വായിൽ സ്വർണ്ണകരണ്ടിയുമായാണ് പയ്യൻ ജനിച്ചത്. ആധുനിക സുഖസൗകര്യങ്ങളോടെ വളർന്ന പയ്യൻ നോട്ടുകെട്ടുകൾ കാറ്റിൽ പറത്തി. ബൈക്ക്, കാറ്, മൊബൈൽ ഫോണുകൾ, സമ്പന്ന കൂട്ടുകാർ, ഇവരോടൊപ്പം ആടിപ്പാടിപ്പറന്നാണ് പയ്യൻ ജീവിതം ആഘോഷിക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസം ഒരഭ്യാസിയെപോലെ ചാടിക്കയറിയപയ്യൻ കോളേജിലെത്തി. മദ്യവും മയക്കുമരുന്നും മദിരാക്ഷിയും പിന്നെ അടിയും പിടിയും കുത്തുംവെട്ടും കൂട്ടുകാരായി. കോളേജ് വിദ്യാഭ്യാസം പൂർത്തിയാകും മുൻപേ പയ്യനെ കോളേജിൽനിന്നും പുറത്താക്കി.
ആഹ്ലാദത്തോടെ വീട്ടിലെത്തിയ മകനെ നോക്കി അച്ഛൻ നെടുവീർപ്പിട്ടു. സ്‌നേഹനിധിയായ അമ്മയെ സോപ്പിട്ട് ഒരു തൊഴിൽ ചെയ്യാനുള്ള മൂലധനം അച്ഛനിൽ നിന്നും മകൻ അടിച്ചെടുത്തു. ബ്ലേഡ്‌കച്ചവടം തുടങ്ങി. മൂലധനം ബ്ലേഡിലൂടെ ഒഴുകിപ്പോയി കണ്ണുരുട്ടിയ അച്ഛനെ അമ്മ മുഖാന്തരം വീണ്ടും സോപ്പിട്ടപ്പോൾ രണ്ടാം മൂലധനമുണ്ടായി. കള്ള് ബിസിനസ്സായിരുന്നു അടുത്തത്. ഓസ്‌കള്ള് കുടിക്കാൻ കൂട്ടുകാർ ക്യൂ നിന്നു. ആ മൂലധനവും കളളിലൂടെ ഒഴുകിപ്പോയി.
“ഇനി ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല…. ഇവനെ കല്യാണം കഴിപ്പിക്കാം…. ഒരു പക്ഷേ നന്നായേക്കും…..?” അച്ഛന്റെ തീരുമാനം അതായിരുന്നു.
ഒരു കോടീശ്വരന്റെ വീട്ടിൽ നിന്നായിരുന്നു പെണ്ണ്. സ്‌ത്രീധനമായി ലക്ഷങ്ങളും സ്വർണ്ണാഭരണങ്ങളും…. പുതിയൊരു ബംഗ്ലാവും…. ബംഗ്ലാവിനുമുന്നിൽ രണ്ട് വിദേശകാറുകളും! വിദേശപട്ടികളും! !
വിവാഹം കഴിഞ്ഞതോടെ മകന് കൂട്ടുകാർകൂടി! അവൻ കൂട്ടുകാരോടൊത്ത് ആടിപ്പാടി മദിച്ചു നടന്നു. ലക്ഷങ്ങൾ ഒഴുകിപോകാൻ തുടങ്ങി. ലക്ഷങ്ങൾ തീർന്നപ്പോൾ പെണ്ണിന്റെ സ്വർണ്ണാഭരണങ്ങൾ ഒന്നൊന്നായ് ഉരുകി അപ്രത്യക്ഷമാകാൻ തുടങ്ങി. വിദേശകാറുകൾ ഒന്നിനു പുറകേ ഒന്നായി വിറ്റു. ബംഗ്ലാവ് വിൽക്കാനൊരുങ്ങുമ്പോൾ അമ്മായിഅപ്പനെത്തി ധൂർത്തനെ വേണ്ടെന്ന് അമ്മായിഅപ്പനും കള്ളുകുടിയനെ വേണ്ടെന്ന് മകളും പറഞ്ഞതോടെ വിവാഹബന്ധം വേർപെടുത്തപ്പെട്ടു.
“…എനിക്കിനിയും വിവാഹം കഴിക്കണം…..” പയ്യൻ ആവശ്യപ്പെട്ടു.
“എന്തിന് – ? അച്ഛന്റെ സ്‌ഥിരം കണ്ണുരുട്ടൽ.
”സ്‌ത്രീധനത്തിന്…. എനിക്ക് സുഖിക്കാൻ പണം വേണം….
ഇനി ഒരു വിവാഹത്തിന് ഞാൻ സമ്മതിക്കില്ല.“
അച്ഛൻ ദൃഢനിശ്ചയത്തോടെ പറഞ്ഞു.
”എങ്കിലെനിക്ക് പണം താ…. എനിക്ക് സുഖിച്ച് ജീവിക്കണം….“ അവൻ അച്ഛനെ രൂക്ഷമായി നോക്കി.
”ഇല്ല… ഒരു ചില്ലിപൈസ ഇനി നിനക്ക് ഞാൻ തരില്ല…… നിനക്ക് മദ്യപിക്കാനല്ലേ പണം?“
”അതേ… എനിക്ക് മദ്യപിക്കണം.“ കൂട്ടുകാരോടൊത്ത് ആടിപ്പാടിനടക്കണം….”
“തരില്ലെന്നല്ലേ പറഞ്ഞത്….” അച്ഛൻ.
“ചെറുപ്പം മുതൽ എനിക്ക് പണം തന്ന് ശീലിപ്പിച്ചത് നിങ്ങളാണ്. എന്നെ ദുശ്ശീലങ്ങൾ പഠിപ്പിച്ചതും നിങ്ങളാണ്…. അതുകൊണ്ട് ഞാൻ ചോദിക്കുന്ന പണം തന്നേ പറ്റൂ….”
“തന്നില്ലെങ്കിൽ നീ എന്ത് ചെയ്യും?…. പറയെടാ….? അച്ഛൻ കോപംകൊണ്ട് ജ്വലിച്ചു.
”എന്ത് ചെയ്യുമെന്നോ?… നിങ്ങളെ ഞാൻ കൊല്ലും.“
”എന്ത് പറഞ്ഞെടാ…. എന്നെ നീ കൊല്ലുമെന്നോ.?
“അതേ…. കൊല്ലും….” അവന്റെ മുഖം കോപംകൊണ്ട് കത്തിജ്വലിച്ചു. അപസ്‌മാര രോഗിയെപ്പോലെ വിറച്ചു.
അടുത്ത നിമിഷം.
അച്ഛൻ ബോധംകെട്ട് നിലം പതിച്ചു.! ശബ്‌ദം കേട്ട് അമ്മ ഓടിയെത്തുമ്പോഴേക്കും എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു.
പക്ഷേ, ഒന്നും സംഭവിക്കാത്തപോലെ മകൻ പുറത്തേയ്‌ക്ക് ഇറങ്ങിപ്പോയി.
Generated from archived content: humour1_may18_11.html Author: babu_alappuzha