തെക്കു തെക്കൊരു ദേശത്ത്‌…..

വയലറ്റ്‌ നിറമുളള പുലർകാലത്തിലേക്കാണ്‌ തീവണ്ടി കിതച്ചു നിന്നത്‌. ട്രെയിനിന്റെ ഏറ്റവും പിന്നിലായിരുന്നു ലോക്കൽ കമ്പാർട്ടുമെന്റ്‌. ആളുകൾ ഒഴിഞ്ഞുപോയ കമ്പാർട്ടുമെന്റിലെ പലകസീറ്റിൽ നിന്ന്‌ ഗ്ലോറിയാ എഴുന്നേറ്റു. നീണ്ടയാത്രയുടെ ക്ഷീണം അവളെ തളർത്തിയിരുന്നു. കുഞ്ഞ്‌ അപ്പോഴും നല്ല ഉറക്കത്തിൽ തന്നെയാണ്‌. ഇടക്കെപ്പോഴോ വാങ്ങിയ മിനറൽവാട്ടർ കാലിയായി കഴിഞ്ഞിരുന്നു. അത്യാവശ്യ സാധനങ്ങൾ സൂക്ഷിച്ച സ്യൂട്ട്‌കെയ്‌സും പിടിച്ച്‌ കുഞ്ഞിനെയും തോളിലെടുത്ത്‌ ഗ്ലോറിയ ട്രെയിനിൽ നിന്നിറങ്ങി. സ്വച്ഛമായ ഉറക്കത്തിന്‌ തടസ്സം നേരിട്ടതിനാൽ കുഞ്ഞ്‌ ചിണുങ്ങാനാരംഭിച്ചു. കുഞ്ഞിന്റെ തുടയിൽ താളമിട്ട്‌ ഗ്ലോറിയ അഞ്ചാമത്തെ പ്ലാറ്റ്‌ഫോമിൽ നിന്ന്‌, റെയിൽപ്പാളങ്ങൾ മുറിച്ചുകടന്ന്‌ നഗരത്തിലേക്കിറങ്ങി. പകൽ പൂർണ്ണമായും തെളിഞ്ഞിരുന്നില്ല. എങ്കിലും, വാഹനങ്ങളുടെ മുരൾച്ചയിൽ നഗരം ഉണരാൻ തുടങ്ങിയിരുന്നു. പൊടുന്നനവേ നഗരത്തിന്റെ ഏതോ കോണിൽ നിന്ന്‌ സമയമറിയിക്കുന്ന സയറൺ മുഴങ്ങി.

ഒരു ചായ കുടിക്കണം. കുഞ്ഞിനും എന്തെങ്കിലും വാങ്ങിക്കൊടുക്കണം. ഗ്ലോറിയാ ഒരു റസ്‌റ്റോറന്റിൽ കയറി. കടയിൽ തിരക്കുണ്ടായിരുന്നില്ല. അവൾ ഉറങ്ങുന്ന കുഞ്ഞിനെ ഉണർത്തി ഓർഡർ ചെയ്‌ത പാലുംവെളളം കൊടുക്കാൻ തുടങ്ങി.

ടി.വിയിലും, സിനിമയിലും കണ്ട തിരുവനന്തപുരം നഗരത്തിന്‌, നേരിൽ അത്ര ഭംഗിയൊന്നും ഗ്ലോറിയായ്‌ക്കു തോന്നിയില്ല. എവിടെയാകും സെക്രട്ടറിയേറ്റ്‌….. റസ്‌റ്റോറന്റിൽ നിന്നിറങ്ങി അന്വേഷിക്കാം. അവൾ മുന്നിൽ കൊണ്ടുവെച്ച ചായ കുടിച്ച്‌, പണം കൊടുത്ത്‌ തെരുവിലേക്കിറങ്ങി.

സെക്രട്ടറിയേറ്റ്‌ പരിസരം ഉണർന്നുവരുന്നതേയുണ്ടായിരുന്നുളളൂ. മുന്നിലെ സമരപ്പന്തലുകളിൽ നിന്ന്‌ കൂർക്കംവലി ശബ്‌ദം ഉയർന്നുകൊണ്ടിരുന്നു. ഗ്ലോറിയാ അതിനു സമീപം ഇരുന്നു.

“എന്താ പെങ്ങളെ ഇവിടെ, ആരേയാ കാത്തു നിക്കണത്‌…”

നൈറ്റ്‌ പട്രോൾ കഴിഞ്ഞ്‌ ഉറക്കച്ചടവോടെ നടന്നുവന്ന പോലീസുകാരൻ ഗ്ലോറിയായെ നോക്കിക്കൊണ്ട്‌ ചോദിച്ചു. അവൾക്കുടൻ മറുപടി പറയാൻ കഴിഞ്ഞില്ല.

“ഒന്നും പേടിക്കേണ്ട, എന്നോടു പറഞ്ഞോ പ്രശ്‌നം…”

അവൾ കുഞ്ഞിനെ മടിയിൽ നിന്നും തോളിൽ കിടത്തി.

“ഞാനിവിടെ സമരം ചെയ്യാൻ വന്നതാ….

പോലീസുകാരൻ ചിരിച്ചുപോയി.

”ഒറ്റയ്‌ക്കോ….?“

”ഞാൻ കാഞ്ഞങ്ങാട്ടെ ശിവൻകുട്ടീടെ…“

ഗ്ലോറിയാ കിതയ്‌ക്കാനാരംഭിച്ചിരുന്നു. അവൾ പൊടുന്നനവേ, കുഞ്ഞിനെ താഴെയിരുത്തി സ്യൂട്ട്‌കെയ്‌സ്‌ തുടന്ന്‌ പഴയ ഒരു പത്രം തുറന്നു കാണിച്ചു.

‘ഗ്ലോറിയായുടെ തോരാക്കണ്ണീരിന്‌ ഒരു വയസ്സ്‌’ എന്ന തലക്കെട്ടിൽ ഒരു വാർത്താഫീച്ചർ. നാട്ടിൽ അഴിഞ്ഞാടി സ്വൈര്യജീവിതം തടസ്സപ്പെടുത്തിയ വ്യാജമദ്യലോബിയെ തുരത്തിയ ശിവൻകുട്ടിയെ അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയ ദുരന്തത്തിന്‌ ഇന്നു ഒരു വയസ്സ്‌…

വായന നിർത്തി പത്രം തിരിച്ചുകൊടുത്ത്‌, അയാൾ പറഞ്ഞു. ”ഓ മനസ്സിലായി. ശിവൻകുട്ടീടെ വിധവയാ അല്ലേ…. കഴിഞ്ഞ ശനിയാഴ്‌ച റ്റീവീലെ ക്രൈം ഫയലിലൊണ്ടാരുന്നു. കഷ്‌ടം…“

പോലീസുകാരൻ സഹതാപത്തോടെ ഗ്ലോറിയായെ നോക്കി. ”പെങ്ങളൊരു കാര്യം ചെയ്യ്‌, ഞാനൊരാളെ കാണിച്ചുതരാം. അങ്ങേര്‌ നിങ്ങളെ സഹായിക്കും.“

പോലീസുകാരൻ നടന്നു. ഗ്ലോറിയാ ആശ്വാസത്തോടെ ദീർഘനിശ്വാസമയച്ചു. അവളുടെ മുന്നിൽ നഗരം കൂടുതൽ ഉന്മേഷത്തോടെ ഉണരുകയായിരുന്നു.

