പുറത്ത് മഴ തിമിര്‍ത്തു പെയ്യുകയാണ്— വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും താഴേയ്ക്ക് വരിവരിയായി പതിക്കുന്ന മഴവെള്ളവും, താഴെവീണ് കുപ്പിച്ചില്ലുകള്‍ പോലെ മനോഹരമായി ചിതറുന്ന കാവ്യഭംഗിയും നോക്കിനിന്നപ്പോള്‍ അയാള്‍ ബാല്യത്തിന്റെ ചവിട്ടുപടികള്‍ ഒന്നൊന്നായ് ഇറങ്ങുകയായിരുന്നു….. അല്ലലറിയാത്ത, ദുഖങ്ങളറിയാത്ത, കുസൃതിത്തരങ്ങള്‍ മാത്രം നിറഞ്ഞുനിന്നിരുന്ന മനോഹരമായ ഒരു ബാല്യകാലം— മുറ്റത്തെ മഴയിലും ചെളിയിലും ഓടിക്കളിച്ചതിനു അമ്മ ശകാരിച്ചതും, തുടയില്‍ ആഞ്ഞടിച്ചതും ഇന്നും സുഖമുള്ള നൊമ്പരങ്ങളാണ്. സ്കൂളില്‍ പോകാന്‍ അന്ന് എല്ലാവര്ക്കും കുട ഉണ്ടായിരുന്നില്ല. ഞങ്ങള്‍ അഞ്ചു പേര്‍ക്കുംകൂടി ഉണ്ടായിരുന്നത് ഒരേ ഒരു കുട മാത്രം! ആ ഒറ്റക്കുടകീഴില്‍ എല്ലാവരും ചേര്‍ന്ന് സ്കൂളില്‍ പോകുന്നത് രസകരമായിരുന്നു. അയാളൊരിക്കലും കുടക്കീഴില്‍ നിന്നിട്ടേയില്ല. ഒറ്റയ്ക്ക് നനഞ്ഞ് നടക്കുന്നതായിരുന്നു എന്നും അയാള്‍ക്കിഷ്ടം. പുസ്തകങ്ങളെല്ലാം വാരിക്കെട്ടി, കുപ്പായത്തിനുള്ളിലോളിപ്പിച്ചു, അങ്ങനെ നനഞ്ഞു കുതിര്‍ന്നു നടക്കും. സ്കൂള്‍ വിട്ടു വീട്ടിലെത്തിയാല്‍ എന്നും അമ്മയുടെ ശകാരം. എത്ര കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നിട്ടും അമ്മ ഞങ്ങളെ അതറിയിച്ചിരുന്നില്ല. അച്ഛന് ദൂരെ എവിടെയോ ആയിരുന്നു ജോലി. വല്ലപ്പോഴും വീട്ടില്‍ വന്നുപോകുമ്പോള്‍ കൊടുത്തിരുന്ന തുച്ഛമായ ഒരു തുക ആറു പേരടങ്ങുന്ന ആ വലിയ കുടുംബത്തിനു എങ്ങനെ തികയാന്‍..? അമ്മ അയല്‍വീടുകളില്‍ വീട്ടുജോലികള്‍ ചെയ്തു ഞങ്ങളെ അല്ലലറിയിക്കാതെ വളര്‍ത്തി വലുതാക്കി. മൂത്തവനായിരുന്നു അയാള്‍. അയാള്‍ക്ക് താഴെ രണ്ടനുജന്മാരും രണ്ടു അനുജത്തിമാരും. അയാള്‍ക്കൊരു സര്‍ക്കാരുദ്യോഗം കിട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അമ്മയായിരുന്നു. കിട്ടാവുന്ന ലോണുകളൊക്കെ എടുത്തു അനുജത്തിമാരെ രണ്ടുപേരെയും അയാള്‍ മാന്യമായ നിലയില്‍ കെട്ടിച്ചയച്ചു. അനുജന്മാര്‍ രണ്ടുപേരെയും വേണ്ടുവോളം പഠിപ്പിച്ചു. ഉദ്യോഗം കിട്ടിയപ്പോള്‍ അവര്‍ വിവാഹം കഴിച്ചു. പിന്നീട് രണ്ടുപേരും ഇരുവഴിക്കു പിരിഞ്ഞുപോയി! പിന്നെ വീട്ടില്‍ അവശേഷിച്ചത് രണ്ടു പേര്‍ മാത്രം! വര്‍ഷങ്ങള്‍ക്കു മുന്പേ അഛന്‍ മാസത്തിലൊരിക്കലുള്ള വരവും നിര്‍ത്തിയിരുന്നു. അഛനു ദൂരെ ജോലിസ്ഥലത്ത് മറ്റൊരു ബന്ധം!! ഏതാണ്ട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അഛനെ കണ്ട ഓര്‍മ്മ മാത്രമേയുള്ളൂ അയാള്‍ക്ക്. അഛനെ കുറിച്ചോര്‍ത്തു കണ്ണീര്‍ വാര്‍ക്കാത്ത ദിവസങ്ങളുണ്ടായിരുന്നില്ല അമ്മയ്ക്ക്. കാലം അയാളെ ഒരു മധ്യവയസ്കനാക്കി. ഇനി ജോലിയില്‍ നിന്നും പിരിയാന്‍ വെറും അഞ്ചു വര്‍ഷങ്ങള്‍ മാത്രം! പിന്നിട്ട വര്‍ഷങ്ങളെ നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു. “…മോനേ…എനിക്ക് വയസ്സായി…ഇനിയും നിനക്ക് വെച്ചുവിളമ്പിത്തരാന്‍ എനിക്ക് വയ്യ മോനേ…കണ്ണ് തീരെ പിടിക്കണില്ല്യ… ഇനിയെങ്കിലും മോനൊരു കല്യാണം കഴിക്കണം…” അമ്മയുടെ ആ വാക്കുകള്‍ കേട്ട് പുറത്ത് ആര്ത്തലച്ചുപെയ്യുന്ന മഴയിലേക്ക് നോക്കി അയാള്‍ മൌനമായി നിന്നു. ജീവിതത്തിന്റെ സായംസന്ധ്യയില്‍ എത്തിനില്‍ക്കുന്ന തനിക്കു എന്തിനിനി ഒരു വിവാഹം..? വേണ്ടെന്ന് പണ്ടേ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചതാണ്. പക്ഷെ, അമ്മയ്ക്കിപ്പോള്‍ ഒട്ടും വയ്യാതായിരിക്കുന്നു…? കഴിഞ്ഞ ദിവസം കണ്ണ് കാണാതെ വഴിയിലെങ്ങോ മറിഞ്ഞുവീണു! അമ്മക്കൊരു കൂട്ടിനായിട്ടെങ്കിലും വിവാഹം കഴിച്ചേ പറ്റൂ..? അങ്ങനെ ഒരുറച്ച തീരുമാനമെടുത്താണ് അന്നയാള്‍ ഉറങ്ങാന്‍ കിടന്നത്. അതിരാവിലെ പൂമുഖത്ത് ആരുടെയോ തുടരെതുടരെയുള്ള വിളി കേട്ടു. വാതില്‍ തുറന്നു അയാള്‍ പുറത്ത് വന്നു. മഴനൂലുകള്‍ക്കിടയിലൂടെ ജരാനര ബാധിച്ചു വികൃതമായ ഒരു രൂപം മുന്നില്‍ നില്‍ക്കുന്നു!? കൂടെ രണ്ടു പെണ്‍കുട്ടികളും! അയാള്‍ വീണ്ടും വീണ്ടും ആ രൂപത്തെ നോക്കി. അതെ! ഇത് തന്റെ അച്ചന്‍ തന്നെ?! നീണ്ട ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് വല്ലപ്പോഴുമൊരിക്കല്‍ തന്റെ മുന്നിലൂടെ കടന്നുപോയിരുന്ന അതേ രൂപം! ആ നിഴല്‍രൂപത്തില്‍ കാലം ചില നിറക്കൂട്ടുകള്‍ കോരി ഒഴിച്ചിരിക്കുന്നു!? ജീവിച്ച് ജീവിച്ച് കൊതിതീര്‍ന്നു തിരിച്ചെത്തിയ അഛന്‍. പാപങ്ങളെല്ലാം തലയില്‍ നിറച്ചു വച്ചിരിക്കുന്ന പോലെ തല കുനിച്ചാണ് നില്‍പ്പ്? “അമ്മേ..ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കൂ…” അയാള്‍ വീടിനുള്ളിലേക്ക് വിളിച്ചു പറഞ്ഞു. അമ്മ ഇറങ്ങിവന്നു. കാഴ്ച്ച ഇല്ലാതിരുന്നിട്ടും അമ്മയ്ക്ക് ആളെ മനസ്സിലായി! “..ശേഖരേട്ടനല്ലേ..?!…ഇപ്പോഴെങ്കിലും വരാന്‍ തോന്നിയല്ലോ..? വരൂ… അകത്തേയ്ക്ക് വരൂ ശേഖരേട്ടാ..വരൂ മക്കളെ… അകത്തേക്ക് വരൂ..” അമ്മ അഛനേയും പെങ്ങന്മാരേയും വീട്ടിനുള്ളിലേക്ക് കയറ്റി. ആരെയും വെറുക്കാന്‍ അമ്മക്കാവില്ല. