പാതിരാത്രിയില്‍ മരണ ഉറക്കത്തിലായിരുന്ന അയാളെ ആ ബെല്ലടിയാണ് ഉണര്‍ത്തിയത്. പ്രാകിക്കൊണ്ട് ചാടി എണീറ്റ് അയാള്‍ മുന്‍വശത്തെ ലൈറ്റിട്ടു. ജനലില്‍ കൂടി പുറത്തേക്ക് നോക്കിയ അയാള്‍ ഞെട്ടിപ്പോയി. കറുകറുത്ത ഒരു ഭീകരരൂപം ! കൈയില്‍ കയറും പിന്നില്‍ ഒരു കൂറ്റന്‍ പോത്തും!? അയാളുടെ പാതിജീവന്‍ ഇറങ്ങിപ്പോയി.
”വാതില്‍ തുറക്കു ഗോപിനാഥാ…” ഘനഗംഭീര ശബ്ദം !
ഗോപിനാഥന്‍ അനുസരിച്ചു.
” അയ്യോ കാലഭഗവാനോ ? എന്താ ഭഗവാന്‍ ഈ നേരത്ത്?” വിറയലോടെ അയാള്‍ ചോദിച്ചു.
” നിന്നെ കൊണ്ടുപോകാന്‍ തന്നെ…വേഗം ഒരുങ്ങി വരൂ..”
” ഭഗവാനേ ഒരപേക്ഷയുണ്ട് ..”
” എന്താണ്?”
” എനിക്ക് ഒരേ ഒരു മകള്‍. മോടെ കല്യാണം നിശ്ചയിച്ചിരിക്കുകയാ… അടുത്ത മാസം കല്യാണം..”
” അതിന് ?”
” അമ്പതു പവന്‍ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും സ്ത്രീധനമായി കൊടുക്കണം”
” കൊടുത്തോളൂ”
” കൊടുക്കാം പക്ഷെ സ്വര്‍ണ്ണവും പണവും ഒത്തിട്ടില്ല. ഇരുപത്തഞ്ച് പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും മാത്രമേ ഇതുവരെ ഒപ്പിക്കാന്‍ പറ്റിയൊള്ളു. ബാക്കി ഒപ്പിക്കാനുള്ള നെട്ടോട്ടത്തിലാ ഞാന്‍ അതുകൊണ്ട് ഈ കല്യാണം കഴിയുന്നതുവരെ എനിക്ക് സാവകാശം തരണം”
” എന്നുവെച്ചാല്‍ നിന്നെ ഇപ്പോള്‍ കൊണ്ടു പോകരുത് അല്ലേ? നടക്കില്ല മോനെ കാലപുരിയുടെ നിയമത്തില്‍ അങ്ങനൊന്നില്ല …വേഗം വരു…സമയം പോകുന്നു” കാലന്‍ ” കാലിലെ വാച്ചില്‍ നോക്കി.
” എന്റെ പൊന്ന് കാലാ …ഞാന്‍ കാലന്റെ കാല് പിടിക്കാം എന്റെ മോടെ വിവാഹം?”
” നിന്റെ സങ്കടം ഞാന്‍ മനസിലാക്കുന്നു ..ഒരുകാര്യം ചെയ്യാം, ബാക്കി സ്വര്‍ണ്ണവും പണവും ഞാനുണ്ടാക്കാം കൃത്യസമയത്ത് വിവാഹവും നടത്താം പക്ഷെ ഇപ്പോ നീ എന്റെ കൂടെ വന്നേ പറ്റൂ”
” അങ്ങനെയാണെങ്കി ഞാന്‍ വരാം”
” എങ്കി നീ സംഘടിപ്പിച്ചു വച്ചിരിക്കുന്ന സ്വര്‍ണ്ണവും പണവും എടുത്തോളൂ”
” ഇതാ സ്വര്‍ണ്ണവും പണവും ..” സ്വര്‍ണ്ണവും പണവും ഒരു സ്യൂട്ട് കേസിലാക്കി ഭവ്യതയോടെ അയാള്‍ കാലനെ ഏല്പ്പിച്ചു.
കാലന്‍ പോത്തിന്റെ പുറത്ത് ചാടിക്കയറി. ഗോപിനാഥനേയും പിടിച്ചു കയറ്റി. കാലവാഹനം യമപുരിയിലേക്കു പാഞ്ഞു.
കൂരിരുട്ടില്‍ കൂടി വാഹനം പായുകയാണ്.
പെട്ടന്ന് വണ്ടി നിന്നപോലെ.
” എന്താ ഭഗവാന്‍ വണ്ടി നിര്‍ത്തിയോ..? അയാള്‍ ചോദിച്ചു.
” എനിക്ക് ” ഒന്നിനു” പോകണം…”
കാലവാഹനത്തില്‍ നിന്നും സ്യൂട്കേസുമായി ചാടിയിറങ്ങിയ ” കാലന്‍” കൂരിരുട്ടില്‍ ലയിച്ചു.
കാലവും കാലനും ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കാറില്ലല്ലോ.
നേരം വെളുത്തു. ഒന്നിനു പോയ കാലന്‍ മടങ്ങി വന്നില്ല !.
ഇളിഭ്യനായ ഗോപിനാഥന്‍ ഒടിഞ്ഞുതൂങ്ങി വീട്ടിലേക്കു മടങ്ങിപ്പോയി.
Generated from archived content: story1_dec29_12.html Author: babu_alappuzha