സിങ്കിള്‍ സവാരി

കറിയാക്കോച്ചേട്ടന്റെ കൂടെ സൈക്കിളിന്റെ പിന്നിലിരുന്ന് പോകുന്നത് വലിയ റിസ്ക് തന്നെ. വളവുകളും തിരിവുകളും അയാള്‍ക്ക് പുല്ലായിരുന്നു. സിന്ധ് മാതാ റോഡില്‍ നിന്നൊരു ചവിട്ട് കൊടുത്താല്‍ പിന്നെ നില്‍ക്കുന്നത് സൂസ്സന്റെ മുന്നില്‍. പിന്നെ വലത്തോട്ട് തിരിഞ്ഞാല്‍ നില്‍ക്കുന്നത് ജി.ഐ. ഡീ സി-യുടെ ഒടുവിലത്തെ കവലയില്‍. രാവിലെകളിലും സായാഹ്നങ്ങളിലും നിര‍ത്തു നിരന്നു പോകുന്ന സൈക്കിള്‍ കൂട്ടങ്ങള്‍ക്കിടയിലൂടെ അടിച്ചു മിന്നിച്ച് വളച്ചും പുളച്ചും അയാള്‍ ജെറ്റ് വേഗത്തില്‍ ഒറ്റക്കു പോകുന്നതു കാണുമ്പോള്‍ തന്നെ ഭയം തോന്നിയിരുന്നു. പിന്നെ ആണ് ഡബിള്‍ സവാരിയുടെ ആപല്‍ക്കര സ്ഥിതി. നാട്ടിലാണെങ്കില്‍ ഡബിള്‍ സവാരിയും രാത്രിയില്‍ ലൈറ്റില്ലാതെ യാത്ര പോകുന്നതുമൊക്കെ നിയമ വിരുദ്ധം. ബറോഡയില്‍ ഇതെല്ലാം നിയമവിധേയം. നാലുപേരടങ്ങുന്ന കുടുംബം മുഴവന്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നു. ഒരിക്കല്‍ ഒരു ചങ്ങാതി കാരേളി ബാഗില്‍ ഇരിക്കുമ്പോള്‍ ഇതുപോലെ ഒരു കുടുംബം യാത്ര ചെയ്യുന്നതു കണ്ട് കമന്റടിച്ചു ”വലിച്ചു വിട് വീട്ടില്‍ചെല്ലുമ്പോള്‍ തിരുമ്മേണ്ടീ വരും” പച്ച മലയാളത്തില്‍ രണ്ട് തെറി കേട്ടപ്പോള്‍ സമാധാനമായി. പിന്നില്‍ ഇരുന്നിരുന്ന സ്ത്രീ അടക്കി ചിരിക്കുന്നതുകൂടി കണ്ടപ്പോള്‍ ചങ്ങാതിക്കു ഒരു നഗ്നതാനുഭവം. എന്തായാലും ഈ കൊച്ചേട്ടനു മരണത്തേയും അപകടത്തേയും ഒന്നും പേടിയില്ലെന്നു തോന്നും പോക്കുകണ്ടാല്‍. കല്യണം കഴിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ പോവില്ലെന്നു സ്ഥാപിക്കാനായി ഞാനൊരിക്കല്‍ ‍ചോദിച്ചു അങ്ങേരോട് ഒരു കല്യാണമൊക്കെ കഴിക്കേണ്ടേ എന്ന്. കൊച്ചേട്ടന്‍ കെട്ടിയാല്‍, ഞങ്ങള്‍‍ക്കും വല്ലപ്പോഴുമൊക്കെ വന്ന് കഞ്ഞിയും കപ്പയുമൊക്കെ തട്ടാമല്ലോ. ”എന്റെ പൊന്നു ബാബു, അതൊന്നും നടക്കുന്ന കാര്യമല്ല. ആലോചനകള്‍ പലതും വന്നെങ്കിലും ഒക്കെ തട്ടിപ്പോയി. അതൊക്കെ പോട്ട്. നമ്മക്ക് വേറെ എന്നതേലുമൊക്കെ പറയാം.

എന്റെ ജിജ്ഞാസ കൂടി.

