മുംബയ് എന്ന മഹാ നഗരത്തെ ഞാന്‍ ആദ്യം അറിഞ്ഞത് എന്റെ മേഴ്സിയിലൂടെയാണ്. അതുകൊണ്ടാവാം ഒരു കാമുകന് കാമുകിയോടുള്ള വികാരമാണ് ആ മഹാനഗരത്തോട് എനിക്കുള്ളത് . കാമുകി കാമുകന്മാര്‍ പരസ്പരമുള്ള കുറവുകള്‍ കണ്ണടച്ച് ഇല്ലാതെയാക്കും. മുംബയ് മലയാളികള്‍ക്ക് എന്തൊക്കെ കുറവുകളുണ്ടായാലും അവയൊന്നും കണ്ണുതുറന്നു കാണാന്‍ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല. മറുനാടന്‍ മലയാളികളില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് മുംബൈ മലയാളികളെയാണ് . ഇക്കാര്യത്തില്‍ ഞാന്‍ ഒറ്റക്കല്ല , എന്റെ പ്രിയ ചങ്ങാതി എം.രാജീവ്കുമാറിനും മറുത്തു പറയാന്‍ ആവില്ല. മുംബൈ നഗരത്തില്‍ ഞങ്ങള്‍ക്ക് നിറയെ ചങ്ങാതിമാരുണ്ട്. അവരില്‍ അഷ്ടമൂര്‍ത്തിയും ചേപ്പാട് സോമനാഥനും ഇപ്പോള്‍ അവിടെയില്ല , മടങ്ങിപ്പോന്നിരിക്കുന്നു. എന്റെ സ്വന്തം നാണപ്പന്‍ ചേട്ടനും ( എം. പി നാരായണപിള്ള) പമ്മനും മുംബയ് നല്‍കിയ ദു:ഖങ്ങളാണ് .
ദില്ലി നഗരത്തെ മലയാള സാഹിത്യകാരന്മാരുടെ പട്ടണമെന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ആ പദവിക്ക് ആദ്യത്തെ അര്‍ഹത മുംബയ്ക്കു തന്നെയാണ്. എല്ലാ തലമുറകളിലും പെട്ട മലയാളികള്‍ മുംബയുടെ മക്കളായുണ്ട് കുഷ്ണന്‍ പറപ്പള്ളി മുതല്‍ മേഘനാഥനും , മാനസിയും , ദിവാകരനും , എം. ജി രാധാകൃഷ്ണനും , കെ. ആര്‍ . നാരായണനും , പെരുമണ്‍ ഗോപാലാകൃഷ്ണനും , ബാബു മാത്യുവും കവിയൂര്‍ ബാബുവും, കാട്ടൂര്‍ മുരളിയും, കെ. ഡി ചന്ദ്രനും ,ജൂനിയര്‍ കാക്കനാടന്മാരും ഇന്നും ജീവിക്കുന്നത് മുംബയിലാണ്. ഏറ്റവുമധികം മറുനാടന്‍ മലയാള പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്നതും മുംബയില്‍ നിന്നാണ്.
ആയവര്‍ക്കെല്ലാം പുറമെയാണ് ഇപ്പോള്‍ ഈ കഥാസമാഹാരത്തില്‍ ഒത്തു ചേരുന്ന പന്ത്രണ്ടോളം കഥാകാരന്മാര്‍ ( ആരേയും എനിക്ക് നേരിട്ടറിയില്ല) അല്‍പ്പം അതിശയോക്തി കലര്‍ത്തി പറഞ്ഞാല്‍ ഇന്ന് ഏറ്റവുമധികം മലയാളികളുള്ളത് കേരളത്തിലല്ല, മുംബയ് നഗരത്തിലാണ്. കേരളത്തിലെ മലയാളികള്‍ക്ക് മലയാളത്തോടുള്ള താല്‍പ്പര്യം കുറഞ്ഞു കുറഞ്ഞു വരുമ്പോള്‍ ഭാഷാരക്ഷകരായി മാറുന്നത് മുംബൈ മലയാളികളാണ്. എന്നിട്ടും അവര്‍ക്ക് അര്‍ഹമായത് പലതും നല്‍കാന്‍ കേരളത്തിലെ മാറി മാറി വരുന്ന സര്‍ക്കാരുകളൊന്നും തയ്യാറായിട്ടില്ല.
