വാറ്റാലയം

കേരളം ഒരു ഭ്രാന്താലയമാണെന്ന്‌ പണ്ടേതോ ഒരു യോഗിവര്യൻ പറഞ്ഞിട്ടുണ്ടല്ലോ. പക്ഷേ, ഇന്ന്‌ കേരളം ഭ്രാന്താലയം മാത്രമല്ല… ‘വാറ്റാലയം’ കൂടിയാണ്‌.

കേരളത്തിലെ കുപ്രസിദ്ധമായ ഒരു വാറ്റ്‌ ബാറിലേക്ക്‌ ഇതാ ഒരാൾ കയറിപ്പോകുന്നു.

“ഏത്‌ ബ്രാണ്ടാ സാർ?” യൂണിഫോമിട്ട സപ്ലൈയർ ചോദിച്ചു.

“അല്ലാ.. എന്തൊക്കെ ബ്രാണ്ടുകളുണ്ട്‌?” മറുചോദ്യം.

“നിസ്‌ക്കാരം… നമസ്‌ക്കാരം…ചിരി… കരച്ചിൽ… ഓട്ടം.. ചാട്ടം… പൂരപ്പാട്ട്‌… പിന്നെ… സിൽക്ക്‌… ആനമയക്കി.. പട്ടി… തവള തുടങ്ങി സ്‌പെഷ്യൽ ബ്രാണ്ടുകളുമുണ്ട്‌… ഏത്‌ വേണം സാറിന്‌?”

“എനിക്ക്‌ ചിരി മതി…”

ഒരു പെഗ്ഗ്‌ ചിരി ഉളളിൽ ചെന്നപ്പോഴേ അയാൾ ചിരിക്കാൻ തുടങ്ങി. ചിരി ഉച്ചത്തിലായി. അങ്ങനെ ചിരിച്ചുകൊണ്ട്‌ അയാൾ നാല്‌ പെഗ്ഗ്‌ അകത്താക്കി.

ചിരിച്ചുമറിഞ്ഞ്‌ വീട്ടിലേക്ക്‌ കയറി വന്ന അയാളെ ഭാര്യ ചിരിച്ചുകൊണ്ടാണ്‌ സ്വീകരിച്ചത്‌. കട്ടിൽ കണ്ണിൽപെട്ടതും ആഴമുളള ഉറക്കത്തിലേയ്‌ക്കയാൾ വീണുപോയി. ഉറക്കത്തിൽ, ചിരിക്കുന്ന സ്വപ്‌നങ്ങൾ കണ്ട്‌ അയാൾ ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു.

നേരം വെളുത്തു. ഭാര്യ കൊണ്ടുവന്ന ചൂടും കടുപ്പവുമുളള ചായ കുടിച്ചപ്പോൾ സഡൺബ്രേക്കിട്ടപോലെ അയാളുടെ ചിരി നിന്നു! പിന്നെ അയാൾ ചിരിച്ചതേയില്ല. പകരം കരയാൻ തുടങ്ങി. ഏങ്ങി ഏങ്ങി കരഞ്ഞു. അലമുറയിട്ട്‌ കരഞ്ഞു. എത്ര ശ്രമിച്ചിട്ടും അയാൾക്ക്‌ കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല!

“ഭാര്യേ.. ഈ ചായയിൽ നീ വല്ലതും ചേർത്തോ?”

കരച്ചിലിനിടയിൽ അയാൾ ചോദിച്ചു.

“ചേർത്തു… ഞാനിന്നലെ വാറ്റ്‌ബാറിൽ പോയിരുന്നു. അവിടെനിന്നും ഞാൻ എല്ലാ ബ്രാണ്ടും ഓരോ കുപ്പി വീതം വാങ്ങി. ‘കരച്ചിൽ വാറ്റി’ൽ നിന്നും ഒരു പെഗ്ഗ്‌ നിങ്ങൾക്കു തന്ന ചായയിൽ ചേർത്തു… അതാ നിങ്ങൾ കരയാൻ തുടങ്ങിയത്‌…”

“എന്തായാലും ഈ കരച്ചിൽ എനിക്ക്‌ സഹിക്കുന്നില്ല… എങ്ങനെങ്കിലും ഈ കരച്ചിലൊന്ന്‌ നിർത്തിത്തരണം…”

“ഒരു കാര്യം ചെയ്യാം… ഒരു പെഗ്ഗ്‌ ‘ഓട്ടം’ തരട്ടെ… അതോ ‘ചാട്ടം’ മതിയോ?”

“ഓട്ടം” മതി.. ഇവിടെനിന്നും ഞാനെവിടെങ്കിലും ഓടി രക്ഷപ്പെട്ടോളാം…“

Generated from archived content: humour1_dec9_08.html Author: babu_alappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here