ഹിറ്റ്‌ സിനിമകൾ

കഴിഞ്ഞ കൊല്ലം തിയേറ്ററുകളിലെത്തിയ മലയാളസിനിമയെ ആകെ പരിശോധിക്കുമ്പോൾ വലിയ മാറ്റങ്ങളൊന്നും നമ്മൾ കാണുന്നില്ല. എങ്കിലും പ്രതീക്ഷയുടെ ചില മിന്നലാട്ടങ്ങൾ കാണുന്നുണ്ട്‌. അതും യുവാക്കളായ പുതുമുഖ സംവിധായകരിൽ നിന്നാണ്‌. 17 നവസംവിധായകരാണ്‌ തങ്ങളുടെ കന്നിച്ചിത്രവുമായി 2007ൽ എത്തിയത്‌. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സെൻസറിംഗ്‌ കഴിഞ്ഞ്‌ തിയേറ്ററുകളിലെത്തിയ 78 സിനിമകൾ അതിൽ 13 ചിത്രങ്ങൾ അന്യഭാഷയിൽ നിന്നു മൊഴിമാറി എത്തിയവ.

അവൻ ചാണ്ടിയുടെ മകൻ, കയ്യൊപ്പ്‌, അഞ്ചിലൊരാൾ അർജ്ജുനൻ, ഇൻസ്പെക്ടർ ഗരുഡ്‌, ചങ്ങാതിപ്പൂച്ച, മായാവി, രാക്കിളിപ്പാട്ട്‌, ആനന്ദഭൈരവി, ഡിറ്റക്ടീവ്‌, സ്‌കെച്ച്‌, ഏയ്‌ ടാക്സി, സ്പീഡ്‌ ട്രാക്ക്‌, ഹാപ്പി, പായും പുലി, നവംബർ റെയ്‌ൻ, ഏകാന്തം, കൊമ്പൻ, എബ്രഹാം ആന്റ്‌ ലിങ്കൺ, ഛോട്ടാ മുംബെയ്‌, വിനോദയാത്ര, ബിഗ്‌ ബി, അതിശയൻ, പന്തയക്കോഴി, പറഞ്ഞുതീരാത്ത വിശേഷങ്ങൾ, ബോസ്‌ ഐ ലവ്‌ യൂ, ഗോൾ, സൂര്യകിരീടം, കാക്കി, ടൈം, ചലഞ്ച്‌, നന്മ, രക്ഷകൻ, പ്രണയകാലം, ആകാശം, ബെസ്‌റ്റ്‌ ഫ്രണ്ട്‌സ്‌, നഗരം, ഭരതൻ, ഹലോ, ജൂലൈ 4, അറബിക്കഥ, മിഷൻ 90 ഡേയ്‌സ്‌, ദേവദാസ്‌, സൂര്യൻ, നാദിയ കൊല്ലപ്പെട്ട രാത്രി, വീരാളിപ്പട്ട്‌, തനിയെ, ബണ്ണി, ഹാർട്ട്‌ ബീറ്റ്‌സ്‌, എ.കെ.ജി, തകരച്ചെണ്ട, അലിഭായ്‌, കിച്ചാമണി എം.ബി.എ, ഒരേ കടൽ, നിവേദ്യം, ഇന്ദ്രജിത്ത്‌, ഹീറോ, നസ്രാണി, പരദേശി, ബ്ലാക്ക്‌ ക്യാറ്റ്‌, ചോക്‌ലേറ്റ്‌, ഒറ്റക്കയ്യൻ, ഛത്രപതി, മല്ലീശ്വരി, സുഭദ്രം, കേൾക്കാത്ത ശബ്ദം, നാലു പെണ്ണുങ്ങൾ, ദി ടാർഗറ്റ്‌, ആയുർരേഖ, റോക്ക്‌ എൻ റോൾ, രണം, ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കൻ, ദുബായ്‌ സീനു, ഹാപ്പി ഡേയ്‌സ്‌, റോമിയോ, കഥ പറയുമ്പോൾ, ചെയ്‌സ്‌, ഫ്ലാഷ്‌, കങ്കാരു, ഇത്രയും സിനിമകളാണ്‌ ക്രമാനുഗതമായി പ്രദർശനശാലകളിലെത്തിയത്‌.

