നുന്നൂസ്‌

ഇത്തവണ എന്തായാലും കുഞ്ഞമ്മാവനും മണിയമ്മായിയും ഇങ്ങോട്ടുവന്നേ പറ്റൂ! കഴിഞ്ഞ രണ്ടു ന്യൂ ഇയറിനും ഞങ്ങൾ നെയ്‌റോബിക്കു വന്നതല്ലേ? ക്രിസ്‌തുമസ്‌ അവധിക്ക്‌ പിള്ളേരു ഇംഗ്ലണ്ടിൽ നിന്നും വരുന്നുണ്ട്‌. ഒഴിവുകഴിവെന്നും പറയേണ്ട“………

ജഗദമ്മ ഫോൺ വെച്ചു.

എന്റെ അനന്തിരവളാണ്‌ ജഗദമ്മ. പത്തിരുപത്തഞ്ചു വർഷങ്ങളായി ഉഗാണ്ടയിലെ ജിഞ്ചയിലാണ്‌. ഭർത്താവ്‌ എസ്‌.ആർ.കുറുപ്പ്‌. അവിടെയുള്ള സെന്റ്‌ ജെയിംസ്‌ സെക്കന്ററി സ്‌കൂളിന്റെ പ്രിൻസിപ്പലാണ്‌. ജിഞ്ച നഗരസഭയുടെ പ്രൊവിൻഷ്യൻ മിനിസ്‌റ്ററും.

ഞങ്ങൾ ഉഗാണ്ടയ്‌ക്കു പോകാൻ തീരുമാനിച്ചു. ക്രിസ്‌തുമസ്സിന്റെ തലേന്നു പോവുക. ന്യൂ ഇയർ കഴിഞ്ഞ്‌ തിരിച്ചെത്തുക. ഒരാഴ്‌ച ജിഞ്ചയിൽ. നൈൽ നദി ഉത്ഭവിയ്‌ക്കുന്നത്‌ ജിഞ്ചയിൽ നിന്നാണ്‌. ആറായിരത്തഞ്ഞൂറ്‌ മൈലുകൾ താണ്ടുന്ന ഒരു മഹാപ്രവാഹത്തിന്റെ ആദ്യകുമിള പൊട്ടുന്നത്‌ നേരിൽ കാണണം. പിന്നെയുമുണ്ട്‌ കാഴ്‌ചകൾ. വിസ്‌തൃതമായ കരിമ്പിൻ തോട്ടങ്ങൾ, മധുബാനിയുടെ പഞ്ചസാര ഫാക്‌ടറികൾ, ഇദി അമീന്റെ കൊട്ടാരം, ഗറില്ലാ സങ്കേതങ്ങൾ…….

ഞങ്ങൾ പോകാൻ തയ്യാറെടുത്തു. അപ്പോഴാണ്‌ ഒരു പ്രശ്‌നം പൊന്തിവന്നത്‌. നുന്നൂസ്‌! മണിയുടെ പുന്നാര ഈജിപ്‌ഷ്യൻ പൂച്ച. (സോറി) പൂച്ച എന്നു പറയുന്നതുപോലും പുള്ളിക്കാരിക്ക്‌ ഇഷ്‌ടമല്ല. നുന്നൂസ്‌ എന്ന്‌ പറഞ്ഞാലെന്താ? ഇല്ലെങ്കിൽ അവളെ പുസ്സി എന്നെങ്കിലും റഫർ ചെയ്‌തുകൂടെ?

ലോകസുന്ദരിയായ ക്ലിയോപാട്രയുടെ പൂച്ചയുടെ വംശപരമ്പരയിലെ ഒരു കണ്ണി! നൂന്നൂസിനെ ഒരാഴ്‌ച എന്തു ചെയ്യും? ആരെയെങ്കിലും ഏൽല്‌പിച്ചുപോകാൻ മണിയ്‌ക്ക്‌ ഇഷ്‌ടമല്ല. ‘ആരെ എല്‌പിച്ചാലും ഫീഡ്‌ സമയത്തു കൊടുക്കില്ല ആന്റിവേം ടാബ്‌ലേറ്റ്‌സും വൈറ്റമിൻ ടാബ്‌സും കൊടുക്കണം. ഡെയ്‌ലി ബ്രഷ്‌ചെയ്യണം. പ്രധാനകാര്യം അതൊന്നുമല്ല. ലോക്കൽ ചാവാളിപൂച്ചകളുമായി (ടാബിക്യാറ്റ്‌സ്‌) മിംഗിൾ ചെയ്യാതെ നോക്കണം. പ്രായപൂർത്തിയായ അഭിജാതസുന്ദരിയാ നുന്നൂസ്‌. അവളൊരു പെഡിഗ്രിക്യാറ്റാ അതോർമ്മവേണം.

