ഗ്രാമവീഥികൾ ഇപ്പോൾ സജീവമാണ്. തിരക്കിന്റെ അലങ്കാരങ്ങൾ കിന്നരിവെച്ച ഗ്രാമമുഖത്ത് ആഢംബരത്തിന്റെ കൊഴുപ്പ്. ഒരിക്കൽ ഈ നാടിന്റെ തന്നെ ജീവവായുവായി വാണിരുന്ന നൂൽക്കമ്പനി രണ്ടുകൊല്ലമായി അടഞ്ഞു കിടന്നിട്ടും നാടിനൊരു ക്ഷാമവുമില്ലാതായിരിക്കുന്നു. രണ്ടുകൊല്ലം മുമ്പ് ഫാക്‌ടറി അടച്ചിടാൻ അധികാരികൾ തീരുമാനിക്കുമ്പോൾ കഷ്‌ടിച്ച് കഴിഞ്ഞുപോകാൻ പറ്റുന്ന വരുമാനമേ ഫാക്‌ടറിയിൽനിന്ന് ലഭിച്ചിരുന്നുളളൂ. പക്ഷേ, അനിശ്ചിതകാലത്തേയ്‌ക്ക് അതടച്ചിട്ടപ്പോൾ ഞങ്ങൾ ഇല്ലായ്‌മയുടെ, ദാരിദ്ര്യത്തിന്റെ അസ്വസ്ഥതകൾ അനുഭവിക്കാനാരംഭിച്ചിരുന്നു. എങ്കിലും, അവശേഷിക്കുന്ന ഉരുപ്പടികൾ പണയം വെച്ചും, അധികമായി തോന്നിയ വീട്ടുസാമാനങ്ങൾ വിറ്റഴിച്ചും ഞങ്ങൾ പട്ടിണിത്തെയ്യങ്ങളെ വീടുകളിൽനിന്ന് ആട്ടിയകറ്റിയിരുന്നു. അതും ഓരോന്നായി ഒടുങ്ങി, ഓരോ വീട്ടിലേയും അവസാനത്തെ അരിമണിയും തീർന്ന് മരച്ചീനിയും ചേമ്പും കാച്ചിലും പുഴുങ്ങിത്തിന്ന് ദിവസങ്ങൾ തളളി നീക്കവെയാണ് അവരെത്തിയത്.
സുന്ദരികളും സുന്ദരൻമാരുമായ ഇരുപതിനും ഇരുപത്തഞ്ചിനുമിടയിൽ പ്രായം വരുന്ന ചെറുപ്പക്കാർ എക്‌സിക്യൂട്ടീവ് വേഷങ്ങളിൽ, ഒരു പുരുഷനും ഒരു സ്‌ത്രീയുമടങ്ങിയ ടീമായി ഓരോ വീടിനു മുന്നിലുമെത്തി. ആകർഷകമായ ഓരോ പുഞ്ചിരിയും കരുതിവെച്ച്. ‘ബ്രിട്ടീഷ് ഫുഡ് ഇന്ത്യാ ലിമിറ്റഡ്’ എന്ന വിദേശ കമ്പനിയ്‌ക്കുവേണ്ടി കുടുംബ സർവ്വേ എടുക്കാൻ വന്നതാണെന്നാണ് അവർ പരിചയപ്പെടുത്തിയത്. ഗ്രാമത്തിലെ വീടുകളിൽ ഭാര്യയും ഭർത്താവും അഞ്ചുവയസ്സിൽ താഴെയുളള ഒന്നോ രണ്ടോ കുട്ടികളും മാത്രമേ ഉണ്ടാകുകയുളളൂ. അപൂർവ്വം ചില വീടുകളിൽ മാത്രം പ്രായമായ അച്‌ഛനും അമ്മയും കാണും. ഏതാണ്ട് ഒരാഴ്‌ചയ്‌ക്കകം അമ്പത് ജോഡി എക്‌സിക്യൂട്ടീവുകൾ എല്ലാ വീടുകളിലും കയറി സർവ്വേയെടുത്തു. ഞങ്ങളുടെയെല്ലാം