രാവിലെ ഏഴരയ്‌ക്കുള്ള ഫ്ലൈറ്റിൽ നെയ്‌റോബിയിൽ നിന്നും തിരിച്ചാൽ എട്ടരയ്‌ക്ക് മൊംബാസയിലെത്തും. ഒൻപതര മുതൽ ഹോട്ടൽ ‘ബ്ലാക് ബ്രിക്‌സിൽ’ വെച്ച് ബോർഡ് യോഗം. വൈകുന്നേരം ആറുമണിയ്‌ക്കുള്ള ഫ്ലൈറ്റിൽ നെയ്‌റോബിയിൽ തിരിച്ചെത്താം.
ദീപക്‌ഷായും ഞാനുംകൂടി പ്രോഗ്രാം തീരുമാനിച്ചു. ദീപക്, കമ്പനി ചെയർമാന്റെ മകനും ഫിനാൻസ് ഡയറക്‌ടറുമാണ്.
ആറുമണിക്കുതന്നെ എയർപോർട്ടിലേക്കു പോകാൻ ദീപക് തന്റെ ബ്രാൻഡ്‌ന്യൂ ‘ബി.എം.ഡബ്‌ളിയു’ കാറിൽ എന്റെ ഫ്ലാറ്റിലെത്തി. ഇംഗ്ലണ്ടിൽ നിന്നും കഴിഞ്ഞ മാസം ഇംപോർട്ട് ചെയ്‌ത കാറിൽ റിമോട്ട് സെൻസറുൾപ്പടെ എല്ലാ അത്യാധുനിക സംവിധാനങ്ങളുമുണ്ട്. 4 മില്യൻ യു.എസ്. ഡോളറാണ് വില. ദീപക് തന്നെയാണ് ഡ്രൈവ്‌ചെയ്യുന്നത്. മറ്റാരെയും തൊടുവിക്കില്ല. കെനിയാട്ട എയർപോർട്ടിലെ പാർക്കിംഗ് ബേയിൽ കാറ് പാർക്ക് ചെയ്‌തിട്ട് ഞങ്ങൾ മൊംബാസയ്‌ക്ക് തിരിച്ചു.
ഒൻപത് മണിക്ക് ഹോട്ടൽ ബ്ലാക്ക് ബ്രിക്‌സിലെത്തി. കടൽക്കരയിലാണ് ഹോട്ടൽ എന്നുപറഞ്ഞാൽ പോരാ, ലൗഞ്ചിലെ സോഫയിലിരുന്ന്. കൈ നീട്ടിയാൽ തിരകളെ തൊടാമെന്നു തോന്നും വിധമാണ് ഹോട്ടലിന്റെ ശില്‌പചാതുര്യം. പത്തുപതിനഞ്ചേക്കറിൽ ചെറുകുന്നുകളും പുൽപ്പരപ്പുകളുമായി ലാൻഡ്‌സ്‌കേപ്പ് ചെയ്‌തെടുത്ത മനോഹരമായ ദൃശ്യം. കൃഷ്‌ണശിലയിൽ തീർത്ത ഏഴുനില ഹോട്ടൽമന്ദിരം കടലിൽ കണ്ണാടി നോക്കി നല്‌ക്കുന്നു. അറിയാതെ പറഞ്ഞുപോയി ‘വൗ’….! ബോർഡ് മീറ്റിംഗ് തുടങ്ങാൻ ചെയർമാന്റെ വരവിനു വേണ്ടി ലൗഞ്ചിൽ കാത്തിരുന്നപ്പോൾ ദീപക് പറഞ്ഞു.
“മി. നായർക്ക് അറിയാമോ, ഒരു ഇറ്റാലിയൻ ബിസിനസ്സുകാരന്റേതായിരുന്നു ഹോട്ടൽ ബ്ലാക്‌ബ്രിക്‌സ്. ഇപ്പോൾ ഇവിടുത്തെ ഒരു മിനിസ്‌റ്ററുടെ വകയാ. മിനിസ്‌റ്ററുടെ ഹോട്ടലിന്റെ ഉത്‌ഘാടനത്തിനു ക്ഷണിച്ചതാണ്. നാടമുറിച്ചുകിഴിഞ്ഞ് ഹോട്ടൽചുറ്റിനടന്നു കണ്ട മിനിസ്‌റ്റർ സായിപ്പിനോട് ചോദിച്ചു.
