മലയാളകഥയിൽ സാമ്രാജ്യത്വവിരുദ്ധതയുടെ ഒരു നവഭാവുകത്വം ഉദ്‌ഘോഷിക്കുന്ന കഥാസമാഹാരമാണ് ചാന്ദ്‌രാജിന്റെ ‘പ്ലാസ്‌റ്റിക് ഹൃദയം’. ഇത്രയേറെ ഊക്കോടെ വിട്ടുവീഴ്‌ചയില്ലാത്ത വാക്കുകളിൽ സാമ്രാജ്യത്വത്തെയും നവമുതലാളിത്തത്തിന്റെ ദുഷ്‌ടലാക്കുകളെയും അപലപിക്കുന്ന കഥകൾ മലയാളത്തിൽ ഇദംപ്രഥമമാണ്. നമ്മുടെ ഏറ്റവും കാലികമായ ആഗോള രാഷ്‌ട്രീയ സാമൂഹ്യ പാരിസ്ഥിതിക ജീവിതത്തിൽനിന്നാണ് ഈ കഥകൾ അവയുടെ വികാരവിചാരമണ്ഡലങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
നിരവധി പുതുമകൾ ഇതിലെ കഥകൾക്ക് അവകാശപ്പെടാനുണ്ട്. വാർത്തകളിൽ നിന്നു കഥ മെനയുന്ന രീതിയാണ് ഒരു സവിശേഷത. അതിനു സമാനതകളില്ല. ഇറാക്ക് യുദ്ധവും പ്ലാച്ചിമടയിലെ കൊക്കകോള സമരവും എൻഡോസൾഫാൻ ദുരിതവും ചാന്ദ്‌രാജ് കഥാവിഷയമാക്കിയിരിക്കുന്നു. വാർത്ത തന്നെ കഥയാവുന്ന ഈ കാഴ്‌ച യാഥാർത്ഥ്യവും, കഥാഭാവനയും തമ്മിലുളള കുഴമറിച്ചിലാണ്. യുദ്ധഭീകരത, പരിസ്ഥിതിനാശം, അന്താരാഷ്‌ട്രതലത്തിൽ അമേരിക്കൻ ആധിപത്യം അഴിച്ചുവിടുന്ന അനീതിയുടെ പൈശാചിക വിളയാട്ടം ഇവയുടെയൊക്കെ പത്രവാർത്തകൾ കഥയെക്കാൾ അവിശ്വസനീയമാവുമ്പോൾ വാർത്തകൾ നമ്മുടെ ഭാവനാലോകം കൂടി കൈയടക്കുകയാണെന്നു പറയാം. We live in fiction time where there is a man who send us to war for fictitious reason എന്ന് മൈക്കേൽ മൂർ പറഞ്ഞതിന്റെ ധ്വനിതലങ്ങളിലേക്ക് ചാന്ദ്‌രാജിന്റെ കഥകൾ നമ്മെ നയിക്കുന്നു.
ഈ രചനാരീതി മലയാളകഥയിലെ ഒരു നവലാവണ്യസങ്കേതത്തിന്റെ അന്വേഷണമായി ചാന്ദ്‌രാജ് വളർത്തിക്കൊണ്ടുവരുന്നു. വാർത്തകളെ വസ്‌തുനിഷ്‌ഠമായി മാത്രമല്ല ഭാവനാനിഷ്‌ഠമായും സമീപിക്കാമെന്നതാണ് അതിന്റെ രീതിശാസ്‌ത്രം. കൂടുതൽ വൈകാരികതീവ്രതയോടെ വാർത്തകളിലെ വരികൾക്കിടയിൽ സ്‌പന്ദിക്കുന്ന ജീവിതയാഥാർത്ഥ്യങ്ങളെ സഹൃദയരിലേക്ക് പകർത്താമെന്നതാണ് ഈ നവലാവണ്യസങ്കല്പത്തിന്റെ തന്ത്രവും സ്വീകാര്യതയും. ഭാവനാജീവിതത്തിന് വാർത്തകൾ അസംസ്‌കൃതവസ്‌തുക്കളായി മാറുകയാണെന്നു പറയാം. എന്നാൽ ഇത് റിയലിസത്തിന്റെ പഴയ വഴികളിലേക്കുളള പിൻമടക്കമല്ലെന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.