വീട്ടിലെ ഭാര്യമാർക്ക് മുപ്പതിൽ താഴെയേ പ്രായമുണ്ടായിരുന്നുളളൂ. സർവ്വേ നടത്തിയ ഓരോ വീട്ടിലും അഞ്ഞൂറുരൂപയുടെ ഒറ്റ നോട്ടിനോടൊപ്പം ‘നിങ്ങൾക്ക് ആർഭാട പൂർണ്ണമായൊരു ജീവിതം ബ്രിട്ടീഷ് ഫുഡ് ഇന്ത്യാ ലിമിറ്റഡ് കമ്പനി വാഗ്‌ദാനം ചെയ്യുന്നു.’ എന്ന സന്ദേശമടങ്ങിയ ഒരു കുറിപ്പും തന്നിരുന്നു. മറ്റൊരു കാര്യം എടുത്തുപറയേണ്ടത്, സർവ്വേയ്‌ക്ക് വന്നവർ കൂടുതൽ ചോദ്യങ്ങൾ ഞങ്ങൾ പുരുഷൻമാർ ഉണ്ടായിരുന്നിട്ടും സ്‌ത്രീകളോടാണ് ചോദിച്ചത്. ലേഡി എക്‌സിക്യൂട്ടീവുകളുടെ ചില ചോദ്യങ്ങൾക്ക് ഭാര്യമാർ ലജ്ജകൊണ്ട് ചൂളുന്നതും കണ്ടിരുന്നു.
രാത്രിയിലുളള സഹശയനത്തിൽ ഞങ്ങൾ ചില ഭർത്താക്കൻമാരെങ്കിലും, ചില ചോദ്യങ്ങൾക്ക് നിങ്ങൾ ലജ്ജിച്ചതെന്തിനെന്ന് ചോദിക്കുകയും ചെയ്‌തു. ഭൂരിപക്ഷം ഭാര്യമാരും അതിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല. ഭാര്യമാരെ ഓമനിക്കുന്നതിൽ നിപുണരായ ചിലരുടെ ഭാര്യമാർ മാത്രം അതു തുറന്നു പറഞ്ഞു. ഭർത്താക്കൻമാരുമായുളള ശാരീരിക ബന്ധത്തെക്കുറിച്ചാണത്രേ ചോദിച്ചത്. ഇത്രയുമൊക്കെ ആയപ്പോഴാണ് ഞങ്ങൾ യൂണിയനാഫീസിൽ വീണ്ടും ഒരുമിച്ചു കൂടിയത്. നൂൽക്കമ്പനിയിലെ ജോലിക്കാരായ ഞങ്ങൾക്ക് ഇടവേളകളിൽ ചെസ്സും കാരംസ്സും കളിക്കാനാണ് ഫാക്‌ടറിക്ക് സമീപം ഒറ്റമുറി കെട്ടിടം പണിയിച്ചത്. വലിയ ഹാൾപോലെയുളള ആ മുറിയിൽ ശമ്പളം കിട്ടുന്ന ദിനങ്ങളിൽ ഉത്സവം പോലെയായിരുന്നു. വിലകൂടിയ മദ്യവും റോസ്‌റ്റു ചെയ്‌ത അണ്ടിപ്പരിപ്പും ഞങ്ങൾ അവിടെ വാങ്ങിക്കൂട്ടുമായിരുന്നു. ക്രമേണ കമ്പനിയടച്ചപ്പോൾ യൂണിയനാഫീസിലേയ്‌ക്കുളള വരവ് മുടങ്ങി. പിന്നെയാരും വരാതെയായി. അടഞ്ഞുകിടന്ന യൂണിയനാഫീസിന്റെ പൂട്ടിക്കിടന്ന താഴ് വെളളം കയറി തുരുമ്പുപിടിച്ചിരുന്നു. താഴ് തകർത്താണ് ഞങ്ങളത് തുറന്ന് ഒത്തുകൂടിയത്.
