ഇടവപ്പാതിക്കാലം
കുടകൾ നിവർത്തുന്നൂ
മഴപെയ്‌തൊഴുകുന്നൂ
മണ്ണിലും മനസ്സിലും!
വെയിൽവറ്റിപ്പോയ്, വെട്ടം
തീരെവാർന്നുപോയ്, മഴ-
മയിലല്ലയോ വർണ്ണ-
പ്പീലികൾ നീർത്താടുന്നൂ.
കുടകൾ നിവർത്തുക
മനസ്സിൽ, വിലങ്ങിട്ട-
പ്രിയ സ്വപ്നങ്ങൾക്കിനി-
മഴ മാമയിലാട്ടം.
എൻപ്രിയ സ്വപ്നങ്ങൾക്കു-
ചേക്കേറാൻ നഗരത്തിൽ
സങ്കടത്തുരുത്തുകൾ
തീർത്തു ഞാനിരിക്കുന്നു.
പാടങ്ങൾ, പറമ്പുകൾ,
മാമലവെളളം പായും
തോടുകൾ, മരംപെയ്യും
മേടുകളിവയെല്ലാം,
ഒരു മാമഴപ്പാട്ടി-
ന്നീണമായ്, നാണംപൂണ്ട-
തിരുവാതിരപ്പെണ്ണിന്റെ
ഗാനമായെന്നിൽ പെയ്‌തു.
മലവെളളംപോൽ മഴ-
പെയ്‌തൊഴുകുമീക്രൂര-
നഗരവഴികളിൽ
സ്വപ്നങ്ങൾ മരിക്കുന്നു.
പേപിടിച്ചോടും മർത്ത്യൻ
നിത്യജീവിതതപ്‌ത-
വേദനകളിൽ സ്വയം
വെന്തുവെന്തൊടുങ്ങുന്നു.
വൈദ്യുതി സ്‌തംഭിക്കുന്നു,
തീവണ്ടി നിലയ്‌ക്കുന്നു,
വാഹനങ്ങളോ ജല-
പ്രളയം വിഴുങ്ങുന്നു.
ഈ മഹാനഗരമോ
നോവുകൾ പുഷ്‌പിക്കുന്ന
ഭീകരമൊരു കോൺക്രീറ്റ്-
വനമായ് വളരുന്നു.
വന്യമായ് മൃഗീയമായ്
രാക്ഷസാകാരം പൂണ്ടു-
രമ്യഗ്രാമഭൂവാകെ
നഗരം വളയുന്നു.
ഇവിടെ കോൺക്രീറ്റ്‌ഘോര-
കാനനങ്ങളിലെങ്ങോ
ഹൃദയം നഷ്‌ടപ്പെട്ട-
ഗ്രാമീണ കവിയേതോ-
മൃതകാലത്തിൻ തപ്‌ത-
ദുരിത സ്‌മരണയിൽ
ഒരു മാമഴക്കാലം
വെറുതെ സ്വപ്‌നംകണ്ടു.
ഒരു മൺചട്ടിക്കുളളിൽ
വിരിഞ്ഞുവാടും പ്രിയ-
വസന്ത ഋതുക്കളെ
പിന്നെയും വരവേറ്റു.
കാനയിൽ മഴവെളളം
മദിച്ചു കുതിക്കുന്ന
മേളത്തിൽ കൈത്തോടിന്റെ
മാസ്‌മരസ്വരം കേട്ടു.
മഴവെളളത്തിൽ മുങ്ങും
നഗരവഴികളിൽ
ഒഴുകേ വഞ്ചിപ്പാട്ടിൻ
തരളതാളം കേട്ടു.
ചോർന്നൊഴുകുമീ കോൺക്രീറ്റ്-
കൂരയോമരംപെയ്യും
മാതിരിപുളകങ്ങ-
ളവനിൽ തുന്നിച്ചേർത്തു.
ചുറ്റിലും കരിമ്പുക-
തുപ്പുന്ന പുകക്കുഴൽ-
പ്പറ്റങ്ങൾ വിതയ്‌ക്കുന്ന
വിഷമേഘങ്ങൾക്കുളളിൽ-
ഒരു മാമഴവില്ലു-
തിരയുന്നുവോ വ്യർത്ഥം
നഗരമനുഷ്യന്റെ
കാവ്യഭാവന മൂഢം.
ഇടവമിടിവെട്ടി-
യാർത്തു പെയ്യുന്നൂ പിന്നെ
മിഥുനം വരവായ്, കർ-
ക്കടകം പിന്നാലെയും.
ചിങ്ങത്തിൻ തുടികൊട്ടും
കേൾക്കയായ് ദൂരത്തെങ്ങോ
പിന്നെയും മൂടിക്കെട്ടി-
നില്‌ക്കയാണെന്നാകാശം.
മഴവില്ലുദിക്കാത്ത
നഗരമനുഷ്യന്റെ
മനസ്സിൽ നിലയ്‌ക്കാത്ത
കാർമുകിൽ മയിലാട്ടം.
Generated from archived content: nag_mazha.html Author: b_unnikrishnan
Click this button or press Ctrl+G to toggle between Malayalam and English