‘ മുഖ്യമന്ത്രിയേയും സാംസ്ക്കാരികവകുപ്പുമന്ത്രിയെയുമൊക്കെ നേരിട്ടു കണ്ട് ചില നിവേദനങ്ങള്‍ സമര്‍പ്പിക്കുവാന്‍ രണ്ടു പേര്‍ നാട്ടിലേക്ക് വരുന്നു’ വെന്ന ഭീക്ഷണി ടെലിവിഷനിലൂടെ ആദ്യം എനിക്കു തന്നത് എന്റെ ആത്മസുഹൃത്തും ‘ വെറ്റ്ലൈന്‍ വാര്‍ത്ത’യുടെ മുഖ്യ പത്രാധിപരുമായ പ്രേം ലാലാണ്. ഒരു ദിവസം പുലരും മുമ്പ് തിരുവന്തപുരത്തെ എന്റെ വസതിയില്‍ കടന്നാക്രമണം നടത്തി വിജയഭേരി മുഴക്കിയ ആ ശ്രീരാമ ലക്ഷ്മണന്മാര്‍ ജ്വാല മാസികയുടെ മുഖ്യസാരഥിയായ ഗോപി നായരും ശ്രീ. വിത്സന്‍ ഡോം ബിവലിയുമായിരുന്നു. മന്ത്രിമാര്‍ക്കു കൊടുക്കേണ്ട നിവേദനങ്ങളേക്കാള്‍ ഗൗരവത്തോടെ അവര്‍ എന്നെ ഏല്‍പ്പിച്ചത് ഈ കഥാസമാഹാരമാണ്. നിവേദനങ്ങള്‍ പലതും ആവശ്യപ്പെടുന്നുണ്ട്. അവയെല്ലാം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുകയും ഗോപിക്കും വിത്സണും പ്രത്യേക സ്നേഹാദരങ്ങള്‍ നല്‍കുകയും ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സാംസ്ക്കാരികവകുപ്പു മന്ത്രി കെ. സി ജോസഫും ആദ്യത്തെ ഉത്തരവ് നല്‍കിയത് എനിക്കാണ്. ഈ കഥാസമാഹാരം ഏറ്റെടുത്ത് സര്‍ക്കാര്‍ സ്ഥാപനമായ ബുക്ക് മാര്‍ക്ക് വഴി വിതരണം ചെയ്യണമെന്നതായിരുന്നു ആ ഉത്തരവ്
രണ്ടാമത്തെ ഉത്തരവ് ടെലഫോണിലൂടെ മുംബയില്‍ നിന്നു തന്നെ വന്നെത്തി ; പ്രിയങ്കരനായ എഴുത്തുകാരന്‍ മേഘനാഥന്റെ ഉത്തരവ് ‘’ എടോ കുഴീ എല്ലാ തിരക്കുകളും മാറ്റി വച്ച് ബുക്ക് മാര്‍ക്ക് മേധാവിയുടെ കുപ്പായം തല്‍ക്കാലത്തേക്ക് അഴിച്ചു മാറ്റി തനി കഥാകൃത്തായി ഞങ്ങളുടെ എഴുത്തുകാരുടെ കൂട്ടായ ശ്രമത്തിന് ഒരു മുന്മൊഴി എഴുതണം ‘’ ആ ഉത്തരവിന് ഒരു അടിക്കുറിപ്പുകൂടി ഉണ്ടായിരുന്നു ‘’ ഒരു കഥയും വിട്ടുപോകാതെ ഓരോന്നിനും തന്റെ സത്യസന്ധമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയേ പറ്റു’‘ ‘’
‘ മേഘനാഥ’ നല്ലാത്ത മേഘനാദന്റെ ഉത്തരവ് പാലിക്കാനുള്ള ഒരു വിഫലശ്രമം മാത്രമായി ഈ അടിക്കുറിപ്പുകളെ കാണണമെന്ന് യാചന എനിക്കുണ്ട്. കാരണം അന്തിമവിധി കാലത്തിന്റേതാണ്, വായനക്കാരന്റേതാണ്. ആദ്യ വായനയുടെ ആദ്യ പ്രതികരണം മാത്രമാണ് ഇവിടെ കുറിക്കപ്പെടുന്നത്