”ഹൗ മച്ച് ഡിഡ് യു സ്‌പെന്റ് ഫോർ ദിസ് ആർകിടെക്‌ച്ചറൽ വണ്ടർ?“
സായിപ്പ് തുക മിനിസ്‌റ്ററുടെ ചെവിയിൽ പറഞ്ഞു.
‘ഓ! അത്രയ്‌ക്കു വേണ്ടിവന്നോ?’ ”യെസ്, മിനിസ്‌റ്റർ. ബിൽഡിംഗ് മെറ്റീരിയൽസ് മുഴുവൻ ഇംഗ്ലണ്ടിൽ നിന്നും ഇറ്റലിയിൽ നിന്നും ഇംപോർട്ട് ചെയ്‌തതാ.“
സായിപ്പ് അഭിമാനപൂർവ്വം പറഞ്ഞു. അന്നുരാത്രി ഒരു ദൂതൻ സായിപ്പിന്റെ ബംഗ്ലാവിലെത്തി. വെള്ളിത്താലത്തിൽ ഒരു കത്തും ഒരു റിവോൾവറും നീട്ടിക്കൊണ്ടു പറഞ്ഞു.
”മിനിസ്‌റ്റർ തന്നയച്ചതാണ്. ഏതുവേണമെങ്കിലും സ്വീകരിയ്‌ക്കാം.“ സായിപ്പ് കത്തു തുറന്നു. ”ഹോട്ടലിനു ചെലവായ തുകയ്‌ക്കുള്ള ചെക്ക് അടക്കം ചെയ്യുന്നു. സ്വീകരിക്കുക. സമ്മതമല്ലെങ്കിൽ റിവോൾവർ ഉപയോഗിക്കാൻ എന്റെ ഗൺമാനെ അനുവദിക്കുക“.
സായിപ്പ് ചെക്ക് സ്വീകരിച്ചു. ഹോട്ടൽ മിനിസ്‌റ്ററുടെ സ്വന്തമായി.
കൃത്യം ഒമ്പതരയ്‌ക്ക് ചെയർമാൻ ബ്രിജേഷ് ഷാ എത്തി. ഏഴാം നിലയിലെ കോൺഫറൻസ് ഹാളിലായിരുന്നു. ബോർഡ് യോഗം ചേർന്നത്. താഴെ കടൽക്ഷോഭിച്ച് തല തല്ലുന്നുണ്ടായിരുന്നെങ്കിലും യോഗം വിവാദങ്ങളോ തർക്കങ്ങളോ ഒന്നുമില്ലാതെ ശാന്തമായിരുന്നു. നൂറുകോടി ഡോളർ ആസ്‌തിയുള്ള ഉഗാണ്ടയിലെ പതിനായിരം ഏക്കർ കരിമ്പിൻ തോട്ടവും ഷുഗർഫാക്‌ടറിയും ഏറ്റെടുക്കാൻ കമ്പനിതീരുമാനിച്ചു. എന്റെയും ദീപക്കിന്റേയും വാല്യുവേഷൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഏറ്റെടുക്കൽ തീരുമാനം.