ഞങ്ങളുടെ എല്ലാവരുടേയും ചോദ്യം ഒന്നുതന്നെയായിരുന്നു. എന്തിനാണ് ബ്രിട്ടീഷ് ഫുഡ് ഇന്ത്യാ ലിമിറ്റഡ് കമ്പനി ഞങ്ങളുടെ ഗ്രാമത്തിലെത്തിയത്….? സർവ്വേ നടത്തിയത് എന്തിന്..? സ്‌ത്രീകളോടുമാത്രം ചില രഹസ്യചോദ്യങ്ങൾ ചോദിച്ചതെന്തിന്…? അഞ്ഞൂറുരൂപ ഓരോ വീട്ടിലും നൽകിയതെന്തിന്…?
‘ഇനി പുതിയ കമ്പനി നമ്മുടെ നാട്ടിൽ തുടങ്ങാനാണോ…? എങ്കിൽ നമ്മൾ രക്ഷപ്പെട്ടു.’ ചിലർ പറഞ്ഞു.
‘പക്ഷേ, ചില കുനുഷ്‌ടു ചോദ്യങ്ങൾ യുവതികളായ നമ്മുടെ ഭാര്യമാരോട് ചോദിച്ചതെന്തിന്..?’
ഞങ്ങൾ എത്ര ആലോചിച്ചിട്ടും ഒരു ഉത്തരവും കിട്ടിയതുമില്ല. പക്ഷേ, ഞങ്ങൾക്കു കിട്ടിയ ആ അഞ്ഞൂറു രൂപ ഞങ്ങൾ പലരും ചെലവാക്കി കഴിഞ്ഞിരുന്നു. ചിലർ അരിയും സാമാനങ്ങളും വാങ്ങി. ഇറച്ചി കഴിച്ചിട്ട് കുറെ നാളായ ചിലർ ഇറച്ചി വാങ്ങി. മറ്റു ചിലർ ഒരപൂർവ്വ നിധിപോലെ അതു സൂക്ഷിച്ചുവെച്ച് ഓമനിച്ചു.
കൃത്യമായ ഒരാഴ്‌ചയുടെ ഇടവേളയ്‌ക്കുശേഷം അവർ വീണ്ടുമെത്തി. ഇത്തവണ അവർ, കൈയിൽ ഓരോ പായ്‌ക്കറ്റുമായാണെത്തിയത്. കഴിഞ്ഞയാഴ്‌ച, ഒരു സഹായംപോലെ അഞ്ഞൂറുരൂപ തന്ന അവരെ അതിഥികളായാണ് ഞങ്ങളുടെ ഭാര്യമാർ സ്വീകരിച്ചത്. ഓരോ വീട്ടിലും വന്ന ആണും പെണ്ണുമടങ്ങിയ ടീം പുരുഷന്മാരായ ഞങ്ങളെ പൂർണ്ണമായി അവഗണിച്ചതുപോലെയായിരുന്നു. കഴിഞ്ഞ തവണ സർവ്വേയ്‌ക്കു വന്നപ്പോൾ ഞങ്ങളോട് ചില ചോദ്യങ്ങൾ പേരിനെങ്കിലും ചോദിച്ചെങ്കിലും ഇത്തവണ ഞങ്ങളെ അവർ പൂർണ്ണമായും അവഗണിക്കുക തന്നെ ചെയ്‌തു. എന്നു മാത്രമല്ല, കഴിയുമെങ്കിൽ ഭർത്താക്കൻമാരെ ഇവിടെനിന്ന് ഒഴിവാക്കിത്തരണമെന്ന് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്‌തു. ഭാര്യമാരുടെ ചില കൺപ്രയോഗങ്ങൾ കൊണ്ട് ഞങ്ങൾ മാറികൊടുക്കുകയും ചെയ്‌തു. ഏകദേശം രണ്ടുമണിക്കൂർ കഴിഞ്ഞ് ഞങ്ങൾ വീട്ടിലെത്തുമ്പോൾ ഭാര്യമാർ എല്ലാവരും അനൽപ്പമായ ആഹ്ലാദത്തിലായിരുന്നു. വന്നവർ ചില കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞത്രേ. പിന്നെയൊരു ക്ഷണക്കത്ത്. ഒപ്പം ആയിരം രൂപയുടെ ഒരു കറൻസി നോട്ടും. ഞങ്ങൾ പലരും ആഹ്ലാദം കൊണ്ട് തുളളിച്ചാടി. ആയിരത്തിന്റെ നോട്ട് ഞങ്ങൾ ആദ്യം കാണുകയായിരുന്നു.