വൈകുന്നേരങ്ങളില്‍ ബീഡിയും ചെസ്സും ചപ്പാത്തിയും ഉരുളക്കിഴങ്ങും ഉള്ളിയും. പിന്നെ കുറച്ച് മുകുളക് പൊടിയും ഉപ്പും വെളിച്ചണ്ണയും. ഒഴിവു ദിവസങ്ങളില്‍ തക്കാളിയും അല്പ്പം മട്ടണ്‍‍ മസാലയും, ഒപ്പം തുടര്‍ക്കഥ പോലെ ശീട്ടുകളി. ഇതിനിടയില്‍ ഒരു ദിവസം കൊച്ചേട്ടന്‍ ”സെന്റി” ആയി; മദ്യ സേവക്ക് ക്ലിപ്തതയുള്ള ആളാണ്. മറ്റാരേം നിര്‍ബന്ധിക്കുകയില്ല. വേണമെങ്കില്‍ കൂടെ കൂടുന്നതിനു വിരോധമില്ല. അളവു കൂടിയാല്‍, തുളുമ്പുന്നത് കണ്ണിലൂടെ. തന്റെ കഥ അറിയാതെ മറ്റുള്ളവരോട് പറഞ്ഞു പോയെങ്കിലോ എന്നു പേടിച്ചാണെത്രേ ഒറ്റക്കു കുടിക്കുന്നത്. ”സെന്റി” ആയിക്കഴിഞ്ഞാലെല്ലാവരും സ്വന്തം സഹോദരന്മാരാണ്,കൊച്ചേട്ടന്.

”എടാ ബാബുവേ, നീ അന്നൊരിക്കല്‍ ചോദിച്ചില്ലിയോ? എന്റെ കല്യാണക്കാര്യം? എന്നാ കേട്ടോ”

മേരിക്കുട്ടി, ഞങ്ങളുടെ നാട്ടിലെ താറാവുകാരന്‍ പാപ്പിയപ്പാപ്പന്റെ മകളായിരുന്നവള്‍. വെറും എട്ടാം ക്ലാസ്സുകാരി. പെണ്‍പള്ളിക്കൂടത്തിലേക്ക് ദൂരം കൂടുതലാണെന്നു പറഞ്ഞു നിര്‍ത്തിച്ചതാ പഠിത്തം. കാണാന്‍ തരക്കേടില്ലായിരുന്നു. പള്ളീല്‍ മെഴുകുതിരി വെളിച്ചത്തില്‍‍ അവളെ ഒന്നു കാണണം. താറവുകാരിയാണെന്ന് പറയത്തില്ല. വെള്ളിയിടിയിലൂടെ ഇറങ്ങി വന്ന ഒരു മാലാഖ. ക്രിസ്തുമസ് കരോളിന് ഞാന്‍ സ്ഥിരമായി പോകും. അവളെ കാണാന്‍ മാത്രം.

എന്നും വെളുപ്പിനെ ഏറ്റുമാനൂരുള്ള ഐറ്റിഐ-യില്‍ ട്രെയിനിങ്ങിനു പോയ്ക്കൊണ്ടിരുന്ന കാലത്തവള്‍ തോട്ടുംകരെ താറാവുകളുമായി കിന്നാരം പറഞ്ഞോണ്ടിരിക്കുകയായിരിക്കും. ഒരെണ്ണം മടിയിലും കാണും. താറാക്കുഞ്ഞുങ്ങള്‍ അനുസരണയോടെ അവളുടെ ഉള്ളം കയ്യീന്ന് പനയരി തിന്നുന്നതും കാണാം. ഒരു ദിവസം ഞാന്‍ അവളോട് ഒള്ള കാര്യം പറഞ്ഞു. എനിക്ക് ജോലികിട്ടിക്കഴിയുമ്പം കെട്ടിക്കോളാം അതുവരെ നീ കാത്തിരിക്കണം. അവളന്നേരം പറയുവാ, താനെന്റെ ഇച്ചാച്ചനോട് ചോദീരെന്ന്. അവളുടെ ഇച്ചാച്ചന്റെ കയ്യില്‍ നല്ല മൂര്‍ച്ചയുള്ള കൈ മഴുവുണ്ടെപ്പോഴും. താറാവിന് തിന്നാനുള്ള പന അരിയുന്ന മഴു. അതെങ്ങാനും എന്റെ കഴുത്തില്‍ വീണെങ്കില്‍ എന്നു കരുതി ഒന്നും മിണ്ടിയില്ല. പിന്നെ ഞാന്‍ കണ്ടത് അവള്‍ മനസമ്മതത്തിന് മലപ്പുറം പള്ളീല്‍ നില്‍ക്കുന്നതാ. അവളെ ഞങ്ങടെ അടുത്തൊള്ള പൂക്കാട്ടിലെ ചാക്കോച്ചന്‍ കെട്ടി.

