മരംവെട്ട് പണിയാ മാത്തുണ്ണിക്ക്, അന്നത്തെ പണി കടുകട്ടിയായിരുന്നു. പണികഴിഞ്ഞ് അൽപം സേവിച്ചിട്ടാ മാത്തുണ്ണി വീട്ടിലെത്തിയത്. ചാറ്റമഴയത്ത് വീട്ടിലേയ്‌ക്ക് കയറിവന്ന മാത്തുണ്ണിയെ സ്വീകരിച്ചത് ഭാര്യയുടെ ശകാരപ്പെരുമഴയാണ്.
“അല്ലാ നിങ്ങളെന്തോന്ന് ഭാവിച്ചാ മനുഷ്യ ഇങ്ങനെവെട്ടിക്കേറ്റുന്നേ?”
“എടീ ഞങ്ങളുടെ പണി മരംവെട്ടാ…. വെട്ടിക്കഴിഞ്ഞാ തടി ചുമന്ന് ലോറീക്കേറ്റും…. അതിന് നീയിങ്ങനെ ചാടിത്തുള്ളുന്നതെന്തിനാന്നാ എനിക്ക് മനസ്സിലാകാത്തേ…?”
“നിങ്ങളിങ്ങനെ കള്ള് വെട്ടിക്കേറ്റുന്ന കാര്യമാഞ്ഞാമ്പറഞ്ഞേ…”
“ഓ… അതാണോ? ”എടീ ഈ മരംവെട്ട്‌പണിയ്യേ അടുക്കളപ്പണിപോലല്ല… കടുകട്ടിയുള്ള പണിയാ… നെഞ്ച്‌പൊളിയണ പണി…. പണി കഴിഞ്ഞാൽ ശരീരം മുഴുവൻ നീര് വച്ചങ്ങ് വീർക്കും…. നീര് മാറാനും ക്ഷീണം മാറാനുമാടീ ഞങ്ങളൽപ്പം മോന്തുന്നേ….“
”മോന്തുന്നതൊക്കെ കൊള്ളാം… ഇവിടെ മൂന്ന് പെമ്പിള്ളാരാ പൊരനിറഞ്ഞുനിക്കുന്നേ…… അതോർമ്മവേണം… അതിലൊന്നിനെയെങ്കിലും ഉടൻ കെട്ടിച്ചുവിടണ്ടേ?… പിള്ളാരുടെ കാതിലോ കഴുത്തിലോ ഒരുതരി സ്വർണ്ണം പോലുമില്ല. അതിനുവേണ്ടി എന്തേലും സ്വരുക്കൂട്ടി വക്കണ്ടേ മനുഷ്യാ നമ്മക്ക്-?“
”വേണമെടീ…. വേണം. നീ സമാധാനിക്ക്… എല്ലാത്തിനും ഒരു വഴിതെളിഞ്ഞുവരുമെടീ…“
”ഓ തെളിഞ്ഞുവരും?… നോക്കിയിരുന്നാമതി….“ ഭാര്യമുഖം വീർപ്പിച്ച് അടുക്കളേലേയ്ക്ക്്്് കയറിപ്പോയി.
കഞ്ഞികുടി കഴിഞ്ഞ് കിടന്നിട്ട് അയാൾക്കുറക്കം വന്നില്ല, സത്യം പറഞ്ഞാൽ ഇപ്പഴാപിള്ളാരെപ്പറ്റി ശരിക്കും ചിന്തിച്ചത്. മൂത്തമോൾക്ക് വയസ് 25 ആയി! അവളെയെങ്കിലും ഉടൻ കെട്ടിച്ചയക്കണം-? അതിനെന്താ വഴി-? ആലോചിച്ചാലോചിച്ച് മാത്തുണ്ണിയുടെ മനസ്സ് വെട്ടാൻ നിർത്തിയിരിക്കുന്ന ഏതോ ”വലിയ മരത്തിൽ വലിഞ്ഞുകയറി…..“
”ലോഹങ്ങളുടെ വില ലോകവിപണി പുതുക്കി നിശ്ചയിച്ചു.“ അന്നത്തെ പ്രധാന മത്തങ്ങാവാർത്ത അതായിരുന്നു.
