രാവിലെ പൂമുഖത്ത് പത്രപാരായണത്തില്‍ മുഴുകിയിരിക്കുമ്പോഴാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് തല ഉയര്‍ത്തിയത്. ഗേറ്റ് കടന്ന് ഒരു കുടവയര്‍ സംഘം ഉരുണ്ട് വരുന്നു!? കുടവയറനെ സായാഹ്നസവാരിക്കിടയില്‍ പതിവായി കാണാറുള്ളതാണ്. പക്ഷേ ഒരു ചെറുപുഞ്ചിരി പോലും പൊഴിച്ചിട്ടില്ല ഇതു വരെ. മസിലുപിടിച്ചു വലിച്ചു കയറ്റിയ മുഖം. ആ മുഖത്തിനാണിപ്പോള്‍ ചിരിയുടെ മത്താപ്പു കത്തിച്ചു വച്ചിരിക്കുന്നേ- ? കുടവയറിയെ ആദ്യമായി കാണുകയാ.
” അല്ലാ… എന്താ സാര്‍ പതിവില്ലാതെ? ഞാന്‍ സന്തോഷത്തോടേ സാറിനേയും ഭാര്യയേയും അകത്തേക്ക് ക്ഷണിച്ചു. സന്ദര്‍ശകമുറിയലെ പതു പതുത്തസെറ്റിയിലിരുത്തി.
”ഭാര്യ എവിടെ? സാറ് ചോദിച്ചു.
”ഓ ഞാന്‍ മറന്നു.. സരസൂ” അടുക്കളയിലേക്കു നോക്കി ഞാന്‍ വിളിച്ചു.
”എന്താ..?” സരസു ഓടി വന്നു.
” സാര്‍… ഇതാണെന്റെ ഭാര്യ..”
”നമസ്ക്കാരം.. ഞങ്ങള് വന്നതേ.. ഞങ്ങളുടെ ഇളയ മോടെ മിനികല്യാണമാ.. അടുത്തയാഴ്ച രാവിലെ 11 മണിക്ക്. നിങ്ങള്‍ രണ്ടുപേരും വരണം. .. മിനികല്യാണം മംഗളമാക്കി കൊഴുപ്പിച്ചു തരണം…ഇതാ ഇന്‍ വിറ്റേഷന്‍ കര്‍ഡ്.”
തിളങ്ങുന്ന കാര്‍ഡിലേക്കു നോക്കിഞങ്ങള്‍ അന്തം വിട്ടു നിന്നു.
”വരാം സാര്‍ …ഞങ്ങള്‍ രണ്ടു പേരും വരാം”.
”എന്നാ ഞങ്ങളിറങ്ങട്ടെ ….”
കുടവയര്‍ സംഘം ഉരുണ്ടുരുണ്ട് ഗേറ്റ് കടന്ന്പോയി. “ചേട്ടാ… എനിക്കൊരു കണ്‍ഫ്യൂഷന്‍. ഈ മിനിക്കല്യാണം എന്നുവെച്ചാലെന്താ?”
“എടീ… പഴേകാലമൊന്നുമല്ലാ ഇത്… കാലം മാറിയോപ്പോള്‍ കോലവും മാറി… ഒറിജിനല്‍ കല്യാണത്തിനു മുമ്പുള്ള ഒരു റിഹേഴ്സല്‍ കല്യാണമാ ഈ മിനിക്കല്യാണം…”
“അങ്ങനാണോ?” ഏതായാലും ഈ മിനിക്കല്യാണത്തിന് ഒന്നുകൂടിയിട്ടുതന്നെ കാര്യം…”
ടൗണിലെ അലങ്കരിച്ച വിശാലമായ ഓടിറ്റോറിയത്തില്‍ പിന്നിലെ സീറ്റുകളില്‍ ഇരിക്കുകയാണ് ഞങ്ങള്‍. ഏതാണ്ട് 5000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞിരിക്കുന്നു! പുഷ്പങ്ങളാല്‍ അലങ്കരിച്ച വേദിയില്‍ വീഡിയോ-ക്യാമറ സംഘം നൃത്തം ചവിട്ടുന്നു. അവര്‍ക്കിടയില്‍ കൂടി തിളങ്ങുന്ന പെണ്ണിനെയും തിളങ്ങാത്ത ചെറുക്കനേയും കാണാം. കുടവയര്‍ സംഘങ്ങള്‍ സ്റ്റേജില്‍ ഉരുണ്ട് കളിക്കുന്നു.
മുഹൂര്‍ത്തമായി. കൊട്ടും കുരവയും മുഴങ്ങി. ചെറുക്കന്‍ പെണ്ണിന്റെ കഴുത്തില്‍ താലിചാര്‍ത്തി. വീഡിയോ ക്യാമറ സംഘം കൊയ്ത് കൊയ്ത് കൂട്ടുകയാണ്.
അടുത്തത് സദ്യ. മലയാളസദ്യക്കു പകരം ഇഗ്ലീഷ് സദ്യയാണല്ലൊ ഇപ്പോഴത്തെ ഫാഷന്‍. ഫ്രൈഡ് റൈസും ചില്ലിചിക്കനും കൂടെ മഞ്ചൂരിയുമുണ്ട്. പിന്നാലെ ഐസ്ക്രീം. സദ്യാലയത്തിനു മുന്നിലെ ക്യൂ ഓഡിറ്റോറിയത്തിനു പുറത്തേക്കു നീണ്ടുപോയി. 11.30നു തുടങ്ങിയ സദ്യ അവസാനിച്ചപ്പോള്‍ 5 മണി കഴിഞ്ഞിരുന്നു. വയര്‍ കരിഞ്ഞുതുടങ്ങിയിരുന്നു. ഭാഗ്യത്തിന് 4.30 നു തന്നെ ഞങ്ങള്‍ക്ക് സീറ്റ് കിട്ടി.
പിറ്റേന്ന് സായഹ്നസവാരിക്കിറങ്ങിയ ഞാന്‍ വഴിയില്‍ വച്ച് കുടവയര്‍ സാറിനെ കണ്ടു. ചിരിക്കാന്‍ ശ്രമിച്ച എന്നെ പാടെ നിരാശപ്പെടുത്തിക്കൊണ്ട്, കണ്ടഭാവം നടിക്കാതെ, ഉള്ള മസില്‍ ഒന്നുകൂടി വലിച്ചുകേറ്റി, സര്‍ നടന്നു!!
Generated from archived content: humour1_sep3_11.html Author: babu_alappuzha