മോചനം

രാത്രി ഏതാണ്ട് പന്ത്രണ്ടു മണി കഴിഞ്ഞു കാണും. അപ്പോഴും ആ കുടുംബം ഉറങ്ങാതെ കുത്തിയിരിക്കുകയാണ്. ഭര്‍ത്താവിന്റെ കയ്യില്‍ ഒരു കത്ത് ഇരുന്ന് വിറക്കുന്നു. ഭാര്യയും രണ്ട് പെണ്മക്കളും ഭീതിയോടെ അടുത്തുണ്ട് .

” അച്ഛാ …. എന്താ അച്ഛാ ആലോചിക്കുന്നത് ..? പെണ്‍കുട്ടികളുടെ ചോദ്യം കേട്ട് ആ പിതാവ് ഞെട്ടി.

” ആകെയുള്ള ഈ കിടപ്പാടം നാളെ ജപ്തി ചെയ്തു കഴിഞ്ഞാല്‍ നമ്മള്‍ എങ്ങോട്ട് പോകും? അതോര്‍ക്കുമ്പം” ഭാര്യ വിതുമ്പി.

” ഞാന്‍ ഒരു പാട് ആലോചിച്ചു അവസാനം ഒരു തീരുമാനത്തിലെത്തി നമുക്കെല്ലാവര്‍ക്കും കൂടി കൂട്ട ആത്മഹത്യ ചെയ്യാം അത് മാത്രമേയുള്ളു ഒരു പോംവഴി”

തീരുമാനം കേട്ട് ആദ്യം ഞെട്ടിയെങ്കിലും സംയമനം പാലിച്ച ഭാര്യയും മക്കളും പറഞ്ഞു.

” ഞങ്ങള്‍ തയാറാ”

” ഞാന്‍ വിഷം കരുതീട്ടുണ്ട് വിഷം എന്തിലാ ഒന്ന് കലര്‍ത്തുക കഞ്ഞിക്കലത്തില്‍ വല്ലതും കാണുമോ? അയാള്‍ ഭാര്യയെ നോക്കി.

” ഒരു പറ്റ് പോലുമില്ല ഇവിടെ. കഞ്ഞി വെച്ചിട്ട് രണ്ട് ദിവസമായില്ലേ? കണ്ണീരോടെ ആ സ്ത്രീ പറഞ്ഞു.

പെട്ടന്നാണ് എവിടെ നിന്നോ ഒരു പൊതി അവരുടെ മുന്നിലേക്ക് വന്നു വീണത്.

നാല്‍വരും ചേര്‍ന്ന് ആ പൊതി തുറന്നു.

” ഹായ് ചിക്കന്‍ ബിരിയാണി എത്രനാളായി ബിരിയാണി കഴിച്ചിട്ട് ” പെണ്മക്കള്‍‍ രണ്ടു പേരും സന്തോഷം കൊണ്ട് തുള്ളിച്ചാടി.

അച്ഛന്‍ വിഷം ബിരിയാണി ചോറില്‍ കുഴച്ചു.

ആ നിമിഷം മച്ചിന്‍ മുകളില്‍ നിന്നും ആരോ താഴേക്കു ചാടി വീണു.

” അത് കഴിക്കരുത് ” അയാള്‍ അലറി. എല്ലാവരും ഭയന്ന് വിറച്ചു പോയി .

വായുവേഗത്തില്‍ അയാളാ വിഷം കലര്‍ത്തിയ ബിരിയാണി തട്ടിപ്പറിച്ച് ദൂരേക്ക് എറിഞ്ഞു കളഞ്ഞു .

” ആരാ നിങ്ങള്‍ ? നിങ്ങളെങ്ങനെ ഇവിടെ വന്നു ? ഞങ്ങളെ മരിക്കാനും സമ്മതിക്കില്ലേ?”

” ഇല്ല നിങ്ങള്‍ മരിക്കാന്‍ പാടില്ല നിങ്ങള്‍ ജീവിക്കണം ”

” എന്താ പറയുന്നേ നാളെ ഈ വീട് ജപ്തി ചെയ്യും പിന്നെ ഞങ്ങള്‍ തെരുവിലേക്കിറങ്ങണം”

” ആരും ഈ വീട് ജപ്തി ചെയ്യില്ല നിങ്ങള്‍ തെരുവിലേക്കും ഇറങ്ങില്ല നിങ്ങള്‍ ഇവിടെതന്നെ താമസിക്കും”

” എങ്ങിനെ?”

അജ്ഞാതന്‍ ഒരു ചാക്കു കെട്ട് അവരുടെ മുന്നിലിട്ടു. കെട്ട് തുറന്ന് അതിനുള്ളിലെ സാധനങ്ങള്‍ കുടഞ്ഞിട്ടു.

സ്വര്‍ണ്ണാഭരണങ്ങളും നോട്ടുകെട്ടുകളും അവരുടെ കണ്ണഞ്ചിപ്പോയി.

” ബാങ്കില്‍ എത്ര രൂപ അടയ്ക്കണം? അയാള്‍ ചോദിച്ചു.

” പലിശ ഉള്‍പ്പെടെ 10 ലക്ഷത്തില്‍ കൂടുതല്‍ വേണ്ടി വരും”

” ഇത് ഏതാണ്ട് പത്തു ലക്ഷത്തില്‍ കൂടുതല്‍ രൂപയുണ്ട്. പിന്നെ സ്വര്‍ണ്ണാഭരണങ്ങളും. നാളേ രാവിലെ പണം ബാങ്കിലടയ്ക്കു. ആഭരണങ്ങള്‍ ഈ കുട്ടിക്കിരിക്കട്ടെ ” അജ്ഞാതന്‍ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി.

Generated from archived content: story1_nov17_14.html Author: babu_alappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here