തീന്മേശയൊരു പോസ്റ്റുമാര്‍ട്ടം ടേബിള്‍
പല്ലും, നഖവും, കത്തിയും , മുള്ളും കൊണ്ട്
കണ്ണും കരളും ഹൃദയവും മസാലപുരട്ടി
പാതിവെന്തതിനെ ആഹരിക്കുന്നു.
ചായക്കോപ്പയിലെ കൊടുങ്കാറ്റും
ആമാശയത്തിലെ ഉരുള്‍പൊട്ടലും
വിശപ്പിന്റെ വന്‍ കരകളെയാക്രമിക്കുമ്പോള്‍
വിത്തെടുത്തുണ്ണാന്‍ വിളമ്പുന്ന
ഭരണകൂടത്തിന്റെ ചട്ടുകമാകാനും
പുതിയ കളിയല്ലാത്ത കോപ്പുകള്‍
രാകിമിനുക്കി മൂര്‍ച്ച വരുത്തുന്നുണ്ട്.
ഒടുവിലത്തെയത്താഴവേളയില്‍
വിളമ്പുന്ന അപ്പവും വീഞ്ഞും
അടിച്ചമര്‍ത്തപ്പെട്ടവന്റെ-
ചോരയും മേനിയുമാകുന്നത്
പാപസഹനങ്ങളുടെ കണ്ണീരും ചേര്‍ന്നാണ്.
*ഉരുളക്കിഴങ്ങ് തീറ്റക്കാരുടെ
ആര്‍ത്തിക്കണ്ണുകളില്‍ തിളങ്ങുന്ന
അരണ്ടവെട്ടത്തിന്റെ തീന്‍മേശയില്‍
കണ്ണാടിയിലെന്നപോലെ കാണാം
കൊഴുത്ത കാളക്കുട്ടിയുടെ ഫോസില്‍.
തീന്‍മേശ ഒരു ബലിപീഠവുമാകുന്നു
നിണം കുടിച്ചുള്ളില്‍ കന്മദമൊളിപ്പിച്ച
ബലിക്കല്ലില്‍ അടയാളമായിട്ടുള്ളത്
പട്ടിണി രാജ്യങ്ങളുടെ നിറമില്ലാപ്പതാകകള്‍,
തീന്മേശ ഒരു യുദ്ധക്കളം പോലെ
മരവിച്ച ചോരവീഞ്ഞില്‍ മുക്കിയ
കബന്ധങ്ങള്‍ കൊത്തിവിഴുങ്ങാന്‍
വിശന്നകണ്ണുകളുമായി
മനുഷ്യകഴുകജന്മങ്ങളുടെ വന്‍നിര
ബഹിരാകാശത്തുനിന്നു കാണാവുന്ന
ഭൂമിയുടെ ഒരു ദൃശ്യം.
തീന്‍ മേശയിലെ മെഴുകുതിരി-
ത്തീയില്‍ കരിഞ്ഞൊടുങ്ങാന്‍
ബീപീയെല്‍ നിരകൊണ്ടൊരു
ഭൂപടം രണ്ടാമത്തെ കാഴ്ച
**********************
*വിന്‍സെന്റ് വാന്‍ഗോഗിന്റെ പെയ്ന്റിംഗ്
Generated from archived content: poem1_sep14_12.html Author: b_josekutty