കുറെ സമയം കഴിഞ്ഞാണ്‌, ഒരു തടിയൻ അവളെ തേടി എത്തിയത്‌.

”നിങ്ങളല്ലേ ഗ്ലോറിയാ… എന്റെ പേര്‌ തങ്കപ്പൻ. ഞാൻ സാറ്‌ പറഞ്ഞിട്ടു വന്നതാ, ഇങ്ങുപോരേ നമുക്കു സ്ഥലമുണ്ടാക്കാം.“

അയാളതും പറഞ്ഞ്‌, അവളുടെ സ്യൂട്ട്‌കെയ്‌സും എടുത്തു നടക്കാൻ തുടങ്ങി. അമ്പരപ്പോടെ പിടഞ്ഞെണീറ്റ്‌ കുഞ്ഞിനേയും തോളിലേറ്റി ഗ്ലോറിയാ തടിച്ച മനുഷ്യന്റെ പിന്നാലെ നടന്നു.

”വേറാരുമില്ലേ കൂടെ, ഇത്ര ചെറുപ്പത്തിലെ ഒറ്റയ്‌ക്ക്‌ ഇവിടക്കെടന്ന്‌ സമരം ചെയ്യാൻ…“

അയാൾ ഇടയ്‌ക്ക്‌ തിരിഞ്ഞുനിന്നു ചോദിച്ചു. ഗ്ലോറിയാ ഒന്നു മിണ്ടിയില്ല.

”ഇവിടിപ്പം നെറയെ സമരക്കാരാ…. എൻജിയോക്കാര്‌, ആദിവാസികള്‌, പാർട്ടിക്കാര്‌, പട്ടയക്കാര്‌, പട്ടിണി സമരക്കാര്‌, ദളിത്‌ ഫെഡറേഷൻകാര്‌… ഇതിനിവിടെ ഇത്തിരി സ്ഥലം കിട്ടാൻ ബുദ്ധിമുട്ടാ, എന്നു വിചാരിച്ച്‌ പേടിക്കണ്ട ഈ തങ്കപ്പനുളളപ്പം… പിന്നെ, ഇത്തിരി ചെലവൊക്കെ ഉണ്ട്‌. ഒരു ബാനറോ ബോർഡോ എഴുതിവെക്കണം. എന്തിനാ ഇവിടെ വന്ന്‌ കെടക്കണതെന്ന്‌ നാട്ടുകാരറിയണ്ടേ…. ചാനലുകാരും വരും. അതിരിക്കട്ടെ കയ്യിലെന്തൊണ്ട്‌..?“

സമരപ്പന്തലുകൾക്കിടയിൽ കണ്ട വിടവിൽ ചെന്നു നിന്ന്‌ അയാൾ ചോദിച്ചു.

”അത്യാവശ്യമുളള കാശൊക്കെ ഉണ്ട്‌… ആക്‌ഷൻ കമ്മറ്റിക്കാര്‌ കൊറച്ചു പണം പിരിച്ചുതന്നു.“

”ങാ അതു മതി. ഒരു കാര്യം ചെയ്യ്‌, നിങ്ങളിവിടിരി. ഞാനിപ്പം വരാം…“

അനുവാദത്തിനു കാത്തുനിൽക്കാതെ തടിയൻ എങ്ങോട്ടോ പോയി.

നഗരം കൂടുതൽ സജീവമായി തുടങ്ങിയിരുന്നു. ഐരാവതങ്ങളുടെ കോട്ടപോലെ വെളള പുതപ്പ്‌ സെക്രട്ടറിയേറ്റ്‌ മന്ദിരം ഗ്ലോറിയായ്‌ക്കു മുന്നിൽ ദുരൂഹത പടർത്തി അനന്തമായി നിന്നു.

ഇവിടെ നിന്നും തനിക്കു നീതി കിട്ടുമോ… തന്റെ ശിവൻകുട്ടിയെ നിഷ്‌കരുണം വധിച്ചിട്ട്‌ പരസ്യമായി വീണ്ടും നെഞ്ചുവിരിച്ച്‌, വെല്ലുവിളിച്ചു നടക്കുന്ന അക്രമികളെ നിയമത്തിനു കീഴിൽ കൊണ്ടുവരാൻ തനിക്കു കഴിയണം. അതിനു വേണ്ടിയാണല്ലോ, താനീ കൈക്കുഞ്ഞിനേയുമെടുത്ത്‌ ഇത്രയും കഷ്‌ടപ്പാടൊക്കെ സഹിച്ച്‌….