ഞങ്ങളുടെ ഗ്രാമത്തിൽനിന്നും രണ്ടുമണിക്കൂർ യാത്രാ ദൈർഘ്യമുളള നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് അടുത്തയാഴ്‌ച നടക്കുന്ന ഒരു പ്രധാനപ്പെട്ട മീറ്റിംഗിൽ പങ്കെടുക്കണമെന്ന് കമ്പനിയുടെ ഡയറക്‌ടർ, ഞങ്ങളുടെ ഭാര്യമാരെ സ്‌നേഹപൂർവ്വം ക്ഷണിച്ചുകൊണ്ടുളള കത്തായിരുന്നു കവറിലുണ്ടായിരുന്നത്. രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാലുമണിവരെയുളള മീറ്റിംഗിനായി കൊണ്ടുപോകുവാൻ എയർകണ്ടീഷൻഡ് ബസ്സുവരുമെന്നും അതിൽ പോകാമെന്നുമായിരുന്നു കത്തിൽ എഴുതിയിരുന്നത്. അക്ഷരങ്ങൾക്ക് സ്വർണ്ണനിറമായിരുന്നു. വേറെയാരേയും, കുട്ടികളെപോലും കൂടെ കൂട്ടേണ്ട എന്നുമുണ്ടായിരുന്നു.
പക്ഷേ, ഇത് ഞങ്ങൾക്ക് സഹിച്ചില്ല. ഒരിക്കൽപോലും ഗ്രാമത്തിനപ്പുറത്തേയ്‌ക്ക് ഞങ്ങളാരും തനിച്ച് ഭാര്യമാരെ അയച്ചിരുന്നില്ല. ഇതനുവദിക്കില്ലെന്ന് ഞങ്ങൾ തീർച്ചപ്പെടുത്തി. അതിന്റെ ആവശ്യം വരില്ല. പലരും തങ്ങളുടെ ഭർത്താക്കൻമാരില്ലാതെ, തുണയില്ലാതെ നഗരത്തിലേയ്‌ക്ക് പോകാൻ തീരുമാനമെടുക്കില്ല എന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷേ, ഞങ്ങളുടെ ധാരണകളെ അവർ തകർത്തുകഴിഞ്ഞിരുന്നു. അന്നു രാത്രിയിലുളള സഹശയനത്തിൽ തന്നെ. ഞങ്ങൾ ഒറ്റയ്‌ക്ക് പോയ്‌ക്കൊളളാമെന്നും, ഞാനൊറ്റയ്‌ക്കല്ലല്ലോ ഇവിടുത്തെ മറ്റുളളവളുമാരുമില്ലേ… എന്ന് ഓരോരുത്തരുടേയും ഭാര്യമാർ വാദിച്ചു ജയിച്ചു. എതിർപ്പു കാണിച്ചവരെ കിടപ്പറയിൽവെച്ച് ഭാര്യമാർ കീഴ്‌പ്പെടുത്തി.
ഇപ്പോൾ ഞങ്ങൾ പഴയ സ്ഥിതിയിലേയ്‌ക്ക് വരുന്നു.
സുഭിക്ഷമായ ഭക്ഷണം….