ഹിറ്റ്‌ സിനിമകൾ

റാഫി മെക്കാർട്ടിൻ രചന നിർവ്വഹിച്ച്‌ ഷാഫി സംവിധാനം ചെയ്ത മായാവിയാണ്‌ 2007-ലെ പ്രഥമ ഹിറ്റ്‌ ചിത്രം. മമ്മൂട്ടി, മഹി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമ ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാനനുവദിക്കാതെ ചിത്രത്തിന്റെ ഒടുക്കം വരെയും രസകരമായി അവതരിപ്പിച്ചു. ഗോപികയായിരുന്നു ഇതിലെ നായിക. സജ്ജീവ്‌ ശങ്കർ ക്യാമറാമാനായ ഈ ചിത്രത്തിലെ ഗാനശില്പികൾ വയലാർ ശരത്‌ചന്ദ്രവർമ്മയും അലക്സ്‌പോളുമായിരുന്നു. ഗാനങ്ങളും ഹിറ്റായി. കച്ചവടസിനിമയുടെ വിജയമാണ്‌, വൈശാഖാ മൂവീസിന്റെ മായാവി നേടിയത്‌.

ആറുവർഷങ്ങൾക്കു മുമ്പ്‌ പ്രിയദർശൻ രചനയും, സംവിധാനവും നിർവ്വഹിച്ച രാക്കിളിപ്പാട്ട്‌ 2007-ലാണ്‌ തിയേറ്ററിലെത്തിയത്‌ ഒരു സ്ര്തീപക്ഷ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ഈ സിനിമ തമിഴിൽ ‘സ്നേഹിതയേ’ എന്ന പേരിൽ നേരത്തേ പ്രദർശനത്തിനെത്തി വിജയം നേടിയിരുന്നു. ഒരു കോളേജ്‌ അന്തരീക്ഷത്തിൽ നടക്കുന്ന ഒരു കൊലപാതകത്തിന്റെ ചുരുൾ അഴിക്കുന്നതിന്റെ ഉദ്വേഗജനകമായ ആവിഷ്‌കാരമായിരുന്നു ഇതിന്റേത്‌. ജ്യോതികയുടെ അരങ്ങേറ്റ സിനിമകൂടിയായ രാക്കിളിപ്പാട്ടിൽ തബു ഒരു പോലീസ്‌ ഉദ്യോഗസ്ഥയായിട്ടാണ്‌ അഭിനയിച്ചത്‌. അന്തരിച്ച ഛായാഗ്രാഹകൻ ജീവയാണ്‌ ഇതിന്റെ ക്യാമറ കൈകാര്യം ചെയ്തത്‌. മികച്ച ഫ്രെയിമുകളും ചടുലമായ ഷോട്ടുകളും ഈ ചിത്രത്തെ അക്ഷരാർത്ഥത്തിൽ പുതുമയുള്ളതാക്കി. ഒരു ശരാശരി വിജയം രാക്കിളിപ്പാട്ട്‌ നേടിയതായി കളക്ഷൻ റിപ്പോർട്ടുകൾ പറയുന്നുണ്ട്‌. കെ. ജയകുമാർ, ഗിരീഷ്‌ പുത്തഞ്ചേരി – വിദ്യാസാഗർ ടീമായിരുന്നു ഗാനശില്പികൾ.

നവാഗതനായ ജിത്തുജോസഫ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ഇൻവെസ്‌റ്റിഗേഷൻ സിനിമയായ ‘ഡിക്ടറ്റീവും’ ഹിറ്റ്‌ലിസ്‌റ്റിലുണ്ട്‌. സുരേഷ്‌ഗോപി ശ്യാമപ്രസാദ്‌, മോഹൻകുമാർ എന്നീ ഇരട്ടവേഷങ്ങളെ അവതരിപ്പിച്ച ഈ സിനിമ പരിചയസമ്പന്നതയുള്ള ഒരു സംവിധായകന്റെ കരവിരുത്‌ പ്രകടമാക്കിയിരുന്നു. സിന്ധുമേനോൻ ആയിരുന്നു ഇതിലെ നായിക. ആനന്ദക്കുട്ടൻ ക്യാമറ നിർവ്വഹിച്ച ഈ സിനിമ ഗാനരഹിതമായിരുന്നു. ഫാസിൽ ശിഷ്യനായിരുന്ന, പ്രമുഖ നാടകക്കാരനും, തിരക്കഥാകൃത്തുമായ അന്തരിച്ച എസ്‌.എൽ പുരത്തിന്റ മകനുമായ ജയസൂര്യ ആദ്യ സംവിധായകപ്പട്ടമണിഞ്ഞ ദി സ്പീഡ്‌ ട്രാക്കും വിജയചിത്രങ്ങളുടെ ലിസ്‌റ്റിലുണ്ട്‌. സംവിധായകൻ തന്നെ തിരക്കഥയെഴുതിയ ഇതിലെ നായകൻ ദിലീപും, നായിക തെലുങ്കു നടി കജാലയുമായിരുന്നു. ഒരു അത്‌ലറ്റിന്റെ ജീവിതത്തിലൂടെയാണ്‌ ജയസൂര്യ ദി സ്പീഡ്‌ ട്രാക്ക്‌ ആവിഷ്‌ക്കരിച്ചത്‌. പി. സുകുമാറിന്റേതാണ്‌ ക്യാമറ. ഗിരീഷ്‌ പുത്തഞ്ചേരിയുടെ ഗാനരചന. ദീപക്‌ ദേവിന്റെ സംഗീതസംവിധാനം. സുബൈർ ആണ്‌ ഇത്‌ നിർമ്മിച്ചത്‌.