വൈകുന്നേരം ആറുമണിയ്‌ക്കാണ് നെയ്‌റോബി ഫ്ലൈറ്റ്. മണി മൂന്നേ ആയിട്ടുള്ളു. ഞങ്ങൾ വെറുതെ കടലോരത്തുകൂടി നടക്കാനിറങ്ങി. അറബിക്കടലിന്റെ അപാരതയിലേക്കു ചൂണ്ടി ദീപക് പറഞ്ഞു. ” അതാ അവിടെ ആയിരിക്കണം പോർബന്ദർ. എന്റെ പിതാമഹന്മാരുടെ നാട്. മി. നായർക്കറിയുമോ, മൂന്നു തലമുറകൾക്കു മുമ്പാണ് പോർബന്ദറിൽ നിന്നും എന്റെ മുതുമുത്തച്ഛൻ കാന്തിലാൽ ഷാ കപ്പൽ കയറി ഈ മൊബാസ തീരത്ത്യത്. ഇവിടെ നിന്നും കഴുതവണ്ടിയിലും ഒട്ടകപ്പുറത്തു കയറിയും കാൽനടയായും ‘കിസുമു’വിലെത്തി. അന്ന് തെക്കോട്ടും വടക്കോട്ടും റെയിൽലൈനിന്റെ പണി തകൃതിയായി നടത്തുകയാണ് ബ്രിട്ടീഷുകാർ. കെനിയൻ വനം വെട്ടിത്തെളിച്ച് റെയിൽവേ ലൈനിന്റെ പണിയിൽ ഏർപ്പെട്ടിരിക്കുന്നത് ഭൂരിപക്ഷവും ഇന്ത്യൻ വംശജരാണ്. അവർക്കുവേണ്ട ആട്ടവും ദാലും പലവ്യജ്ഞനവും സപ്ലൈ ചെയ്യുന്ന കരാർ ജോലി ഏറ്റെടുത്തുകൊണ്ടായിരുന്നു കാന്തിലാൽ ഷായുടെ ബിസിനസ് രംഗത്തേക്കുള്ള ആദ്യ കാർവെയ്‌പ്. മുത്തച്ഛനോടൊപ്പം തകരഷെഢിൽ ഉറങ്ങിക്കിടന്ന പാർട്‌ണർ പൂരൺസിംഗിനെ ഒരു രാത്രി സിംഹം കടിച്ചുവലിച്ചുകൊണ്ടുപോകുന്ന കാഴ്‌ചനേരിൽക്കണ്ട മുത്തച്ഛൻ കരാർ ഇട്ടെറിഞ്ഞ് പിറ്റേന്നുതന്നെ നെയ്‌റോബിക്കു പലായനം ചെയ്‌തു.
കാന്തിലാൽ നെയ്‌റോബിയിൽ പലപണികളും ചെയ്‌തു. റെയിൽവേ ഗുഡ്‌സ്‌യാർഡിൽ കയറ്റിറക്ക്, സ്‌റ്റോറിൽ ഗുമസ്‌തപ്പണി, സർദാറിന്റെ ഫൗണ്ടറിയിൽ മെക്കാനിക്കൽ അസിസ്‌റ്റന്റ്, അവസാനം ഒരു പ്രസിദ്ധ ബ്രിട്ടീഷ് ഫൗണ്ടൻപെൻ കമ്പനിയുടെ സെയിൽസ്‌മാൻ. കമ്പനി നൽകിയ സൈക്കിളിൽ നെയ്‌റോബിയിലെ തെരുവുകൾതോറും കാന്തിലാൽ ഷാ പേന വിറ്റുനടന്നിട്ടുണ്ട്. സെയിൽസ്‌മാൻ വൈകാതെ സെയിൽ സൂപ്പർ വൈസറായി. പിന്നീട് കമ്പനി റെപ്രസന്റേറ്റീവ്. അവസാനം ബ്രിട്ടീഷ് കമ്പനി കെനിയയിൽ പ്രവർത്തനം നിർത്തിയപ്പോൾ കമ്പനിയുടെ മേജർ ഷെയർ വാങ്ങിക്കൊണ്ട് കമ്പനി ഉടമ എന്റെ ആപ്രപിതാമഹൻ തന്റെ മകനും എന്റെ മുത്തച്ഛനുമായ ജീവൻ ജിഷായ്‌ക്ക് കൈമാറിയത് അൻപതുകോടി ഡോളറിന്റെ ആസ്‌തിയാണ്. മുത്തച്ഛനാണ് പിന്നീട് ജർമ്മനിയിൽ നിന്നു മെഷീനറി ഇറക്കുമതിചെയ്‌ത് പ്രിന്റിംഗ്‌പ്രസ്സ് സ്‌ഥാപിച്ചത്. എന്റെ പിതാവ് ബ്രിജേഷ് ഷാ കെനിയൻ സർക്കാരിന്റെ ലൈസൻസ് നേടി കറൻസി ഉൾപ്പടെയുള്ള സെക്യൂരിറ്റിപ്രിന്റിംഗ് തുടങ്ങി. ഇന്നിതാ ഉഗാണ്ടയിൽ നൂറുകോടിയുടെ ഷുഗർകെയിൻ പ്ലാന്റേഷൻ! പോർബന്ദറിൽ ലോഹാനാ വിഭാഗത്തിൽപ്പെട്ട പരമ്പരാഗത സ്വർണ്ണപ്പണിക്കാരായിരുന്നു എന്റെ പ്രപിതാമഹന്മാർ“.