ഞങ്ങളുടെ അടുക്കളയിലെ തിരക്ക്…
തിങ്കളാഴ്‌ച അതിരാവിലെ തന്നെ ചലിക്കുന്ന കൊട്ടാരം പോലെയുളള രണ്ടു ബസ്സുകൾ ഗ്രാമമുഖത്തെത്തി. ഓരോ ഭർത്താക്കൻമാരും അവരവരുടെ ഭാര്യമാരെ ആകർഷകമാക്കി ഒരുക്കി ബസ്സിൽ കയറ്റിയിരുത്തി. ഒരു ഭാര്യയുടെ മുഖത്തുപോലും ഒറ്റയ്‌ക്കുപോകുന്നതിന്റെ അസ്വസ്ഥത ഉണ്ടായിരുന്നില്ല. അവരെല്ലാവരും പുഞ്ചിരിച്ചാണ് ഭർത്താക്കൻമാരോട് യാത്ര പറഞ്ഞത്. വലിയ ശബ്‌ദമൊന്നും കേൾപ്പിക്കാതെ നേർത്ത ഒരു മുരൾച്ചയോടെ ബസ്സുകൾ രണ്ടും നിറഞ്ഞ്് നഗരത്തിലേയ്‌ക്ക് പോയി.
ഞങ്ങളിൽ ചിലർ യൂണിയനാഫീസിൽ കയറിയിരുന്നു. ആരുമാരും അന്യോന്യം ഒന്നും മിണ്ടിയില്ല. സ്വന്തം ഭാര്യയെ അന്യപുരുഷന്റെ കിടപ്പറയിലേയ്‌ക്ക് പറഞ്ഞുവിട്ടതുപോലെയായിരുന്നു ഞങ്ങളുടെ അവസ്ഥ. മരവിച്ച പ്രത്യയ ശാസ്‌ത്രങ്ങൾ എട്ടുകാലി വലകളായി തൂങ്ങിനിന്നു. ഞങ്ങൾ വീടുകളിലേയ്‌ക്ക് തന്നെ മടങ്ങി. വൈകുന്നേരം നാലുമണിവരെയെങ്കിലും കൈക്കുഞ്ഞുങ്ങളുൾപ്പെടെയുളളവർ ഞങ്ങളുടെ മാത്രം സംരക്ഷണയിലാണല്ലോ.
സന്ധ്യയ്‌ക്കുമുമ്പായി തന്നെ ഗ്രാമമുഖത്ത് രണ്ടു ബസ്സുകളും വന്നുനിന്നു. അങ്ങോട്ടുപോയതിനേക്കാൾ ഇരട്ടി ആഹ്ലാദത്തിലായിരുന്നു എല്ലാവരും. അതുമാത്രമല്ല, എല്ലാവരുടെയും കൈകളിൽ സാമാന്യം വലിപ്പമുളള എന്തൊക്കെയോ നിറച്ച ബാഗും, ഫയലുകളുമുണ്ടായിരുന്നു. കാത്തിരുന്ന, ഭർത്താക്കന്മാരായിരുന്ന ഞങ്ങളുടെ കൈയൽ ബാഗ് ഏൽപ്പിച്ച് ഉത്സാഹപൂർവ്വം ഓരോരുത്തരും വീടുകളിലെത്തി. ഭർത്താവിനോട് കൂടുതൽ സ്‌നേഹവും ബഹുമാനവുമുളള ഭാര്യമാർ ആദ്യം ചെയ്‌തത് ഒരു തടിച്ച കവർ ഭർത്താവിനുനേരെ നീട്ടുകയായിരുന്നു. ബ്രിട്ടീഷ് ഫുഡ് ഇന്ത്യാ ലിമിറ്റഡ് എന്ന പേരും കവറിൽ മുദ്രയടിച്ചിട്ടുണ്ടായിരുന്നു. കവറിനകത്ത് നൂറിന്റെ ഒരു കെട്ട് കറൻസിയായിരുന്നു. അതുകണ്ട ചില ഭർത്താക്കൻമാരുടെയെങ്കിലും അർത്ഥഗർഭമായ മൗനത്തെ അവരുടെ ഭാര്യമാർ പ്രണയവാക്കുകൾ കൊണ്ട് തുടച്ചുകളഞ്ഞിരുന്നു.