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷങ്ങളായി സ്വന്തം ഭാര്യയേയും മക്കളെയും തിരിഞ്ഞു നോക്കാതിരുന്ന ഭര്‍ത്താവ്! അവരെ ദാരിദ്ര്യത്തിന്റെ കരിനിഴലില്‍ എറിഞ്ഞുകൊടുത്തിട്ട് മറ്റൊരു സൗന്ദര്യധാമത്തിനു പിന്നാലെ പാഞ്ഞുപോയ ഭര്‍ത്താവ്! ക്രൂരനായ ആ ഭര്‍ത്താവിനെ പോലും അമ്മ മാപ്പ് നല്‍കി സ്വീകരിച്ചിരിക്കുന്നു! ഭര്‍ത്താവിനെ മാത്രമല്ല, ഭര്‍ത്താവിന്റെ പുതിയ ഭാര്യയിലുള്ള രണ്ടു പെണ്മക്കളെയും അമ്മ സ്വീകരിച്ചു! അത്രയ്ക്ക് ശുദ്ധമാണ് അമ്മയുടെ മനസ്സ്!!? പ്രഭാത ഭക്ഷണത്തിനു ശേഷം അമ്മ കുശലാന്വേഷണങ്ങളിലേക്ക് കടന്നു. “…ശേഖരേട്ടാ…അപ്പോള്‍ ഈ കുട്ടികളുടെ അമ്മ…?” “…അവള്‍..അവള്‍.. മറ്റൊരാളുടെ കൂടെ ഒളിച്ചോടി..” “കഷ്ടം!!..” അമ്മ കുറെ നേരം മൌനിയായി. പിന്നെ പറഞ്ഞു. “ഏതായാലും ഇത്രയൊക്കെ സംഭവിച്ചു. ഇനിയുള്ള കാലം ശേഖരേട്ടന്‍ എങ്ങും പോകരുത്. ശേഖരേട്ടനും മക്കള്‍ക്കും ഇവിടെ കഴിയാം…” “എന്നാലും….ഞാന്‍ നിന്നേം പിള്ളാരേം എത്രമാത്രം വേദനിപ്പിച്ചു… അതോര്‍ക്കുമ്പം..” “അതൊന്നും ശേഖരേട്ടനിപ്പോ ഓര്‍ക്കേണ്ട..” അമ്മ ഭര്‍ത്താവിനെ ആശ്വസിപ്പിച്ചു. കാലം വീണ്ടും മഴയിലൂടെ ഒഴുകിപ്പോയി…. അയാള്‍ ജോലിയില്‍നിന്നും പിരിഞ്ഞു. പിരിഞ്ഞുകിട്ടിയ തുക കൊണ്ട് പുതിയ രണ്ടു അനുജത്തിമാരെയും കെട്ടിച്ചയച്ചു. ഒരു ദിവസം വീടിനു മുന്നില്‍ അപരിചിതയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. “..ശേഖരനുണ്ടോ ഇവിടെ..?” അവര്‍ അയാളോട് ദേഷ്യഭാവത്തില്‍ ചോദിച്ചു. “..ഉണ്ടല്ലോ..നിങ്ങളാരാ..?” “..ഞാനയാളുടെ ഭാര്യയാ..” തല വെട്ടിത്തിരിച്ച് നില്‍ക്കുകയാണവര്‍. “ഓ. മനസ്സിലായി. അഛാ… അഛനെ തേടി ഒരു സ്ത്രീ വന്നിരിക്കുന്നു.” അയാള്‍ അകത്തേക്ക് നീട്ടി വിളിച്ചു. അഛന്‍ പുറത്ത് വന്നു. “..ഓ..നീയാരുന്നോ..?!..എന്താ പുതിയ പൊറുതി മതിയാക്കി പോന്നോ..?” “ങാ..മതിയായി. ഇനി പൊറുതി നിങ്ങളോടൊപ്പം തുടരാമെന്ന് വച്ചു… വാ..പോകാം…” അവര്‍ കോപത്തോടെ നിന്ന് ജ്വലിക്കുകയാണ്. അച്ചന്‍ അവരുടെ പിന്നാലെ ഒരു പൂച്ചയെ പോലെ ഇറങ്ങിപ്പോകുന്നത് നിര്‍വികാരതയോടെ നോക്കി നിന്നു. ബഹളം കേട്ട് അമ്മ പുറത്തിറങ്ങിവന്നു. എല്ലാം മനസ്സിലായതുപോലെ അമ്മ പറഞ്ഞു. “…മോനേ….ഇനിയെങ്കിലും മോനൊരു കല്യാണം കഴിക്കണം..അമ്മക്കിനി വയ്യ.. മോനേ…” അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല. നിസ്സംഗനായി പുറത്തേക്ക് നോക്കി നിന്നതേയുള്ളൂ. അപ്പോഴും കാവ്യഭംഗിയോടെ മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു….
Generated from archived content: story1_feb10_16.html Author: babu_alappuzha