അനാഥ കുടുംബനാഥന്‍
ഏതുപണിയും ചെയ്തോളും
റേഷനരിയുടെ ബ്രാന്‍ഡ് അംബാസഡര്‍
ഭാര്യ തൊഴിലുറപ്പുപണിക്കാരി
രണ്ടു പിള്ളേര്‍ മലയാളം മീഡിയം
ജപ്തി നോട്ടീസിന്റെ പുറത്തും
കവിത കുറിക്കുന്നവന്‍.
എവിടെയെന്നില്ല എപ്പോഴെന്നില്ല
ഒരു പെഗ് ഓഫര്‍ ചെയ്താല്‍ കവിത ചൊല്ലും
സുഹൃദ് വലയത്തിലെ മദ്യഗ്ലാസുകളില്‍
നെരൂദയും ലോര്‍ക്കയും ബോര്‍ഹെസും
സില്‍വിയാപ്ലാത്തും, ബെഞ്ചമിന്‍ മൊളേയ്സും
പിന്നെ അയ്യപ്പനും നുരഞ്ഞു പൊന്തും
അപ്പോഴും മദ്യക്കോപ്പകളില്‍
ലാറ്റിനമേരിക്കന്‍ കാറ്റാഞ്ഞുവീശും
കവിയരങ്ങ് നോട്ടീസിലെ അവസാനപ്പേരുകാരന്‍,
ബ്ലോഗെഴുത്ത് ഫേസ് ബുക്ക്
എന്നൊക്കെ കേട്ടിട്ടേയുള്ളു
ജപ്തിനോട്ടിസ് വന്നാല്‍
ലിറ്റില്‍ മാഗസിനിലെ കവര്‍ സ്റ്റോറി
മുഖ്യധാരാ ഇടങ്ങളില്‍ സ്ഥാനമുണ്ടാക്കാന്‍
പഞ്ചപുച്ഛമടക്കി നില്‍ക്കാറില്ല
കാഷ് അവാര്‍ഡിന്റെ കൊഴുപ്പ് കണ്ട്
കവിതയെ ഉന്തിത്തള്ളി പുരസ്ക്കാര
കമ്മറ്റിക്കു മുമ്പാകെ പറത്തുവിടും
മറ്റു കൊഴുത്ത കവിതകള്‍ ഉടയാടകളഴിച്ച്
റാമ്പില്‍ പൂച്ച നടത്തം ചെയ്യുന്നതുകണ്ട്
ചമ്മല്‍ മറച്ച് കവിതയെ കൂട്ടിക്കൊണ്ടുപോരും
മുള്ളു വെച്ച വാക്കുകള്‍ കൊണ്ട്
ചോരപ്പശിമയുള്ള ബിംബങ്ങള്‍ നിരത്തി
വേര്‍പ്പുമണക്കുന്ന അനുഭവങ്ങളില്‍
നിന്നു ഖനനം ചെയ്തെടുക്കുന്ന കവിതകള്‍
അക്കാദമിക് അധികാരികളെ
അസ്വസ്ഥരാക്കുന്നുണ്ടുപോലും എങ്കിലും
കഴുക്കോലില്‍ കെട്ടിയ കയറഴിച്ചും
വിഷപ്പാത്രം തട്ടിത്തെറുപ്പിച്ചും
ജലച്ചുഴിയില്‍ നിന്നുയര്‍ത്തിയെടുത്തും
റെയില്‍ പ്പാളങ്ങളില്‍ നിന്നും വലിച്ചെടുത്തും
കവിത കൂടെ പൊറുക്കുന്നു
റേഷന്‍ കാര്‍ഡില്‍ പേര്‍ ചേര്‍ത്തിട്ടില്ലെങ്കിലും.
Generated from archived content: poem1_agu27_13.html Author: b_josekutty