സ്‌ത്രീകൾക്കുവേണ്ടി മാത്രമുളള ചില വസ്‌തുക്കളായിരുന്നു ബാഗിലുണ്ടായിരുന്നത്. പ്രോട്ടീൻ-മിനറൽസ് -മിൽക്ക് പൗഡറുകൾ, വൈറ്റമിൻ കാപ്‌സ്യൂളുകൾ, സുഗന്ധം പരത്തുന്ന ക്രീമുകൾ, ബ്രേസ്സിയറുകൾ, നാപ്‌കിനുകൾ, കുഞ്ഞുങ്ങൾക്കുവേണ്ടുന്ന ഫീഡിംഗ് ബോട്ടിലുകൾ, നിപ്പിളുകൾ പിന്നെ ഒരു കൈപ്പുസ്‌തകവും. സ്‌ത്രീ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്ന മുലകളുടെ സംരക്ഷണത്തെക്കുറിച്ചും, മുലപ്പാൽ എങ്ങനെ വർദ്ധിപ്പിക്കാമെന്നതിനെക്കുറിച്ചും എന്നൊക്കെ വിവരിക്കുന്നതായിരുന്നു ആ പുസ്‌തകത്തിലുണ്ടായിരുന്നത്. കൂടാതെ, മുലയൂട്ടൽ നിർത്തിയ സ്‌ത്രീകളിൽ എങ്ങനെ മുലപ്പാൽ ഉല്പാദിപ്പിക്കാം എന്ന വിവരങ്ങളും കൈപ്പുസ്‌തകത്തിൽ വിവരിച്ചിരുന്നു. മിൽക്ക് പൗഡർ കൈക്കുഞ്ഞുങ്ങൾക്ക് കൊടുക്കാനുളളവയായിരുന്നു. സ്‌നിഗ്‌ദ്ധത നിലനിർത്താനും വിയർപ്പ് അടിയാതിരിക്കാനുമുളള പൗഡറുകളുമുണ്ടായിരുന്നു. ബ്രേസ്സിയറുകളായിരുന്നു മറ്റൊരു സവിശേഷത. ഹുക്കിനോടൊപ്പവും, നൂലിനോടൊപ്പവുമുളള വയലറ്റുനിറമുളള നാരുകൾ അതിസൂക്ഷ്‌മങ്ങളായ മൈക്രോചിപ്പുകൾ ഘടിപ്പിച്ചവയാണ്. കുളിക്കുമ്പോൾപോലും അതഴിച്ചുവെയ്‌ക്കാൻ പാടില്ല. എത്ര വെളളം വീണാലും ജലസ്പപർശമേൽക്കാത്ത പ്രത്യേക തരത്തിലുളള വാട്ടർപ്രൂഫ് കോട്ടൺ നൂലുകൾ കൊണ്ട് നെയ്‌ത തുണികൊണ്ടാണ് ബ്രേസ്സിയറിന്റെ നിർമ്മാണം.