രസകരമായ കഥകൾ പറയാനാണ് മനുഷ്യജന്മമെന്നു പലവുരു നമ്മൾ കേട്ടിട്ടുണ്ട്. പക്ഷേ പറഞ്ഞുപറഞ്ഞു മടുത്ത വിഷയങ്ങളും പ്രമേയങ്ങളും മാറ്റമില്ലാത്ത ശൈലിയിൽ ആവർത്തിക്കുവാൻ മാത്രം ശീലിച്ച നമ്മുടെ കഥാകാരൻമാർ കഥകളെ രസകരമാക്കുന്നുവോ ആവോ? നമ്മുടെ കഥാസാഹിത്യം തിരിയുന്ന അച്ചുതണ്ട് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. എം.ടിയുടെയും ടി.പത്മനാഭന്റെയും ഒ.വി.വിജയന്റെയും കാക്കനാടന്റെയും അങ്ങേയറ്റം മുകുന്ദന്റെയും സ്വാധീനവലയത്തിൽപ്പെടാത്ത കഥാകാരൻമാർ നന്നേ കുറയും. നമ്മുടെ നവകഥാകൃത്തുക്കളിൽ ചിലരുടെ രചനകൾ പോലും ഏറെയും പ്രതീതിയാഥാർത്ഥ്യങ്ങളിലും കുറച്ചൊക്കെ പൈങ്കിളിത്തരളതകളിലും അഭിരമിക്കുകയല്ലേ എന്നു സംശയിക്കണം. കഥയുടെ നൂറാം വർഷം ആഘോഷിച്ചു കഴിഞ്ഞ മലയാളിയുടെ കഥാസങ്കല്പത്തിൽ തിരുത്തലുകൾ വരുത്താൻ ആരും ധൈര്യപ്പെടുന്നില്ല. പഴയ വീഞ്ഞ് പഴയ കുപ്പിയിൽത്തന്നെ. കഥയുടെ പഴയ സൗന്ദര്യശാസ്‌ത്രസങ്കല്പങ്ങളും ചട്ടക്കൂടുകളും അടിമുടി പൊളിച്ചുമാറ്റാനുളള പരീക്ഷണവ്യഗ്രമായ സന്നദ്ധതയും ആത്മാർത്ഥതയും ചാന്ദ്‌രാജിന്റെ കഥകളിൽ കാണുന്നു. കഥയിലെ ഭാവനാജീവിതത്തെ ഇന്നത്തെ മനുഷ്യനിലേക്കും വാർത്തകളിൽ നിറയുന്ന ആഗോള ജീവിത പരിസരങ്ങളിലേക്കും എത്തിക്കുവാനുളള ഈ കഥാകാരന്റെ യത്‌നം മലയാളകഥയ്‌ക്ക് പുതുവഴികളെക്കുറിച്ച് ആലോചിക്കുവാൻ അവസരമൊരുക്കുകയാണ്. ഭാവനാജീവിതത്തെ കാലികമാക്കുന്ന ഈ പ്രക്രിയ ചാന്ദ്‌രാജിന്റെ കഥകൾക്കപ്പുറത്തേക്ക് വളർത്തിക്കൊണ്ടുവരേണ്ട ഒരു പ്രവണതയായി നാം തിരിച്ചറിയണം.
പുതിയ നൂറ്റാണ്ടിലെ മനുഷ്യൻ നേരിടുന്ന നിരവധി പ്രശ്‌നങ്ങളും വെല്ലുവിളികളുമുണ്ട്. നവമുതലാളിത്തവും ആഗോള സാമ്പത്തികക്രമവും സൃഷ്‌ടിക്കുന്ന ഊരാക്കുടുക്കുകൾ, അമേരിക്കൻ സാമ്രാജ്യത്വം അഴിച്ചുവിടുന്ന അധിനിവേശരാഷ്‌ട്രീയത്തിന്റെ ക്രൂരവിനോദങ്ങൾ, യുദ്ധക്കെടുതികളുടെയും പരിസരമലിനീകരണത്തിന്റെയും ആഗോളവ്യാപ്‌തി, സമ്പന്നരുടെ പരീക്ഷണശാലയായി മാറിക്കൊണ്ടിരിക്കുന്ന മൂന്നാം ലോകരാഷ്‌ട്രങ്ങളിലെ ദരിദ്രജനങ്ങൾ-ഇതെല്ലാം പുതിയ നൂറ്റാണ്ടിലെ മനുഷ്യനെ മാത്രം വേട്ടയാടുന്ന പ്രശ്‌നങ്ങളാണ്. ഇവ നമ്മുടെ കഥാഭാവനയെ ഉലയ്‌ക്കുകയും ശക്തമായ ഭാവനാചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്യേണ്ട ചരിത്രസന്ധിയിലാണ് കഥയുടെ വർത്തമാനകാലം വന്നുപെട്ടിരിക്കുന്നത്. ഈ പ്രശ്‌നമണ്‌ഡലത്തെ അഭിസംബോധന ചെയ്യുക എന്ന ദൗത്യം ഏറ്റെടുക്കുന്നു എന്നതാണ് ചാന്ദ്‌രാജിന്റെ കഥകളുടെ വർത്തമാനകാല പ്രസക്തി.
പ്ലാസ്‌റ്റിക് ഹൃദയം (കഥകൾ), എം.കെ.ചാന്ദ്‌രാജ്, വില-40 രൂപ, കറന്റ് ബുക്‌സ്
Generated from archived content: book2_oct12_05.html Author: b_r_prasannakumar