മലയാളത്തിന്റെ ഏറ്റവും വലിയ ശാപം ഇന്ന് വാളടുക്കുന്നവരെല്ലാ വെളിച്ചപ്പാടുകളായി മാറുന്നുവെന്നതാണ്. ഏത് അബ്കാരികളുടെയും അന്തിമാഭിലാഷം ഗ്രന്ഥകാരാന്മാരായിത്തീരുകയെന്നതാണ്. കാശുള്ള ഏത് പോലീസുകാരനും ഒറ്റദിനം കൊണ്ട് സാഹിത്യകാരനായിത്തീരാം . യൂറോയോ ഗള്‍ഫ് പണമോ പെട്ടിയിലാക്കി വരുന്ന കവിയശ:പ്രാര്‍ത്ഥികളുടെ പേരില്‍ പുസ്തകം അച്ചടിച്ച് കൊടുക്കുക മാത്രമല്ല , അവനു വേണ്ടി ‘ആത്മകഥ’ പോലും എഴുതി തയ്യാറാക്കി അച്ചടിച്ചു കൊടുക്കാന്‍ മടിക്കാത്ത പ്രസാധകരുടെ നാടാണിന്നു കേരളം. കാല്‍ക്കാശിനു വകയില്ലാതെ ഇരന്നു തിന്നു നടന്നവന്‍മാര്‍ പലരും ഇന്ന് വലിയ വലിയ പ്രസാധക മുതലാളിമാരായി തീര്‍ന്നിരിക്കുന്നു. അവരൊക്കെ ഇന്നു വെല്ലുവിളിക്കുന്നത്. ഡി സിയേയും പ്രഭാതിനേയും എസ്. പി. സി. എസി നെയുമൊക്കെയാണ് അവാര്‍ഡുകള്‍ സൃഷ്ടിക്കുന്നത് മുതല്‍ നിരൂപകരെ സൃഷ്ടിക്കുന്നതു വരെ ഇപ്പോള്‍ കേരളത്തില്‍ ഈ പിമ്പുകളാണ്. ഇവരുടെ കക്ഷി രാഷ്ട്രീയ സ്വാധീനങ്ങളുടെ മേല്‍പ്പടി ‘ പൊത്തക’ ങ്ങളത്രയും ലൈബ്രറി കൗണ്‍സിലിലൂടെയും മറ്റും വായനശാലകളിലെത്തുന്നു. അങ്ങനെ വായനക്കാരില്ലാത്ത വായനശാലകളായും കേരളം മാറ്റപ്പെട്ടിരിക്കുന്നു.
മലയാള കഥക്ക് ഇന്ന് ഒരു നൂറ്റാണ്ടിനപ്പുറം പ്രായമായി. എങ്കിലും 1950 കളുടെ ആരംഭത്തോടെയാണ് മലയാള കഥയില്‍ വ്യക്തമായ മാറ്റങ്ങളും പരിഷ്കരണ ശ്രമങ്ങളും ഭാവുകത്വ മാറ്റത്തിനു വേണ്ടിയുള്ള ത്വരയും പുതിയ പുതിയ അന്വേഷണ ശ്രമങ്ങളും ആരംഭിക്കുന്നത്. ഒരു നൂറ്റാണ്ടും പിന്നൊരു നൂറ്റാണ്ടും പിന്നിട്ട ഈ കാലയളവും വര്‍ത്തമാനകാലം ചെയ്യുന്നത് പന്നി പെറും പോലെ എഴുത്തുകാരെ പെറ്റു കൂട്ടുകയെന്നതാണ്.
ഇന്നത്തെ കഥാകാരന്മാര്‍ അധികം പേരും പറയുന്നത് പറഞ്ഞു കഴിഞ്ഞ കഥകളാണ്. പലതും പല തവണ അനുഭവിച്ചറിഞ്ഞ കഥകളാണ്. ജീവിതാനുഭവങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നത് നേര്. അതെ; ഈ നേരുകളിലാണ് പുതിയ എഴുത്തുകാരന്റെ വെല്ലുവിളികളും പ്രതിസന്ധികളും.
വേറിട്ട കഥയും വേറിട്ട അനുഭവങ്ങളും പകര്‍ന്നേകുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഈ വെല്ലുവിളികളേറ്റെടുക്കാന്‍ ത്രാണിയില്ലാത്തവര്‍ പേനെയെടുക്കാതിരിക്കുകയാണുത്തമം. കള്ളപ്പണത്തിന്റേയും ഡോളറിന്റേയും കരുത്തില്‍ പേരും പെരുമയും കൂടിയുണ്ടാക്കാന്‍ വ്യാമോഹക്കാര്‍ പേനയെടുക്കുമ്പോള്‍ കച്ചവടക്കണ്ണൂകള്‍ മാത്രം ബാക്കി വച്ച് മാധ്യമങ്ങള്‍ ഇല്ലാതാക്കുന്നതും പാര്‍ശ്വവത്ക്കരിക്കുന്നതും യഥാര്‍ത്ഥപ്രതിഭകളെയാണ്. വായനക്കാരന്റെ തലയില്‍ കെട്ടിയേല്‍പ്പിക്കുന്നത് വെറും ചവറുകളാണ്. നാമ്പു നുള്ളപ്പെടുന്നത് മുളക്കരുത്തുകളാണ്. ഇത്തരം ദുരന്ത സന്ദര്‍ഭങ്ങളിലാണ് മുംബയ് കഥകള്‍ പോലുള്ള കഥാസമാഹാരങ്ങള്‍ക്കും ഫോമ പോലുള്ള സംഘടനകളുടെ കൂട്ടായ ശ്രമങ്ങള്‍ക്കും പ്രസക്തി കൈവരുന്നത്.