കുഞ്ഞ്‌ വീണ്ടും മയങ്ങാൻ തുടങ്ങിയിരുന്നു. ഗ്ലോറിയാ വീണ്ടും ഓർമ്മകളുടെ ഇടവഴികളിലൂടെ നടക്കാനാരംഭിച്ചു. ഒരുപാടുപേരുടെ മുന്നിൽ അണിഞ്ഞൊരുങ്ങി നിന്നതിനു ശേഷമാണ്‌ താൻ ശിവൻകുട്ടിയുടെ മുന്നിലെത്തിയത്‌. അന്യസമുദായക്കാരനാണെന്നറിഞ്ഞിട്ടും തന്നെമാത്രം ഇഷ്‌ടപ്പെട്ട ശിവൻകുട്ടിയെ താൻ വരിക്കുകയായിരുന്നു. പ്രായമായ അച്‌ഛനമ്മമാർ തന്നെ കൈപിടിച്ച്‌ ശിവൻകുട്ടിക്ക്‌ കൊടുക്കുകയായിരുന്നു. എതിർപ്പുകളനവധിയായിരുന്നു. സ്വന്തബന്ധങ്ങളിൽ നിന്നും, സ്വസമുദായത്തിൽ നിന്നും. ഒരാശ്വാസം മാത്രമായിരുന്നു തനിക്കുണ്ടായിരുന്നത്‌, താൻ സ്വയം ഇറങ്ങിപ്പോയതല്ല. ഉത്സവമായിരുന്നു തന്റെ വിവാഹജീവിതം. തന്നേയും തന്റെ മാതാപിതാക്കളേയും സ്‌നേഹബഹുമാനങ്ങളോടെ ശിവൻകുട്ടി സംരക്ഷിച്ചു. ഒന്നിനും ഒരു കുറവുമില്ലായിരുന്നു. ഒടുവിൽ, എന്താണ്‌ സംഭവിച്ചത്‌… എല്ലാ അനീതികളോടും, അക്രമണങ്ങളോടും പ്രതികരിക്കുന്ന ശിവൻകുട്ടി, നാട്ടിലെ വ്യാജലോബികളുടെ പ്രവർത്തനങ്ങളേയും എതിർത്തു. ശിവൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നല്ലോ ഒരു കൂട്ടം ചെറുപ്പക്കാർ വ്യാജമദ്യനിർമ്മാണസങ്കേതത്തെ തുരത്തിയോടിച്ചത്‌. അതിൽ രാഷ്‌ട്രീയനേതാക്കളും പോലീസും എല്ലാവരും ഒറ്റക്കെട്ടായി ശിവൻകുട്ടിയുടെ കൂടെയുണ്ടായിരുന്നു. ഒടുവിൽ ഒരു രാത്രിയിൽ ശിവൻകുട്ടിയെ മാത്രമാണല്ലോ, അജ്ഞാതർ വെട്ടി തുണ്ടം തുണ്ടമാക്കി കൊന്നുകളഞ്ഞത്‌. താനന്ന്‌ ഗർഭിണിയായിരുന്നു. എന്തൊരാൾക്കൂട്ടമായിരുന്നു ശിവൻകുട്ടി ശരീരത്തിൽ ചുവന്ന പൂക്കളുമായി ഉറങ്ങിക്കിടക്കുന്നത്‌ കാണാനെത്തിയത്‌. തുടർന്ന്‌ അനുശോചനം, പ്രതിഷേധയോഗങ്ങൾ, ഹർത്താൽ, കറുത്ത ബാഡ്‌​‍്‌ജ്‌ ധരിച്ചുളള മൗനജാഥ, ഇരുപത്തിനാല്‌ മണിക്കൂറിനകം പ്രതികളെ നിയമത്തിന്റെ കീഴിൽ കൊണ്ടുവരുമെന്നുളള പ്രതിഷേധയോഗം ഉദ്‌ഘാടനം ചെയ്‌ത നേതാവിന്റെ പ്രഖ്യാപനം, പോലീസുകാരുടെ നിരന്തരം സന്ദർശനങ്ങൾ, തുടർന്ന്‌ ആക്‌ഷൻ കമ്മറ്റി രൂപീകരണം. രാഷ്‌ട്രീയനേതാക്കന്മാരുടെ തുടരെത്തുടരെയുളള സന്ദർശനം. പത്രങ്ങളുടെ ഇന്റർവ്യൂ, ചാനലുകളുടെ ചിത്രീകരണത്തിരക്കുകൾ. ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞുകൊണ്ടിരുന്നു. ക്രമേണ എല്ലാവർക്കും പുതിയ അനുഭവങ്ങൾ കിട്ടിക്കൊണ്ടിരുന്നു. ശിവൻകുട്ടിയുടെ വധം എല്ലാവർക്കും ഓർമ്മയിലൊതുങ്ങി. ആക്‌ഷൻ കമ്മറ്റിയുടെ പ്രവർത്തനം മരവിച്ചു. ഋതുഭേദങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. ഒടുവിൽ മറവിയുടെ ശ്‌മശാനത്തിൽ എല്ലാം ഒടുങ്ങി. പക്ഷേ, തനിക്കങ്ങനെയല്ലല്ലോ അവസാനശ്വാസം നിൽക്കുന്നതുവരെ താൻ പോരാടും, ഏതോ ചാനലുകാരാണ്‌ തനിക്കീ മാർഗം പറഞ്ഞുതന്നത്‌.

”ഗ്ലോറിയാ തിരുവനന്തപുരത്തേയ്‌ക്കു വരൂ… കുഞ്ഞിനെയുമെടുത്ത്‌ സെക്രട്ടറിയേറ്റു മുന്നില്‌ വന്ന്‌ കുടില്‌ കെട്ട്‌. ഞങ്ങൾ മാക്‌സിമം കവറേജ്‌ തരാം.“

”അതേയ്‌.. പുതിയ കുടിലൊന്നും ഇനി ഉണ്ടാക്കേണ്ട, ആദിവാസി ഫെഡറേഷൻകാര്‌ ഒഴിഞ്ഞുപോകുവാ. അവരുടെ ഊരില്‌ ഉത്സവാത്രേ…. ഒരു മാസം കഴിഞ്ഞ്‌ തിരിച്ച്‌ കൊടുത്താ മതി. അതുവരെ നമ്മുക്കവിടെ കൂടാം.“

തടിയൻ തിരിച്ചുവന്നുപറഞ്ഞു.

”നമുക്കോ..?“ഗ്ലോറിയാ അയാളെ രൂക്ഷമായി നോക്കി.

”ഏയ്‌… അങ്ങനൊന്നുമല്ല ഞാമ്പറഞ്ഞത്‌.“ അയാൾ ഒരു അശ്ലീലച്ചിരി ചിരിച്ചു.

സമരക്കാർ ഒഴിഞ്ഞുപോയ കുടിൽ അലങ്കോലമായി കിടന്നു. സിഗരറ്റിന്റെയും ബീഡിയുടെയും കുറ്റികൾ, തീപ്പെട്ടിക്കൊളളികൾ, ഒഴിഞ്ഞ മദ്യക്കുപ്പികൾ…

”അപ്പഴേ ഞാൻ…“

അയാൾ അകത്തേയ്‌ക്കു കയറാനൊരുങ്ങി. ഗ്ലോറിയാ വേഗം ഒരമ്പതു രൂപ ചുരുട്ടി അയാൾക്കു നേരേ നീട്ടിപ്പറഞ്ഞു.

”വളരെ നന്ദിയുണ്ട്‌. ഇതു വെച്ചോ.“

”അയ്യേ ഞാൻ… എനിക്കിതിന്റെ ആവശ്യമൊന്നൂല്ല. ഞാം വെറുതെ സഹായിക്കാൻ…“

അനാവൃതമായ അവളുടെ വയറിൽ അയാളുടെ കണ്ണുകൾ തറഞ്ഞു നിന്നു. ഗ്ലോറിയാ അയാളെ രൂക്ഷമായി നോക്കി.

