ഒരു വൃശ്ചികമാസം ഒന്നാം തിയതി. തണുപ്പുകൂടുതലായി. വൃശ്ചിക മാസമല്ലേ, രാവിലെ തന്നെ കുളിക്കണം. അമ്പലം വരെ പോകാനുള്ള ആരോഗ്യം ഇല്ല. വെള്ളം ചൂടാക്കി കുളിക്കാൻ കുളിമുറിയിൽക്കയറി. അതാ ഫോൺ ശബ്‌ദിക്കുന്നു. അവർ ഫോൺ എടുത്തു. “മുത്തശ്ശി പണ്ടത്തെ നമ്മുടെ ‘പുളി’ വയ്‌ക്കുന്നതെങ്ങനെയാണ്. ഇവിടെ ചേട്ടന് നാല്‌പത്തി ഒന്നു ദിവസം വരെ വ്രതമെടുത്തിരിക്കുകയാണ്. പരിപ്പും സാമ്പാറും ഒന്നും വേണ്ടേ വേണ്ട.”
“മോളു ഉദ്ദേശിക്കുന്നതു പുളിങ്കറിയെപ്പറ്റിയാണോ? അതായതു നമ്മുടെ കൊട്ടാരക്കരപ്പുളി?”
“അതേ മുത്തശ്ശി, കൊട്ടാരക്കരപ്പുളിതന്നെ! പണ്ട് അതുകൂട്ടി പഴങ്കഞ്ഞികുടിച്ച സ്വാദു ഇപ്പോഴും ഓർത്തു പോകുന്നു.”
അവൾ നിന്നു കൊഞ്ചുകയാണ്. രണ്ടു കുട്ടികളുടെ അമ്മ. അമ്മായി അമ്മയോടു ചോദിക്കാൻ വിഷമം ഉണ്ടായിക്കാണും. അതോ ഇനി അമ്മയും മകളുമായി പോരുവല്ലതും ഉണ്ടായോ? അതുകൊണ്ടായിരിക്കണം ഫോൺ വിളിച്ചു തന്നോടു തന്നെ ചോദിച്ചത്. ഫോണിൽക്കൂടി തന്നെ പുളി വയ്‌ക്കുന്ന വിധം പറഞ്ഞു കൊടുത്തെങ്കിലും ചിന്ത ഇതൊക്കെതന്നെയായിരുന്നു.
അവളുടെ അച്ഛനും അമ്മയും മറുനാടൻ മലയാളികളാണ്. അവിടെ ‘സ്വർണ്ണക്കൊയ്‌ത്തു’ നടത്തുന്നവർ. മകന്റെ മകൾ. വളർത്തിയതും പഠിപ്പിച്ചതും വരനെതേടിപ്പിടിച്ചതും വിവാഹം നടത്തിച്ചതും എല്ലാം താൻ തന്നെയായിരുന്നു. പഠിച്ചുകൊണ്ടിരുന്ന കുട്ടിയായതിനാൽ പഠിപ്പുമുടക്കേണ്ടയെന്നു കരുതി വീട്ടുജോലികൾ ഒന്നും തന്നെ ചെയ്യിച്ചിട്ടില്ല. ഭവാനി അമ്മ കുളികഴിഞ്ഞു പ്രാർത്ഥന മുറിയിൽ പ്രവേശിച്ചു. വീണ്ടും ഒരു ഫോൺ.
“മുത്തശ്ശി പുളിവച്ചുകഴിഞ്ഞു. എന്നാൽ കൊട്ടാരക്കരപ്പുളി‘യുടെ മണവും രസവും ഒന്നും കിട്ടുന്നില്ലല്ലോ. മുത്തശ്ശി പണ്ടു പാകം ചെയ്‌തു തന്നിരുന്ന പുളിക്കു എന്തുരസമായിരുന്നു? ഏതായാലും മുത്തശ്ശി രണ്ടു ദിവസം ഇവിടെ വന്നു നില്‌ക്കണം. പുളിവച്ചുതരാമല്ലോ. മാത്രമല്ല, രണ്ടോ മൂന്നോ ദിവസം ഫ്രിഡ്‌ജിൽ വച്ചേക്കുകയും ചെയ്യാം.”
“നിന്റെ അമ്മയോടു ചോദിക്കാമായിരുന്നില്ലേ? എപ്പോഴും എപ്പോഴും എന്തിനിങ്ങനെ ഫോൺ ചെയ്യണം.”
ഞങ്ങൾ വീടുമാറിയിട്ടു രണ്ടു ദിവസമായി മുത്തശ്ശി അതിനു അമ്മ കുടുംബത്തു ഒറ്റക്കല്ലേ. മുത്തശ്ശിയോടു പറയാൻ മറന്നുപോയി. പുളിയില്ലാതെ അവൾ ഫോൺ കട്ടുചെയ്‌തു.
Generated from archived content: story1_july23_09.html Author: b_sudharma