സുനന്ദ അടുക്കളയില്‍ തിരക്കിട്ട പണിയിലാണ്. പെട്ടന്നാണ് ഫോണ്‍ ചിലച്ചത്!
‘’ ഹലോ… ഡോക്ടര്‍ സദാനന്ദന്റെ വീടല്ലേ?’‘
‘’അതേ- ‘’
‘’ നിങ്ങളുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ട്.. ഒരു മണിക്കൂറിനുള്ളില്‍ ബോംബ് പൊട്ടും… നിങ്ങളുടെ വീട് തകര്‍ന്ന് തരിപ്പണമാകും…ഹാ…ഹാ..’‘
‘’ ഹലോ… ആരാ നിങ്ങള്‍ ? ഹലോ…? ഹലോ…?
ലൈന്‍ കട്ടായി!
സുനന്ദ തളര്‍ന്ന് താഴെ-
പെട്ടന്നവള്‍ ചാടി എണീറ്റു. വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന്!… എന്തെങ്കിലും ഉടന്‍ ചെയ്തേ പറ്റു..? സുനന്ദ യുടെ മനസില്‍ ഉടന്‍ ഭര്‍ത്താവിന്റെ മുഖം ഓടിക്കയറിവന്നു.
‘’ ഹലോ… സദാനന്ദന്‍ ചേട്ടനല്ലേ?
‘’ അതേ… എന്താ സുനന്ദേ?’‘
‘’ നമ്മുടെ വീട്ടില്‍ ആരോ ബോംബ് വച്ചിരിക്കുന്നു. ഇപ്പോള്‍ ഒരാള്‍ വിളിച്ചു പറഞ്ഞതാ… എനിക്ക് പേടിയാകുന്നു. ചേട്ടാ-‘’
‘’ നീ പേടിക്കാതെ.. ഞാനുടന്‍ പോലീസില്‍ വിവരം അറിയിക്കാം… നീ വീടിനു പുറത്തേക്കിറങ്ങ് … അയല്‍ക്കാരെയൊക്കെ വിവരമറിയിക്ക് …’‘
‘’ ശരി ചേട്ടാ’‘
സുനന്ദ വീടിനു പുറത്ത് ചാടി. അയല്‍ക്കാരോടെല്ലാം വിവരം പറഞ്ഞു. നിമിഷം കൊണ്ട് വീടിനു ചുറ്റും ജനസമുദ്രം!
പത്ത് മിനിറ്റിനുള്ളില്‍ പോലീസെത്തി. പിന്നാലെ ഡോക്ടറും.
എസ്. ഐ യും കൂട്ടരും ജീപ്പില്‍ നിന്നും ചാടിയിറങ്ങി വീടിനു മുമ്പിലെത്തിയതും അത് സംഭവിച്ചു കഴിഞ്ഞു! ‘’ ഠേ ‘’!!
അടുക്കള ഭാഗത്തെ വാതിലുകളും ജനലുകളും ദൂരേക്ക് ചിതറിത്തെറിച്ചു!
‘’ വേഗമാകട്ടെ…’‘ എസ്. ഐ പോലീസുകാര്‍ക്ക് ഓര്‍ഡര്‍ കൊടുത്തു. അടുക്കല ഭാഗത്തേക്ക് ഇരച്ചു കയറിയ അവര്‍ കണ്ടത് ഗ്യാസ് സ്റ്റൗവിനു മുകളിലിരുന്ന കുക്കര്‍ പൊട്ടിത്തെറിച്ച കാഴ്ചയാണ്.
‘’ ഇത് ബോംബല്ല .. കുക്കര്‍ പൊട്ടിത്തെറിച്ച ശബ്ദമാണ് നിങ്ങള്‍ ഇതുവരെ കേട്ടത്. ‘’ എസ്. ഐ അനൗണ്‍സ് ചെയ്തു.
‘’ അകത്ത് എവിടെയോ ബോംബുണ്ട്… തീര്‍ച്ച.. ബോംബ് സ്ക്വാഡ് ഉടന്‍ എത്തിച്ചേരും … പോലീസ് ഡോഗ് ബോംബ് കണ്ടുപിടിച്ചിരിക്കും. ..’‘ എസ്. ഐ ജനസമുദ്രത്തിന്‍ ഉറപ്പ് കൊടുത്തു.
