അപ്രതീക്ഷിത പരാജയങ്ങൾ

സി.ഐ.ഡി മൂസയുടെ സാമ്പത്തിക വിജയം പ്രതീക്ഷിച്ച്‌ ജോണി ആന്റണി സംവിധാനം ചെയ്ത്‌ ഉദയ്‌കൃഷ്ണ-സിബി കെ. തോമസ്‌ തിരക്കഥയെഴുതിയ ഇൻസ്പെക്ടർ ഗരുഡ്‌ വിജയം നേടിയില്ല. ദിലീപും, കാവ്യാമാധവനുമായിരുന്നു ഇതിലെ മുഖ്യവേഷക്കാർ. വിനയൻ രചനയും സംവിധാനവും നിർവഹിച്ച അതിശയൻ, സുരേഷ്‌ഗോപിയെ മുഖ്യവേഷത്തിലവതരിപ്പിച്ച ബ്ലാക്ക്‌ ക്യാറ്റ്‌, ഇന്ദ്രജിത്തിനെയും, ജയസൂര്യയെയും അവതരിപ്പിച്ച ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കൻ എന്നീ മൂന്നു ചിത്രങ്ങളും പരാജയപ്പെട്ടു. തിരക്കഥയുടെ കരുത്തില്ലായ്മയാണ്‌, നല്ല കഥയുണ്ടായിരുന്ന ഈ മൂന്നു സിനിമയെയും അവതാളത്തിലാക്കിയത്‌. എം.എ വേണു സംവിധാനം ചെയ്ത പന്തയക്കോഴിയും ഏറ്റില്ല. ജെ. പള്ളാശ്ശേരി രചിച്ച ഇതിലെ മുഖ്യവേഷക്കാർ നരേൻ, പൂജ എന്നിവരായിരുന്നു. ഇ.വി ശ്രീധരന്റെ കഥയെ ആസ്പദമാക്കി കലൂർ ഡെന്നീസ്‌ തിരക്കഥയെഴുതിയ ‘പറഞ്ഞുതീരാത്ത വിശേഷങ്ങളും’ ഓടിയില്ല. സുരേഷ്‌ ഗോപിയും, ലക്ഷ്മി ഗോപാലസ്വാമിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ കുടുംബ സിനിമയുടെ സംവിധായകൻ ഹരികുമാർ ആയിരുന്നു.

ഷാജി കൈലാസിന്റെ ടൈമും വിജയം നേടിയില്ല. രാജേഷ്‌ ജയരാമൻ തിരക്കഥയെഴുതിയ ഇതിലെ നായകൻ സുരേഷ്‌ഗോപിയായിരുന്നു. വിമലാരാമനായിരുന്നു നായിക.

മണിച്ചിത്രത്താഴിന്റെ വിജയം ആവർത്തിക്കുമെന്നു പ്രവചിച്ച അനിൽദാസിന്റെ ഭരതൻ എന്ന ചിത്രവും ബോക്സോഫീസിൽ വീണു. തികച്ചും പുതുമയാർന്ന ഒരു പ്രമേയമായിരുന്നെങ്കിലും സംവിധാനത്തിലും, ആവിഷ്‌ക്കാരത്തിലും കാണിച്ച അലസത സിനിമയെ നശിപ്പിച്ചു. മധു മുട്ടത്തിന്റെ തിരക്കഥയ്‌ക്ക്‌ അർഹിക്കുന്ന ഗൗരവം കൊടുത്തില്ലെന്നുള്ളതാണ്‌ ഇതിൽ സംവിധായകന്റെ കൈക്കുറ്റപ്പാടായി തെളിയുന്നത്‌. ബിജുമേനോനും, ഗീതുമോഹൻദാസും മുഖ്യവേഷമിട്ട ഭരതനിൽ സുരേഷ്‌ഗോപി ഒരു ഗസ്‌റ്റ്‌റോൾ അഭിനയിക്കുകയും ചെയ്തു. ജോഷിയുടെ ദിലീപ്‌ ചിത്രമായ ജൂലൈ 4ഉം അപ്രതീക്ഷിത പരാജയം നേരിട്ടു. കഥയിലെ ചില പാളിച്ചകളും, തിരക്കഥയുടെ ദുർബ്ബലതയുമാണ്‌ ഇവിടെ വില്ലനായി വന്നത്‌. ഉദയ്‌കൃഷ്ണ-സിബി കെ. തോമസിന്റേതാണ്‌ തിരക്കഥ. നായികാ വേഷം റോമയ്‌ക്കായിരുന്നു.