രണ്ടുവർഷം മുമ്പാണ്‌ ഞങ്ങൾ നൂന്നൂസിനെ വാങ്ങിയത്‌. അതും ഏറെ പരതിയതിനുശേഷം. നെയ്‌റോബിയിൽ എത്തിയനാൾ മുതൽ മണിയുടെ നിർബന്ധമായിരുന്നു നല്ലൊരു പുസ്സിയെ വാങ്ങണമെന്ന്‌. നാട്ടിൽ ഒരു കല്ല്യാണിയുണ്ടായിരുന്നു. ഒന്നാന്തരമൊരു കള്ളി പൂച്ച. എങ്കിലും കല്ല്യാണിയെ മണിയ്‌ക്കു ജീവനായിരുന്നു. ആറോ ഏഴോ പ്രസവിച്ചു. പ്രസവിയ്‌ക്കുംതോറും സൗന്ദര്യവും ആരോഗ്യവും വർദ്ധിയ്‌ക്കുന്നു. ഏതോ ഒരു സിദ്ധി കല്ല്യാണിയ്‌ക്കുണ്ടായിരുന്നു. മണി നെയ്‌റോബിയ്‌ക്കു പോരുമ്പോൾ കല്ല്യാണി എട്ടാമതും ഗർഭിണിയായിരുന്നു.

അവസാനം കിസുമുഖിലെ ഫിലിപ്പ്‌ മോബുട്ട എന്ന ബിസിനസ്‌ കാരനിൽ നിന്നും ആണ്‌ നുന്നൂസിനെ വാങ്ങിയത്‌. പെഡിഗ്രി സർട്ടിഫിക്കറ്റ്‌ പരിശോധിക്കാൻ തന്നുകൊണ്ട്‌ അയാൾ പറഞ്ഞു. ”രണ്ടു വർഷം മുമ്പ്‌ നെയ്‌റോബിൽ നിന്നും വാങ്ങിയതാണ്‌. എനിയ്‌ക്ക്‌ എത്ര ഡോളർ വിലയായി കിട്ടുന്നു. എന്നുള്ളതല്ല പ്രശ്‌നം നന്നായി നോക്കും എന്നുറപ്പുള്ള ഒരാൾക്കേ ഞാൻ അവളെ വില്‌ക്കു. അത്ര റോയൽ ലീനിയേജുള്ള പെഡിഗ്രിയാണവളുടേത്‌.! ഇതുവരെ മേറ്റ്‌ ചെയ്യിച്ചിട്ടില്ല. ടാബിക്യാറ്റ്‌സുമായി മിക്‌സ്‌ ചെയ്യാതെ പ്രത്യേകം ശ്രദ്ധിയ്‌ക്കണം. റോയൽ ഈജിപ്‌ഷ്യൻ ക്യാറ്റുമായേ മേറ്റ്‌ ചെയ്യിക്കാവു. മിസിസ്‌ നായരുടെ തല്‌പര്യം കണ്ടുകൊണ്ടുപറയുകാ. ആയിരം ഡോളർ തന്നാൽ മതി.“

”വേണ്ടാ വേണ്ടാ! ഈ വിലക്ക്‌ ദിവസം ഇരുപതുലിറ്റർ പാൽ തരുന്ന രണ്ട്‌ ജെഴ്‌സി പശുക്കളെ വാങ്ങാൻ പറ്റും. നമുക്കു പോകാം.“

ഞാൻ മലയാളത്തിൽ പറഞ്ഞു. പക്ഷേ മണി വഴങ്ങിയില്ല.

