“അച്ഛാ – എനിക്കൊരു പുത്തൻകുട വാങ്ങണം…. ”പാപ്പി കുട മതി….“ മകന്റെ അന്നത്തെ ആവശ്യം അതായിരുന്നു.
”എനിക്ക് “അപ്പച്ചൻ” കുട വേണം….“ പിന്നാലെ മകൾ.
”എനിക്ക് മുടിക്കുട“ മതി….” ഭാര്യ ഓടി വന്നു.
“മുടിക്കുടയോ-?” ഞാൻ ചോദ്യചിഹ്‌നമായി.
“മുടിയിൽ ചൂടാനുള്ള കുട മുടിക്കുട… കാതിൽ തൂക്കാൻ കാത്‌കുട…. കഴുത്തിൽ തൂക്കാൻ മാലക്കുട…. അങ്ങനെ പലതരം കുടകളുണ്ട്….” ഭാര്യ കുടവിൽപ്പനക്കാരിയെപ്പോലെ വാചാലയായി.
അപ്പോഴാണ് അകത്തെ മുറിയിൽ നിന്നും അപ്പൂപ്പൻ പുറത്തുവന്നത്.
“മോനേ…. എനിക്കൊരു കുട വേണം…. വടിക്കുട….”
“വടിക്കുടയോ?” ഞാൻ വീണ്ടും വളഞ്ഞുകുത്തി നിന്നു.
“വയസ്സൻമാർക്കു വേണ്ടി കമ്പനി പ്രത്യേകം നിർമ്മിച്ചതാണച്ഛാ വടിക്കുട. ചില കമ്പനിക്കാർ കുട വാങ്ങുന്നവർക്ക് ഒരു വടിയും സൗജന്യമായി കൊടുക്കുന്നുണ്ട്.” മകൻ വിശദീകരിച്ചു.
“വടിയാകാനിരിക്കുന്ന വയസ്സന്മാർക്കുവേണ്ടി എന്ന് തിരുത്തി പറ മോനേ…..” അപ്പുപ്പൻ തന്റെ വിശാലമോണ കാട്ടി ചിരിച്ചു.
“എനിക്കും ഒരെണ്ണം വേണം…” അകത്തെ മുറിയിൽ അവശയായി കിടക്കുന്ന അമ്മൂമ്മ തല പുറത്തേയ്‌ക്ക് നീട്ടി.
“അമ്മൂമ്മക്കെന്തിനാ കുട?….. അമ്മൂമ്മക്ക് പുറത്തേക്കൊന്നും പോകാൻപറ്റിയില്ലല്ലോ….”
“എങ്കിലും ഒരു വടിക്കുട ഇരിക്കട്ടെ മോനേ… വടിക്കുട കയ്യിലിരുന്നാൽ പെട്ടെന്ന് വടിയാകുമല്ലോ….?” അമ്മൂമ്മ നീണ്ടൊരു നെടുവീർപ്പിട്ടു.
“അച്ഛാ…. എനിക്കൊരു സംശയം?”
“എന്താ നിന്റെ സംശയം?”
“അല്ലാ… കുട വാങ്ങിയാൽ വണ്ടികിട്ടുമോ അച്ഛാ-?”
“വണ്ടിയോ?…. ഇല്ലല്ലോ…..”
“പിന്നെന്തിനാ..” കുടവണ്ടി“ എന്നു പറയുന്നേ….?”
Generated from archived content: humour1_oct23_10.html Author: babu_alappuzha