”ഞാൻ വൈകിട്ട്‌ വരാം…“

അയാൾ പുറത്തേക്കിറങ്ങിപ്പോയി. അവൾ കുഞ്ഞിനെ തോളിലെടുത്ത്‌ ബീഡിക്കുറ്റികളും മറ്റും പെറുക്കിക്കളഞ്ഞു. പിന്നെ, സ്യൂട്ട്‌കെയ്‌സ്‌ തുറന്ന്‌ പഴയ സാരിയെടുത്ത്‌, തൊട്ടിൽ കെട്ടി കുഞ്ഞിനെ കിടത്തി. ഒന്നു കുളിക്കണമായിരുന്നു, എങ്ങനെ.. എവിടെ… അവൾക്കൊന്നുമറിയില്ലായിരുന്നു. തങ്കപ്പനെ അങ്ങനെ പിണക്കിവിടേണ്ടിയില്ലായിരുന്നെന്ന്‌ അവൾക്കു തോന്നി. ഒരാളെ എങ്ങനെ നേരിടണമെന്ന്‌, പ്രത്യേകിച്ച്‌ വേറെ ഉദ്ദേശവുമായിവരുന്നവരെ എങ്ങനെ നേരിടണമെന്ന്‌ അവൾ പഠിച്ചുവെച്ചിരുന്നു. ഒന്നുമില്ലെങ്കിലും, ഈ കുടിലെങ്കിലും കിട്ടിയത്‌, അയാൾ കാരണമാണ്‌. എന്തായാലും വൈകിട്ട്‌ വരുമല്ലോ..

അവൾ താഴെ സിമന്റുതറയിലിരുന്നു. പുറത്ത്‌ ഉയരുന്ന മുദ്രാവാക്യങ്ങൾ. ഏതോ വലിയ ഒരു സമരജാഥ ഗേറ്റിലേയ്‌ക്ക്‌ വരികയാണ്‌. പോലീസുകാരുടെ വൻപട. അവർ ബാരിക്കേഡുകൾ ഉയർത്തി, സമരക്കാരെ പ്രതിരോധിച്ചു. പ്രകടനം ഗേറ്റിനുമുന്നിലെത്തി. സമരക്കാർ റോഡിൽ കുത്തിയിരുന്നു. നേതാവ്‌ പ്രസംഗിക്കാനാരംഭിച്ചിരുന്നു. ഗ്ലോറിയാ കൗതുകപൂർവ്വം നേതാവിനെ അകലെ നിന്നു നോക്കി. ടി.വിയിൽ മാത്രമേ കണ്ടിട്ടുളളൂ. ഇപ്പോൾ നേരിൽ കാണുന്നു. അവൾക്ക്‌ കൗതുകവും അത്ഭുതവും തോന്നി. എത്രയധികം ആളുകൾ, എന്തു ബഹളം, ചാനലുകാരുടെ ക്യാമറകൾ. നേതാവ്‌ പ്രസംഗം നിർത്തി. അടുത്ത നിമിഷം ജനക്കൂട്ടം റോഡിൽനിന്നെഴുന്നേറ്റു. പൊടുന്നനവേ ആവേശംകൊണ്ടതുപോലെ ജനക്കൂട്ടം സെക്രട്ടറിയേറ്റലേക്ക്‌ തളളിക്കയറാൻ തുടങ്ങി. പോലീസുകാർ ലാത്തിച്ചാർജ്ജ്‌ ആരംഭിച്ചു. സമരക്കാർ ചിതറിയോടി. തലയിലും ശരീരത്തിലും ചോരപ്പൂക്കളുമായി ചലർ റോഡിൽ വീണു. ആളുകളുടെ ആരവങ്ങൾ, മുദ്രാവാക്യങ്ങൾ, ആക്രന്ദനങ്ങൾ, പോലീസ്‌ അറിയിപ്പുകൾ, പിന്നെ തുടരെത്തുടരെ വെടിയൊച്ചകൾ , ആരുടെയൊക്കെയോ വിലാപങ്ങൾ… ഗ്ലോറിയ ഭയന്നുപോയിരുന്നു. അവൾ കുടിലിനകത്തേക്ക്‌ കയറി. കുഞ്ഞുണർന്ന്‌ കരയാൻ തുടങ്ങിയിരുന്നു. തൊട്ടിലിൽ നിന്ന്‌ കുഞ്ഞിനെയെടുത്ത്‌ തറയിലിരുന്ന്‌, കുഞ്ഞിനെ നെഞ്ചോട്‌ ചേർത്ത്‌ അവൾ ബ്ലൗസിന്റെ കുടുക്കഴിച്ചു. പുറത്ത്‌ ആരവങ്ങൾ ഉയർന്നുകൊണ്ടിരുന്നു. ഗ്ലോറിയായുടെ ഉളളിൽ ഭീതിയുടെ അഗ്നി പൂത്തു.

ദൈവമേ… താനെന്തൊക്കെയാണ്‌ കാണുന്നത്‌. ഭീകരമായ ഈ അന്തരീക്ഷത്തിലേക്ക്‌ തനിക്ക്‌ വരേണ്ടിയിരുന്നില്ല. പാഞ്ഞുപോകുന്ന എമർജൻസി വാഹനങ്ങളുടെ സയറൻ വിളികൾ. അടുത്ത നിമിഷം വീണ്ടും ഒരു വെടിപൊട്ടി. അവൾ കുഞ്ഞിനെ കൂടുതൽ ചേർത്ത്‌ പിടിച്ചു.

പോരാട്ടം കഴിഞ്ഞ യുദ്ധക്കളം പോലെ സെക്രട്ടറിയേറ്റ്‌ പരിസരവും റോഡുകളും അനാഥമായി കിടന്നു. ചിതറിക്കിടക്കുന്ന ചെരിപ്പുകൾ, ചില്ലുപൊട്ടിപ്പോയ കണ്ണടകൾ, വാഹനങ്ങൾ പാതിവെന്ത ശവങ്ങൾപോലെ അനാഥമായി കിടന്നു. അവിടവിടെയായി പെയ്‌ത ചോരമഴയുടെ അവശിഷ്‌ടങ്ങൾ. കുഞ്ഞ്‌ വീണ്ടും ഉറക്കം പിടിച്ചിരുന്നു. ഇനി എന്ത്‌ ചെയ്യണമെന്ന്‌ അവൾക്കറിയില്ലായിരുന്നു. നഗരം എത്ര പെട്ടെന്നാണ്‌ ഒരു പടക്കളം പോലെ മാറിയത്‌. ക്രമേണ നഗരം, ഒരു ഭയന്ന ശിശുവിനെപ്പോലെ മയങ്ങാൻ തുടങ്ങി. തങ്കപ്പൻ ഒന്നു വന്നിരുന്നെങ്കിൽ. അടുത്ത നിമിഷം പുറത്തുനിന്നാരോ അവളെ വിളിച്ചു.

”ഗ്ലോറിയാ… ഗ്ലോറിയാ…“

അവൾ കുഞ്ഞിനെ തൊട്ടിയിൽകിടത്തി ധൃതിയിൽ പുറത്തേയ്‌ക്ക്‌ വന്നു. അവിടെ തങ്കപ്പനും ആജാനുബാഹുവായ ഒരാളും. അവൾക്കാശ്വാസം തോന്നി. മുഖവുരയില്ലാതെ തങ്കപ്പൻ പറഞ്ഞു.

”ഇത്‌ ചന്ദ്രൻ സാറ്‌… ചെങ്കൽച്ചൂള ചന്ദ്രൻ എന്നുപറയും. സാറ്‌, ഇവിടുത്തെ വലിയ നേതാവാ“

നേതാവ്‌ അവൾക്കുനേരെ കൈകൂപ്പി. അവളും.

