സമര്‍പ്പണം: ദിവംഗതനായ എന്റെ അച്ഛന്
അച്ഛന്‍, എനിക്കച്ഛന്‍ മാത്രമല്ല-
നല്ല കളിത്തോഴന്‍ എന്റെ അച്ഛന്‍
പാലതന്‍ ശിഖരമറുത്തെടുത്തച്ഛന്‍, പകിടമെനഞ്ഞു
പിന്നുത്രാട രാത്രിയില്‍, പകിട കളിച്ചു രസിച്ചു ഞങ്ങള്‍
പ്ലാവില തൊപ്പി തലയില്‍ വച്ച ഞാ൯,
പോലീസായച്ഛന്‍ കള്ളനുമായ്.
ഓലപ്പന്ത് മെനഞ്ഞു തന്നു പിന്നെ,
ഓല പാമ്പിന്റെ സൂത്രം കാട്ടി.
എല്ലാം കണ്ടു രസിച്ചു ഞാനും-
കൂട്ടായച്ഛന്‍ ചേര്‍ന്നു.
കവിതകള്‍ ചൊല്ലി രസിച്ചു ഞങ്ങള്‍-
കാലക്കെടുതികള്‍ മറന്നുനിന്നു.
കണ്ണ് പൊത്തിക്കളി, സാറ്റ് കളിച്ചു-
അച്ഛനെനിക്കെന്നും കൂട്ടായി
എന്നച്ഛനെനിക്കെന്നും കൂട്ടായി.
വെള്ളത്തില്‍ ഊളിയിട്ടച്ഛന്‍,
മുങ്ങിയും പൊങ്ങിയും കൗതുകമായി,
പിന്നെ, നീന്താന്‍ പഠിപ്പിച്ചു, നിവരാന്‍ പഠിപ്പിച്ചു.
പാഠങ്ങള്‍ ഒക്കെ ഉറക്കെ ചൊല്ലി ഞാ൯-
ചൊല്ലിലെ തെറ്റച്ഛന്‍ തലോടി തിരുത്തി.
പാളതൊപ്പിയും വച്ചുകൊണ്ടച്ഛന്‍-
കൃഷി പാഠങ്ങള്‍ ചൊല്ലി പഠിപ്പിച്ചു പിന്നെ,
കര്‍ഷകന്‍ നാടിന്റെ അഭിമാനമാണെന്ന-
“സൂക്തവാക്യം” കാതിലോതി.
കുട്ടിയും, കോലും കളിച്ചു പിന്നെ,
കബഡി കളിച്ചു ഞാ൯ ജേതാവായി.
തോല്ക്കുകയായിരുന്നച്ഛന്‍,
ഞാ൯ തോല്ക്കാതിരിക്കുവാനെന്നും-
കടംകൊണ്ട് കാര്യംനടത്തി
ഞാ൯ കരയാതിരിക്കുവാനച്ഛൻ.
തോല്ക്കുകയായിരുനെന്നച്ഛന്‍,
എന്‍മുന്നില്‍ തോല്ക്കുകയായിരുന്നെന്നും,
ഞാ൯ തോല്ക്കാതിരിക്കുവാൻ വേണ്ടി.
കാലം വേഗത്തില്‍ മാഞ്ഞുമറഞ്ഞു,
കൊതിതീരുംമുന്നേയെന്നച്ഛന്‍ മറഞ്ഞു-
എന്‍ കൊതിതീരുംമുന്നേയന്നച്ഛന്‍ മറഞ്ഞു.
കാലമൊരുകോമാളി, കാലനും കോമാളി-
കാലനും, കാലവും ഒക്കെയും കോമാളി,
Generated from archived content: poem1_oct7_13.html Author: b_sreekumar