“പപ്പാ… നമ്മുടെ ഈ ടീവി കെളവനായി.. നമുക്കൊരു പുതിയ ടീവി വാങ്ങണം പപ്പാ.. ” മോള് ഇഷ്‌ടം കൂടി അടുത്തെത്തി.
“ഞാനിത് പറയാനിരിക്കുകയായിരുന്നു..” മോൾ അവതരിപ്പിച്ച പ്രമേയം മോൻ പിൻതാങ്ങി.
“ഞാനും കൂട്ടിനുണ്ടേ…” അടുക്കളയിൽനിന്നും ഭാര്യയുടെ അഭിപ്രായം പറന്നുവന്നു.
“ശരി… സമ്മതിച്ചിരിക്കുന്നു…”
അങ്ങനെയാണ് ആ വീട്ടിൽ “പുതിയ” ടീവി എത്തിയത്.
ടീവി ഓൺ ചെയ്‌തു. ആദ്യം പരസ്യപരിപാടികളാണ് പ്രത്യക്ഷപ്പെട്ടത്.
ഇറച്ചി മസാലപ്പൊടിയുടെ പരസ്യമാണ്. “കുശാൽ” മസാലപ്പൊടി കൊണ്ടുണ്ടാക്കിയ ചിക്കൻകറി പ്ലേറ്റിൽ വിളമ്പിവച്ചിരിക്കുന്നു.
ഇറച്ചിക്കറിയുടെ ഗന്ധം സ്‌ക്രീനിൽ കൂടി പുറത്തേക്കൊഴുകി വന്നു!
“ഹായ്! എന്ത് മണം!!…” കുട്ടികളും ഭാര്യയും വിളിച്ചുകൂവി.
പെട്ടെന്ന് സ്‌ക്രീനിൽനിന്നും ചിക്കൻകറി ഓരോ പ്ലേറ്റുകളായി അവരുടെ മുന്നിലേക്കൊഴുകി വന്നു! പിന്നാലെ ഓരോ പ്ലേറ്റ്
പൊറോട്ടയും! എല്ലാവരും ആവശ്യം പോലെ പൊറോട്ടയും ചിക്കനും വെട്ടിവിഴുങ്ങി ഏമ്പക്കം വിട്ടു.
അടുത്ത പരസ്യം ഐസ്‌ക്രീമിന്റേതാണ്. ഒരു പ്രത്യേക കമ്പനിയുടെ ഐസ്‌ക്രീം, കപ്പുകളിൽ നിരത്തിവച്ചിരിക്കുന്നു! കണ്ടിട്ട്
വായിൽ വെളളമൂറുന്നു. പെട്ടെന്ന് ഐസ്‌ക്രീം അവരുടെ മുന്നിലേയ്‌ക്കൊഴുകിവരുന്നു!
“ഹായ്! എത്ര നല്ല സ്വാദ്!” ഐസ്‌ക്രീം നുണഞ്ഞിറക്കുന്നതിനിടയിൽ അവർ പറഞ്ഞു.
ടീവിയിൽ അടുത്തതായി ഒരു സീരിയലാണ്. സീരിയലിലെ കഥാപാത്രങ്ങൾ സ്‌ക്രീനിൽനിന്നും അവർക്കിടയിലേയ്‌ക്കിറങ്ങി വരുന്നു!
എല്ലാവരേയും പരിചയപ്പെടുന്നു. കുശലം ചോദിക്കുന്നു. പിന്നെ സ്‌ക്രീനിലേക്ക് മടങ്ങിപ്പോയി സീരിയൽ അവതരിപ്പിക്കുന്നു.
അടുത്തത് വാർത്തകൾ. വായിക്കുന്നത് കുശലാമണി. വാർത്ത വായിക്കുംമുൻപ് കുശലാമണി സ്‌ക്രീനിൽ നിന്നിറങ്ങി വന്ന്
പ്രേക്ഷകരെ പരിചയപ്പെടുന്നു. പിന്നീട് സ്‌ത്രീനിലേക്ക് മടങ്ങിപ്പോയി വായന ആരംഭിക്കുന്നു. സംഭവങ്ങളുടെ നിജസ്ഥിതി
ബോധ്യപ്പെടുത്താനായി ഒറിജിനൽ രേഖകൾ സ്‌ക്രീനിൽകൂടി പുറത്തേക്ക് നീട്ടിക്കാണിച്ചു കൊണ്ടിരിക്കുന്നു. അപകടമരണങ്ങളും
ദുരന്തങ്ങളും ബോധ്യപ്പെടുത്താനായി ഡെഡ്‌ബോഡികൾ സ്‌ക്രീനിലൂടെ പുറത്തേക്ക് ഉയർത്തി കാട്ടുന്നു.
സംഗതി കൊളളാമല്ലോ..? അങ്ങനെ അന്തംവിട്ടും വീർപ്പടക്കിയും ആനന്ദിച്ചും ടീവി പരിപാടികൾ കണ്ട് കാലം
കടന്നുപൊയ്‌ക്കൊണ്ടിരുന്നു.
വാർത്തകൾ വായിക്കുന്നതിനിടയിൽ കുശലാമണിയുടെ കരിനീലമിഴികൾ ഇടയ്‌ക്കിടെ അയാളുടെ നേരെ നീണ്ടുവരും. അയാളുടെ
മിഴികൾ കുശലാമണിയുടെ വടിവൊത്ത സുന്ദരമേനിയെ തഴുകി തലോടുകയായിരിക്കും അപ്പോൾ. പിന്നെ താമസിച്ചില്ല
കുശലാമണി സ്‌ക്രീനിൽനിന്നും ഇറങ്ങിവന്നു. അയാൾക്കൊപ്പം പൊറുതി തുടങ്ങി.
ഇതിൽ പ്രതിഷേധിച്ച് അയാളുടെ ഭാര്യ സീരിയൽ നായകനടനെ പ്രേമിച്ച്, സ്‌ക്രീനിലേക്കും കയറിപ്പോയി.
Generated from archived content: humour1_sept22_08.html Author: babu_alappuzha