മോഹൻ കുപ്ലേരിയുടെ ‘പായും പുലി’യും മുടക്കുമുതൽ തിരിച്ചുപിടിച്ചു. തനി ഇടിപ്പടത്തിന്റെ മാതൃകയിൽ നിർമ്മിച്ച ഇതിലെ മുഖ്യവേഷക്കാർ കലാഭവൻ മണിയും രംഭയുമായിരുന്നു. ബിജു ദേവസ്സിയാണ്‌ ഇതിന്റെ സ്‌ക്രിപ്‌റ്റ്‌ രചിച്ചത്‌. ശ്രീശങ്കർ ആണ്‌ ക്യാമറ കൈകാര്യം ചെയ്തത്‌. ശരവണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണിയ്‌ക്ക്‌ ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു ഈ ചിത്രത്തിനു വേണ്ടി. ഗാനശില്പികൾ ഗിരീഷ്‌ പുത്തഞ്ചേരിയും മോഹൻസിതാരയുമായിരുന്നു. കബീർ പാലക്കാട്‌ ആണ്‌ ഈ ചിത്രത്തിന്റെ നിർമ്മാണം. ഇരട്ട സംവിധായകരായ പ്രമോദ്‌ പപ്പന്റെ എബ്രഹാം ആന്റ്‌ ലിങ്കണും തനി വാണിജ്യസിനിമയായിരുന്നു. റഹ്‌മാനും മണിയുമായിരുന്നു ടൈറ്റിൽ വേഷങ്ങളെ അവതരിപ്പിച്ചത്‌. ഡെന്നീസ്‌ ജോസ്‌ തിരക്കഥയെഴുതിയ ഈ സിനിമയും കഷ്ടിച്ചു രക്ഷ നേടിയതായി പറയാം. നജീം അബ്ദുൾ റഹ്‌മാൻ നിർമ്മിച്ച ഈ സിനിമയുടെ ത്രഡും പ്രതികാരത്തിന്റേതാണ്‌. ശത്രുക്കളായിരുന്ന രണ്ടുപേർ ഒരു പൊതുശത്രുവിനെതിരെ ഒന്നിക്കുന്നു. എം.ഡി രാജേന്ദ്രൻ, ഔസേപ്പച്ചൻ ടീമിന്റേതാണ്‌ ഗാനങ്ങൾ. ക്യാമറമാൻ പ്രമോദ്‌.

പ്രഥമചിത്രമായ രാജമാണിക്യത്തിനു ശേഷം അൻവർ റഷീദ്‌ അവതരിപ്പിച്ച ഛോട്ടാ മുംബൈയ്‌ ഒരു ശരാശരി സിനിമയുടെ നിലവാരം പോലും പ്രകടിപ്പിച്ചില്ലെങ്കിലും മോഹൻലാൽ വാസ്‌കോഡി ഗാമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ ഈ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രം ഹിറ്റാക്കിയെടുത്തു. ബെന്നി പി. നായരമ്പലം തിരക്കഥയെഴുതിയ ഇതിലെ നായിക ഭാവനയാണ്‌. വയലാർ ശരത്‌ചന്ദ്ര വർമ്മയുടെ ഗാനങ്ങൾക്ക്‌ സംഗീതം നിർവ്വഹിച്ചത്‌ പുതുമുഖമായ രാഹുൽരാജ്‌ ആണ്‌. അഴകപ്പന്റേതാണ്‌ ഛായാഗ്രഹണം. കൊച്ചി നഗരത്തിൽ ചില്ലറത്തട്ടിപ്പും, തരികിടയുമായി വിലസുന്ന ചെറുപ്പക്കാരുടെ കഥയാണ്‌ ഛോട്ടാ മുംബൈയ്‌ പറയുന്നത്‌. മോഹൻലാലിന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ടു മാത്രം വിജയിച്ച ഇതിന്റെ നിർമ്മാതാവ്‌ നടൻ മണിയൻപിള്ള രാജുവായിരുന്നു.

