എപ്പോഴും പുറത്താണ് ഇടം
അതും ഒരുമിച്ച് തന്നെ
‘മെയ്ഡ് ഫോര്‍ ഈച്ച് അദര്‍’
എന്നൊക്കെ വിശേഷിപ്പിക്കും
ഇടതനും വലതുമാണെങ്കിലും
ബദ്ധവൈരികളല്ല.
ഇടതില്ലാതെ വലതിനും
വലതില്ലാതെ ഇടതിനും അസ്തിത്വമില്ല
ഒരുമിച്ചെവിടെയും സഞ്ചാരം
യാത്രക്കിടയില്‍ ഒന്നിനു പരിക്കായാല്‍
മറ്റേതും ഒപ്പം നിര്‍ദാക്ഷിണ്യം തെരുവിലുപേക്ഷിക്കപ്പെടും.
അതുകൊണ്ട് സന്താപമില്ല
ഓടും ചാടും വെള്ളം കണ്ടാല്‍
നില്‍ക്കുമെന്നൊക്കെയുള്ള ആരോപണമുണ്ട്
വെറുതെയാണത്.
നദിയിലും കടലലകളിലും എന്തിന്
ജലമരീചികകളിലും ഞങ്ങള്‍ നടക്കും.
ചിലര്‍ ഞങ്ങളെ ആയുധമാക്കും.
തല്ലാനും അറുബോറന്‍ കലയരങ്ങിലേയ്ക്കെറിയാനും-
കാര്യസാധ്യത്തിനു വേണ്ടി ഞങ്ങളിലെ
ചില സുവര്‍ണ്ണ ജോഡികളെ
നാവുകൊണ്ട് ഉരുമ്മും ഞങ്ങള്‍ കോരിത്തരിക്കും.
അതു പ്രത്യക്ഷമായി ഞങ്ങള്‍ക്കുള്ളതല്ലെങ്കിലും.
എങ്കിലും വലിയൊരഭിമാനം
ഞങ്ങള്‍ തലമുറകളായി കൈമാറ്ന്നുണ്ട്.
ഞങ്ങളുടെ വാറഴിക്കാന്‍ യോഗ്യതയില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച
ഒരു വലിയ പ്രവാചകന്‍ ഞങ്ങളെ
വിശുദ്ധീകരിച്ചതെങ്ങെനെ മറക്കാന്‍?
മെതിയടിയാണെങ്കിലു
ബെര്‍ലൂട്ടി ഷൂ ആണെങ്കിലും
ഞങ്ങളുടെ സ്ഥലം പാര്‍ശ്വത്തില്‍ തന്നെ
ഞങ്ങളെന്തിനു പരിഭവിക്കണം പ്രതിഷേധിക്കണം.
ഞങ്ങളില്ലെങ്കില്‍ കാണാം
ചില മാന്യന്മാരുടെ നല്ലനടപ്പും, നാട്ടു നടപ്പും.
Generated from archived content: poem2_feb25_12.html Author: b_josekutty