”പിന്നേ നാലുമണിയാകുമ്പം ചന്ദ്രൻസാറ്‌ വരും. ഗ്ലോറിയായുടെ സത്യാഗ്രഹസമരം ഉദ്‌ഘാടനം ചെയ്യാൻ.“ തങ്കപ്പൻ പറഞ്ഞു.

നേതാവ്‌ അവളിൽ നിന്ന്‌ കണ്ണെടുക്കുന്നില്ലായിരുന്നു.

”ബാനറും മറ്റും ഞങ്ങളെഴുതിക്കോണ്ട്‌ വരാം…. വൈകുന്നേരം പത്രക്കാരും ടീവീക്കാരും കാണും.“

നേതാവ്‌ മടങ്ങാൻ ആരംഭിച്ചു. ഒപ്പം തങ്കപ്പനും.

”തങ്കപ്പേട്ടാ, ഒരുമിനിറ്റ്‌…“ ഗ്ലോറിയ വിളിച്ചു.

”എനിക്ക്‌ കുളിക്കുകയും വസ്‌ത്രംമാറുകയും ചെയ്യണമായിരുന്നു…“

അവൾ മന്ത്രിക്കുന്നത്‌ പോലെ പറഞ്ഞു. തങ്കപ്പൻ വെളുക്കേ ചിരിച്ചു.

”അതിനെന്താ അതിന്‌ നമുക്ക്‌ ഏർപ്പാടുണ്ടാക്കാം.. ഞാനിപ്പം വരാം.

തങ്കപ്പൻ നേതാവിന്റെ അടുത്തുചെന്ന്‌ എന്തോ മന്ത്രിച്ച്‌ വീണ്ടും അവളുടെ അടുത്തേക്കു വന്നു.

”ദേ ആ കാണു​‍ുന്ന ലോഡ്‌ജിൽ ഞാൻ പറഞ്ഞിട്ടുണ്ട്‌. ഗ്ലോറി പോയിട്ടുവാ, കുഞ്ഞുറങ്ങുവല്ലേ എന്നാലും ഞാനിവിടുണ്ട്‌.“

ഗ്ലോറിയാ ഒരു നന്ദിച്ചിരിയോടെ സ്യൂട്ട്‌കെയ്‌സുമെടുത്ത്‌ ലോഡ്‌ജിലേക്കു പോയി.

ലോഡ്‌ജ്‌ റിസപ്‌ഷനിലെ കസേരകളിലിരുന്ന ആളുകൾ അവളെ ചുഴിഞ്ഞുനോക്കിക്കൊണ്ടിരുന്നു.

കുളി കഴിഞ്ഞ്‌ സാരി മാറ്റി, ചുരിദാർ ധരിച്ച്‌ ഗ്ലോറിയാ മടങ്ങിയെത്തുമ്പോൾ തങ്കപ്പൻ ആപാദചൂഡം അവളെ ഒന്നു നോക്കി.

”അല്ലാ ആളാകെ മാറിയല്ലോ. ഒരു കൊച്ചുപെണ്ണാണന്നേ ആരും പറയൂ“ അയാൾ ഒരു മഞ്ഞച്ചിരി ചിരിച്ചു.

”ഇതാ ഇതു കഴിക്ക്‌ ഇതുവരേം ഒന്നും കഴിച്ചുകാണത്തില്ലായിരിക്കുമല്ലോ.“

ഒരു പൊതി തങ്കപ്പൻ അവൾക്കു നേരെ നീട്ടി. ചുടുദോശയും, ചട്‌നിയുമായിരുന്നു. അവളത്‌ ആർത്തിയോടെ കഴിച്ചു.

”പിന്നേ… കണ്ടല്ലോ, ഈ സമരോം ബഹളോ ഒന്നും കണ്ട്‌ പേടിക്കണ്ട ഇതിവിടെ പതിവാ….“ തങ്കപ്പൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

”അപ്പോൾ, പറഞ്ഞതുപോലെ…. ഞങ്ങൾ നാലു മണിക്കെത്തും.“

തങ്കപ്പൻ കുടിലിനു പുറത്തിറങ്ങി. പിന്നെ, പുറത്ത്‌ നിന്നയാൾ പറഞ്ഞു.

”കുടിലൊന്നും കെട്ടാൻ പാടില്ലാന്നാ നമ്മുടെ മുഖ്യമന്ത്രീടെ ഇപ്പഴത്തെ ഉത്തരവ്‌, പേടിക്കണ്ട. ചന്ദ്രൻസാറ്‌ പറഞ്ഞാ പിന്നെ അപ്രമില്ല.“

”അപ്പം ശരി, വൈകുന്നേരം കാണാം.“ തങ്കപ്പൻ നടന്നകന്നു.

ശിവൻകുട്ടിയുടെ കൊലപാതകികളെ തുറുങ്കിലടയ്‌ക്കുക…

സർക്കാർ നീതി പാലിക്കുക…

ക്രമസമാധാനം നിലനിർത്തുക…

വ്യാജമദ്യപ്പടകളെ തുരത്തുക…

വൻ പ്രകടനമായിരുന്നു അത്‌. മുദ്രാവാക്യങ്ങളെഴുതിയ പ്ലാക്കാർഡുകളും, ശിവൻകുട്ടിയുടെ ചിത്രങ്ങളും ഉയർത്തിക്കാട്ടി മുദ്രാവാക്യങ്ങൾ ഏറ്റുപറഞ്ഞ്‌ സ്‌ത്രീകളും കുട്ടികളും പങ്കെടുത്ത വൻജന സമുദ്രമായിരുന്നു. ഉന്നതായ നേതാക്കളുമൊത്ത്‌ മുൻനിരയിൽ കുഞ്ഞിനെയും എടുത്ത്‌, കഴുത്തിൽ ചുവന്ന പൂമാലയുമായി താനും, ഉയർത്തിപ്പിടിച്ച ശിരസ്സുമായി നടക്കുകയാണ്‌.

ഗ്ലോറിയാ നമ്മുടെ വീരപുത്രി

ഗ്ലോറിയാ നമ്മുടെ നേതാവ്‌..

മുദ്രാവാക്യങ്ങൾ ഉയരുകയാണ്‌. സമരത്തിന്റെ മുൻനിര സെക്രട്ടറിയേറ്റ്‌ കവാടത്തിലെത്തി. എന്തിനും തയ്യാറായി പോലീസുകാർ നിരന്നുനിന്നു. പ്രതിപക്ഷനേതാവായിരുന്നു ഉദ്‌ഘാടകൻ… അദ്ദേഹം പ്രസംഗിക്കാനാരംഭിച്ചു.

