അഗ്നിപുഷ്പിക്കുന്ന വേനൽ സടകുട-
ഞ്ഞെത്തുമീനാളിൽ നിനക്കായൊരുക്കുന്നു-
രക്തവും വേർപ്പും കലർത്തി നിർമ്മിച്ചൊരീ-
തിക്തപാഥേയം, തുറക്കുക ചുണ്ടുകൾ!
ആഴികത്തുന്ന മനസ്സിന്റെ ചൂളയി-
ലാളിദ്ദഹിക്കുന്നൊരായിരം സ്വപ്നങ്ങൾ-
നീറിയൊടുങ്ങിയ നീറ്റിൽ നിനക്കായി-
ഞാനൊരുക്കുന്നു കറുത്ത തൊടുകുറി.
രാത്രികണക്കെ കരിമുടി ചിക്കിനീ-
വാരിവിതച്ചുവന്നെത്തുക, നിന്നന്ത്യ-
യാത്രയ്‌ക്കു ഞാനൊരുക്കുന്നു കനൽവഴി,
കാത്തുകിടക്കുന്നു ദുഃസ്വപ്നസഞ്ചയം.
അസ്ഥിപൂക്കുന്ന ചുടലയിൽ ഞാൻ നിന്നെ-
നൃത്തമാടിക്കാം, മഹായോനിയിൽനിന്നു-
സ്രവിക്കും നിണപ്പുഴയിൽ നിന്റെ
നഗ്നശരീരമൊഴുക്കാം, പകൽ കത്തി-
നിൽക്കുമീ വേനൽ വിടപറയും മുമ്പു-
മൊത്തിക്കുടിക്കുക ദുഷ്‌ടമധുസ്രവം.
നിന്റെ നൃത്തത്തിൽ കടപറിയുന്നതു-
ധന്യയാം ഭൂമിയാണെന്നുധരിക്കുക.
തങ്ങളിൽ മുട്ടിത്തകർന്നമരുന്നതു-
രണ്ടുധ്രുവങ്ങളാണെന്നുമറിയുക.
മാമലപോലെ മറിഞ്ഞുമറഞ്ഞതു-
ദൂരഹിമാലയമെന്നുമറിയുക.
നിന്ദിത, പീഡിത, നിത്യപരിത്യക്ത-
ഖിന്നയീഭൂമിയെന്നെന്നുമറിയുക.
പിന്നെ പ്രളയജലത്തിൽ കഴുകുക
നമ്മൾ മർത്ത്യന്റെ സമസ്തപാപക്കറ.
ദൂരെമരക്കുരിശേറി വരുന്നുണ്ടു-
പാപികൾതൻ നിത്യമുക്തി പ്രവാചകൻ!
Generated from archived content: samharam.html Author: b_unnikrishnan
Click this button or press Ctrl+G to toggle between Malayalam and English