‘കീർത്തിചക്ര’യുടെ മഹാവിജയത്തിനുശേഷം മേജർ രവി രചനയും സംവിധാനവും നിർവ്വഹിച്ച മിഷൻ 90 ഡേയ്‌സും തികച്ചും അപ്രതീക്ഷിതമായാണ്‌ പരാജയപ്പെട്ടത്‌. രാജീവ്‌ഗാന്ധി വധക്കേസിന്റെ അന്വേഷണ പശ്ചാത്തലത്തിലാണ്‌ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഈ മമ്മൂട്ടിച്ചിത്രം അവതരിപ്പിച്ചത്‌. വി.എം വിനുവിന്റെ ജയറാം ചിത്രമായ സൂര്യനും പരാജയപ്പെട്ടു. സുരേഷ്‌ പി. മേനോൻ, സതീഷ്‌ കെ. ശിവൻ എന്നീ നവതിരക്കഥാകൃത്തുക്കളായിരുന്നു ഇതിന്റെ രചന നിർവ്വഹിച്ചത്‌. വിമലാരാമൻ ആയിരുന്നു നായികാവേഷത്തിൽ. കഥയിലോ, ആവിഷ്‌കാരത്തിലോ പുതിയതായി ഒന്നും കണ്ടെത്താൻ കഴിഞ്ഞതുമില്ല ഈ ചിത്രത്തിൽ.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട മറ്റൊരു ചിത്രമായ റോക്ക്‌ എൻ റോളും അപ്രതീക്ഷിത പതനത്തിലായി. രഞ്ജിത്‌ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം ഒരു മ്യൂസിക്‌ എന്റർടെയ്‌നർ എന്ന ലേബലിലാണ്‌ വന്നതെങ്കിലും കേൾക്കാൻ സുഖമുള്ള പാട്ടുകളും ഉണ്ടായില്ല. ലാൽ ഡ്രമ്മർ ചന്ദ്രമൗലി എന്ന കഥാപാത്രത്തെയാണ്‌ ഇതിലവതരിപ്പിച്ചത്‌. തെലുങ്കുനടിയായ ലക്ഷ്മിറോയ്‌ ആയിരുന്നു ഇതിലെ നായികാവേഷം. ആശയത്തിലോ, ആവിഷ്‌ക്കരണത്തിലോ പുതുമയില്ലെന്നുള്ള കുറവ്‌ റോക്ക്‌ എൻ റോളിനെ നിഷ്‌പ്രഭമാക്കി.

മറ്റു പരാജയ ചിത്രങ്ങൾ

2007ൽ ആദ്യമായി തിയേറ്ററിലെത്തിയ തുളസീദാസ്‌ സംവിധാനം ചെയ്ത പൃഥ്വിരാജ്‌ നായകനായ അവൻ ചാണ്ടിയുടെ മകൻ, അനിൽ സംവിധാനം ചെയ്ത ജയറാം ചിത്രമായ അഞ്ചിലൊരാൾ അർജ്ജുനൻ, മമ്മി സെഞ്ച്വറിയുടെ കൊമ്പൻ, ജോർജ്ജ്‌ കിത്തുവിന്റെ സൂര്യ കിരീടം, ശരത്‌ചന്ദ്രൻ വയനാടിന്റെ കലാഭവൻ മണി ചിത്രമായ നന്മ, തുളസീദാസിന്റെ മണി ചിത്രം രക്ഷകൻ, സുന്ദർദാസ്‌ സംവിധാനം ചെയ്ത്‌ ഹരിശ്രീ അശോകൻ നായകവേഷമിട്ട ആകാശം, എം.എ നിഷാദിന്റെ നഗരം, വിനു ആനന്ദിന്റെ സിമ്രാൻ അഭിനയിച്ച ഹാർട്ട്‌ ബീറ്റ്‌സ്‌, ഹരിദാസ്‌ ചിത്രമായ കലാഭവൻ മണിയുടെ ഇന്ദ്രജിത്ത്‌ എന്നീ ചിത്രങ്ങൾ സാമ്പത്തികനേട്ടം കൈവരിച്ചില്ല. മാടമ്പു കുഞ്ഞുകുട്ടൻ രചിച്ച്‌ ജയരാജ്‌ സംവിധാനം ചെയ്ത ആനന്ദഭൈരവിയും വിജയിച്ചില്ല.