മഴ നിറഞ്ഞുനിന്ന ഒരു രാത്രിയായിരുന്നു അത്. പുറത്തുപെയ്യുന്ന താളാനുസൃതമായ മഴ കിടപ്പറയിൽ അനുഭൂതിയുടെ, ആവേശത്തിന്റെ മുളകൾ ജനിപ്പിക്കുമ്പോൾ ഞങ്ങളുടെ ദാഹാർത്തമായ ചുണ്ടുകൾ ആദ്യം നെറ്റിയിൽ ഉമ്മവെച്ച്, പിന്നെ കണ്ണുകളിലും അധരങ്ങളിലും ചെന്ന് കഴുത്തിന് താഴേയ്‌ക്ക് നീങ്ങുകയും പിന്നെ ബ്രേസിയറിന്റെ കുടുക്കുകൾ വിടുവിക്കാൻ തുടങ്ങുമ്പോൾ ഭാര്യയിൽ നിന്ന് നിഷേധത്തിന്റെ അലകൾ. വിജ്രംഭിച്ചുനിൽക്കുന്ന മുലകളെ സ്‌പർശിക്കാതെ മുലകൾക്ക് കീഴേയ്‌ക്ക് ഞങ്ങളുടെ അധരങ്ങൾ തെന്നിമാറി. ഭാര്യമാരുടെ മാറിടങ്ങൾ ഞങ്ങൾക്ക് വിലക്കപ്പെട്ട കനിയായി. വയലറ്റുനിറമുളള പ്രത്യേകതരത്തിലുളള ബ്രേസിയറുകൾ ഞങ്ങൾക്ക് പീഢനമായി. ഒരിക്കൽപോലും അതഴിക്കാൻ പാടില്ലത്രേ. അഴിച്ചാൽ മാറിലെ ചൂട് ബാഷ്‌പീകരിക്കപ്പെടും. അത് ബ്രേസിയറുകളിലെ ചിപ്പുകൾ രേഖപ്പെടുത്തും. സ്വന്തം സ്‌പർശത്തിനപ്പുറമുളള സ്‌പർശം പോലും ചിപ്പുകൾക്ക് തിരിച്ചറിയാൻ കഴിയും. ഹൈജീനിക്കായി സൂക്ഷിക്കുക. അണുബാധയുണ്ടാകരുത്, അന്യസ്‌പർശമുണ്ടാകരുത്. ഉണ്ടായാൽ മുലപ്പാൽ ഉല്പാദനം കുറയും. സാധാരണ ആഹാരത്തിനുപുറമെ വൈറ്റമിൻ കാപ്‌സ്യൂളുകളും, പ്രോട്ടീൻ പൗഡറുകളും, പാലും കഴിക്കണം. കുഞ്ഞുങ്ങളെപോലും മുലയൂട്ടരുത്. അവർക്കുളള പ്രോട്ടീനടങ്ങിയ ടോണിക്കുകൾ, പാൽ എന്നിവ പാൽകുപ്പിയിലൂടെ മാത്രം കൊടുക്കുക.
നിബന്ധനകളും നിഷേധങ്ങളും പ്രണയത്തിന്റെ അകമ്പടിയോടെ ഭാര്യമാർ ഞങ്ങൾക്ക് നൽകികൊണ്ടിരുന്നു. ഇപ്പോൾ ഇങ്ങനെയാണ്, ഞങ്ങളുടെ ഭാര്യമാരുടെ മാറിടങ്ങൾ സുന്ദരങ്ങളാണ്. നുകരാത്ത റോസാപ്പൂവുപോലെ, സുഗന്ധമിയലുന്ന അതിന്റെ ദളങ്ങൾപോലെ. ദിവസേന പ്രഭാതങ്ങളിൽ ഇപ്പോൾ ഗ്രാമത്തിലെ ഓരോ വീട്ടിലുമെത്തുന്നത് ബ്രിട്ടീഷ് ഫുഡ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ശീതീകരിച്ച വാഗണുകളാണ്. എക്‌സിക്യൂട്ടീവുമാർ ഏൽപ്പിച്ച ഒരു ഉപകരണം ഞങ്ങളുടെ ഭാര്യമാർ മുലകളിൽ പിടിപ്പിക്കുന്നു. ഒരു കറവക്കാരനെപ്പോലെ യന്ത്രം പാൽ കറന്നെടുക്കുന്നു. അവ ശേഖരിച്ച് എക്‌സിക്യൂട്ടീവുമാർ നഗരത്തിലേയ്‌ക്ക് കൊണ്ടുപോകുന്നു. ദിവസേന നൂറുകണക്കിന് ലിറ്റർ പാലാണ് ഞങ്ങളുടെ ഭാര്യമാർ ചുരത്തികൊടുക്കുന്നത്. ഞങ്ങളിപ്പോൾ സുഖജീവിതത്തിലാണ്. നല്ല വീട്, ആധുനിക വീട്ടുപകരണങ്ങൾ, വിലകൂടിയ ഭക്ഷണ പദാർത്ഥങ്ങൾ….