ഒന്നാമത്തെ കഥ ശ്രീ. നിരണം കരുണാകരന്റെ ‘ പ്രവാചകന്‍ ‘ ആണ്. ആഗോളവത്ക്കരണത്തിലൂടെ പാരമ്പര്യ സംസ്കൃതികളുടെ ശവപ്പെട്ടിക്ക് അവസാനത്തെ ആണിയുമടിക്കുന്ന നമ്മുടെ തിമിരം ബാധിച്ച വികസന ബോധം പാപബോധമില്ലാത്ത സുഖതൃഷ്ണകള്‍ തീര്‍ച്ചയായും മൂല്യച്യുതിയുടെ ഈ കാലഘട്ടത്തില്‍ ഓടുന്ന നാടിന് നടുവെ ഓടാന്‍ ഒരു കലാകാരനു സാധിക്കില്ല. പ്രവാചകനിലൂടെ വീണ്ടും ‘ മാനിഷാദാ’യോതുകയാണ് കരുണാകരന്‍ . ഇവിടെ കഥാകാരന്റെ ലക്ഷ്യബോധത്തെ ആദരിക്കാതിരിക്കാന്‍ നമുക്കാവുകയില്ല . എന്നാല്‍ ലക്ഷ്യബോധമുള്ളതുകൊണ്ടു മാത്രം ഒരു സൃഷ്ടി കലാസൃഷിയായി തീരണമെന്നില്ല.
ആയതുപോലെ തന്നെ പദസമ്പത്തും ഭാഷാസ്വാധീനവും കൈവശമുണ്ടായതു കൊണ്ടു മാത്രം ഒരുവന്‍ കലാകാരനായിത്തീരുമായിരുന്നുവെങ്കില്‍ നമ്മുടെ മലയാളം മുന്‍ഷിമാരും മറ്റ് ഭാഷാദ്ധ്യാപകരുമൊക്കെ പൊന്‍ കുന്നം വര്‍ക്കിമാരും ബേപ്പൂര്‍ സുല്‍ത്താന്മാരുമായി കാലത്തെ അതിജീവിക്കുമായിരുന്നു. ഭാഷ ഒരു കലാസൃഷ്ടിയുടെ ഉടുപ്പു മാത്രമേ ആകുന്നുള്ളുവെന്ന് സത്യം നാമറിയേണ്ടതുണ്ട്. ആയതറിഞ്ഞവരില്‍ ചിലരാണ് ഖസാക്കിന്റെ ഇതിഹാസം ഉടുപ്പൂരിയാല്‍ ശേഷിക്കുന്നത് ശരീരമല്ല ശൂന്യതയാണെന്നു വാദിക്കുന്നത് ഏതൊരു ശരീരത്തിനും അഴകേറ്റാന്‍ മികച്ച വസ്ത്രങ്ങള്‍ക്കു സാധിക്കും. ‘ യൂസഫ് റാവുത്തരുടെ കത്ത്’ എഴുതിയ കെ. വി എസ്. നെല്ലുവായ്ക്ക് മികച്ച കഥയെഴുതുവാനുള്ള പദസമ്പത്തുണ്ട്.
ലക്ഷ്യബോധമുള്ള മറ്റൊരു കഥാകാരനാണ് ശ്രീ. സുരേഷ് കുമാര്‍ കൊട്ടാരക്കര. ഈ ഭൂമിയെ പറ്റി സുരേഷിന് ചിലതൊക്കെ പറയുവാനുണ്ട് .ആയതിന് അദ്ദേഹം കണ്ടെത്തിയ മാര്‍ഗമാണ് ‘ മരിച്ച ഭൂമിയിലെ അവധൂതന്‍’ എന്ന കഥ. തനിക്കു പറയുവാനുള്ളത് പറഞ്ഞിരിക്കുന്നു സുരേഷ് കുമാര്‍.
കഥയെഴുതി സമൂഹത്തെ നന്നാക്കാമെന്നു മോഹിക്കുന്നവരാണ് ‘ ലഷ്യബോധമുള്ള ‘ എഴുത്തുമാരില്‍ പലരും. താന്‍ അവരിലൊരാളാണെന്ന് പറയാതെ പറയുന്നുണ്ട് ‘ അവന്‍ വന്നില്ലേ’ എന്ന കഥയിലൂടെ ശ്രീ. ബല്‍രാജ് കൊല്ലാറ . അനുധ്യാനവും അര്‍പ്പണ ബുദ്ധിയും ഏകാഗ്രതയുമൊക്കെ മികച്ച സാഹിത്യ ഗുണങ്ങളാണ്. കൂടുതല്‍ കൂടുതലായി അവയൊക്കെ നേടിയെടുത്താല്‍ നല്ല കഥകള്‍ പറയുവാന്‍ തനിക്കു കഴിയുമെന്ന് ശ്രീ. പി. ആര്‍ രാജ്കുമാര്‍ സാക്ഷ്യപ്പെടുത്തുന്നത് ‘ കണ്ണുനീര്‍ക്കുമിളകള്‍’ എന്ന കഥയിലൂടെയാണ്. രാജന്‍ തെക്കും മല സാക്ഷ്യപ്പെടുത്തുന്നത് ‘ സൈക്കിള്‍’ എന്ന കഥയിലൂടെയും.