”പ്രിയ സുഹൃത്തുക്കളേ… അനീതിക്കും അക്രമത്തിനുമെതിരെ നിന്ന്‌ ഒറ്റയാൾ പോരാട്ടം നടത്തിയ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ അക്രമികളെ ഇതുവരെയും അറസ്‌റ്റു ചെയ്യാൻ ധൈര്യപ്പെടാത്ത സർക്കാർ ഉടൻ രാജിവെക്കണമെന്നാണ്‌ നമ്മൾ പറയുന്നത്‌. ഇല്ലെങ്കിൽ, ഈ ജനങ്ങൾ മുഴുവനും മരണം വരെ ഈ സെക്രട്ടറിയേറ്റ്‌ കവാടത്തിൽ നിരാഹാരസത്യാഗ്രഹമിരിക്കുമെന്ന്‌ നമ്മൾ പ്രതിജ്‌ഞ്ഞ ചെയ്യുന്നു.“

അടുത്ത നിമിഷം ഒരു വെടിമുഴങ്ങി, ജനക്കൂട്ടം ചിതറിയോടി. എങ്ങും വിലാപങ്ങൾ, ആർത്തനാദങ്ങൾ…. താൻ കുഞ്ഞിനെ ഇറുകെപ്പിടിച്ചു. അടുത്ത നിമിഷം തന്റെ നേരെ ആരോ വെടിവെച്ചു. അയ്യോ… ഗ്ലോറിയ ചാടിയെഴുന്നേറ്റു.

എവിടെ പ്രകടനക്കാരെവിടെ…? നേതാക്കളെവിടെ…. ഇല്ല ഒന്നുമില്ല. കുഞ്ഞുമാത്രം തന്നെ കെട്ടിപ്പുണർന്നുറങ്ങുന്നുണ്ടായിരുന്നു. ഉണർന്ന്‌ കരഞ്ഞ കുഞ്ഞിനെ, വീണ്ടും താളത്തിൽ തട്ടിയുറക്കി അവൾ എഴുന്നേറ്റിരുന്നു. ഒരു സ്വപ്‌നമായിരുന്നുവോ അത്‌…

അടുത്ത നിമിഷം വിലാപം പോലെ ഒരു പാട്ട്‌ ഉയർന്നു കേൾക്കാൻ തുടങ്ങി.

നെഞ്ചിനുളളിൽ നീയാണ്‌,

കണ്ണിൽ മുന്നിൽ നീയാണ്‌,

കണ്ണടച്ചാൽ നീയാണ്‌ ഫാത്തിമാ.. ഫാത്തിമാ…

ഗ്ലോറിയ കുടിലിനു പുറത്തുവന്നു. തങ്കപ്പേട്ടൻ ഓടി നടക്കുകയാണ്‌.

”അതേ ഗ്ലോറി… അഞ്ചു മണിയാകും ഉദ്‌ഘാടനത്തിന്‌. ചന്ദ്രൻസാറിന്‌ വേറൊരു പരിപാടിയൊണ്ട്‌.“

ഗ്ലോറിയാ ചിരിച്ചുപോയി. ഉദ്‌ഘാടനത്തിന്‌ വലിയ ഒരുക്കങ്ങളാണ്‌ തങ്കപ്പേട്ടൻ നടത്തിയിരിക്കുന്നത്‌. പാട്ടു തുടരുകയാണ്‌…

സ്‌നേഹിച്ച്‌ സ്‌നേഹിച്ച്‌ കൊതിതീരുംമുമ്പേ,

എന്നെ തനിച്ചാക്കി അകന്നീടുമോ….

ഏതോ ഓർമ്മകളിൽ ഗ്ലോറിയായുടെ മുഖം വാടാൻ തുടങ്ങി. അവൾ നഗരാകാശത്തിലേക്ക്‌ കണ്ണുകളയച്ചുനിന്നു.

”അതേയ്‌, എല്ലാം ചന്ദ്രൻസാറിന്റെ ഏർപ്പാടാ. പിന്നെ ഉദ്‌ഘാടനം കഴിഞ്ഞ്‌ നാളെയോ മറ്റന്നാളോ സീയെമ്മിനെ നേരിൽ കണ്ട്‌ നിവേദനം കൊടുക്കാനുളള ഏർപ്പാടുണ്ടാക്കാമെന്ന്‌, ചന്ദ്രൻസാറ്‌ ഏറ്റിട്ടൊണ്ട്‌.“

അഞ്ചുമണിക്കു തന്നെ ഉദ്‌ഘാടനം നടന്നു. ചന്ദ്രൻസാറിന്റെ ഉദ്‌ഘാടന പ്രസംഗം ഗംഭീരമായിരുന്നു.

”…. അങ്ങ്‌ വടക്കൂന്ന്‌ നീതിക്കുവേണ്ടി ഇങ്ങ്‌ തെക്കേയറ്റം വരെ വന്ന ഗ്ലോറിയെന്ന ഈ യുവതിയായ വിധവയുടെ ആവശ്യം, സർക്കാർ അടിയന്തിരമായി പരിഹരിക്കണമെന്നാണ്‌ എനിക്കു പറയാനുളളത്‌. കൂടുതലൊന്നും എനിക്ക്‌ ഈ സർക്കാരിനോട്‌ ആവശ്യപ്പെടാനില്ല. അതിനാൽ മരണം വരെ സത്യാഗ്രഹമിരിക്കാൻ കൈക്കുഞ്ഞുമായി വന്ന ഈ നിരാലംബയായ സ്‌ത്രീയുടെ സത്യാഗ്രഹസമരം ഞാൻ ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തുകൊളളുന്നു.“

ചാനലുകാർ നേതാവിന്റെ പ്രസംഗവും ഗ്ലോറിയായുടെ മുഖവും ക്യാമറയിൽ പകർത്തി. ശിവൻകുട്ടിയുടെ ഘാതകരെ അറസ്‌റ്റുചെയ്യുക, ഗ്ലോറിയയോട്‌ സർക്കാർ നീതികാണിക്കുക, സത്യാഗ്രഹസമരം ഒന്നാം ദിവസം. എന്നെഴുതിയ ബാനർ, കുടിലിനു പുറത്ത്‌ തങ്കപ്പനും സഹായികളും കെട്ടിയുയർത്തിയിരുന്നു.

”നാളെ ഹർത്താലാ, രാവിലെ നടന്ന വെടിവെപ്പിൽ രണ്ടുപേർ മരിച്ചത്രേ, ഗ്ലോറിയാ ഇപ്പോ വിശ്രമിച്ചോളൂ. ഞാൻ വൈകിട്ടു വരാം.“

തങ്കപ്പൻ, ചന്ദ്രൻസാറിന്റെ ബൈക്കിന്റെ പിന്നിലിരുന്നു പോയി.

നഗരം വിജനമായിരുന്നു. തങ്കപ്പൻ പലപ്പോഴായി കൊണ്ടുവന്ന ഭക്ഷണപ്പൊതികൾ ഗ്ലോറിയായുടെയും കുഞ്ഞിന്റെയും വിശപ്പടക്കി. ഹർത്താൽ വിജനതയിൽ നഗരം ജഡമായി കിടന്നു. വൈകുന്നേരം തങ്കപ്പൻ വന്നു.

