വിശ്വാസത്തിന്റെ ബലിക്കല്ലുകളിൽ
ചോര പരന്നൊഴൊകുന്നതുകണ്ട കാണികൾ.
കുരിശിൽ ഒരു നിരപരാധിയിൽ തറയ്‌ക്കപ്പെട്ടപ്പോൾ
ഞങ്ങളുടെ വിലാപങ്ങൾ കാൽവരിയിലലിഞ്ഞപോയി.
പാലപ്പൂചൂടിയ യക്ഷിപ്പനങ്കുലശ്ശിരസ്സിൽ
തുളച്ചുകയറിയപ്പോൾ ഞങ്ങളുടെ ദീനരോധനങ്ങൾ
അരൂപികളുടെ ചിറകടികളിൽ മുറിഞ്ഞുപോയിരുന്നു.
രഥചക്രത്തിൽനിന്നൂരിപ്പോയ ആണിക്കുപകരം
പെരുവിരലിട്ട് യുദ്‌ധം വിജയിപ്പിച്ച
സ്‌ത്രീസഹനത്തിന്റെ തന്ത്രത്തിന്റെ ഇര.
ഇരുമ്പാണിക്കുപകരം മുളയാണിവെച്ച
ഒരു ചതിയന്റെ കഥയിൽ വലിയ കഴമ്പൊന്നുമില്ലതാനും.
കാലത്തിന്റെ ചുവരുകളിൽ ചരിത്രമാക്കപ്പെട്ട
രേഖീയരൂപങ്ങൾ തൂക്കിയിടാൻ ഞങ്ങൾ
തുളഞ്ഞിറങ്ങുമ്പോൾ കണ്ടത്,
പാർശ്വവത്‌ക്കരിക്കപ്പെട്ടവന്റെ പേക്കോലങ്ങൾ.
കെട്ടകാലത്തിന്റെ പുതിയ കോൺക്രീറ്റ് മിനാരങ്ങളിൽ
ഞങ്ങളുടെ മുനയൊടിയുന്നതും,
ശരീരം ചൂടുപിടിച്ച് വളയുന്നതും
ഒരി കീഴടങ്ങലായി കരുതരുത്.
ലാമിനേറ്റ് ചെയ്‌ത സുന്ദരമോഹന പ്രതൃയ ശാസ്‌ത്രങ്ങളെ
നിർവികാരതയുടെ ശവപ്പെട്ടിയിലടക്കി
ആഞ്ഞടിക്കാൻ അവസാന ആണിയാണ്
ഞങ്ങളോരോരുത്തരുമെന്ന് ഓർത്തുകൊളളുക.
ഒടുവിലിങ്ങനെ കുറ്റപ്പെടുത്തരുത്.
എല്ലാത്തിന്റെയും കാണിയും ആണിയും
ഞങ്ങളാണെന്ന്.
Generated from archived content: poem1_july20_11.html Author: b_josekutty