സത്യൻ അന്തിക്കാട്‌ രചനയും സംവിധാനവും നിർവ്വഹിച്ച വിനോദയാത്രയിലെ നായകൻ ദിലീപും, നായിക മീരാ ജാസ്മിനുമായിരുന്നു. കടുംബകഥകൾ നർമ്മത്തിൽ ചാലിച്ച്‌ സിനിമ ചെയ്യുന്ന സത്യന്റെ ഈ സിനിമയും വിജയിച്ചു. തൊഴിലന്വേഷകനായ ബിരുദധാരിയായ വിനോദ്‌ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ്‌ ഇതിലെ കഥ വികസിക്കുന്നത്‌. എസ്‌. കുമാർ ആണ്‌ ഇതിന്റെ ക്യാമറമാൻ. ഇളയരാജ സംഗീതം പകർന്ന ഇതിലെ പാട്ടുകളെഴുതിയത്‌ വയലാർ ശരത്‌ചന്ദ്രവർമ്മയാണ്‌. എ.എം. ഹംസയാണ്‌ ചിത്രം നിർമ്മിച്ചത്‌.

ട്രീറ്റ്‌മെന്റിലും, ആവിഷ്‌കാരത്തിലും നവീനമായ രീതികൾ അവലംബിച്ച ബിഗ്‌ ബി എന്ന മമ്മൂട്ടിച്ചിത്രവും ഹിറ്റ്‌ നിരയിലുണ്ട്‌. നവാഗത സംവിധായകനായ അമൽ നീരദിന്‌ എക്കാലത്തും അഭിമാനിക്കാവുന്ന ചിത്രം. ബോളിവുഡ്‌ ആക്ഷൻമൂഡിലെ ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റേതാണ്‌. ബിലാവൽ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി മികച്ചതായി അവതരിപ്പിച്ചത്‌. അമീർ സാഹിർ എന്ന ക്യാമറമാനാണ്‌ ബിഗ്‌ ബിയ്‌ക്കു വേണ്ടി ഫ്രെയിമുകൾ ഒരുക്കിയത്‌. മംമ്‌തയാണ്‌ ഇതിലെ മുഖ്യ സ്ര്തീവേഷം. മുൻ മിസ്‌ ഇന്ത്യ നഫീസ അലിയും ഇതിൽ വേഷമിട്ടു. അധോലോകവും അതിന്റെ അധോമുഖങ്ങളുമാണ്‌ ഈ ചിത്രത്തിന്റെയും പ്രമേയം. ഷാഹുൽ മരക്കാറും, ആന്റോ ജോസഫും ചേർന്നാണ്‌ ബിഗ്‌ ബി നിർമ്മിച്ചത്‌. സന്തോഷ്‌വർമ്മ, ജോഫി തരകൻ – അൽഫോൺസ്‌ എന്നിവരായിരുന്നു ഗാനശില്പികൾ. കഥാകൃത്ത്‌ ആർ. ഉണ്ണിയാണ്‌ ഇതിന്റെ സംഭാഷണമെഴുതിയത്‌.

പുതുമുഖങ്ങളായ രജിത്‌മേനോൻ, അക്ഷ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത ഗോൾ എന്ന ചിത്രവും ഹിറ്റായിരുന്നു. രണ്ടു വിദ്യാലയങ്ങൾ തമ്മിലുള്ള കിടമത്സരത്തിന്റെ കഥ പറയുന്ന ഗോളിന്റെ തിരക്കഥ കലവൂർ രവികുമാറിന്റേതാണ്‌. റഹ്‌മാൻ, മുക്ത, സലിം കുമാർ എന്നിവരും ഇതിൽ ഉണ്ട്‌. ഊട്ടിയിൽ വെച്ച്‌ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ പി. സുകുമാർ ആയിരുന്നു. ഗിരീഷ്‌ പുത്തഞ്ചേരി-വയലാർ ശരത്‌ചന്ദ്രവർമ്മ, വിദ്യാസാഗർ എന്നിവരാണ്‌ ഗാനശില്പികൾ. നീലഗിരി മൂവി പ്രൊഡക്ഷൻസ്‌ ആണ്‌ ഗോൾ നിർമ്മിച്ചത്‌.