അന്തരീക്ഷത്തിന്റെ ടെമ്പോ കളയാതിരിക്കാന്‍ ഒഴിഞ്ഞ ഗ്ലാസു വീണ്ടും നിറച്ചു കൊടുത്തു. കൊച്ചേട്ടന്‍ അല്പ്പനേരം മുകളിലേക്കു നോക്കിയിരുന്നു; വായുവില്‍ കുരിശു വരച്ചു. ഒരു വലിക്ക് ആ ഗ്ലാസ്സും കാലി. കഥ തുടര്‍ന്നു.

”കേട്ടോടാ ഉവ്വേ, പിന്നെ അതൊക്കെ അങ്ങു മറന്നു. കെഴക്കൊരു തേയിലത്തോട്ടത്തില്‍ പണിക്കുപോയപ്പോളാണ്, എന്റെ ഇച്ചാച്ചനൊരു പേടി കേറിയത്. ഇവന്‍ അവിടെങ്ങാനും പോയി ആദിവാസിപ്പെണ്ണിനേയും കെട്ടി വല്ല ഏറുമാടത്തേലും പൊറുതി തൊടങ്ങുവോന്ന്. പിന്നെ കൊണ്ടുപിടിച്ചൊരാലോചന തൊടങ്ങി. ഞങ്ങടെ നാട്ടീന്നല്ല, അമ്മാച്ചന്റെ നാട്ടിലെ കപ്യാരെ പറഞ്ഞുവെച്ചു. ഏതെങ്കിലും നല്ല പേണ്‍പിള്ളാരെ കണ്ടു പിടിക്കാന്‍. അങ്ങനെ ഒരു ദിവസം ആ കപ്യാരു വീട്ടില്‍ വന്നു. കാര്യമൊക്കെ പറഞ്ഞു കേള്‍‍പ്പിച്ചു ഇച്ചാച്ചനെ. നേരം മയങ്ങിയപ്പോള്‍ രണ്ടുപേരും കൂടി ഒന്നു മിനുങ്ങി. ഇച്ചാച്ചന്‍ എന്നെ വിളിച്ചേച്ചും പറയുവാ – എടാ കറിയാ, ഇങ്ങു നോക്ക്, നിന്റെ കെട്ടൊറപ്പിക്കാന്‍ പോകുവാ. ഈ വ്യാഴാഴ്ച, നീ അവധിയെടുത്തോണം. പറഞ്ഞപോലെ വ്യാഴാഴ്ചയായി. ഞാനും ഇച്ചാച്ചനും കൂടി ബസ്സു കേറി കാഞ്ഞിരത്താനത്തെറങ്ങി. ബസ്സ്റ്റോപ്പില്‍ തന്നെ ര‍ണ്ടമ്മാച്ചന്മാരും കപ്യാരും ഒണ്ടായിരുന്ന്. ഒരു ചിരി ചിരിച്ച് കപ്യാരെന്നെ ഒന്നു നാണിപ്പിക്കാന്‍ നോക്കി. ഞാന്‍ വിട്ടു കൊടുത്തില്ല. വളരെ ഡീസന്റായി ഞാനങ്ങു ചിരിച്ച്. എന്നാലും ചെറിയ ഒരു ഭീതിയും പരുങ്ങലുമൊക്കെ ഒണ്ടായിരുന്ന് കെട്ടോ. ഞാന്‍ കൊച്ചനല്ലേ. അതും ആദ്യമായിട്ടല്ലേ എല്ലാരുടേം മുമ്പേവച്ചൊരു പെണ്ണിനെ നോക്കാന്‍ പറ്റുന്നത്. എപ്പോളും ഒളിച്ചല്ലെ നമ്മളെല്ലാം നോക്കണത്.