പുതിയ കാലം പുതിയ കഥകള്‍ ആവശ്യപ്പെടുന്നു. സാങ്കേതിക വികാസത്തിന്റെ വിസ്മയലോകത്ത് എഴുത്തിന്റെ രീതികള്‍ മാറിക്കൊണ്ടിരിക്കുന്നു. സൈബര്‍കാലഘട്ടത്തിന്റെ കഥകളെ പറ്റി ചിന്തിക്കുമ്പോള്‍ ഈ ലേഖകന്‍ കാല്‍ നൂറ്റാണ്ടിനു മുന്‍പ് എഴുതിയ ; ‘സൈനബയുടെ കാമുകന്‍’ എന്ന കഥ മുതല്‍ രണ്ടായിരത്തി ആറില്‍ ശ്രീമതി എസ്. സരോജം എഴുതിയ ‘ വലക്കണ്ണികളില്‍ കാണാത്തത്’ എന്ന കഥവരെ ചില സൃഷ്ടികള്‍ ഓര്‍മ്മയിലെത്തുന്നു. പുതിയ കാലത്തിന്റെ കഥ വരെ ചില സൃഷ്ടികള്‍ ഓര്‍മ്മയിലെത്തുന്നു. പുതിയ കാലത്തിന്റെ കഥ പറയുവാനുള്ള വെല്ലുവിളിക്കുനേരെ നടക്കുവാന്‍ ശ്രമിക്കുകയാണ് ജോസഫ് സെബാസ്റ്റ്യന്‍ സ്വന്തം ‘ഉള്‍ക്കാഴ്ച’ യിലൂടെ.
മലയാള സാഹിത്യ ചരിത്രത്തിന് ഒരു കാലത്തും ഒഴിവാക്കാനാവാത്ത എഴുത്തുകാരിലൊരാണ് സാക്ഷാല്‍ മുട്ടത്തു വര്‍ക്കി. അദ്ദേഹത്തിന്റെ ‘ പാടാത്ത പൈങ്കിളി’ നേടിയ ജനപ്രീതിയില്‍ അസൂയ പൂണ്ട ചിലരാണ് നമ്മുടെ സാഹിത്യ ചര്‍ച്ചകളില്‍ ഏറെക്കാലം തിമിര്‍ത്താടിയ പൈങ്കിളി പ്രയോഗത്തിനു തുടക്കമിട്ടത്. അദ്ദേഹത്തിന്റെ പേരില്‍ വലിയൊരവാര്‍ഡ് സ്വന്തം കുടുംബക്കാര്‍ ഏര്‍പ്പെടുത്തിയതിനു ശേഷമാണ് ആക്ഷേപ ചര്‍ച്ചകളില്‍ നിന്നു ആ പൈങ്കിളി മെല്ലെ മെല്ലെ പറന്നകന്നത്. സത്യത്തില്‍ ആ പ്രയോഗത്തിന് സമര്‍ഹരായ വ്യക്തികള്‍ മുട്ടത്തുവര്‍ക്കിയുടെ ശത്രുക്കളും അസൂയക്കാരുമായ വിമര്‍ശകര്‍ തന്നെയാണ്.
ആഴങ്ങളില്ലാത്തവ ഏതൊന്നായാലും അവയെ നമുക്ക് പൈങ്കിളിയെന്നു വിളിക്കാവുന്നതാണ് ; വ്യക്തികളായാലും, പ്രസ്ഥാനങ്ങളായാലും, പ്രത്യയശാസ്ത്രങ്ങളായാലും .
നമ്മുടെ സമൂഹം ഇന്ന് ഒരു പൈങ്കിളി സമൂഹമായി മാറ്റപ്പെട്ടിട്ടുണ്ട് നമ്മുടെ കലയും സാഹിത്യവും സിനിമയും വിദ്യാഭ്യാസവും രാഷ്ട്രീയവും ആത്മീയതയുമെല്ലാമെല്ലാം പൈങ്കിളിവത്ക്കരിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ആഴങ്ങളെങ്ങനെ നമുക്ക് നഷ്ടപ്പെടുന്നുവെന്നു ചിന്തിക്കുവാനോ അത് കവര്‍ന്നെടുത്തത് ആര്‍ എന്ന് ചോദിക്കുവാന്‍ പോലുമോ നമുക്ക് നാവില്ലാതായിരിക്കുന്നു.