റാഫി മെക്കാർട്ടിൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘ഹലോ’ യും മികച്ച വിജയം നേടി. അഡ്വ. ശിവരാമൻ എന്ന കഥാപാത്രത്തെ മോഹൻലാൽ ഇതിൽ അവതരിപ്പിച്ചു. തികച്ചും ഹാസ്യരസപ്രധാനമായ ഇതിലെ നായിക പാർവ്വതി മിൽട്ടൺ ആണ്‌. സഞ്ജീവ്‌ശങ്കർ ഛായാഗ്രഹണം നിർവ്വഹിച്ച ഇതിലെ ഗാനശില്പികൾ വയലാർ ശരത്‌ചന്ദ്രവർമ്മ-അലക്സ്‌പോൾ ആണ്‌. സൂപ്പർഹിറ്റ്‌ സിനിമകളുടെ ലിസ്‌റ്റിലാണ്‌ ഹലോയും.

കടുത്ത കമ്മ്യൂണിസ്‌റ്റ്‌ അനുഭാവിയായ ക്യൂബ മുകുന്ദന്റെ ജീവിതാനുഭവങ്ങൾ ഹൃദയസ്പർശിയായി ആവിഷ്‌ക്കരിച്ച അറബിക്കഥ വൻഹിറ്റായിരുന്നു. ലാൽ ജോസ്‌ സംവിധാനം ചെയ്ത്‌ ഡോ. ഇക്‌ബാൽ കുറ്റിപ്പുറം തിരക്കഥയെഴുതിയ ഈ ചിത്രം ഭൂരിഭാഗവും ദുബായിലാണ്‌ ചിത്രീകരിച്ചത്‌. പ്രവാസിമലയാളികളുടെ ജീവിതം കൃത്യമായി ഒപ്പിയെടുക്കുകയാണ്‌ അറബിക്കഥ. മനോജ്‌പിള്ളയാണ്‌ ക്യാമറ ചലിപ്പിച്ചത്‌. ശ്രീനിവാസനാണ്‌ മുകുന്ദനെ അവതരിപ്പിച്ചത്‌. ചൈനീസ്‌ നടി ചാങ്ങ്‌ഷൂയി ആണ്‌ നായികമാരിലൊരാൾ. മറ്റൊന്ന്‌ സംവൃതാ സുനിലാണ്‌. ജയസൂര്യയും, ഇന്ദ്രജിത്തും ഒപ്പമുണ്ട്‌. അനിൽ പനച്ചൂരാനെഴുതിയ വരികൾക്ക്‌ ഈണം നൽകിയത്‌ ബിജിബാൽ ആണ്‌. ഹുസൈൻ ആണ്‌ ഇത്‌ നിർമ്മിച്ചത്‌.

സമ്പൂർണ്ണമായും ഒരു കുറ്റാന്വേഷണചിത്രമായ ‘നാദിയ കൊല്ലപ്പെട്ട രാത്രി’യും ഹിറ്റായി. കെ. മധു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ എ.കെ. സാജൻ എഴുതി. ചിത്രത്തിന്റെ 75ശതമാനവും ട്രെയിനിൽ ചിത്രീകരിച്ച ഇതിലെ മുഖ്യ അന്വേഷണോദ്യോഗസ്ഥനെ അവതരിപ്പിക്കുന്നത്‌ സുരേഷ്‌ഗോപിയാണ്‌. കാവ്യാമാധവൻ ടൈറ്റിൽ റോൾ കൂടാതെ നാദിറാ എന്ന ക്യാരക്ടറിനെയും അവതരിപ്പിക്കുന്നു. ആനന്ദക്കുട്ടൻ ക്യാമറ ചലിപ്പിച്ചിരിക്കുന്നു. കൃഷ്ണകൃപയാണ്‌ ഈ ചിത്രം നിർമ്മിച്ചത്‌.