വീട്ടിക്കേറി ഇരുന്ന് കാര്യങ്ങളൊക്കെ പറഞ്ഞോണ്ടിരിക്കുമ്പം, എന്നെ ഒരു പെണ്ണ് അകത്തൂന്ന് കൈകാട്ടി വിളിച്ചേച്ചും ആംഗ്യഭാഷേല്‍ പറയുവാ, ഇതു സമ്മതിക്കരുതെന്ന്, സമ്മതിച്ചാല്‍ എന്നും പറഞ്ഞ് അരിവാളോങ്ങി കാണിക്കുന്നു ദേ, ഞാനൊന്നും സംഭവിക്കാത്ത മട്ടില്‍ ഇരുന്നു. ചായ എത്തി, നല്ല അവലോസുപൊടിയും. എല്ലാം കഴിഞ്ഞപ്പോള്‍ കപ്യാരു ചോദിച്ചു. ”എങ്ങനേണ്ടെടാ കറിയാ, നിനക്കു ബോധിച്ചോ?” ഞാന്‍ അങ്ങേരെ പൊറത്തേക്കു വിളിച്ചു. അടുക്കളയുടെ അരികില് ‍തൊഴുത്തിനോട് ചേര്‍ന്നുള്ള തൂണില്‍ ചാരി നില്‍ക്കുന്ന അവളെ കാണിച്ചു കൊടുത്തു. കപ്യാര്‍ ഒന്നേ നോക്കിയുള്ളു അകത്തേക്കോടീ ഇച്ചാച്ചനേയും അമ്മാച്ചനേയും വിളിച്ചോണ്ട് പുറത്തിറങ്ങി. അവളുടെ തന്തേം തള്ളെം ഒന്നും മനസിലാവാതെ അന്തം വിട്ടു നിന്നു. അവളാണെങ്കില്‍ ഒന്നും സംഭവിക്കാത്തതു പോലെയും നിന്നു.

കള്ളു ഷാപ്പിലെ ഒരു ചിരപരിചിതനായ ജോലിക്കാരനേപ്പോലെ ഗ്ലാസ്സു വീണ്ടും ഞാന്‍ നിറച്ചു. കൊച്ചേട്ടന്‍ തുടര്‍ന്നു. ഇമ്മിണീ ദെവസം കഴിഞ്ഞപ്പം കപ്യാരു വീണ്ടും പ്രത്യക്ഷനായി. എന്റെ നോട്ടം കണ്ടു വെരണ്ടു കാണും എന്നു കരുതി. എവടെ,ഒരു കൂസലുമില്ലാതെ എന്റടുത്തു തന്നെ വന്നു. ”കറിയാ നിനക്കൊരു കത്തൊണ്ട് നീ അന്നു കണ്ട പേണ്ണില്ലെ, അരിവാളുകാരി അവളു തന്നതാ” ഞാന്‍ വായിച്ചു നോക്കി. അവളുടെ ക്ഷമാപണം. അതിനൊപ്പം ബറോഡായിലെ ഒരഡ്രസ്സും. ജോലി ശരിയാക്കീട്ടൊണ്ട്. എത്രയും പെട്ടന്ന് യാത്രക്കൊരുങ്ങിക്കോളാന്‍. എന്നോടെന്നാ തോന്നീട്ടാ അരിവാള്‍ ഇതൊക്കെ ചെയ്തതെന്ന് ആലോചിക്കാനും മെനക്കെട്ടില്ല. ജോലി, അതും കേരളത്തിനു വെളിയില്‍, ആ പെണ്ണുകാണലിന്റെ മാനക്കേടും. പിന്നൊന്നും ആലോചിച്ചില്ല. ഇച്ചാച്ചന്റെ കയ്യീന്ന് 125 ഉലുവയും വാങ്ങി അമ്മച്ചിയോട് പറഞ്ഞേച്ചും ഒരു കൊച്ചു ബാഗുമായി നേരെ എറണാകുളം സൗത്തില്‍ വന്നു. ആഗസ്റ്റ് 13ന് ഞാന്‍ വണ്ടി കയറി 15 ന് ബോംബെ, പതിനാറിന് ബറോഡ. അവള്‍ തന്ന അഡ്രസ്സന്വേഷിച്ചു കണ്ടു പിടിച്ചു. എന്റെ വരവ് അങ്ങേര്‍ക്കറിയാമായിരുന്നെന്നു തോന്നി, പെരുമാറ്റം കണ്ടപ്പം. കൊറച്ചെ മിണ്ടത്തൊള്ളു. ഒച്ച താഴ്ത്തി സെമിനാരീലെ കൊച്ചച്ചന്മാര്‍ സംസാരിക്കുന്നതു പോലെയാ. എന്നാലും, തങ്കപ്പെട്ട മനുഷ്യന്‍. കൂടെ അനിയനും താമസിക്കുന്നൊണ്ട്. എല്ലാ സൗകര്യങ്ങളും തന്നു. എന്നിട്ടെന്നോട് പറഞ്ഞു, കറിയാച്ചാ നാളെ ജോലിക്ക് പോകാന്‍ തയ്യാറായിക്കോ. അങ്ങനെ ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങി.

