുന്നേറ്റു.

“മീനൊന്നും കിട്ടിയില്ലല്ലോ ഹെന്റീ….” ഞാൻ പറഞ്ഞു.

“ഇല്ലെന്നേ! ഇന്നലെയും ഒന്നും കിട്ടിയില്ല. മിനിയാന്ന്‌ ഒരു തിലോപ്പിയ ചൂണ്ടയിൽ കൊത്തിയതാ. വലിച്ചെടുക്കുമ്പോഴേയ്‌ക്കും അവൻ പിടഞ്ഞ്‌ വീണ്ടും വെള്ളത്തിൽ പോയി. ”ബാഡ്‌ ലക്ക്‌! ഹെന്റി അടുത്തചുരുട്ടിന്‌ തീ പിടിപ്പിച്ചു.

അകലെ തടാകത്തിനു നടുവിൽ ചെറുവള്ളങ്ങളിൽ വല വീശുന്ന മീൻപിടുത്തക്കാരെ നോക്കി ഹെന്റി പറഞ്ഞു.“ഈ തടാകത്തിനെ വിശ്വസിക്കാൻ പറ്റില്ല. എപ്പോഴാണ്‌ പ്രതീക്ഷിക്കാതെ കാറ്റും പിശറും രൂപപ്പെടുന്നതെന്നറിയില്ല. ഒരുപാട്‌ അപകടങ്ങളുണ്ടായിട്ടുണ്ട്‌. മസായ്‌ ഭാഷയിൽ നെയ്‌വാഷ എന്നല്ല, ‘നയ്‌ പോഷ’ എന്നാണ്‌ പേര്‌. ‘ക്രൂദ്ധജലം’ എന്നർത്ഥം”.

ജെറിയും റോയിയും നീന്തി അടുക്കുന്നു. ഞങ്ങൾ പാറപ്പുറത്തു നിന്നും കൈവീശി. ജെറിയുടെ കറുത്ത മേനി വെയിൽ തട്ടിത്തിളങ്ങുന്നു. അവർ പത്തുമുപ്പതു മീറ്റർ അകലെ എത്തിക്കാണും. അപ്പോഴാണ്‌ അവൻ ഞങ്ങളുടെ കണ്ണിൽ പെട്ടത്‌. ഗോലിക്കണ്ണുകളും നീണ്ട തലയും ദേഹമാസകലം പരുക്കൻ ശകലങ്ങളുമായി വലിയ ഓലക്കെട്ടുപോലൊരു ഭീമൻ മുതലവെള്ളത്തിൽ നിന്നും മെല്ലെ പൊന്തുന്നു. ജെറിയും റോയിയും നീന്തി അടുക്കുന്നത്‌ അവനു നേരെയാണ്‌. ‘ഈശ്വരാ’! ഞങ്ങൾ ശ്വാസമടക്കിനിന്നു. ഹെന്റി കൈത്തലങ്ങൾ കോട്ടിപ്പിടിച്ച്‌ ഉറക്കെ അലറി. “ജെറീ! റോയ്‌! മാറി നീന്തൂ…. മാറി നീന്തു! ഇല്ല. ചിതറിത്തെറിയ്‌ക്കുന്ന വെള്ളത്തിന്റെ ശബ്‌ദത്തിൽ അവർക്ക്‌ ഒന്നും കേൾക്കാൻ കഴിയുന്നില്ല. ജെസ്സി ഉറക്കെ അലറിക്കരഞ്ഞു.

”റോയ്‌! റോയ്‌!……. മുതല! എന്റെ ഈശോയെ!“ അവൾ മണിയുടെ തോളിൽ മുഖമൊളിപ്പിച്ച്‌ തേങ്ങിക്കരയാൻ തുടങ്ങി.

ജെറിയും റോയിയും അവന്റെ മുന്നിൽ രണ്ടു മീറ്റർ അകലത്തിലെത്തി. പെട്ടെന്നാണതു സംഭവിച്ചത്‌. ഓളത്തിന്റെ ശക്തമായ ചലനം കൊണ്ടാവാം, അവൻ മെല്ലെ വെള്ളത്തിനടിയിലേക്കു താണു. ആദ്യം വാൽ, പിന്നെ ഉടൽ, പിന്നെ നീണ്ട തല. തടാകത്തിന്റെ നീലിമയിൽ അവന്റെ ഉടലിന്റെ കാളിമ അപ്രത്യക്ഷമായി. ഒന്നുമറിയാതെ കൈകൾ ആകാശത്തിലേക്കെറിഞ്ഞ്‌ നീന്തിയടുക്കുന്ന ജെറിയേയും റോയിയേയും ഞങ്ങൾ ശ്വാസമടക്കി നോക്കിനിന്നു. നിമിഷങ്ങൾക്കകം പാറമേൽ അള്ളിപ്പിടിച്ചു നീന്തിക്കയറിയ ജെറിയുടെ നനഞ്ഞ ഉടൽ ഹെന്റിയുടെ കൈവലയത്തിൽ അമർന്നു. ജെസ്സി തേങ്ങിക്കൊണ്ട്‌ റോയിയുടെ നെഞ്ചിൽ തലചേർത്തു ഒന്നുമറിയാതെ കിതച്ചു നിന്ന റോയി ചോദിച്ചു. ” എന്താ സാർ? എന്തുപറ്റി?“.

മണി വെള്ളപ്പരപ്പിലേക്കുചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു.

”ദാ വീണ്ടും അവൻ പൊന്തി“….. ആഴങ്ങളിൽ നിന്നും വീണ്ടും പൊന്തിവരുന്ന കറുത്തകമ്പിളിക്കെട്ടു നോക്കിക്കൊണ്ട്‌ റോയ്‌ അന്തംവിട്ടു പറഞ്ഞു. ‘മൈ ഗോഡ്‌’! അവന്റെ മീതെ കൂടിയാണോ ഞങ്ങൾ നീന്തിവന്നത്‌?” തിരിച്ചു ഹോട്ടലിലേക്കു നടക്കുമ്പോഴാണ്‌ ആ ബോർഡു കണ്ണിൽ പെട്ടത്‌ “ഡെയ്‌ഞ്ചർ സോൺ! ബിവേർ ഓഫ്‌ ക്രോക്കഡയിൽസ്‌!”

Generated from archived content: keniyan13.html Author: babu_g_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous article“സോറി, ഈ കാർ വിറ്റുപോയി‘”
Next articleചാൾസ്‌
പന്തളം തട്ടയിൽ പരേതനായ ജി.കൃഷ്‌ണപിളളയുടെയും ഭാർഗ്ഗവിയമ്മയുടെയും മകൻ. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നിന്നും കൃഷിശാസ്‌ത്രത്തിൽ ബിരുദവും കൊച്ചി യൂണിവേഴ്‌സിറ്റിയിൽനിന്നും എം.ബി.എ ബിരുദവും നേടി. ഗജകേസരിയോഗം, മലപ്പുറം ഹാജി മഹാനായ ജോജി, ദില്ലീവാലാ രാജകുമാരൻ എന്നീ ചലച്ചിത്രങ്ങൾക്കു കഥയും ഒളിമ്പ്യൻ അന്തോണി ആദം എന്ന ചലച്ചിത്രത്തിന്‌ കഥയും തിരക്കഥയും രചിച്ചു. നിരവധി ടെലിഫിലിമുകൾക്കും സീരിയലുകൾക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ പേയാട്‌ ‘രാധേയ’ത്തിൽ താമസിക്കുന്നു. Address: Phone: 9446435975 രാധേയം, പിറയിൽ, പേയാട്‌, തിരുവനന്തപുരം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English