ഛോട്ടാമുംബൈയ്‌ വിജയിപ്പിച്ചെടുക്കേണ്ട അതേ ബാധ്യത തന്നെയായിരുന്നു മോഹൻലാൽ ടൈറ്റിൽ റോൾ ചെയ്ത അലിഭായ്‌ക്കും ഉണ്ടായിരുന്നത്‌. അസ്സൽ തട്ടുപൊളിപ്പൻ പടം. മോഹൻലാലിന്റെ തന്നെ പല ചിത്രങ്ങളിലെ സന്ദർഭങ്ങളെയും, പഴയ ജയൻ സിനിമയായ അങ്ങാടിയേയും ഈ ഷാജി കൈലാസ്‌ ചിത്രം ഓർമ്മിപ്പിക്കുന്നുണ്ട്‌. ടി.എ ഷാഹിദിന്റെ തിരക്കഥപോലും പഴയ വീഞ്ഞ്‌ ആണ്‌. ശരവണന്റെ ചടുലമായ ഫ്രെയിമുകളാണ്‌ അല്പമെങ്കിലും പുതുമ പകരുന്നത്‌. നവ്യാനായരും, ഗോപികയും മുൻനിരയിലുണ്ട്‌. ഗിരീഷ്‌ പുത്തഞ്ചേരിയും, അലക്സ്‌പോളും ചേർന്നാണ്‌ ഗാനങ്ങളുണ്ടാക്കിയത്‌. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച അലിഭായ്‌ വിജയിപ്പിച്ചെടുക്കേണ്ട ബാധ്യത മോഹൻലാൽ ഫാൻസ്‌ അസോസിയേഷനുകൾക്കായിരുന്നു. അവരുടെ ശ്രമം വിജയിക്കുകയും ചെയ്തു.

നവാഗതനായ സമദ്‌ മങ്കട സംവിധാനം ചെയ്ത കിച്ചാമണി എം.ബി.എ രസകരമായ ഒരു ചിത്രമായിരുന്നു. പടം ശരാശരി വിജയത്തിലെത്തി. നവാഗതയായ ആഷ്ണാ ആഷ്‌ ഇതിനു തിരക്കഥയെഴുതി. സുരേഷ്‌ഗോപിയാണ്‌ മുഖ്യവേഷമായ കിച്ചാമണിയെ അവതരിപ്പിച്ചത്‌. എവിടെ അഴിമതിയുണ്ടോ അവിടെ കിച്ചാമണിയുണ്ട്‌. ആവശ്യത്തിനും അനാവശ്യത്തിനും എവിടെയും കേറി ഇടപെട്ടുകളയുന്ന ബാച്ച്‌ലറായ ക്ഷോഭിക്കുന്ന യുവാവിന്റെ കഥയാണ്‌ ഇതിലെ പ്രമേയം. നവ്യാനായരും, പ്രിയങ്കയുമാണ്‌ നായികമാർ. പി. സുകുമാർ ക്യാമറ നിർവ്വഹിക്കുന്ന ഇതിലെ പാട്ടെഴുതിയിരിക്കുന്നത്‌ കാനേഷ്‌ പൂനൂര്‌ ആണ്‌. സംഗീതം അലക്സ്‌പോൾ. ഹിൽടോപ്‌ സലിം ആണ്‌ ഇത്‌ നിർമ്മിച്ചിട്ടുള്ളത്‌.

ലോഹിതദാസ്‌ രചനയും സംവിധാനവും നിർവ്വഹിച്ച ‘നിവേദ്യം’ കഷ്ടിച്ചുമാത്രം വിജയിച്ച സിനിമയാണ്‌. പ്രണയകഥയാണ്‌ ഇതിലും അദ്ദേഹം പറയാൻ ശ്രമിച്ചത്‌. തികച്ചും ദുർബ്ബലമായിരുന്നു തിരക്കഥ. പുതുമുഖങ്ങളായ വിനുമോഹനും, ഭാമയും മുഖ്യവേഷങ്ങളിലഭിനയിച്ച ഈ ചിത്രത്തിന്റെ ശ്രദ്ധേയമായ ഘടകം ഗാനങ്ങളായിരുന്നു. കൈതപ്രം, ബിച്ചുതിരുമല, എം. ജയചന്ദ്രൻ ടീമിന്റേതായിരുന്നു ഗാനങ്ങൾ. സജൻ കളത്തിൽ ആയിരുന്നു ക്യാമറാമാൻ.

മമ്മൂട്ടിയുടെ ‘സ്‌റ്റാർഡം’ കൊണ്ടുമാത്രം വളരെ പ്രയാസപ്പെട്ട്‌ ഹിറ്റായ ചിത്രമാണ്‌ ജോഷി സംവിധാനം ചെയ്ത നസ്രാണി. ഡേവിഡ്‌ ജോൺ കൊട്ടാരം എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി ഇതിലവതരിപ്പിച്ചിട്ടുള്ളത്‌. രഞ്ജിത്‌ രചന നിർവ്വഹിച്ച ഇതിന്‌ ഒരു പുതുമയും അവകാശപ്പെടാനില്ല. അക്ഷരാർത്ഥത്തിൽ ഒരു നസ്രാണി തട്ടുപൊളിപ്പൻ പടം. ആവർത്തനവിരസതയുള്ള രംഗങ്ങൾ, സംഭാഷണങ്ങൾ. മുക്തയും, വിമലാരാമനുമാണ്‌ നായികമാർ. അനിൽ പനച്ചൂരാൻ-ബിജിബാൽ ടീമിന്റെ ഗാനങ്ങൾക്ക്‌ അറബിക്കഥയിലെ ഹിറ്റ്‌ ആവർത്തിക്കാനായില്ല. ക്യാമറ ഷാജി. എം. രാജൻ ആണ്‌ ഈ ചിത്രത്തിന്റെ നിർമ്മാതാവ്‌. കലാഭവൻ മണിയും ഒരു മുഖ്യവേഷം ആടിയിട്ടുണ്ട്‌.