അങ്ങേര് തന്നെ മുറിയെടുക്കാനും സാധനങ്ങള്‍ വാങ്ങാനുമൊക്കെ എന്നെ സഹായിച്ചു. ഇത്രയും നല്ലൊരു പുണ്യാളനെ ഞാന്‍ ബൈബിളില്‍ മാത്രമേ കേട്ടിട്ടുള്ളു. നേരില്‍ നല്ലപ്പഴാ കാണുന്നത്. ശമ്പളം കിട്ടുമ്പോള്‍ കൊറെശ്ശെ കൊറെശ്ശെയായി കൊടുത്താല്‍ മെതീയെന്നു പറഞ്ഞ് കാശ് തന്നു കെട്ടോ.

അടുത്ത ഗ്ലാസ്സ് തീര്‍ത്തതും കൊച്ചേട്ടന്‍ മറിഞ്ഞു വീണു. പിന്നെയൊരനക്കവും ഇല്ല. പായ പോലും നേരാം വണ്ണം നിവര്‍ത്തിയിട്ടില്ല. സ്വല്പ്പം മാറി ഞാനും കിടന്നു. കണ്ണു തുറന്നപ്പോള്‍ നേരം വെളുത്തിരുന്നു. കൊച്ചേട്ടന്‍ സ്റ്റൗ കത്തിച്ചു ചായപ്പരിപാടി തുടങ്ങിക്കഴിഞ്ഞു. ”എടാ ബാബുവേ, ഇതെന്നാ ഒറക്കമാടാ ഉവ്വെ, അടിച്ചതു ഞാനല്ലായിരുന്നോ?” ഒന്നും സംഭവിക്കാത്ത മാതിരിയുള്ള ഇരിപ്പു കണ്ടപ്പോള്‍ കൗതുകം തോന്നി. രസചരട് പൊട്ടിയതിന്റെ സ്വല്പ്പം വിഷമവും ഇല്ലാതില്ല. രാത്രിയാകാന്‍ ‍ ധൃതിയായി. ഇന്നും കൊച്ചേട്ടനെ സെന്റിയാക്കിയാല്‍ ബാക്കി കഥ കേള്‍ക്കാം. അതിനു വെണ്ടി ഓഫീസുവിട്ടു വരുന്ന വഴി മിലട്ടറി മോഹനനെ കണ്ട് ”അമൃതും” വാങ്ങിയാണെത്തിയത്. ഞാന്‍ തന്നെ അത്താഴമൊക്കെ റെഡിയാക്കി കാത്തിരുന്നു. അന്ന് കൊച്ചേട്ടന്‍ എന്നെ അത്ഭുതപ്പെടുത്തി. കുപ്പിയിന്മേലേക്ക് നോക്കിയതേ ഇല്ല.

”നീ വാടാ ബാബു, ഇന്നലത്തേതിന്റെ ബാക്കി പറയാം. ”എന്റെ നോട്ടം കണ്ടിട്ടാവാം” അതൊന്നും വേണ്ടടാ നീ വാ പറയാം. ആദ്യം ദിനേശ് ബീഡിയും തീപ്പട്ടിയുമിങ്ങെടുക്ക്.” അതു മുന്നില്‍ എത്തിയാല്‍ പിന്നെ രാത്രിയുടെ നീളം അളക്കാന്‍ എളുപ്പമാവും. യാമങ്ങള്‍ കൊഴിയുന്നതിന് അനുസരിച്ച് ബീഡിക്കൂടുകള്‍ ഒഴിയും. കാലത്തിനു പോലും തിട്ടമില്ല അതിന്റെ നീളം.