ഒരു പൈങ്കിളി സമൂഹത്തിന് അഥവാ നാവുണ്ടായാല്‍ത്തന്നെ അത് നക്കിത്തുടക്കുവാനേ ഉപകരിക്കപ്പെടു. അത് ചോദ്യങ്ങള്‍ ചോദിക്കുകയില്ല മംഗള ഗീതങ്ങള്‍ ഓതുകയേയുള്ളു.
നമ്മുടെ നാശത്തിന് മൂലകാരണം നാല് എസ്റ്റേറ്റുകളുടെയും ജീര്‍ണ്ണിപ്പാണ് അഞ്ചാമത് ഒരു എസ്റ്റേറ്റ് രൂപപ്പെടേണ്ടത് എഴുത്തിന്റേയും എഴുത്തുകാരുടേയും തട്ടകത്തില്‍ നിന്നാണെന്ന് ഈ ലേഖകന്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ചോക്ലേറ്റ് നായകന്‍മാര്‍ക്കും ചോക്ലേറ്റ് സിനിമകള്‍ക്കും സ്തുതിസ്തോസ്ത്രങ്ങളാലപിക്കുന്ന ‘ പേനയുന്തു’ കാരെ എഴുത്തുകാരായി പരിഗണിക്കുക വയ്യ. അധികാരത്തിന്റേയും സമ്പത്തിന്റേയും തൊപ്പിയിലെ തൂവലായും ഐ. എ. എസുകാരുടേയും ഐ പി എസ് കാരുടെയും ഗര്‍ഭനിരോധന ഉപകരണമായും കക്ഷി രാഷ്ട്രീയത്തിന് ‘ ആര്‍ത്തവരക്ഷ ‘ ( നാപ്കിന്‍’)യായും പരിണമിക്കുന്ന ഇന്നത്തെ സാഹിത്യത്തിന് ആയത് എങ്ങനെ സാധിക്കും.
നന്മതിന്മകളെ പറ്റിയുള്ള തിരിച്ചറിവും തിന്മക്കെതിരെ പോരാടാനുള്ള ചങ്കൂറ്റവും എഴുത്തുകാരനുണ്ടാവണം. എന്നാല്‍ ആയതു മാത്രമായാല്‍ അതും ഉത്തമ സൃഷ്ടിയാവില്ലായെന്ന് ചിന്തിപ്പിക്കുന്നു , ശ്രീ. അശോകന്‍ നാട്ടികകയുടെ ‘ ശൂന്യതയിലലിയുന്ന പോരാട്ടം’ . പറയുന്ന കഥ വിശ്വസനീയമാവണം അനുഭവമായിത്തീരണം അല്ലായെങ്കില്‍ അത് ആഴമറ്റ പൈങ്കിളി സൃഷ്ടിയാകും പൈങ്കിളികള്‍ ശൂന്യതയില്‍ അലിഞ്ഞു തീരും. ശൂന്യതയില്‍ അലിഞ്ഞു പോയ വിപ്ലവപ്രസ്ഥാനങ്ങളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ ശ്രമിക്കുകയാണ് അശോകന്‍.
തൂണിലും തുരുമ്പിലും ദൈവമിരിക്കും പോലെ കഥകളിരിക്കുന്നുവെന്ന വലിയ സത്യത്തെ മികച്ചൊരു കഥയാക്കി മാറ്റുകയാണ് ‘ ഫ്ലാറ്റ് നമ്പര്‍ 207 ‘ -ല്‍ ശ്രീ. ഇ. ഹരിനാഥ്. ആ 207 ഹരീന്ദ്രനാഥിന്റെ ഫ്ലാറ്റാണെന്നുള്ള കരുത്ത് കഥക്കുണ്ടെന്ന സത്യം കഥാകാരന് വിശാസമായിട്ടില്ല. തന്‍മൂലമാണ് ‘ എന്റെ ഫ്ലാറ്റ് നമ്പര്‍ 207′ എന്ന ശീര്‍ഷകമുണ്ടായത്.
ഈ ലേഖകനും മറ്റും കഥകളെഴുതിത്തുടങ്ങിയ എഴുപതുകളുടെ ആരംഭത്തില്‍ തന്നെ പരീക്ഷിക്കപ്പെട്ട ഒരു കഥന സ്വഭാവത്തില്‍ ഹരീന്ദ്രന്റെ ഫ്ലാറ്റ് തുടക്കം കുറിക്കുന്നതിനാല്‍ ക്ലീഷേയുടെ കല്ലുകടി ആരംഭത്തില്‍ തന്നെ അനുഭവപ്പെട്ടുപോയി. എങ്കിലും വായനക്കാരന്‍ ക്ഷമാശീലനാണെങ്കില്‍ തരക്കേടില്ലാത്തൊരു കഥ അവന് ഫ്ലാറ്റില്‍ നിന്നു തീര്‍ച്ചയായും ലഭിച്ചിരിക്കും.