2007-ലെ വമ്പൻഹിറ്റുകളിലൊന്ന്‌ ഷാഫിയുടെ ചോക്ലേറ്റ്‌ തന്നെയാണ്‌. ഷാഫി തന്നെ 2007ൽ ഇറക്കിയ മായാവിയുടെ വിജയവും ചോക്ലേറ്റ്‌ നേടിയിട്ടുണ്ട്‌. ഒരുപക്ഷേ അതിനുമപ്പുറം. ഒരു വനിതാ കോളേജിൽ പഠിക്കാനെത്തുന്ന ഒരാൺകുട്ടിയുടെ കഥയാണ്‌ നവാഗതരായ സച്ചി-സേതുമാർ തിരക്കഥാരൂപത്തിലെഴുതിയത്‌. ചെറുപ്പക്കാരുടെ പൾസ്‌ പിടിച്ചെടുത്ത സിനിമയായി ചോക്ലേറ്റിനെ സൂചിപ്പിക്കാം. അഴകപ്പൻ ക്യാമറാ ചലിപ്പിക്കുന്ന ഈ ചിത്രത്തിലെ മുഖ്യവേഷക്കാർ പൃഥ്വിരാജ്‌, ജയസൂര്യ, റോമ, രമ്യാനമ്പീശൻ, സംവൃതാസുനിൽ എന്നിവരാണ്‌. ഗാനങ്ങളൊരുക്കിയത്‌ വയലാർ ശരത്‌ചന്ദ്രവർമ്മയും അലക്സ്‌പോളും ചേർന്നാണ്‌. ആർ.കെ മുരളീധരനും, ശാന്താമുരളിയും ചേർന്നാണ്‌ ചോക്ലേറ്റ്‌ നിർമ്മിച്ചത്‌.

മമ്മൂട്ടിച്ചിത്രമെന്ന വിശേഷണവും പേറി ശ്രീനിവാസൻ താരമായ ‘കഥപറയുമ്പോൾ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്‌. ശ്രീനി ബാർബർ ബാലനെയും, മമ്മൂട്ടി സൂപ്പർസ്‌റ്റാർ അശോക്‌രാജിനേയും അവതരിപ്പിച്ച ഈ ചിത്രത്തിലെ നായികാവേഷം മീനയാണ്‌ അവതരിപ്പിക്കുന്നത്‌. നവാഗതനായ എം. മോഹനൻ സംവിധാനം ചെയ്ത ഈ സിനിമയുടെ രചന ശ്രീനിവാസൻ തന്നെയാണ്‌. പി. സുകുമാറാണ്‌ ഛായാഗ്രാഹകൻ. ഗിരീഷ്‌ പുത്തഞ്ചേരി-അനിൽ പനച്ചൂരാൻ, എം. ജയചന്ദ്രൻ എന്നിവർ ഗാനങ്ങൾ ഒരുക്കുന്നു. നടൻ മുകേഷും, ശ്രീനിവാസനും ചേർന്നാണ്‌ ‘കഥ പറയുമ്പോൾ’ നിർമ്മിച്ചത്‌.

രാജസേനന്റെ റോമിയോയും പ്രദർശനം തുടരുകയാണ്‌. വിജയസാധ്യത ഇതിനുമുണ്ട്‌. റാഫി മെക്കാർട്ടിന്റെ തിരക്കഥയിൽ പുതുമയൊന്നുമില്ലെങ്കിൽപോലും നർമ്മം ഒരു പ്ലസ്‌ പോയിന്റായി ഈ സിനിമയെ തുണയ്‌ക്കുന്നു. മനു എന്ന റോമിയോയുടെ വേഷമാണ്‌ ഇതിൽ ദിലീപിന്‌. വിമലാരാമൻ, സംവൃതാ സുനിൽ, ശ്രുതി എന്നിവരാണ്‌ ഇതിലെ നായികമാർ. കെ.പി നമ്പ്യാതിരിയാണ്‌ ക്യാമറ പ്രവർത്തിപ്പിക്കുന്നത്‌. വയലാർ ശരത്‌ചന്ദ്രവർമ്മ-അലക്സ്‌പോൾ എന്നിവർ ഗാനങ്ങളൊരുക്കുന്നു. റാഫിയാണ്‌ ചിത്രം നിർമ്മിക്കുന്നത്‌.