കയ്യില്‍ പ്ലേറ്റുമായി ഞങ്ങള്‍ പുറത്തെ വരാന്തയില്‍ ചുവരും ചാരി ഇരുന്നു. കൊച്ചേട്ടന്‍ തുടര്‍ന്നു, അങ്ങനെ തരക്കേടില്ലാതെ ജീവിച്ചു പോകുന്ന കാല‍ത്ത് അവള്‍, ആ അരിവാള്‍പ്പെണ്ണ് വന്നു. നല്ല സമറിയാക്കാരന്റെ വീട്ടില്‍. അയാളുടെ അനിയന്‍ കെട്ടിക്കൊണ്ടു വന്നതാ. അടുത്ത ക്രിസ്തുമസ്സിന് ഞങ്ങള്‍ ഒന്നു കൂടി. അന്നവള്‍പറഞ്ഞു. ”നമുക്കി കറിയാച്ചനെ ഒരു പെണ്ണു കെട്ടിക്കേണ്ടേ, നമ്മടെ പോത്തച്ചനോട് പറഞ്ഞാലോ.” ”അതു ശരിയാ, പോത്തച്ചനാണേല്‍ എല്ലാ ഞായറാഴ്ചയും ഇംഗ്ലീഷും മലയാളോം കുര്‍ബ്ബാന കൂടുന്ന ആളാ. പള്ളീ വരുന്ന ഒരു വിധം എല്ലാ പെണ്‍പിള്ളേരേം അറിയുവേം ചെയ്യാം. ”സമറിയാക്കാരന്‍ പിന്താങ്ങി. അരിവാളിനെ ചുറ്റികേന്ന് രക്ഷിച്ച് നക്ഷത്രമാക്കിയതിന്റെ നന്ദി ആയിരിക്കും ഈ പ്രത്യുപകാരം. അവരുടെ പ്രണയം അങ്ങു പൂത്തുല്ലസിക്കുകയല്ലായിരുന്നോ?

രണ്ടുമൂന്നു ദെവസി കഴിഞ്ഞപ്പം പോത്തച്ചന്‍ മുറിയില്‍ വന്നു. എല്ലാം കണ്ടും നോക്കിയും മനസിലാക്കി. അയാളൊരു കല്യാണദല്ലാളാണെന്നൊന്നും പറയില്ല. നല്ല, സുമുഖനായ ഒരു ചെറുപ്പക്കാരന്‍. ”എന്നാ കറിയാ ഒരു കാര്യം ചെയ്യ്, അടുത്ത ഞായറാഴ്ച രണ്ടാം കുര്‍ബ്ബാനക്കു വാ. മൂന്നാലെണ്ണത്തിനെ കാണിച്ചു തരാം.” മാട് വില്പ്പനചന്തയിലേക്കുള്ള ക്ഷണം പോലെ. സ്വീകരിക്കാതിരിക്കാന്‍ പറ്റത്തില്ലല്ലോ. അങ്ങനെ പള്ളീലെത്തി. സാരിയുടെ നിറവും, ഏതാണ്ടൊരു രൂപവും പോത്തച്ചന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. അതെല്ലാം കണ്ടു മനസിലായി. ഇഷ്ടപ്പെട്ടതിനെ പോത്തച്ചനു മനസിലാക്കി കൊടുത്തു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പെണ്ണുകാണനുള്ള ഏര്‍പ്പാടും ആയി. അന്നു ജനുവരി 26 ആയിരുന്നു. അവധി ദിവസം.

