ചുവപ്പ് ഒരു നിറമല്ല

നീലലിറ്റ്മസിനെ ചുവപ്പാക്കുന്ന സൂത്രവാക്യങ്ങളില്‍
കൊരുത്തിട്ടിരിക്കുന്ന ബിംബങ്ങളില്‍
ഒരു രക്തസാക്ഷിയുടെ ചോരച്ചൂരുണ്ട്
ലോക്കപ്പ് മുറികളില്‍ തളം കെട്ടി കിടക്കുന്ന
ജല തന്മാത്രകളില്‍ ഒരു ചോണനുറുമ്പ് ചൂണ്ടയിടുന്നുണ്ട്.
മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്‍ വച്ച
വിപ്ലവത്തിന്റെ ഫോസിലുകളില്‍
ദ്രവിക്കാറായ ചോരപ്പാടുകള്‍
കന്യാരക്തത്തിന്റെ തണുപ്പില്‍
കളഞ്ഞു പോയ കൗമാരത്തിന്റെ നിലാച്ചൂടുണ്ട്
ഛേദിക്കപ്പെട്ട ഒരു ഛേദത്തിന്റെ സുതാര്യതയില്‍
ചുവപ്പു രേഖകള്‍ കൊണ്ട് ചിത്രം വരയ്ക്കുന്ന
പുതിയ പ്രണയിനികള്‍ കൊണ്ടാടുന്നത്
ഒരു വിശുദ്ധിയുടെ സഹനപര്‍വം
ലജ്ജയില്ലാത്ത അടിയറവുകള്‍ കൊണ്ട്
വിളറി വെളുത്ത പുതിയ പ്രക്ഷോഭകരുടെ
പതാക ചുവപ്പിക്കാന്‍ കൊണ്ടു വന്ന ചോരയില്‍ നിന്ന്
ചുവന്ന രക്താണുക്കള്‍ എന്നേ പാലായനം ചെയ്തു
ക്ലോണിംഗ് ജന്മങ്ങള്‍ വിലസുന്ന
സ്മാര്‍ട്ട് മെട്രോ നഗരത്തിന്റെ ട്രാഫിക്ക് ജാമുകളില്‍
കൊഴിഞ്ഞു വീഴുന്ന ചുവന്ന പ്രകാശം
ചോരക്കളമാകുന്ന കൗതുകക്കേള്‍വി
എഫ്, എം റേഡിയോ കിളിമൊഴി സംഭാഷണങ്ങളിലൂടെ
വിവര്‍ത്തനം ചെയ്യുന്നുണ്ട്
തുമ്പയും തുളസിയും തെച്ചിയും
പിന്നെ അമ്മയുടെ അടുക്കല്‍ നാട്ടുരാജ്യവും
ചുളു വിലക്ക് വാങ്ങാനെത്തിയ
പരദേശി കസ്റ്റമേഴ്സിനെ വരവേല്‍ക്കാന്‍ വിരിച്ച
ചുവന്ന പരവതാനിയില്‍
ചവിട്ടിയരക്കപ്പെട്ടവരുടെ ജല്‍പ്പനങ്ങളുണ്ട്
ഒരിക്കലും കൂട്ടിമുട്ടാതെ പരിഭവം പറഞ്ഞുപോകുന്ന
റെയില്‍ പാളങ്ങളിലൂടെ കാലം
പാസഞ്ചര്‍ ട്രെയിനില്‍ പായുമ്പോള്‍
ചുവപ്പ് മുഖം മൂടിയണിഞ്ഞ സിഗ്നല്‍ ലൈറ്റുകള്‍
ചുവപ്പ് മോഷ്ടിച്ചെടുത്ത്
ക്ഷണിക്കപ്പെടാതെ പരലോകത്ത് പോയവരുടെ
വിയര്‍പ്പില്‍ നിന്നായിരുന്നു
ചുവപ്പ് ഒരു വര്‍ണ്ണമേയല്ല
അത് പുതിയ കാലത്തിന്റെ തന്ത്രമാണ്.
ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്ന രസതന്ത്രം

Generated from archived content: poem1_nov28_11.html Author: b_josukutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here