ആറുവർഷത്തെ ഇടവേളയ്‌ക്കുശേഷം സിബി മലയിൽ, മോഹൻലാലിനെ നായകനാക്കി അവതരിപ്പിക്കുന്ന ചിത്രമാണ്‌ ഫ്ലാഷ്‌. മുംബൈയിൽ ഐ.ടി ബിസിനസ്‌ നടത്തുന്ന മിഥുൻ മാധവ്‌ എന്ന കഥാപാത്രത്തെയാണ്‌ ലാൽ ഇതിൽ അവതരിപ്പിക്കുന്നത്‌. നോട്ട്‌ ബുക്കിലൂടെ സിനിമയിലെത്തിയ പാർവ്വതിയാണ്‌ ഇതിലെ നായിക. എസ്‌. ഭാസുരചന്ദ്രന്റെ തിരക്കഥയാണ്‌ ഫ്ലാഷിന്‌ ആധാരം. പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും ഫ്ലാഷ്‌ തിയേറ്ററുകളിൽ വിജയത്തോടടുക്കുകയാണ്‌. സജൻ കളത്തിൽ ആണ്‌ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്‌. റഫീക്‌ അഹമ്മദിന്റെ വരികൾക്ക്‌ ഗോപിസുന്ദർ ഈണം നൽകുന്നു. ടോമിച്ചൻ മുളകുപാടം ഈ സിനിമ നിർമ്മിക്കുന്നു.

രാജ്‌ബാബുവിന്റെ കങ്കാരു എന്ന ചിത്രവും തിയേറ്ററുകളിലുണ്ട്‌. ഈ പടവും ഹിറ്റ്‌ ലിസ്‌റ്റിലാണ്‌. പൃഥ്വിരാജ്‌ ജോസുകുട്ടി എന്ന ഓട്ടോ ഡ്രൈവറായി വേഷമിടുന്നു. തികച്ചും യാദൃശ്ചികമായി ഇയാൾക്ക്‌ ഒരു കൈക്കുഞ്ഞിനെ ലഭിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവപരമ്പരകളാണ്‌ കങ്കാരുവിന്റെ കഥ. ജെ. പള്ളാശ്ശേരിയാണ്‌ തിരക്കഥയെഴുതിയിട്ടുള്ളത്‌. സാലു ജോർജ്‌ ക്യാമറ കൈകാര്യം ചെയ്യുന്നു. ജയസൂര്യയും, കാവ്യാ മാധവനും മുഖ്യവേഷങ്ങളിലുണ്ട്‌. വയലാർ ശരത്‌ചന്ദ്രവർമ്മയുടെ വരികൾക്ക്‌ അലക്സ്‌പോൾ ഈണം നൽകുന്നു. ബിജു, സിസിലി എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം പ്രേക്ഷകപ്രീതി നേടിവരുന്നു.

Generated from archived content: malcinema1.html Author: b_josekutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകൂടല്ലൂർ ഗ്രാമം
Next articleഅപ്രതീക്ഷിത പരാജയങ്ങൾ
ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ ബേബി പൈലോയുടേയും ചിന്നമ്മ ബേബിയുടേയും മകന്‍ . ധനതത്വ ശാസ്ത്ര ബിരുദധാരിയാണ്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും റേഡിയോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറുമാണ്. ‘ ഇഹലോകജീവിതം’ എന്നൊരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കളിവള്ളം (വീഡിയോ ഫിലിം) ചമ്പക്കുളം പെരുമ , ദ അഡ് വേഴ്സിറ്റി എന്നി ഡോക്യുമെന്ററികളും ഏതാനും കവിത, സംഗീതാവിഷ്ക്കാരമടങ്ങിയ ആ‍ല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഡോ. അയ്യപ്പപണിക്കര്‍ കവിതാപുരസ്ക്കാരം, ഭിലായ് മലയാള ഗ്രന്ഥശാല പുരസ്ക്കാരം, അങ്കണം ( കൊച്ചുബാവ സ്മാരകപുരസ്ക്കാരം) ഉള്‍പ്പെടെ ഏതാനും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. Address: Phone: 09961077837,09497221722

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English