”ഗ്ലോറിയാ കുളിച്ചിട്ടു വന്നോളൂ…“

ലോഡ്‌ജ്‌മുറിയിലെ ബാത്ത്‌റൂമിൽ നിന്ന്‌ കുളികഴിഞ്ഞിറങ്ങുമ്പോൾ… തന്നെ ആരോ ചുറ്റിപ്പിടിച്ചതുമാത്രം ഗ്ലോറിയാ ഓർത്തു. അവളുടെ വിലാപങ്ങൾ ഇ.സി. റൂമിൽ ബോധമറ്റു വീണു. ഉണരുമ്പോൾ ഗ്ലോറിയാ നഗ്നയായിരുന്നു. നീറുന്ന നഖക്ഷതങ്ങൾ. തൊട്ടരികിൽ, ചുണ്ടിൽ സിഗററ്റുമായി ചെങ്കൽച്ചൂള ചന്ദ്രൻസാർ. അവൾക്ക്‌ ഉച്ചത്തിലൊന്നു പൊട്ടിക്കരയണമെന്നു തോന്നി. അമർഷവും പകയും വസ്‌ത്രങ്ങളോടൊപ്പം ധരിച്ച്‌, വേച്ച്‌ വേച്ച്‌ അവൾ കുടിലിലെത്തി. കുടിലിൽ തങ്കപ്പൻ കുഞ്ഞിനെ ലാളിക്കുന്നുണ്ടായിരുന്നു. ഒരു വഷളൻ ചിരിയോടെയാണ്‌ തങ്കപ്പൻ ഗ്ലോറിയായെ അഭിമുഖീകരിച്ചത്‌. അടുത്ത നിമിഷം അവളിലെ പക ആളിക്കത്തി. കൈകളിൽ ഉരുക്കുശക്തി ആവാഹിച്ച്‌ അവൾ തങ്കപ്പന്റെ കരണത്ത്‌ ആഞ്ഞൊന്നു കൊടുത്തു. ഒന്ന്‌ സൂക്ഷിച്ച്‌ നോക്കി അയാൾ, ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി. അവൾക്കു കരയാൻ തോന്നിയില്ല. നിസ്സംഗത ഒരു ചൂടുകാറ്റായി അവളെ തഴുകിയിരുന്നു. നേരം പുലർന്നിരുന്നില്ല. എങ്കിലും അവൾ എഴുന്നേറ്റു. കുഞ്ഞ്‌ വിശന്നു കരഞ്ഞു തുടങ്ങിയിരുന്നു. തലേരാത്രിയിൽ തന്റെ മാറിലെ അവസാനത്തെ തുളളിപ്പാലും പിഴിഞ്ഞാണ്‌ കുഞ്ഞു കുടിച്ചത്‌. അവൾ പേഴ്‌സ്‌ എടുത്തു തുറന്നു നോക്കി. ശൂന്യം. തന്റെ പണവും മോഷ്‌ടിക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ അവൾക്കുറക്കെ കരയണമെന്നു തോന്നി. പക്ഷേ, അവൾക്കു പകരം കുഞ്ഞ്‌ തൊണ്ട കീറി കരയാനാരംഭിച്ചിരുന്നു. അവൾ കുഞ്ഞിനെയും തോളിലേറ്റി കുടിലിനു പുറത്തു കടന്നു.

ക്ഷീരകർഷകർ സർക്കാർ കാട്ടുന്ന അവഗണനയിൽ, പാൽ ഒഴുക്കിക്കളഞ്ഞ്‌ പ്രതിഷേധിക്കുന്നു.

എന്നെഴുതിയ വലിയ ബോർഡ്‌ പുറത്ത്‌ സ്ഥാപിച്ചിരുന്നു. സമരക്കാർ പാലൊഴുക്കിക്കളയാൻ ഒരു ലോറിനിറയെ പാൽപ്പാത്രങ്ങൾ ഇറക്കുന്നുണ്ടായിരുന്നു. അവൾ അവൾക്കു നേരെ നടന്നു. പാൽ വണ്ടിയിൽ നിന്നിറക്കുന്നയാൾക്ക്‌ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട്‌ നേതാവ്‌ നിന്നു.

”സാർ, ഒരു ഗ്ലാസ്‌ പാലുതരുമോ? എന്റെ കുഞ്ഞിനു കൊടുക്കാനാ.“

അവൾ നേതാവിനോട്‌ യാചിച്ചു.

ഒന്നു പോയെന്റെ പെങ്ങളേ… നൂറ്റൊന്നു പാത്രം പാലാ ഞങ്ങൾ ഒഴുക്കാൻ ഉദ്ദേശിച്ചിരിക്കുന്നേ, ഇപ്പം തൊണ്ണൂറ്റെട്ടേ ആയിട്ടുളളു, അപ്പഴാ ഒരു സൗജന്യവിതരണം”

പിന്നെ, നേതാവ്‌ അവളെ ഗൗനിക്കാതെ സെൽഫോണിൽ ആരോടോ സംസാരിക്കാനാരംഭിച്ചു.

ഗ്ലോറിയായും കുഞ്ഞും കുടിലിലേക്ക്‌ മടങ്ങി. കുഞ്ഞ്‌ ഉച്ചയിൽ കരഞ്ഞുകൊണ്ടിരുന്നു. ഉൾക്കടമായ ദുഃഖത്തിൽ അവൾ കുഞ്ഞിനെ മാറോടണച്ച്‌ വെറുതെ ബ്ലൗസഴിച്ച്‌ മുലഞ്ഞെട്ട്‌ വായിൽ തിരുകി. കുഞ്ഞ്‌ കരച്ചിൽ നിർത്തി. ഗ്ലോറിയാ ആലോചിക്കുകയായിരുന്നു. താൻ ഇവിടെ അനാഥയാണ്‌. ആരും തന്നെ ശ്രദ്ധിക്കുന്നില്ല. മടങ്ങിപ്പോയാലോ… വേണ്ട, ശിവൻകുട്ടിയെക്കൊന്ന ഘാതകർ ഇപ്പോഴും അവിടെ വിലസുന്നുണ്ട്‌. അവരെ നിയമത്തിന്റെ കീഴിൽ കൊണ്ടുവരികയെന്നതാണ്‌ ലക്ഷ്യം. അതിൽ താനൊരിക്കലും പരാജയപ്പെടരുത്‌.