ജീവിച്ചിരിക്കുന്ന സമകാലികരേയും കാലിക സംഭവങ്ങളേയും മറ്റും കഥാപാത്രങ്ങളാക്കുന്ന രീതി അവശ്യം ആവശ്യമെന്നു തോന്നിയാല്‍ എഴുപതുകളെ പറ്റി ചിന്തിക്കാതെ ഇക്കാലത്തും പ്രയോഗിക്കുക തന്നെ വേണം. പക്ഷെ ഫ്ലാറ്റ് നമ്പര്‍ 207 – നു മുന്നില്‍ കുഞ്ഞബ്ദുള്ളയും ക്യാമറാക്കണ്ണുകളും നോക്കുകുത്തികളായി തുറിച്ചു നോക്കുന്നു. എഴുത്തുകാരന്റെ സ്ഥാപിത താത്പര്യങ്ങള്‍ ഒരു നല്ല സൃഷ്ടിയെ എങ്ങിനെ വികൃതമാക്കാമെന്നു കൂടി ഉദാഹരിക്കുന്നുണ്ട് ഈ കഥ.
ഒടുവില്‍ വിളമ്പാന്‍ ബോധപൂര്‍വം മാറ്റിവച്ച ഏതാനും കഥകളാണ് ഇനി ശേഷിക്കുന്നത് ഏറ്റവും മികച്ച കഥകളായി ഈ ലേഖകനു തോന്നിയത് ‘ മായമ്മയുടെ ദിനരാത്രങ്ങള്‍’ ‘ തണല്‍മരങ്ങള്‍ക്കു താഴെ ‘ ‘ ഫോക്കസിലൊതുങ്ങാത്ത ചിത്രങ്ങള്‍ ‘ എന്നിവയാണ് ആ കഥകള്‍.
ചിത്രകാരനും പത്രപ്രവര്‍ത്തകനുമായ ജയന്‍ തനിമയെ ഞാന്‍ കണ്ടിട്ടില്ല, പരിചയപ്പെട്ടിട്ടുമില്ല .എന്നാല്‍ അദ്ദേഹം മായമ്മയുടെ കഥപറയുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ടു കാണുന്നു. മുംബൈ നഗരത്തെ കാണുന്നു. പഴയ ധാരാവിയുടെ ചില നേരനുഭവങ്ങളെ അയവെട്ടുന്നു.
മായമ്മക്ക് ധാരാവിയുടെ മണമുണ്ട്. ധാരാവിയുടെ മാത്രമല്ല ചെങ്കല്‍ ചൂളക്കും മായമ്മയുടെ മണമുണ്ട്. എല്ലാ മഹാനഗരങ്ങള്‍ക്കും മായമ്മയുടെ മണമുണ്ട്. ഈ കഥ ആധുനികമോ അത്യന്താധുനികമോ ഉത്തരാധുനികമോ നിര്‍വേശകാല രചനയോ എന്നൊന്നും ചിന്തിക്കേണ്ടതില്ല. ജയന്‍ തനിമക്ക് തനിമയുള്ള കഥ പറയാനറിയാം. എന്നാല്‍ ഒരു നല്ല എഡിറ്ററുടെ കുറവ് ഈ കഥയില്‍ അനുഭവപ്പെട്ടെന്നു പറയാതെ വയ്യ.
രാജു കെ പുരം സൂറത്ത് എന്ന പേരിനേക്കാള്‍ എന്റെ മനസില്‍ എന്നോ എവിടെയോ വീണുകിടക്കുന്നത് രാജു പാറക്കടവ് എന്ന എഴുത്തുകാരാനാണ്. തീര്‍ച്ചയായും ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥകളിലൊന്നാണ് രാജുവിന്റേത്. കൈത്തഴക്കം വന്ന ഒരെഴുത്തുകാരന്റെ രചനയായി നമുക്കിത് അനുഭവപ്പെടുന്നു. എന്നാല്‍ മറ്റാരും പറയാത്ത അത്യന്തം നൂതനമായ ഒരു അനുഭവകഥനമാണിതെന്നു പറയുവാനും ആവില്ല. കുവൈറ്റ് മലയാള സാഹിത്യകാരിയായ ശീമതി ബെസ്സി കടവില്‍ കഥയിലും കവിതയിലും ധാരാളമായി കൈകാര്യം ചെയ്ത് വിജയിച്ചിട്ടുള്ള വിഷയം തന്നെയാണിത്. എങ്കിലും ഒരു പ്രവാസിയുടെ കണ്ണീരിന്റെ ഉപ്പ് അത്ര പെട്ടന്നൊന്നും തണല്‍മരങ്ങള്‍ക്ക് താഴെയെത്തുന്ന വായനക്കാരന്‍ വിസ്മരിക്കാനിടയില്ല. ആയത് ആ കൈത്തഴക്ക വിജയം തന്നെയാണ്.