സമറിയാക്കാരന്‍, അയാക്കടെ അനിയന്‍, അനിയന്റെ ഭാര്യ എന്നു പറഞ്ഞാല്‍ അരിവാള്, പിന്നെ പോത്തച്ചന്‍. പോത്തച്ചനും സമറിയാക്കാരനും ഒരു സൈക്കളേല്‍, ഒരെണ്ണത്തേല്‍ അരിവാളും ഭര്‍ത്താവും വേറൊന്നില്‍ ഞാന്‍ തനിയെ. കക്ഷിയുടെ വീട്ടിലെത്തി. പേര്‍ റോസ്സിക്കുട്ടി. അവര്‍ ഭരണങ്ങാനത്തൊള്ളതാ. ഇച്ചിരെ നല്ല നെലേലൊള്ളവരാ. അവരിപ്പോ താമസിക്കുന്നത് രണ്ടു മുറി അടുക്കള അത്തരത്തിലുള്ള ഒരു കൊച്ചു വീട്ടില്‍. കല്യാണം ഒറപ്പിച്ചു കഴിഞ്ഞ ആങ്ങളയാണൊപ്പം ഒള്ളത്. ഒത്തെങ്കില്‍ രണ്ടും കൂടെ ഒന്നിച്ചാക്കാമെന്നാണ് വിചാരം. അതും ബറോഡയില്‍ തന്നെ. അതുകൊണ്ടാണ് ബറോഡയില്‍ തന്നെ ജോലിയുള്ളവരെ തേടുന്നത്. ഇതെല്ലാം പോത്തച്ചന്‍ തന്നെ പറഞ്ഞു തന്നിരുന്നു. കേട്ടതും കണ്ടതും അറിഞ്ഞതും തമ്മില്‍ ഒരു വ്യത്യാസവുമില്ല. വിവരം നാട്ടിലേക്കെഴുതി. ഇച്ചാച്ചനും അമ്മച്ചിക്കും പെങ്ങന്മാര്‍ക്കും അനിയനും എല്ലാം സമ്മതമായി. മുറപോലെ സര്‍ട്ടിഫിക്കറ്റും കിട്ടി. ഇനി മനസ്സമ്മതം. പക്ഷെ പോത്തച്ചന്‍ പറഞ്ഞു. അവര്‍ക്കും പെണ്ണിനും സ്വല്പ്പം സാവകാശം വേണമെന്ന്. ആയ്ക്കോട്ടേയെന്നും ഞാനും സമ്മതിച്ചു. എടയ്ക്കൊക്കെ പോത്തച്ചനെ പള്ളീ വെച്ചും ഖണഡെറാവു മാര്‍ക്കറ്റില്‍ വെച്ചും കാണും. പതിവു കുശലാന്വേഷണത്തിന്റെകൂടെ, മറ്റെ വിവരവും തെരക്കും. ”ഉടനെ തന്നെ വിവരം പറയാം” പല്ലവി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ആ ഇടക്ക് ഞങ്ങളുടെ കമ്പനിക്ക് ഒരു പുറംപണി കിട്ടി. അങ്ങ് അങ്കലേശ്വറിലായിരുന്നു. അവിടെ ചെന്ന് ഫേബ്റിക്കേറ്റ് ചെയ്യണം. വലിയ ബോയിലറാ, അവിടെത്തന്നെ ഇരുന്നു പണിയണം. അല്ലേല്‍ ബുദ്ധിമുട്ടാ. സേഠിനോട് പറഞ്ഞു നോക്കി. കല്യാണം അടുത്തു വരവാ, മറ്റാരെയെങ്കിലും വിടന്നൊക്കെ. അങ്ങോര്‍ സമ്മതിച്ചില്ല. പോകേണ്ടി വന്നു. തിരിച്ചു വരുന്നത് രണ്ടു മാസം കഴിഞ്ഞാ. പോകുന്ന സമയത്ത് പോത്തച്ചനെ വിവരം ധരിപ്പിച്ചിരുന്നു.