നവാഗതസംവിധായകർ

പതിനേഴ്‌ പുതുമുഖ സംവിധായകരാണ്‌ തങ്ങളുടെ കന്നിച്ചിത്രവുമായി 2007ൽ എത്തിയത്‌. ജയസൂര്യയും, രാധികയും മുഖ്യവേഷങ്ങളിലഭിനയിച്ച ചങ്ങാതിപ്പൂച്ച എന്ന ചിത്രവുമായണ്‌ എസ്‌.പി മഹേഷ്‌ തുടക്കം കുറിച്ചത്‌. ഷാനി ഖാദർ ആണ്‌ ഈ ചിത്രത്തിനു തിരക്കഥയെഴുതിയത്‌. ചിത്രം ശരാശരി നിലവാരം മാത്രം പുലർത്തി.

സൈജുക്കുറുപ്പ്‌ നായകവേഷത്തിൽ വന്ന സ്‌കെച്ച്‌ എന്ന സിനിമയും നവാഗത സംവിധായകന്റെതാണ്‌. പ്രസാദ്‌ യാദവ്‌ ചെയ്ത ഈ സിനിമയുടെ സ്‌ക്രിപ്‌റ്റ്‌ കണ്ണൻ രാമൻ ആയിരുന്നു. ചിത്രം ഓടിയില്ല. പ്രമുഖ കഥാകൃത്ത്‌ സന്തോഷ്‌ ഏച്ചിക്കാനം തിരക്കഥയെഴുതിയ നവംബർ റെയ്‌നിന്റെ സംവിധായകൻ വിനുജോസഫും തുടക്കക്കാരായിരുന്നു. ചിത്രം പരാജയപ്പെട്ടു.

വിപിൻ പ്രഭാകർ ആദ്യമായി സംവിധാനം ചെയ്ത പൃഥ്വിരാജ്‌ ചിത്രമായിരുന്നു കാക്കി. ടി.എ ഷാഹിദ്‌ തിരക്കഥ നിർവ്വഹിച്ച ഇതിലെ നായിക മാനസ ആയിരുന്നു. ഒരു പോലീസ്‌ സ്‌റ്റോറിയായ കാക്കിയും വേണ്ടത്ര വിജയം നേടിയില്ല. ഉദയ്‌ അനന്തൻ സംവിധാനം ചെയ്ത പ്രണയകാലത്തിന്റെ രചന കെ. ഗിരീഷ്‌കുമാറിന്റേതായിരുന്നു. പുതുമുഖങ്ങൾ ആയിരുന്നു പ്രണയകാലത്തിൽ മുഖ്യവേഷങ്ങൾ അവതരിപ്പിച്ചത്‌.

സുനിൽ പി. കുമാറിന്റെ ബെസ്‌റ്റ്‌ ഫ്രണ്ട്‌സ്‌ മൂന്നു സ്ര്തീ സൗഹൃദങ്ങളുടെ കഥയാണ്‌ പറയുന്നത്‌. മുകേഷ്‌ ഒരു പോലീസുദ്യോഗസ്ഥനെയാണ്‌ ഇതിൽ അവതരിപ്പിക്കുന്നത്‌. ഹരി വിശ്വനാഥ്‌ തിരക്കഥയെഴുതിയ ഈ ചിത്രവും ചലനം ഉണ്ടാക്കിയില്ല. കുക്കു സുരേന്ദ്രന്റെ പൃഥ്വിരാജ്‌ ചിത്രമായ വീരാളിപ്പട്ട്‌ ഒരു കുടുംബപ്രമേയമാണ്‌ ആവിഷ്‌ക്കരിച്ചത്‌. ഹരി എന്ന ഒരു സോഫ്‌റ്റ്‌വെയർ എഞ്ചിനീയറെയാണ്‌ പൃഥ്വിരാജ്‌ ഇതിലവതരിപ്പിച്ചത്‌. അശോക്‌-ശശിയാണ്‌ തിരക്കഥയെഴുതിയിട്ടുള്ളത്‌.