”സാരമില്ലെന്നേ! ക്ലിയോപാട്രയുടെ പുസ്സിയുടെ കുടുംബത്തിൽപ്പെട്ട ഈ സുന്ദരിയ്‌ക്ക്‌ ഈ വില കൂടുതലൊന്നുമല്ല.“

അങ്ങനെയാണ്‌ ’ ലിൽബിറ്റ്‌ ഫിലിപ്പ്‌‘ എന്ന ക്രിസ്‌റ്റ്യൻ പേരുള്ള സുന്ദരിപൂച്ചയെ ആയിരം ഡോളർ കൊടുത്തു വാങ്ങി വെറ്റിനറി സർട്ടിഫിക്കറ്റിൽ ’ലിൽ ബിറ്റ്‌ ഗോപാലകൃഷ്‌ണൻ‘ എന്നു പേരുമാറ്റി രജിസ്‌റ്റർ ചെയ്‌ത്‌ ഞങ്ങൾ നെയ്‌റോബിയ്‌ക്കു കൊണ്ടു വന്നത്‌. പെൺമക്കളില്ലാത്ത ഞങ്ങൾക്ക്‌ അങ്ങനെ നുന്നൂസ്‌’ മകളായി.

ആറുമാസം കഴിഞ്ഞപ്പോൾ ഒരു ദിവസം മണി പറഞ്ഞു. ”അതേയ്‌, ഇങ്ങനെ ആയാൽ മതിയോ? നുന്നൂസിനെ മേറ്റ്‌ ചെയ്യിക്കണ്ടേ? ഇവിടെ നാടൻ പൂച്ചകളുടെ പൂവാല ശല്യം കുറച്ചുകൂടുതലാ. താഴത്തെ പ്ലാറ്റിലെ റസിയയുടെ കറുത്ത കൂനൻ പൂച്ചയെ ഓടിയ്‌ക്കാനേ എനിക്കു നേരമുള്ളു. എത്രനാളാ ഇങ്ങനെ? സിബ്ലോക്കിലെ മോറിൻ പറഞ്ഞു നക്കുരുവിൽ അവരുടെ ഒരു ഫ്രണ്ട്‌ വെറ്റിനറി ഡാക്‌ടർക്ക്‌ ഒരു ഈജിപ്‌ഷ്യൻ മെയിൽക്യാറ്റുണ്ടെന്ന്‌. നമുക്ക്‌ നൂന്നൂസിനെ ഒരാഴ്‌ച അവിടെകൊണ്ടു നിർത്തിയാലോ? മോറിൻ പറഞ്ഞുസമ്മതിപ്പിക്കാമെന്നേറ്റിട്ടുണ്ട്‌.

അങ്ങനെയാണ്‌ നെയ്‌റോബിയിൽ നിന്നും 160 കിലോ മീറ്റർ കാറോടിച്ച്‌ നക്കുരുവിലെ വെറ്റ്‌ ഡാക്‌ടറുടെ വീട്ടിലെത്തിയത്‌.

‘ശരി ഒരാഴ്‌ച നില്‌ക്കട്ടെ ഫീസൊന്നും വേണ്ട. പക്ഷേ ഒരു കണ്ടീഷൻ ഇവൾ പ്രസവിയ്‌ക്കുന്ന ഒരു പൂച്ചക്കുട്ടിയെ എനിക്കു തരണം.“

ഡോക്‌ടർ പറഞ്ഞു. ഞങ്ങൾ സമ്മതിച്ചു. നുന്നൂസിനെ അവിടെയാക്കി ഞങ്ങൾ മടങ്ങി. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞ്‌ മോറിൻഓടി വന്നു പറഞ്ഞു. ”മണീ. ആകെ പ്രശ്‌നമായി. നുന്നൂസ്‌ മെയിൽ ക്യാറ്റിനെ അടുപ്പിയ്‌ക്കുന്നില്ല. തന്നെയല്ല, അവൾ അവനെ അടിയ്‌ക്കുകയും മുഖമാകെ മാന്തിപ്പൊളിയ്‌ക്കുകയും ചെയ്‌തു ഉടൻതന്നെ അവളെ കൊണ്ടുപൊയ്‌ക്കോളാനാണ്‌ ഡാക്‌ടർ പറഞ്ഞത്‌.

