പെട്ടെന്നാണയാള്‍ കണ്ണുതുറന്നത്!? വല്ലാത്ത കൂരിരുട്ട്! ഒന്നും കാണാന്‍ വയ്യ. എവിടെയാണ് കിടക്കുന്നതെന്നുപോലും ഒരു രൂപവുമില്ല? ഏതോ തണുത്ത സിമന്റ് തറയിലാണെന്നു തോന്നുന്നു? ശരീരത്തിലേയ്ക്ക് തണുപ്പ് അരിച്ചു കയറുന്നു.അയാള്‍ എഴുന്നേറ്റിരുന്നു. ഒരു ബീഡി കിട്ടിയിരുന്നെങ്കില്‍..? ഷര്‍ട്ടിന്റെ പോക്കറ്റില്‍ തപ്പി നോക്കി. കയ്യില്‍ തടഞ്ഞ പൊതിയില്‍ കഷ്ടിച്ച് ഒരു ബീഡി മാത്രം. കൂടെ തീപ്പെട്ടിയും. ഭാഗ്യം. ബീഡി ചുണ്ടത്ത് വച്ച് തീപ്പെട്ടി ഉരച്ചു. പുക ആഞ്ഞ് വലിച്ചു. ശരീരത്തിനും ന്മനസ്സിനും ഉണര്‍വ്വ് കിട്ടിയിട്ടുണ്ടിപ്പോള്‍.
തീപ്പെട്ടിക്കോലിലെ ഇത്തിരിവെട്ടത്തില്‍ ആ മുറിയാകെ വീക്ഷിച്ചു. എന്ത്? ഈ മുറിയില്‍ മറ്റൊരാള്‍ കൂടിയുണ്ടല്ലോ!? അടുത്ത തീപ്പെട്ടി ഉരച്ചു കൂടുതല്‍ പ്രകാശമുണ്ടായി. ഇതൊരു സ്ത്രീയാണല്ലോ!? അയാള്‍ ആ സ്ത്രീയുടെ അഴകാര്‍ന്ന സൗന്ദര്യം ആവോളം ആസ്വദിക്കുകയായിരുന്നു. പെട്ടെന്നാണവര്‍ കണ്ണു തുറന്നത്.
“ങ്ങേ ! ഞാനെവിടെയാണ്?”
” ഇത് മോര്‍ച്ചറിയാണ്..”
“ഇവിടെ ഞാനെങ്ങനെ വന്നു?”
“നിങ്ങളെ ആരെങ്കിലും കൊന്നു കാണും?”
“ശരിയാ..ഞാനോര്‍ക്കുന്നു…ഞാനും ഭര്‍ത്താവുമായി സ്നേഹത്തോടെ കഴിഞ്ഞിരുന്ന ആ നല്ലകാലം. അടുത്ത വീട്ടിലെ പെണ്‍കുട്ടിയുടെ സൗന്ദര്യത്തില്‍ മയങ്ങിപ്പോയ ഭര്‍ത്താവ് എനിയ്ക്ക് വിഷം തന്നു… അങ്ങനാ ഞാനിവിടെ എത്തിയത്… അല്ലാ നിങ്ങളെങ്ങനാ ഇവിടെ വന്നത്?”
“എന്റെ ഭാര്യ നിങ്ങളെക്കാള്‍ സുന്ദരിയായിരുന്നു. എന്നെക്കാള്‍ സുന്ദരനായ അയല്‍ക്കാരനില്‍ മയങ്ങിപ്പോയ അവള്‍ എനിക്കു വിഷം തന്നു… അങ്ങനെ ഞാനിവിടെത്തി..”
“അപ്പോ… നമ്മള്‍ തുല്യദുഃഖിതരാ അല്ലേ?”
“അതേ സമാന ദുഃഖിതരായ നമ്മള്‍ തമ്മില്‍ ഒന്നിക്കുന്നതല്ലേ നല്ലത്? നമുക്ക് വിവാഹം കഴിച്ച് ഒന്നിച്ച് ജീവിച്ചാലോ? നിങ്ങക്ക് സമ്മതമാണോ?
“എനിക്ക് പൂര്‍ണ്ണസമ്മതം..പക്ഷേ ഈ ഇരുണ്ട മുറിയില്‍ നിന്നെങ്ങെനെ പുറത്ത് കടക്കും?..”
“…നമുക്ക് കുറച്ചുകൂടീ കാത്തിരിക്കാം.. ദാ പുറത്ത് ഷൂസിന്റെ ശബ്ദം?…ആരോ വരുന്നുണ്ട്.. പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ വരുന്ന പോലീസ് സര്‍ജനാകാനാ സാദ്ധ്യത?… നമുക്ക് പഴയപോലെ കണ്ണടച്ച് കിടക്കാം.. ഇനി പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് കാണാം ബൈ……”
Generated from archived content: humor1_feb1_13.html Author: babu_alappuzha