ഉമ്മറത്ത് സമയം പോക്കാനായി വഴിയാത്രക്കാരെ നോക്കിയിരിക്കുകയാണ് നബീസുമ്മ. ഗേറ്റ്‌കടന്ന് ഒരു തിളങ്ങുന്ന കാർ അകത്തേയ്‌ക്ക് കടന്നുവരുന്നു. ആരാപ്പാ ഈ നേരത്ത്?
ഗേറ്റ് തുറന്ന് വെളുവെളുത്ത പല്ലുകൾ പുറത്തുകാട്ടി തിളങ്ങുന്ന കുപ്പായമിട്ട ഒരു കൂളിംഗ് ഗ്ലാസ്സുകാരൻ ഉമ്മറത്തേയ്‌ക്ക് നടന്നു വരുന്നു. നബീസുമ്മ ഭവ്യതയോടെ എഴുന്നേറ്റ് ഒതുങ്ങി നിന്നു.
“…ഇങ്ങോട്ടിരിക്കിൻ… ആരാ..? …. മനസ്സിലായില്ലല്ലോ?”
“എന്നെ മനസ്സിലായില്ലേ ഉമ്മയ്‌ക്ക്?…. ഞാൻ ഉമ്മറ് സാഹീബ് …പണ്ടിവിടെ സ്‌ഥിരം വന്നിരുന്നതാ….. ഒന്നോർത്ത് നോക്കിൻ….”
നബീസുമ്മ സൂക്ഷിച്ചു നോക്കി.
“പുടികിട്ടണില്ല റബ്ബേ…..”
“ഒന്നുകൂടി നോക്കുമ്മാ…..” കൂളിംഗ് ഗ്ലാസ് ഊരിമാറ്റി ആഗതൻ.“
”ഇപ്പോ പുടികിട്ടിയാ…?“
ഇല്ലല്ലോ റബ്ബേ….”
“എങ്കീ ഞാമ്പറയാം….പണ്ടിവിടെ പിച്ചയാചിച്ച് വന്നിരുന്ന ഉമ്മറെ ഓർക്കണുണ്ടോ..?”
“തലേൽ തുണിയിട്ട് നടന്നിരുന്ന ഒരു ഉമ്മറുണ്ടായിരുന്നു….”
“അത് തന്നെയ ഈ ഉമ്മറ്…”
“പഹയാ… നീയാള് ബല്ലാണ്ട് മാറിപ്പോയല്ലേ.!?
”ലോട്ടറി അടിച്ചോ ഉമ്മറേ…..?
“ഇല്ലുമ്മാ…. ഞാൻ ഗൾഫീപ്പോയി….അഞ്ചാറ് കായുണ്ടാക്കി…… യേത് …..ഇപ്പോ പെരുത്ത് കാശുകാരനായി…..സാഹിബായി…. കാറായി…. ബംഗ്ലാവായി…. ബിസിനസായി…..
”എന്തൊക്കെയാ ഉമ്മറേ നിന്റെ ബിസിനസ്സ്?
“ദുബായിൽ രണ്ട് ഫൈസ്‌റ്റാർ ഹോട്ടലുകൾ….. മസ്‌ക്കറ്റിൽ രണ്ട് ഷോപ്പിംഗ് മാളുകൾ…. പിന്നെ സ്‌മഗ്ലിംങ്ങ്…. കൂടാതെ ഒരു ക്വട്ടേഷൻ ടീമും നടത്തുന്നുണ്ട്…. യേത് …. ജീവിച്ചുപോണ്ടേ ഉമ്മാ…..?”
“ജീവിക്കാൻ ഇത്രോക്കേ ബേണോ ഉമ്മറേ..?”
“ബേണം ഉമ്മാ…. അഞ്ചാറ് ബീവിമാരുണ്ടേ…. പിന്നെ കുറേ കുട്ട്യോളും….”
നബീസുമ്മ മൂക്കത്ത് വിരൽ വച്ചു.
അല്ലാ… എന്താപ്പോ ഇങ്ങോട്ടൊക്കെ വന്നേ…?“
”പെരുത്ത് കാശുകാരനായെങ്കിലും ഞാൻ പഴയ പണി വിട്ടിട്ടില്ല ഉമ്മാ….“
”എന്ത് പണി….?“
”പിച്ചപ്പണിയോ….. അയിന് ബന്നതാ ഞാൻ….“ കോട്ടിന്റെ കീശയിൽ നിന്നും പഴയ പിച്ചപ്പാത്രം നീട്ടി നിൽക്കുകയാണ് ഉമ്മറ് സാഹിബ്!
Generated from archived content: humour1_nov25_08.html Author: babu_alappuzha