പറമ്പ് കാടും പടലും പിടിച്ച് നാശകോശമായി കിടക്കാൻ തുടങ്ങീട്ട് മാസങ്ങളായി. പറമ്പ് കിളച്ച് വൃത്തിയാക്കാൻ സ്‌ഥിരം തൂമ്പാപപണിക്കാരെ വിളിച്ച് പുറകേ നടക്കാൻ തുടങ്ങീട്ട് നാളേറെയായി. ഇന്നു വരാം നാളെവരാം. എന്നാ അവരുടെ സ്‌ഥിരം പല്ലവി. മഴയ്‌ക്കു മുൻപ് എങ്ങനേലും പറമ്പ് വൃത്തിയാക്കിക്കണം. അല്ലേൽ മഹാനാണക്കേടാ. പണിക്കാരെ പെട്ടെന്നെത്തിക്കാൻ എന്താ മാർഗ്ഗം? കൂലി കൂടുതൽ വാഗ്‌ദാനം ചെയ്‌താലോ? ഒരു ഫുൾ ബോട്ടിൽ മദ്യം വാങ്ങികൊടുത്താലോ? കൂലിക്കു പകരം മദ്യം കൊടുത്താൽ എന്തും ചെയ്യുന്ന കാലമാ? ഏതായാലും നേരമൊന്ന് വെളുത്തോട്ടെ.
നേരം വെളുത്തു. വാതിൽതുറന്ന് കണികണ്ടത് തൂമ്പായും പൊക്കിപിടിച്ച് വാലേവാലേ കടന്നു വരുന്ന രണ്ട് തലകളെ. പണിക്കാരാണോ സന്തോഷംകൊണ്ട് തുള്ളിച്ചാടാൻ തോന്നി.
“സാറേ…. വൈകുന്നേരം നാലിന് ആശുപത്രീപോണം. ഭാര്യ ആശുപത്രീലാ….. അതുകൊണ്ടാ വെളുപ്പിനിങ്ങെത്തിയത് -”
“ അത് സാരമില്ല. പണിതുടങ്ങിക്കോ -”
വെട്ടും കിളയും ആരംഭിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ രണ്ട് ചെറുപ്പക്കാർ പതുങ്ങിപതുങ്ങിവന്ന് അവിടവിടെ നിൽപ്പായി.
“എന്താ?”
“ഓ- വെറുതെ തൂമ്പാപ്പണികണ്ട് പഠിക്കാൻ വന്നതാ…”
“അത് നന്നായി. ഇക്കാലത്ത് ഇത്തരം പണിചെയ്യാൻ ചെറുപ്പക്കാരാരും മുന്നോട്ട് വരാറില്ല. നിങ്ങൾക്കതിനുള്ള മനസ്സ് വന്നല്ലോ സന്തോഷം.”
പണിക്കാരുടെ ചലനങ്ങൾ നോക്കിനിൽക്കുകയാണ് ചെറുപ്പക്കാർ.
വൈകുന്നേരം 4ന് പണി അവസാനിച്ചു. പണിക്കൂലി ചോദിച്ചു വാങ്ങി പണിക്കാർ രണ്ടും പിരിഞ്ഞു പോയി. അപ്പോഴും ചെറുപ്പക്കാർ വട്ടംചുറ്റിനിൽപ്പാണ്.!
“എന്താ നിങ്ങൾ പോകുന്നില്ലേ?”
“ഞങ്ങൾക്ക് കൂലിതന്നില്ല…”
“നിങ്ങൾക്ക് കൂലിയോ? എന്തുകൂലി?”
“നോക്കുകൂലി….
Generated from archived content: humour1_juy12_10.html Author: babu_alappuzha