മാടമ്പു കുഞ്ഞുക്കുട്ടൻ രചന നിർവ്വഹിച്ച സുഭദ്രം സംവിധാനം ചെയ്തത്‌ ശ്രീലാൽ ദേവരാജ്‌ ആണ്‌. പരേതാന്മാക്കളെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന ഒരു സംഘം വിദ്യാർത്ഥികൾ നേരിടുന്ന സംഭവങ്ങളിലൂടെയാണ്‌ സുഭദ്രത്തിന്റെ കഥ വികസിക്കുന്നത്‌. ജയകൃഷ്ണൻ, മൈഥിലി എന്നിവരാണ്‌ മുഖ്യവേഷങ്ങളിലുള്ളത്‌.

ഡെന്നീസ്‌ ജോസഫ്‌ രചന നിർവ്വഹിച്ച്‌ ജി.എം മനു സംവിധാനം ചെയ്ത ആയുർരേഖയിൽ ശ്രീനിവാസനാണ്‌ മുഖ്യവേഷമണിയുന്നത്‌. ഡോ. അപർണ്ണയുടെ കൊലപാതകം അന്വേഷിക്കാൻ വരുന്ന ജേക്കബ്‌ ജോർജ്ജ്‌ എന്ന പോലീസുദ്യോഗസ്ഥന്റെ റോളാണ്‌ ശ്രീനിവാസന്‌ ഇതിൽ. മുകേഷും ഒപ്പമുണ്ട്‌. നായികമാർ ലക്ഷ്മീശർമ്മയും, ജ്യോതിർമയിയുമാണ്‌. ശരാശരി നിലവാരം മാത്രമേ ആയുർരേഖയ്‌ക്കുള്ളൂ.

ജിത്തു ജോസഫ്‌ (ഡിറ്റക്ടീവ്‌), മധു കൈതപ്രം (ഏകാന്തം), അമൽ നീരദ്‌ (ബിഗ്‌ ബി), ബാബു തിരുവല്ല (തനിയെ), അവിരാ റബേക്ക (തകരച്ചെണ്ട), സമദ്‌ മങ്കട (കിച്ചാമണി എം.ബി.എ), ജി.ആർ ഇന്ദുഗോപൻ (ഒറ്റക്കൈയ്യൻ), എം. മോഹനൻ (കഥപറയുമ്പോൾ) എന്നിവരും കഴിഞ്ഞ കൊല്ലം പുതിയ പ്രതീക്ഷകളുമായി മലയാളത്തിൽ എത്തിയിട്ടുണ്ട്‌.

Generated from archived content: malcinema2.html Author: b_josekutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഹിറ്റ്‌ സിനിമകൾ
Next articleമികച്ച പത്തു ചിത്രങ്ങൾ
ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ ബേബി പൈലോയുടേയും ചിന്നമ്മ ബേബിയുടേയും മകന്‍ . ധനതത്വ ശാസ്ത്ര ബിരുദധാരിയാണ്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും റേഡിയോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറുമാണ്. ‘ ഇഹലോകജീവിതം’ എന്നൊരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കളിവള്ളം (വീഡിയോ ഫിലിം) ചമ്പക്കുളം പെരുമ , ദ അഡ് വേഴ്സിറ്റി എന്നി ഡോക്യുമെന്ററികളും ഏതാനും കവിത, സംഗീതാവിഷ്ക്കാരമടങ്ങിയ ആ‍ല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഡോ. അയ്യപ്പപണിക്കര്‍ കവിതാപുരസ്ക്കാരം, ഭിലായ് മലയാള ഗ്രന്ഥശാല പുരസ്ക്കാരം, അങ്കണം ( കൊച്ചുബാവ സ്മാരകപുരസ്ക്കാരം) ഉള്‍പ്പെടെ ഏതാനും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. Address: Phone: 09961077837,09497221722

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English