എസ്. ഐ യും കൂട്ടരും തെക്കു വടക്ക് ഉലാത്തിക്കൊണ്ടിരിക്കുമ്പോള്‍ അടുത്ത ജീപ്പ് പാഞ്ഞെത്തി. ജീപ്പില്‍ നിന്നും ബോംബു സ്ക്വാഡും പോലീസ് ഡോഗും പുറത്തിറങ്ങി.
ഡോഗ് വീടിനകത്തേക്ക് പാഞ്ഞു. പിന്നാലെ സ്ക്വാഡും. ഡോഗ് ഓരോ മുറിയും കയറിയിറങ്ങുകയാണ്. അടുക്കളയിലെത്തിയ ഡോഗ് ഓരോ പാത്രവും മണത്ത് നിരാശനായി ഫ്രിഡ്ജിനടുത്തെത്തി. സ്ക്വാഡ് ഫ്രിഡ്ജ് തുറന്നു കൊടുത്തു. ഫ്രിഡ്ജിലിരുന്ന ഒരു പാത്രത്തിലേക്ക് ഡോഗിന്റെ മൂക്ക് നീണ്ടു നീണ്ടു ചെന്നു. പാത്രം തുറന്നപ്പോള്‍ അത് നിറയെ ചിക്കന്‍ ഫ്രൈ!! പിന്നെ താമസിച്ചില്ല വിശന്നു വലഞ്ഞിരുന്ന പോലീസ് ഡോഗ് ചിക്കന്‍ ഫ്രൈ മുഴുവനും മൂക്കു മുട്ടെ വെട്ടി വിഴുങ്ങി. ഏമ്പക്കം വിട്ടു.
ഇനി ബാക്കിയുള്ളത് സ്റ്റോറും ബാത്ത് റൂമും മാത്രം. ആ മുറികളും മണത്തശേഷം ഡോഗ് പുറത്തിറങ്ങി.
‘’ അപ്പോള്‍ വീടിനുള്ളില്‍ നിന്നും ബോംബ് കിട്ടിയില്ലേ… അല്ലേ സാര്‍ ? ‘’ ജനം എസ്. ഐ യോട് ചോദിച്ചു.
‘’ ഇല്ല .. പക്ഷെ… പോലീസ് ഡോഗ് പട്ടിക്കൂടിനടുത്തേക്ക് നീങ്ങുന്നുണ്ട്… പട്ടിക്കൂടിനുള്ളില്‍ ബോം കാണാന്‍ സാദ്ധ്യതയുണ്ട്’‘
ഡോഗ് പട്ടിക്കൂടിനു ചുറ്റും മണം പിടിച്ച് നിന്ന ശേഷം വാതിലിനു നേരേ കുരച്ച് ചാടാന്‍ തുടങ്ങി. വാതില്‍ തുറന്നപ്പോള്‍ ഡോഗ് അകത്തു കയറി. കൂടിനുള്ളില്‍ അവിടവിടെ മണത്ത ശേഷം കൂട്ടില്‍ കിടന്ന പെണ്‍പട്ടിയെ നോക്കി കുറെ നേരം നിന്നു.
അടുത്ത നിമിഷം പെണ്‍പട്ടിയുമായി പോലീസ് ഡോഗ് പുറത്തേക്ക് ഒറ്റയോട്ടം!!
ജനം വീര്‍പ്പടക്കി നോക്കി നില്‍ക്കുകയാണ് അതാ…. രണ്ട് പട്ടികളും കൂടി ദൂരെ ഒരു കുറ്റിക്കാട്ടിലേക്ക് ഓടി ഒളിക്കുന്നു!!
‘’ ബോംബ് കിട്ടിയോ സാര്‍..? – ജന സമുദ്രത്തില്‍ നിന്നും ഒരാള്‍ മുന്നോട്ട് വന്ന് വായ് പൊളിച്ചു നിന്ന എസ്. ഐ യോട് ചോദിച്ചു.
‘’… പോലീസ് ഡോഗ് … പെണ്‍പട്ടിയുമായി… കുറ്റിക്കാട്ടില്‍… തപ്പിക്കൊണ്ടിരിക്കുവാ… ഇപ്പോ , കിട്ടും’‘
എസ്. ഐ തൊപ്പി ഊരി വീണ്ടും തലയില്‍ ഫിറ്റ് ചെയ്തു. എന്നിട്ട് ഊറി ഊറി ചിരിച്ചു.
Generated from archived content: humour2_jan21_12.html Author: babu_alappuzha
Click this button or press Ctrl+G to toggle between Malayalam and English