ഇവിടെയിപ്പോൾ ഒരു തുളളി മുലപ്പാൽ അമ്മയുടെ മാറിൽ നിന്ന് നേരിട്ട് നുകരാൻ കുഞ്ഞുങ്ങൾ തൊളളപൊട്ടി കരയാറില്ല. മാറിടങ്ങളിൽ ഉമ്മ വെയ്‌ക്കാൻ, എടുത്തോമനിക്കാൻ ഞങ്ങൾ ഭർത്താക്കൻമാർ മോഹിക്കാറില്ല.
തുടർന്ന്, ടി.വി.ചാനലുകളിൽ പൊട്ടിമുളച്ച ഒരു പരസ്യം ഞങ്ങൾ കണ്ടു. മുലപ്പാലിൽനിന്നുണ്ടാക്കിയ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ നീണ്ട നിര. പാൽപ്പൊടികൾ, ബിസ്‌ക്കറ്റുകൾ, ടോഫികൾ, കേക്കുകൾ, ഐസ്‌ക്രീമുകൾ, സോസുകൾ, സ്‌ക്വാഷുകൾ എന്നിങ്ങനെ….. ബ്രിട്ടീഷ് ഫുഡ് ഇന്ത്യാ ലിമിറ്റഡ് കമ്പനിയുടെ ടേണോവർ നാൽപതുകോടിയിൽ നിന്നും നൂറ്റിയറുപത് കോടിയിലെത്തിയ ഡയറക്‌ടറുടെ പ്രസ്‌താവനയും. അയാൾ ആദ്യം നന്ദി പറഞ്ഞത് ഞങ്ങളുടെ ഗ്രാമത്തിലെ സ്‌ത്രീകളോടാണ്. കമ്പനിയുടെ ഇത്തരത്തിലുളള പരീക്ഷണ പ്രവർത്തനങ്ങൾ വിജയകരമാണത്രേ. ഇത്, മറ്റ് ഗ്രാമങ്ങളിലേയ്‌ക്കും വ്യാപിപ്പിക്കുമത്രേ…
ഒരു മേഘാവൃതമായ പ്രഭാതത്തിൽ ഗ്രാമത്തിലെ ഒരു ഭാര്യയാണ് ഭർത്താവിനെ അത് കാണിച്ചത്. ഉപകരണം കറന്നെടുത്ത പാലിൽ ചുവപ്പിന്റെ ഒരു നേരിയ രേഖ. വിളറിയ വിപ്ലവത്തിന്റെ മങ്ങിയ ചുവന്ന കൊടിയടയാളം പോലെ…
ദിവസങ്ങൾ കഴിയവേ, പാൽ കൊണ്ടുപോകാൻ ശീതീകരിച്ച വാഗണുകൾ വരാതെയായി. എങ്കിലും മാറിടം പറിച്ചെടുക്കുന്ന വേദനയുമായി ഞങ്ങളുടെ ഭാര്യമാർ കാത്തിരിക്കുകയാണ്. ചിലപ്പോൾ വന്നെത്തിയേക്കാമെന്ന ബ്രിട്ടീഷ് ഫുഡ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ശീതീകരിച്ച വാഗണുകളെ കാത്ത്. അവരിപ്പോഴും തങ്ങളുടെ മുലകളെ അചുംബിതമായി പരിപാലിക്കുന്നു. ഞങ്ങളുടെ ഗ്രാമചക്രവാളത്തിൽ ദാരിദ്ര്യത്തിന്റെ ചാരമേഘങ്ങൾ വീണ്ടും പടരാൻ തുടങ്ങിയിരിക്കുകയാണല്ലോ.
Generated from archived content: story1_dec30.html Author: b_josekutty