ദിപക് ഗൃഹാതുരത്വത്തോടെയാണ് കുടുംബകഥ പറഞ്ഞത്.
വൈകുന്നേരത്തെ ഫ്ലൈറ്റിൽ ഞങ്ങൾ നെയ്‌റോബിയ്‌ക്ക് തിരിച്ചു. ഏഴരയോടെ കെനിയാട്ട എയർപോർട്ടിൽ ലാൻഡു ചെയ്യുമ്പോൾ ഡിസംബറിലെ നേർത്ത മഞ്ഞ് റൺവേ മൂടിത്തുടങ്ങിയിരുന്നു. ഞങ്ങൾ പാർക്കിംഗ് ബേയിലേക്കു നടന്നു. കാറിനടുത്ത് എത്താറായപ്പോൾ ദീപക് എന്റെ കൈത്തണ്ടയിൽ പിടിച്ചുകൊണ്ടു പെട്ടെന്നു നിന്നു. ”ലുക് മി. നായർ. നമ്മുടെ കാറിൽ ആരോ ഇരിയ്‌ക്കുന്നു.!“
ഞങ്ങൾ കാറിനടുത്തെത്തി. ശരിയാണ്. ഡ്രൈവിംഗ് സീറ്റിൽ ചുരുട്ടും പുകച്ചുകൊണ്ട് ഒരാൾ. പിൻസീറ്റിൽ മറ്റുരണ്ടു തടിയന്മാർ. സ്‌റ്റീരിയോയിൽ നിന്നും കേൾക്കുന്ന തട്ടുപൊളിപ്പൻ സംഗീതം.
ഞങ്ങൾ കാറിനടുത്തെത്തി. ഡ്രൈവിംഗ് സീറ്റിലിരുന്ന ആൾ കൈനീട്ടി ഞങ്ങൾക്ക് ഷേക്‌ഹാൻഡ് തന്നുകൊണ്ട് പറഞ്ഞു.
”ഹായ്! ഹൗ ആർയു പാൽസ്? വിവേർ വെയിറ്റിംഗ് ഫോർ യു….!“
”ഹു ആർ യു? ദിസ് ഈസ് മൈ കാർ“. ദീപക് പറഞ്ഞു.
‘അറിയാം. അതല്ലേ ഞങ്ങൾ വെയ്‌റ്റ് ചെയ്‌തത്. പക്ഷേ….. സോറി. ഈ കാർ ഞങ്ങൾ വിറ്റു.”
“ഹൗ കം?” ദീപകിന്റെ ശബ്‌ദം ഉയർന്നു.
“ഡോൺട് ഷൗട്ട്!” കൈ എടുത്തു വിലക്കി അലസമായി ഡോർ തുറന്ന് അയാൾ പുറത്തിറങ്ങി. ഇടതുകൈയിൽ പുകയുന്ന ചുരുട്ട് വലത്തുകൈയിൽ റിവോൾവർ.