അലസിപ്പോയ ഹണിമൂൺ കഴിഞ്ഞ്‌ നക്കുരുവിൽ നിന്നും തിരിയെ വരുമ്പോൾ നുന്നൂസിനെ മടിയിൽ വെച്ച്‌ തലോടിക്കൊണ്ട്‌ മണിപറഞ്ഞു. “ ഈജിപ്‌ഷ്യനാണെന്നു പറഞ്ഞിട്ടെന്താ? അവന്‌ ആകെക്കൂടി ഒരു റൗഡിലുക്കാ’ അതാ അവൾക്കു പിടിക്കാഞ്ഞത്‌!”

ഇരച്ചുകയറിയ ദേഷ്യം അടക്കിക്കൊണ്ട്‌ ഞാൻ ആക്‌സിലറേറ്ററിൽ കാലമർത്തി.

ജഗദമ്മയുടെ വിളി വീണ്ടും വന്നു. “എന്നാ വരുന്നത്‌? ക്രിസ്‌തുമസിന്റെ തലേന്നെങ്കിലും എത്തണം. ഞാനും ശശിയേട്ടനും കൂടെ എന്റബേ എയർ പോർട്ടിൽ കാത്തു നില്‌ക്കാം. നുന്നൂസിനെ കൂടെ കൊണ്ടുപോരു. കസ്‌റ്റംസ്‌ ക്ലിയറൻസൊന്നും പ്രശ്‌നമല്ല. ശശിയേട്ടൻ ഇവിടുത്തെ മിനിസ്‌റ്ററല്ലേ?”

അങ്ങനെ ഞങ്ങൾ നെയ്‌റോബി ജോമോ കെനിയാട്ട എയർപോർട്ടിലേക്ക്‌ പുറപ്പെട്ടു. നുന്നൂസിന്‌ ഒരാളുടെ ടിക്കറ്റ്‌ ചാർജാണ്‌. അവൾക്ക്‌ കാർഗോയിൽ എയർകണ്ടീഷൻ ചെയ്‌ത പെറ്റ്‌സ്‌ ട്രാവൽ കമ്പാർട്ട്‌മെന്റിലാണ്‌ സീറ്റ്‌. അതിനുവേണ്ടി 70 ഡോളർ കൊടുത്ത്‌ ഒരു ‘കെനൽ’ വാങ്ങി. ഫീഡും വെള്ളവും എല്ലാം വെയ്‌ക്കാനുള്ള ഒരു കൂടാണ്‌ കെനൽ. കെന്യാത്ത എയർപോർട്ടിൽ നിന്നും വിമാനം പറന്നുപൊങ്ങി നേരെ വിക്‌ടോറിയ തടാകത്തിന്റെ നീലപ്പരപ്പിനു മുകളിലേയ്‌ക്ക്‌. താഴെ കടലോളം പോന്ന വിശാലത. അതിനക്കരെ വിമാനം താണിറങ്ങുന്നത്‌ ഉഗാണ്ടയുടെ എന്റബേ എയർപോർട്ടിൽ.

ജഗദമ്മയും കുറുപ്പും എന്റബേയുടെ വി.ഐ.പി. ലൗഞ്ചിൽ ഞങ്ങളെ കാത്തു നില്‌പുണ്ടായിരുന്നു. അധികം താമസിച്ചില്ല ട്രോളിയിൽ നുന്നൂസ്‌ എത്തി. ഞങ്ങൾ ജിഞ്ചയ്‌ക്കു പുറപ്പെട്ടു.

ജഗദമ്മയുടെ ജിഞ്ചയിലെ വീട്‌ നുന്നൂസിന്‌ നന്നെ പിടിച്ചു. വിശാലമായ തളങ്ങൾ. കയറാനും ഇറങ്ങാനും ഓടിക്കളിയ്‌ക്കാനും വളഞ്ഞു പുളഞ്ഞ കോണികൾ. ഒളിക്കാൻ തട്ടിൻ മൂലകൾ പ്രാവിൻ പറ്റങ്ങൾ പറന്നിറങ്ങുന്ന വിശാലമായ മുറ്റം. ഓടിക്കയറാൻ പരുക്കൻതൊലിയുള്ള മരങ്ങൾ നിറഞ്ഞ പറമ്പ്‌.