ഈ മഹത് സംരംഭത്തില്‍ ഒന്നാമത്തെ കഥ മുതല്‍ ക്രമം തെറ്റാതെ വായിച്ചു വരുന്ന ഒരു വായനക്കാരന് ക്രമം തെറ്റലേകുന്ന ഒന്നാം തരമൊരു രചനയാണ് സ്വാമി സംവിദാനന്ദ് സംവിധാനംചെയ്ത ‘ ഫോക്കസിലൊതുങ്ങാത്ത ചിത്രങ്ങള്‍’ ഒരു പക്ഷെ ഞാനറിയാതെ എന്റെ മനസ്സ് ഒന്നാം സമ്മാനമേകുന്ന കഥ.
ഫോക്കസിലൊതുങ്ങാത്തവയെങ്കിലും ഇവിടെ ഈ ചിത്രങ്ങള്‍ക്ക് നല്ലൊരു സംവിധാന ഭംഗിയുണ്ട്. ഓരോ വായനക്കും പുതിയ പുതിയ മാനങ്ങളേകിക്കൊണ്ട് ഈ കഥ നിരന്തരം ‘ വീണ്ടും ജനന’ മാര്‍ജിക്കുന്നു. ഇത് ഒരു ക്ലാസ്സിക്ക് രചനയെന്ന് പറയുവാന്‍ ദയവായി എന്നെ അനുവദിക്കുക. ‘’ കാഴ്ചക്കാരനും ചിത്രത്തിനുമിടയില്‍ തിരിച്ചറിയാത്ത ഒത്തിരി സ്പെയ്സുകള്‍ മറഞ്ഞിരുപ്പുണ്ടെന്ന’‘ സുനിലിന്റെ വാക്കുകള്‍ കഥയില്‍ നിന്നും കടമെടുത്ത് ഈ കഥക്കായി നമുക്കൊരു മലര്‍ഹാരമൊരുക്കാം. കഥക്കും വായനക്കാരനുമിടയില്‍ മറഞ്ഞിരിക്കുന്ന സ്പെയ്സുകള്‍ അനുവാചകന് ലഭിക്കുന്ന അമൂല്യ സ്വാതന്ത്ര്യമാണ്. ‘’ താക്കോല്‍ കൊണ്ട് പൂച്ചയെ എറിഞ്ഞു കുഴഞ്ഞ കൈ പെരുച്ചാഴിയുടെ നേര്‍ക്ക് അനങ്ങാത്തതെന്ത് ?’‘ ‘’ കണ്ണുകാട്ടുന്ന കണ്ണാടി , പറയാത്ത കാര്യങ്ങള്‍ ‘’ പറയാനുള്ള സ്വാതന്ത്ര്യവും വായനക്കാരന് ലഭിക്കുന്നു. ‘’ വഴിക്കാറ്റില്‍ ജീവന്‍ വച്ചു തുടങ്ങിയ ഇല പറയാതെ പോയ കഥകള്‍’‘ മറ്റാരൊക്കെയോ ഉള്ളിന്റെയുള്ളിലിരുന്നു നമ്മോട് പറയുന്നത് നമ്മള്‍ കേള്‍ക്കുന്നു. തോളോടു തോള്‍ ചേര്‍ന്നു പുറത്തേക്കു പോയ ഇലയും ചൂലും പരസ്പരമോതിയ യാത്രാമൊഴികളും നമ്മള്‍ കേള്‍ക്കുന്നുണ്ട്. ഇവിടെ ഈ കഥ എഴുതുന്നത് കഥാകൃത്തിനോടൊപ്പം വായനക്കാരായ നമ്മളും കൂടിയാണ്. ഒരു നല്ല കലാസൃഷ്ടി അനുവാചകരില്‍ വീണ്ടും ജനിക്കുന്നു. സ്വാമി സംവിദാനന്ദിന് എന്നിലെ എളിയ അനുവാചകനില്‍ സമ്മാനിക്കുന്നത് തത്ക്കാലം ഒരു ഉമ്മ മാത്രം
ഈ സമാഹാരത്തില്‍ അണി ചേര്‍ന്ന പന്ത്രണ്ട് കഥാകൃത്തുക്കളും വാഗ്ദാനങ്ങള്‍ തന്നെയാണ്. അവരെ കണ്ടെത്തിയ ഫോമ എന്ന സംഘടനയോട് മലയാളം എക്കാലവും കടപ്പെട്ടിരിക്കും ; ഫോമയുടെ ചാലക ശക്തിയായ ഗോപി നായരോടും.
Generated from archived content: vayanayute52.html Author: babu.kuzhimatom