“ങ്ങാ, ഇനി പറയൂ. എവിടെയാണ് താമസിക്കുന്നത്? ഞങ്ങൾ നിങ്ങളെ ഡ്രോപ്പ് ചെയ്‌തിട്ടേ പോകു. അല്‌പം തിരക്കുണ്ട്. ഇന്നു തന്നെ കാർ കൈമാറാനുള്ളതാ. നൗ ഗെറ്റ്‌ഇൻ, ജെന്റിൽമെൻ!” അത് ഒരാജ്ഞ ആയിരുന്നു.
അയാൾ മറുവശത്തെത്തി ഞങ്ങൾക്കുവേണ്ടി ഡോർ തുറന്നു പിടിച്ചു.
ദീപക് എന്നെ നോക്കി.
“കേറാം” ഞാൻ പതുക്കെ പറഞ്ഞു. ഞങ്ങൾ കയറി. അയാൾ കാർ സ്‌റ്റാർട്ട് ചെയ്‌തു.
“പറഞ്ഞില്ല, എങ്ങോട്ടാണ് പോകേണ്ടത്?”
“ഗോങ്ങ് ഹിൽ.” ദീപക് പറഞ്ഞു.
“ഓക്കേ! ഹൈപ്പർ ഉച്ചുമിയ്‌ക്കടുത്ത്?”
“യെസ്. ഉച്ചുമിയ്‌ക്ക് പിന്നിൽ….”
“നോ പ്രോബ്ലം. പിന്നെ, ഒരു കാര്യം. ഗേറ്റിൽ ഇറങ്ങാമ്പോൾ സെക്യൂരിറ്റിയെ അലർട്ടു ചെയ്യാൻ പാടില്ല. ഞങ്ങൾ പോയിക്കഴിഞ്ഞു മാത്രമേ നിങ്ങൾ അകത്തേയ്‌ക്ക് പോകാൻ പാടുള്ളു.
എഗ്രീഡ്?”
“എഗ്രീഡ്”! ഞങ്ങൾ ഒരുമിച്ചാണ് പറഞ്ഞത്.
“പിന്നേ, പോലീസിനെ അലർട്ട് ചെയ്യാനൊന്നും മെനക്കെടേണ്ട. നെയ്‌വാഷയിലെ ഒരു പോലീസ് ഓഫീസർക്കാണ് ഞങ്ങൾ ഇതു വിറ്റത്. അതും കിട്ടേണ്ടതിന്റെ പകുതി വലിയ്‌ക്ക്!” ഗുഡ്‌നൈറ്റ്! “ഞങ്ങൾ ഇറങ്ങുമ്പോൾ തടിയൻ ഓർമ്മപ്പെടുത്തി.
ബി.എം.ഡബ്‌ളുയു നഷ്‌ടപ്പെട്ടതിന്റെ ദുഃഖം സ്‌ക്കോച്ചിലൂടെ ഒഴുകിക്കളഞ്ഞ്. രാത്രിവളരെ വൈകിയാണ് ദിപക് എന്നെ എന്റെ ഫ്ലാറ്റിൽ കൊണ്ടാക്കിയത്. ശുഭരാത്രി പറയുമ്പോൾ ഞാൻ ആശ്വസിപ്പിച്ചു. ”നിരാശപ്പെടേണ്ട ദീപക്. ഇതൊക്കെ പാർട്ട് ഓഫ് ദ ഗെയിം ആയി കണക്കാക്കിയാൽ മതി“.
പജേറോ റിവേഴ്‌സ് ചെയ്‌തുകൊണ്ട് ദീപക് പറഞ്ഞു.”.
“മി. നായർ! അറിയാമല്ലോ, ആട്ടാക്കച്ചവടത്തിൽ നിന്നും തുടങ്ങിയതാണ് ഞങ്ങളുടെ ബിസിനസ്സ്! തീയിൽ കുരുത്തത് വെയിലത്തു വാടുമോ? ഗുഡ്‌നൈറ്റ്!”
പജേറോ ഇരച്ചു പാഞ്ഞു.
Generated from archived content: keniyan12.html Author: babu_g_nair