സമയം ഏറെ കഴിഞ്ഞിരുന്നു. ഒന്നുമയക്കത്തിൽ വീണ കുഞ്ഞ്‌ വീണ്ടുമുണർന്ന്‌ കരയാൻ തുടങ്ങി. കുഞ്ഞിന്റെ വിശപ്പ്‌ ഒടുങ്ങിയിരുന്നില്ല. അവൾ കുഞ്ഞിനെയുമെടുത്ത്‌ പുറത്തു കടന്നു. പാൽ ഒഴുക്കിക്കളഞ്ഞ്‌ പ്രതിഷേധിച്ച സമരക്കാർ, പിരിഞ്ഞുപോയിരുന്നു. ഓടയിലേക്ക്‌ ഇനിയും ഒഴുകിയിറങ്ങാത്ത പാലിന്റെ അവശിഷ്‌ടങ്ങൾ റോഡിൽ തളം കെട്ടിക്കിടന്നു. അവൾ വേഗം സാരിത്തുമ്പെടുത്ത്‌ തളം കെട്ടി കിടക്കുന്ന പാലിൽ മുക്കി, കുഞ്ഞിന്റെ ചുണ്ടിൽ ഇറ്റിച്ചു. കുഞ്ഞ്‌ ആർത്തിയോടെ അത്‌ നുണഞ്ഞിറക്കി. വീണ്ടും രാത്രി വന്നു. എന്തെങ്കിലും ഒരു തീരുമാനം ഉടൻ എടുത്തേ പറ്റൂ. നേരം വെളുക്കട്ടെ ഒരു ഗതിയുമില്ലെങ്കിൽ, താനും കുഞ്ഞും ഇവിടെ വീണു മരിക്കും.

രാത്രി കൂടുതൽ കൊഴുത്തു വന്നു. വിജനത ഒരു പ്രേതബാധയായി നഗരത്തെ കീഴടക്കിയിരുന്നു. സ്‌റ്റാച്യൂജംഗ്‌ഷനിലെ അവൾക്ക്‌ പേരറിയാത്ത ഏതോ മഹാത്മാവിന്റെ പ്രതിമയുടെ തലയ്‌ക്കു മുകളിലെ വെളിച്ചവും അസ്‌തമിച്ചു.

കുഞ്ഞ്‌ ആഴത്തിലുളള ഉറക്കത്തിലായിരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പുകൾ ആ ശ്‌മശാനനിശ്ശബ്‌ദതയിൽ വെറുതെ അവൾ എണ്ണാൻ തുടങ്ങി. ഒന്ന്‌, രണ്ട്‌, മൂന്ന്‌…. അടുത്ത നിമിഷം ഒരു വണ്ടി പാഞ്ഞുവന്ന്‌ കുടിലിനു മുന്നിൽ വന്നുനിന്നതായി അവളറിഞ്ഞു. പെട്ടെന്ന്‌, ഒരു കൂട്ടം ആളുകൾ കുടിലിനകത്തെത്തി. അവളെ പൊക്കിയെടുത്ത്‌ വാഹനത്തിലിട്ടു. വാഹനം എങ്ങോട്ടോ ചീറിപ്പാഞ്ഞു. അവൾക്ക്‌ ശബ്‌ദം നഷ്‌ടപ്പെട്ടിരുന്നു. ബോധമുണരുമ്പോൾ, ഒരു കുറ്റിക്കാട്ടിൽ താൻ വിവസ്‌ത്രയായി മേലാസകലം മുറിവേറ്റു കിടക്കുകയാണെന്നവളിഞ്ഞു. ദേഹം മുഴുവൻ വരഞ്ഞിട്ടതുപോലെ. രാത്രി കൂടുതൽ കറുത്തു. അവൾ വേഗം ഓർത്തത്‌ തന്റെ കുഞ്ഞിനെയാണ്‌. അവശേഷിച്ച വസ്‌ത്രങ്ങൾ വാരിവലിച്ചുടുത്ത്‌ നിരങ്ങി നടന്ന്‌ അവൾ, സെക്രട്ടറിയേറ്റ്‌ മന്ദിരത്തിന്റെ വാതിൽക്കലുളള കുടിലിലെത്തി. കുഞ്ഞ്‌ ഉറക്കത്തിൽ തന്നെയായിരുന്നു. അവൾ വേഗം കുഞ്ഞിനെ വാരിയെടുത്ത്‌ നടന്നു. രാത്രിയിൽ സെക്രട്ടറിയേറ്റ്‌ മന്ദിരം, ചോരകുടിക്കുന്ന രക്ഷസ്സുകൾ പാർക്കുന്ന ഒരു ഡ്രാക്കുളക്കോട്ടപോലെ അവൾക്ക്‌ തോന്നി.

നേരം പുലർന്നിട്ടില്ലായിരുന്നു. വടക്കോട്ടു പോകുന്ന ട്രെയിനിൽ കുഞ്ഞിനെയും കെട്ടിപ്പിടിച്ച്‌, ജനറൽ കമ്പാർട്ടുമെന്റിലെ ബാത്ത്‌റൂമിന്‌ സമീപത്തെ തറയിൽ, മരിക്കാത്ത രക്തസാക്ഷിയായി അവൾ ചാരിയിരുന്നു.

ഇതേ സമയം, നഗരത്തിൽ ഒരു ചാനലിലെ പ്രഭാത പരിപാടിക്കിടയിൽ ഒരു ഫ്ലാഷ്‌ ന്യൂസ്‌ ഒഴുകിക്കൊണ്ടിരുന്നു. കഴിഞ്ഞ രാത്രിയിൽ സെക്രട്ടറിയേറ്റ്‌ പരിസരത്ത്‌ നടന്ന, നാടിനെ നടുക്കിയ ഒരു ബലാത്സംഗം ഞങ്ങളുടെ ചാനലിൽ കാണുക. പരസ്യദാതാക്കൾക്ക്‌ സുവർണ്ണാവസരം.

Generated from archived content: story1_mar12_08.html Author: b_josekutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമഞ്ഞ്‌ തിന്നുന്നവൻ
Next articleനൊസ്‌റ്റാൾജിയ
ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ ബേബി പൈലോയുടേയും ചിന്നമ്മ ബേബിയുടേയും മകന്‍ . ധനതത്വ ശാസ്ത്ര ബിരുദധാരിയാണ്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും റേഡിയോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറുമാണ്. ‘ ഇഹലോകജീവിതം’ എന്നൊരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കളിവള്ളം (വീഡിയോ ഫിലിം) ചമ്പക്കുളം പെരുമ , ദ അഡ് വേഴ്സിറ്റി എന്നി ഡോക്യുമെന്ററികളും ഏതാനും കവിത, സംഗീതാവിഷ്ക്കാരമടങ്ങിയ ആ‍ല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഡോ. അയ്യപ്പപണിക്കര്‍ കവിതാപുരസ്ക്കാരം, ഭിലായ് മലയാള ഗ്രന്ഥശാല പുരസ്ക്കാരം, അങ്കണം ( കൊച്ചുബാവ സ്മാരകപുരസ്ക്കാരം) ഉള്‍പ്പെടെ ഏതാനും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. Address: Phone: 09961077837,09497221722

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here