കൊതുകു ചാനൽ പ്രതിനിധി കൊതുകുകളുടെ നേതാവിനോട്‌ഃ “മനുഷ്യരുടെ പ്രധാനപരാതി നിങ്ങൾ കടിച്ചുപറിച്ച് അവരെ ദേഹോപദ്രവം, ഏൽപ്പിക്കുന്നു എന്നാണ്. ഇതിനെകുറിച്ച് എന്ത് പറയുന്നു?”
“ഞങ്ങൾ ഭൂമിയിൽ അവതരിച്ചിരിക്കുന്നതുതന്നെ മനുഷ്യരേയും മറ്റ് ജീവജാലങ്ങളേയും കടിക്കാനും കുടിക്കാനും വേണ്ടിയാണ്. കടിയിൽ നിന്നും രക്ഷനേടാൻ മനുഷ്യർക്ക് ഒരുപാട് മാർഗ്ഗങ്ങളുണ്ട്. അവർ ഞങ്ങളെ പുകച്ച് പുറത്തു ചാടിക്കാറുണ്ട്. പലതരം തിരികൾ, വലകൾ, മാറ്റുകൾ, ലിക്വിഡുകൾ, ഇലക്‌ട്രോണിക് വേവ്‌സ്, ഇലക്‌ട്രിക്ക് ബാറ്റുകൾ അങ്ങനെ അങ്ങനെ പല മാർഗ്ഗങ്ങൾ. ഇലക്‌ട്രോണിക് ബാറ്റുകൾ ഉപയോഗിച്ച് ദിവസേന ഞങ്ങളെ നിർദ്ദയം ചുട്ട് കരിച്ച് പൊട്ടിച്ച് കൊല്ലുകയാണ് വർഗ്ഗശത്രുക്കളായ ഈ മനുഷ്യർ. ഇതിനെതിരെ ഞങ്ങൾ ഇതുവരെ ഒരു കോടതിയിലും പോയിട്ടില്ല…..
”മറ്റൊരു പരാതി നിങ്ങൾ രോഗങ്ങൾ പരത്തുന്നു എന്നാണ്.“ അതിനെക്കുറിച്ചെന്തു പറയുന്നു.?”
“ശുചിത്വം പാലിക്കാത്തതു കൊണ്ടും വഴിതെറ്റിജീവിക്കുന്നതുകെണ്ടുമാണ് മനുഷ്യർക്ക് രോഗങ്ങളുണ്ടാകുന്നത്. രോഗമുള്ള മനുഷ്യരുടെ രക്തം കുടിച്ചാൽപോലും ഞങ്ങൾക്ക് രോഗമുണ്ടാകാറില്ല. കാരണം ഞങ്ങൾ രോഗാണുക്കളെ അതിജീവിച്ചവരാണ്. പ്രകൃതിനിയമങ്ങളെ ധിക്കരിച്ച് ജിവിക്കുന്ന മനുഷ്യർക്ക് രോഗം വരുന്നതും പകരുന്നതും അവരുടെ തന്നെ കുറ്റംകൊണ്ടാ…. അതിന് പാവം ഞങ്ങളെ കുറ്റപ്പെടുത്തീട്ടെന്താകാര്യം?… മറ്റൊരുകാര്യം ഇന്ന് അറിയപ്പെടുന്ന ഭീകരമായ ഒരു രോഗമാണല്ലോ ‘എയ്‌ഡ്‌സ്’ ഇതിനു കാരണമായ എച്ച്.ഐ.വി. വൈറസിനെ നശിപ്പിക്കാനുള്ള പ്രത്യേക കഴിവ് ഈ ഞങ്ങൾക്കുണ്ട്. അതുകൊണ്ടാ ഞങ്ങളിൽകൂടി എയ്‌ഡ്‌സ് രോഗം പകരാത്തത്. അല്ലെങ്കിൽ നിമിഷങ്ങൾക്കകം ഈ ഭൂമിയിലെ ജീവജാലങ്ങൾ എയ്‌ഡ്‌സ് രോഗികളായി മാറിയേനെ? അങ്ങനെ ഈ ലോകത്തിലെ മുഴുവൻ ജീവജാലങ്ങളും നശിച്ച് പോയേനെ? സത്യത്തിൽ ഈ ഉപകാരത്തിന് മനുഷ്യർ ഞങ്ങളെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. മറ്റൊന്ന് – മനുഷ്യർ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. നിർഭാഗ്യമെന്നു പറയട്ടെ ഇവരുടെ രക്തം കുടിച്ചുകുടിച്ച് ആ ദുശ്ശീലം ഞങ്ങളുടെ ചെറുപ്പക്കാരിലും പടർന്നുപിടിച്ചിരിക്കുന്നു. ഞങ്ങളുടെ യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി – അഡിക്‌റ്റായി മാറിയിരിക്കുന്നു. ഞങ്ങളിൽ മധ്യവയസ്‌കർ പോലും ഇപ്പോൾ കുടിയാന്മാരുടെ രക്തം തിരഞ്ഞുപിടിച്ച് കുടിക്കുകയാണ്. അങ്ങിനെ കുടിച്ചു കൂത്താടി അവർ ജീവിതം തന്നെ നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ ഭാര്യമാരും കുട്ടികളും ഇപ്പോൾ തീരാദുഃഖത്തിലും കണ്ണീരിലും ദുരിതത്തിലുമാണ്. ഇതിനെതിരെ ഞങ്ങളുടെ സംഘടന കോടതിയിൽ പോകാൻ തീരുമാനിച്ചിരിക്കയാണ്. ഇതൊരു മുന്നറിയിപ്പായി കരുതിക്കോ-”
“ഇത്രയും മഹത്തരമായ സേവനങ്ങൾ കേവലം കൊതുകുകളായ നിങ്ങൾ മാനവരാശിക്കുവേണ്ടി നിർവ്വഹിക്കുന്നുണ്ട് എന്നറിഞ്ഞതിലും നന്മനിറഞ്ഞ വിശാലമായ ഹൃദയമുള്ളവരാണ് നിങ്ങൾ എന്നറിഞ്ഞതിലും ഹൃദയംനിറഞ്ഞ നന്ദി – നമസ്‌കാരം – ”നമസ്‌കാരം…“
സ്‌ക്രീനിൽ നിന്നും അഭി”മുഖ“ങ്ങൾ ”പറന്ന്“ പോയി –
Generated from archived content: humour1_aug26_10.html Author: babu_alappuzha
Click this button or press Ctrl+G to toggle between Malayalam and English