”സ്വർണ്ണത്തിന്റെ വില കുറച്ചു. ഇരുമ്പിന്റെ വില കൂട്ടി. സ്വർണ്ണത്തിന്റെ വില ഇരുമ്പിനും ഇരുമ്പിന്റെ വില സ്വർണ്ണത്തിനുമാക്കി മാറ്റി നിശ്ചയിച്ചു. തൽഫലമായി സ്വർണ്ണത്തിന്റെ വില ഇടിയുകയും ഇരുമ്പിന്റെ വില ക്രമാതീതമായി വർദ്ധിക്കുകയും ചെയ്‌തു. ജനം ഇരുമ്പ് സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. സ്‌ത്രീകൾ സ്വർണ്ണാഭരണങ്ങൾ വലിച്ചെറിഞ്ഞ് പകരം ഇരുമ്പാഭരണങ്ങൾ വാങ്ങി വാരിഅണിയാൻ തുടങ്ങിയിരിക്കുന്നു. വിവിധ ഡിസൈനുകളിലുള്ള ഇരുമ്പ് മാല, ഇരുമ്പ് കമ്മൽ, ഇരുമ്പ് വള, ഇരുമ്പ് നെക്‌ലേസ് തുടങ്ങിയ ആഭരണങ്ങൾ വിപണികളിൽ വന്നുചേർന്നുകൊണ്ടിരിക്കുന്നു. സ്വർണ്ണക്കടകൾ അടച്ചുപൂട്ടി. പകരം ഇരുമ്പ് കടകൾ തുറന്നുകൊണ്ടിരിക്കുന്നു! ഇരുമ്പ് കടകൾക്കു മുന്നിൽ ജനം ക്യൂ നിൽക്കുന്നു!!“ വാർത്തതുടർന്നു.
മാത്തുണ്ണി ചാടി എണീറ്റു. വാതിൽതുറന്ന് പുറത്തിറങ്ങി. വീടിനുപിന്നിൽ അലക്ഷ്യമായി ഇട്ടിരുന്ന ഇരുമ്പ് കോടാലിയും പാരയും വെട്ടുകത്തിയും മൺവെട്ടിയും വളരെ ശ്രദ്ധയോടെ കോരിയെടുത്ത് അകത്തെ മുറിയിൽ കൊണ്ടുവച്ചു. എന്നിട്ട് അതിനു മുന്നിൽ കാവലിരുന്നു. എന്ത് വിലപിടിച്ച ഉരുപ്പടികളാ? ഇരുമ്പിനൊക്കെ ഇപ്പോ എന്താവില? ഈ ഉരുപ്പടികൾ ആരെങ്കിലും മോട്ടിച്ചുകൊണ്ടുപോയാലോ? അതായിരുന്നു അയാളുടെ വേവലാതി.
ഇടക്കെപ്പോഴോ ഭാര്യ ഉണർന്നു. പായിൽ തപ്പിനോക്കി. ഭർത്താവിനെ കാണ്മാനില്ല?! അപ്പോഴാണവൾ സ്വന്തം ഭർത്താവ് വീടിനുമൂലയിൽ പണിയായുധങ്ങൾക്കു മുന്നിൽ ഉറക്കമിളച്ച് തപസ്സിരിക്കുന്നത് കണ്ടത്!?
”എന്താ മനുഷ്യാ…. നിങ്ങളീകാണിക്കുന്നേ…?“
”ശൂ… മിണ്ടാതെടീ… കള്ളന്മാരാരേലും കേക്കും… കോടിക്കണക്കിന് വിലയുള്ള ഉരുപ്പടികളാ ഇത്…..
“ഏത്-?”
“ഈ പണിയായുധങ്ങളോ….”
“എന്താ മനുഷ്യാ നിങ്ങക്ക് വട്ടായോ?…. ഈ പണിസാധനങ്ങൾക്കെല്ലാംകൂടി കൂടിവന്നാൽ ഒരായിരം രൂപ വിലവരും…..”
“ആയിരമോ?! എടീ നീയറിഞ്ഞില്ലേ ഇരുമ്പിന് വില കൂടിയെന്ന്… സ്വർണ്ണത്തിനിപ്പോ ഒട്ടും വിലയില്ലെടീ…. സർക്കാർ പുതിയ നിയമം കൊണ്ടുവന്നു….”
“ഓ… ഇയാക്കെന്ത് പറ്റിയോ ആവോ?… നിങ്ങൾ വല്ലസ്വപ്‌നോം കണ്ടതാവും മനുഷ്യാ?”
“സ്വപ്‌നമല്ലെടീ…. സത്യമാ…. എടീ പിള്ളാരെ മൂന്നിനേം നാളെത്തന്നെ നമുക്ക് കെട്ടിച്ചുവിടാമെടീ. നേരമൊന്ന് വെളുത്തോട്ടെ…. ആഭരണോം സ്‌ത്രീധനോം എത്രവേണേലും കൊടുക്കാമെടീ…. അതിനുള്ള ഉരുപ്പടികളല്ല്യോ ഈ കിടക്കണത്….”
“ഓ… ഈ മനുഷ്യന്റെ തലേലെകെട്ട് വിട്ടിട്ടില്ലെന്നാ തോന്നുന്നേ…?
”എനിക്കുറക്കം വരുന്നു. ഞാമ്പോയികിടക്കുവാ…. നിങ്ങള് കാവലിരിക്കയോ എന്താന്നുവച്ചാ ചെയ്യ്…..“
മാത്തുണ്ണി കണ്ണിലെണ്ണയൊഴിച്ച് കാവലിരുന്നു. നേരം വെളുക്കുവോളം.
Generated from archived content: humour1_feb10_11.html Author: babu_alappuzha