തിരിച്ചു വന്ന് വെറുതെ കുശലാന്വേഷണത്തിന് സമറിയാക്കാരന്റെ വീട്ടില്‍ പോയി. അവിടെ പോത്തച്ചനും ഉണ്ടായിരുന്നു. ”തേടിയ വള്ളി കാലില്‍ ചുറ്റി” എന്നു ഞാന്‍ പറഞ്ഞു പോത്തച്ചനെ നോക്കി ചിരിച്ചു. ” ശരിയാ” എന്നു പോത്തച്ചനും പറഞ്ഞു. പെണ്ണൂകാണാന്‍ പോയതിന്റെ വിവരം ചേദിക്കാന്‍ വേണ്ടി വാ തുറന്നപ്പോള്‍ ദേ, അവളും ആ റോസ്സിക്കുട്ടി, അവിടെത്തന്നെ. ഒരളവു വരെ എനിക്കാകെ നാണം വന്നു. കെട്ടാന്‍ പോണ പെണ്ണ് അപ്രതീക്ഷിതമായി മുന്‍പില്‍ വരുമ്പോളുണ്ടാകുന്ന ഒരു തരം ചമ്മല്‍. അറിയാതെ ”ശോ” എന്നു പറഞ്ഞു പോയി. അവള്‍ കേട്ടൊന്നു ചിരിച്ചു. ”എന്നാ കറിയാച്ചാ സുഖമല്ലിയോ?” അവളുടെ ചോദ്യം വീണ്ടും നാണം ” സുഖമാണ്”. പോത്തച്ചന്റെ നേരെ നോക്കി അവള്‍ കണ്ണിറുക്കി. എന്നാ ധൈര്യമാ. ഒരു കല്യാണ ദല്ലാളിനെ നോക്കി കണ്ണിറുക്കുകയോ, അതും ചെറുപ്പക്കാരനായ ദല്ലാള്‍. അതും കണ്ടോണ്ട് നമ്മുടെ അരിവാളെറങ്ങി വന്നു. അവളുടെ മുഖത്തൊരു വല്ലായ്ക. അപ്രതീക്ഷിതമായി എന്തോ കണ്ടതു പോലെ, അവള്‍ ഉടനെ ഉള്ളിലേക്കു തന്നെ തിരിച്ചു പോയി. എന്തോ ഒരു പന്തികേട്. വീണ്ടും എറങ്ങി വന്നു. എന്നിട്ടവളും ചിരിച്ചു. ഞാനങ്ങു വിയര്‍ത്തു പോയി. അന്നേരം അരിവാളു പറയുവാ, ”പോത്തച്ചാ, നമുക്കൊരു പെണ്ണു വേണമല്ലോ, കറിയായ്ക്കു കെട്ടാന്‍” പോത്തച്ചന്‍ പറഞ്ഞു” അടുത്ത ഞായറാഴ്ച മൂന്നാം കുര്‍ബ്ബാനക്ക് നോക്കാം” അതും പറഞ്ഞ് പോത്തച്ചന്‍ റോസ്സിക്കുട്ടിയേയും വിളിച്ചുകൊണ്ടിറങ്ങി. ഒന്നും മനസിലായില്ലെങ്കിലും പലതും മനസിലായി. ” നിനക്കോടാ ബാബുവേ, വല്ലതും മനസിലായോ” എന്നെ ചാരി അവന്‍, പെണ്ണും കൊണ്ടു പോയി അത്ര തന്നെ. അവസാനത്തെ ബീഡിയും കഴിഞ്ഞു. ”എടാ ബാബു, നീ ആ അമൃതിങ്ങോട്ടെടുക്ക്.”

എട്ടുകൊല്ലം കഴിഞ്ഞു. ഞാനിങ്ങനെ ജീവിക്കുന്നു. എന്റെ കഥ അവിടെ തീര്‍ന്നില്ല. മണവാളന്റെ വേഷത്തില്‍ ഞാന്‍ പിന്നെയും കുറച്ചു വീടുകള്‍ കൂടി കയറിയിറങ്ങി. എന്നേക്കാള്‍ മുന്‍പേ എന്റെ കഥകള്‍ അവരെ കാണാന്‍ ചെന്നിരുന്നു. ഞാന്‍ എന്ന മണവാളന്റെ കഥ അങ്ങനെ അവസാനിച്ചു. ഇപ്പം കറിയാ വെറും കറിയാ, ഉപ്പും മുളകും എരിവും പുളിയും ഒന്നുമില്ലാത്ത കറി.

”അതിങ്ങോഴിച്ചേ, നല്ല ശേലുക്ക്, ഞാന്‍ ഒന്നു മോന്തട്ടെ, അല്ലെങ്കി ഞാന്‍ മോങ്ങിപ്പോവുമെടാ.”കൊച്ചേട്ടനെ ഞാന്‍ അനുസരിച്ചു.

ആകസ്മിതകളെയും നിമിത്തങ്ങളെയും വെല്ലു വിളിച്ചുകൊണ്ട് ഞങ്ങളുടെ കറിയാക്കോച്ചേട്ടന്‍ ബറോഡയിലെ നിരത്തുകളിലൂടെ ഇന്നും പായുന്നു. ഭയമില്ലാതെ, ആരേയും പഴിക്കാതെ, മണവാട്ടികള്‍‍ക്കും,ഭാര്യമാര്‍ക്കും ഭാരമാവാതെ, തികച്ചും സിങ്കിള്‍ സവാരി!.

Generated from archived content: story1_sep20_11.html Author: babu_ezhumavil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here