സുഹൃദ്‌ സന്ദർശനങ്ങളും ആഘോഷങ്ങളും പിക്‌നിക്കുകളുമായി ആറേഴു ദിവസങ്ങൾ കടന്നുപോയതറിഞ്ഞില്ല. ആദ്യമൊക്കെ ഞങ്ങൾ എവിടെ പോയാലും നുന്നൂസിനെയും കൂടെ കൂട്ടുമായിരുന്നു. പരിസരവുമായി ഇണങ്ങിക്കഴിഞ്ഞപ്പോൾ അവളെ ഒറ്റയ്‌ക്കു വിടുന്നതാണ്‌ നല്ലതെന്നുതോന്നി.

ഒരു ദിവസം മധുബാനിയുടെ ഷുഗർ ഫാക്‌ടറി സന്ദർശനം കഴിഞ്ഞ്‌ മടങ്ങി വന്നപ്പോൾ കണ്ട കാഴ്‌ച ഞങ്ങളെ നടുക്കിക്കളഞ്ഞു. മുറ്റത്തു പറന്നിറങ്ങുന്ന പ്രാവിൻ കൂട്ടത്തെ ഓടിച്ചുപറപ്പിക്കുന്ന നുന്നൂസ്‌. പ്രാവിൻകൂട്ടം പറന്നു പൊങ്ങിയപ്പോൾ ആകാശത്തിലേക്ക്‌ വാൽചുഴറ്റി അതാ ഒരു തനിനാടൻ കരിമ്പൂച്ച അവളെ തൊട്ടുരുമ്മി നില്‌ക്കുന്നു.! മണി ഓടിച്ചെന്ന്‌ നുന്നൂസിനെ വാരിയെടുത്ത്‌ പുതച്ചിരുന്ന പഷ്‌മിനഷാളിനുള്ളിലൊളിപ്പിച്ചു. പൂവാലൻ പറമ്പിൻമൂലയിലേക്ക്‌ ഓടിയൊളിച്ചു.

ഞങ്ങൾ തിരിച്ചു പോരേണ്ട ദിവസമായി. ഉച്ചയ്‌ക്ക്‌ 12 മണിയ്‌ക്കാണ്‌ നെയ്‌റോബിയ്‌ക്കുള്ള ഫ്ലൈറ്റ്‌. പാർക്കിംഗ്‌ എല്ലാം കഴിഞ്ഞ്‌ കെനലുമായി വന്നു നോക്കുമ്പോൾ നുന്നൂസിനെകാണാനില്ല. വീടു മുഴുവൻ പരതി. കുറച്ചുമുമ്പ്‌ സിറ്റൗട്ടിൽ ടെന്നീസ്‌ ബാൾ തട്ടിക്കളിച്ചുകൊണ്ടു നില്‌ക്കുന്നുണ്ടായിരുന്നു. മണികരയാൻ തുടങ്ങി. ജഗദമ്മ വീടിന്റെ മുകൾനില മുഴുവൻ പരതി. കുറുപ്പ്‌ പറമ്പുമുഴുവൻ അരിച്ചുപെറുക്കി. കുശിനിക്കാരൻ സ്‌റ്റീഫൻ പറഞ്ഞു“ പുസ്സി കുറച്ചു മുമ്പ്‌ കാർഷെഡിന്റെ പിന്നിലുണ്ടായിരുന്നു.

” ആ കറുത്ത കണ്ടൻപൂച്ച ഇവിടെങ്ങാനും വന്നോ സ്‌റ്റീഫൻ?“ ജഗദമ്മ ചോദിച്ചു.

”ഇല്ല മാം! ഇന്നവൻ വന്നിട്ടില്ല“. സ്‌റ്റീഫൻ തീർത്തുപറഞ്ഞു.

എയർപോർട്ടിലേക്കു തിരിക്കാൻ സമയമായി. മണികരച്ചിൽ നിർത്തിയിട്ടില്ല. ജഗദമ്മ ആശ്വസിപ്പിച്ചുകൊണ്ടുപറഞ്ഞു.” അമ്മായി വിഷമിക്കണ്ട. നുന്നൂസ്‌ ഇങ്ങുവരും. വന്നാൽ തൊട്ടടുത്ത ഫ്ലൈറ്റിന്‌ ഞാനവളെ നെയ്‌റോബിയിലെത്തുച്ചുതരാം. അവളുടെ കെനൽ ഇവിടെ ഇരിക്കട്ടെ. രണ്ടു ദിവസത്തിനകം അവളവിടെ എത്തും തീർച്ച.“

അങ്ങനെ നുന്നൂസ്‌ ഇല്ലാതെ ഞങ്ങൾ നെയ്‌റോബിയ്‌ക്കു മടങ്ങി. ദിവസവും രണ്ടുമൂന്നു തവണ മണി ജഗദമ്മയെ വിളിക്കും, ഇല്ല. നുന്നൂസിന്റെ വിവരമൊന്നുമില്ല.

