ഏലിയാമ്മ ഔസേപ്പച്ചായന്റെ ഫോട്ടോയിലേക്കു നോക്കി നെടുവീർപ്പിടുകയാണ്. അച്ചായൻ പോയിട്ട് ഇന്നേയ്‌ക്ക് പത്ത് വർഷം തികയുന്നു.
മക്കൾ നാലും വിദേശങ്ങളിൽ. അവർ നാലോ അഞ്ചോ വർഷം കൂടുമ്പോൾ വന്നാലായി. അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുട്ടികളും കുടുംബോമൊക്കെയില്ലേ അവർക്ക്? എല്ലാരേം ഇട്ടെറിഞ്ഞിട്ട് അമ്മച്ചിയെ കാണാൻ എപ്പോഴും വരാൻ പറ്റ്വോ?
അച്ചായൻ പോയതോടെ താൻ തികച്ചും ഒറ്റപ്പെട്ടു. എന്ത് നല്ല ആത്മാർത്ഥതയുളള മനുഷേനാരുന്നു..? തന്നെ പൊന്നുപോലല്ല്യോ നോക്കിയത്..? അന്യസ്‌ത്രീകളുടെ മുഖത്ത് പോലും നോക്കാത്ത ശുദ്ധ മനുഷ്യൻ! തങ്കക്കുടമേ എന്നല്ല്യോ സ്‌നേഹം കൂടുമ്പോൾ തന്നെ വിളിക്കാറ്. ആ മനുഷ്യനല്ലേ തന്നെ ഒറ്റക്കിട്ടേച്ച് പോയത്? ഓർത്തോർത്ത് ഏലിയാമ്മ കരഞ്ഞുപോയി.
പുറത്ത് ആരുടേയോ കാൽപ്പെരുമാറ്റം കേട്ടപോലെ… പിന്നാലെ തേങ്ങിക്കരച്ചിലും! ഏലിയാമ്മ വാതിൽ തുറന്നു.
ഒരു മധ്യവയസ്‌ക്ക കണ്ണീരൊഴുക്കി വീടിനു മുന്നിൽ!
“ആരാ..? എന്തിനാ നിങ്ങളിങ്ങനെ കരയുന്നേ..?”
“എന്റെ പേര് വാസന്തി.. ഞാൻ നരകത്തീന്ന് വരുന്ന വഴിയാ..”
“നരകത്തീന്നോ…?!”
“അതേ.. നരകത്തീന്നു തന്നെ… ഏലിയാമ്മച്ചേടത്തീടെ കെട്ടിയോൻ ഔസേപ്പച്ചായൻ ഭൂമിയിൽ വച്ച് മരിച്ച് അങ്ങ് നരകത്തിലെത്തി. നരകത്തിലെ സൗന്ദര്യറാണി ഞാനായിരുന്നു. എന്നെ കണ്ടപ്പോ അതിയാനൊരു പൂതി. എന്നെ കെട്ടണമെന്ന്.. ഞാൻ സമ്മതിച്ചു. അങ്ങനെ നരകത്തിൽ ഞങ്ങൾ ഭാര്യാഭർത്താക്കൻമാരായി. നാല് കുട്ടികളും ഉണ്ടായി. കഴിഞ്ഞ ദിവസം ആ ദുഷ്‌ടൻ എന്നേം പിളളാരേം ഉപേക്ഷിച്ച് ഒരു പുതിയ സുന്ദരിയെ കെട്ടി കഴിയുകയാണ്. ദേഷ്യവും സങ്കടവും വന്ന ഞാൻ പിളളാരെ നാലിനേം അവരുടെ മുമ്പിലേക്കെറിഞ്ഞു കൊടുത്തിട്ട് ഈ ഭൂമിയിലേക്ക് പോന്നു. ഇനിയുളള കാലം ചേടത്തിയോടൊപ്പം കഴിയണമെന്നാ എന്റെ ആഗ്രഹം.. എന്നെ ചേടത്തി ഉപേക്ഷിക്കരുത്..”
വാസന്തിയുടെ ദുഃഖം ഏലിയാമ്മയുടെ മനസ്സിളക്കി. അവർ വാസന്തിയുടെ കൈയ്‌ക്ക് പിടിച്ച് വീട്ടിനുളളിലേക്ക് കയറ്റിക്കൊണ്ടുപോയി. എന്നിട്ട് ഔസേപ്പച്ചായന്റെ ഫോട്ടോയിലേക്ക് നോക്കി കണ്ണുരുട്ടി. അച്ചായൻ കുറ്റബോധം കൊണ്ട് കുനിഞ്ഞിരുന്നു.
Generated from archived content: humour1_june27_08.html Author: babu_alappuzha