മൂന്നാലു ദിവസം കഴിഞ്ഞുകാണും, ജഗദമ്മയുടെ ഫോൺ വന്നു. ” മണിയമ്മായി, അവൾ വന്നു ആ കുറുമ്പനും കൂട്ടത്തിലുണ്ട്‌. അവളെ ഒറ്റയ്‌ക്കു പിടിക്കാൻ കിട്ടുന്നില്ല. വിളിച്ചാൽ അടുത്തുവരുന്നില്ല. ഫീഡും വെള്ളവും എല്ലാം വെച്ചുകൊടുത്തിട്ടും കെനലിനടുത്തേയ്‌ക്കു വരുന്നില്ല. അതെങ്ങനെയാ? മുട്ടി ഉരുമ്മി ആ ഇദി അമിൻ കൂടെ നടക്കുകയല്ലേ! പറമ്പിലും കാർഷെഡിലുമൊക്കെയാണ്‌ കറക്കം. വീടിനകത്തേക്കു വരുന്നില്ല……….. എന്താ ചെയ്യേണ്ടത്‌?“

”ഒന്നും ചെയ്യേണ്ട. പിഴച്ചവൾ! കിട്ടിയാലും ആകുറിയേടത്തു താത്രിയെ ഇനി ഞങ്ങൾക്കുവേണ്ട. എന്തോ ഒഫീഷ്യൽ ആവശ്യത്തിന്‌ ബാബുച്ചേട്ടൻ അടുത്തമാസം കെയ്‌റോയിൽ പോകുന്നുണ്ട്‌. അവിടെനിന്നും നല്ല പെഡിഗ്രി ഉള്ള ഒരു ഈജിപ്‌ഷ്യൻ പുസ്സിയേയും മെയിൽ ക്യാറ്റിനേയും ഒരുമിച്ചു വാങ്ങാം. ഇനി ഇങ്ങനെ പറ്റരുതല്ലോ! പറ്റിയാൽ സെലക്‌ട്‌ ചെയ്യാൻ കെയ്‌റോയ്‌ക്ക്‌ ഞാൻ കൂടെ പോകാമെന്നു കരുതുന്നു. ബാബുച്ചേട്ടനോട്‌ അക്കാര്യം പറഞ്ഞിട്ടില്ല……..

മണി പറയുന്നതുകേട്ടുകൊണ്ട്‌ പടി ഇറങ്ങിവന്ന ഞാൻ മനസ്സിൽ പറഞ്ഞു………….

‘കെയ്‌റോ ട്രിപ്പ്‌ ക്യാൻസൽഡ്‌!.

Generated from archived content: keniyan10.html Author: babu_g_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഉൾക്കാടുകൾ ഉലയുമ്പോൾ….
Next articleഅമ്മച്ചി
പന്തളം തട്ടയിൽ പരേതനായ ജി.കൃഷ്‌ണപിളളയുടെയും ഭാർഗ്ഗവിയമ്മയുടെയും മകൻ. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നിന്നും കൃഷിശാസ്‌ത്രത്തിൽ ബിരുദവും കൊച്ചി യൂണിവേഴ്‌സിറ്റിയിൽനിന്നും എം.ബി.എ ബിരുദവും നേടി. ഗജകേസരിയോഗം, മലപ്പുറം ഹാജി മഹാനായ ജോജി, ദില്ലീവാലാ രാജകുമാരൻ എന്നീ ചലച്ചിത്രങ്ങൾക്കു കഥയും ഒളിമ്പ്യൻ അന്തോണി ആദം എന്ന ചലച്ചിത്രത്തിന്‌ കഥയും തിരക്കഥയും രചിച്ചു. നിരവധി ടെലിഫിലിമുകൾക്കും സീരിയലുകൾക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ പേയാട്‌ ‘രാധേയ’ത്തിൽ താമസിക്കുന്നു. Address: Phone: 9446435975 രാധേയം, പിറയിൽ, പേയാട്‌, തിരുവനന്തപുരം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here